Image

പടിയിറങ്ങുമോ പിണറായി?

ജി.കെ. Published on 14 November, 2011
പടിയിറങ്ങുമോ പിണറായി?
സിപിഎം സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കാന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഒടുവില്‍ തീരുമാനിച്ചിരിക്കുന്നു. തീരുമാനം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കോഴിക്കോട്‌ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച്‌ ഭരണഘടന ഭേദഗതിചെയ്യുന്നതോടെ പിണറായി അടക്കമുള്ള പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക്‌ സ്ഥാനചലനം ഉണ്‌ടാവുമോ എന്നാണ്‌ സഖാക്കളും കേരളവും കാത്തിരിക്കുന്ന ചോദ്യം.

1998 സെപ്‌റ്റംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ സെക്രട്ടറി സഥാനത്ത്‌ 13 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സെക്രട്ടറിമാരുടെ കാലാവധി പരമാവധി മൂന്നുതവണയാക്കുകയാണെങ്കില്‍ സ്വാഭാവികമായും പിണറായി സ്ഥാനമൊഴിയേണ്‌ടിവരും. എന്നാല്‍ ഇപ്പോഴും അക്കാര്യം ഉറപ്പിക്കാനാവില്ലെന്നു തന്നെയാണ്‌ കേന്ദ്ര കമ്മിറ്റി തീരുമാനമങ്ങള്‍ വിശദീകരിച്ച പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കുന്നത്‌. കാരണം സെക്രട്ടറിമാരുടെ കാലാവധി മൂന്നുതവണയാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്‌ മുന്‍കാല പ്രാബല്യമുണ്‌ടാവില്ല എന്നതുതന്നെ. അങ്ങനെവരുമ്പോള്‍ ഇനിയൊരു മൂന്നു തവണ കൂടി പിണറായിക്ക്‌ സെക്രട്ടറി സഥാനത്തു തുടരുന്നതില്‍ പാര്‍ട്ടി ഭരണഘടനാപരമായി വിലക്കുണ്‌ടാവില്ല. അതിനുള്ള സാധ്യത വിരളമാണെങ്കില്‍പ്പോലും.

പിണറായി ഒഴിഞ്ഞാല്‍ ആര്‌ എന്ന ചോദ്യം പാര്‍ട്ടി സമ്മേളനത്തിന്‌ കാഹളമുയരും മുമ്പേ ഉയര്‍ന്നു കേട്ടതാണ്‌. കെ.എന്‍.രവീന്ദ്രനാഥിന്റെയും എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെയും പേരുകളാണ്‌ ഇപ്പോഴും പിണറായിയുടെ പകരക്കാരന്റെ റോളിലേക്ക്‌ പാര്‍ട്ടിയില്‍ പറഞ്ഞു കേള്‍ക്കുന്നത്‌. ഇതില്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ സാധ്യത. പാര്‍ട്ടി സൈദ്ധാന്തികനെന്ന നിലയിലും ഗോവിന്ദന്‍ മാസ്റ്റര്‍ക്കു തന്നെയാണ്‌ പാര്‍ട്ടി സഖാക്കളും മുന്‍തൂക്കം നല്‍കുന്നത്‌. ഗ്രൂപ്പ്‌ കളിയില്‍ ഔദ്യോഗികപക്ഷത്തിനൊപ്പമാണെങ്കിലും ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ വക്താവായി ഗോവിന്ദന്‍ മാസ്റ്ററെ ചിത്രീകരിക്കാനാവില്ല എന്നതും അദ്ദേഹത്തിന്‌ അനുകൂല ഘടമാണ്‌.

ദീര്‍ഘകാലം ഒരാള്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ തുടരുന്നത്‌ അധികാരകേന്ദ്രീകരണത്തിന്‌ കാരണമാകുന്നതിന്‌ പുറമെ വിഭാഗീയതക്കും ഇടയാക്കുന്നുവെന്ന തിരിച്ചറിവാണ്‌ സിപിഎമ്മിനെക്കൊണ്‌ട്‌ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാണ്‌. ഇതിന്‌ വലിയൊരളവില്‍ പ്രചോദനമായത്‌ കേരളമാണുതാനും. കേരളത്തില്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി അധികാരമേറ്റശേഷമാണ്‌ പാര്‍ട്ടിക്കുള്ളില്‍ വി.എസ്‌-പിണറായി വിഭാഗീയത ഏറ്റവും കൂടുതല്‍ രൂക്ഷമായത്‌. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തെ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന പരിഷ്‌കാരണവാദികളും പാരമ്പര്യവാദികളും തമ്മിലുള്ള പോരാണിതെന്ന്‌ ആദ്യമൊക്കെ ചിത്രീകരിക്കപ്പെട്ടെങ്കിലും പിന്നീട്‌ ഇത്‌ വി.എസ്‌-പിണറായി പോര്‌ എന്ന നിലയിലേക്ക്‌ അധഃപതിക്കുന്നതിന്‌ കേരളം സാക്ഷിയായത്‌ ചരിത്രം.

പുതിയ തീരുമാനം നടപ്പിലാവുന്നതോടെ പിണറായിക്ക്‌ പുറമെ കസേര പോകാന്‍ സാധ്യതയുള്ള നാലു ജില്ലാ സെക്രട്ടറിമാര്‍ കൂടി കേരളത്തിലുണ്‌ട്‌. ഇതില്‍ രണ്‌ടു പേര്‍ വി.എസ്‌ പക്ഷക്കാരാണെങ്കില്‍ രണ്‌ടു പേര്‍ ഔദ്യോഗികപക്ഷത്തെ കരുത്തരാണ്‌. കൊല്ലം ജില്ലാ സെക്രട്ടറി കെ.രാജഗോപാലും, പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ.അനന്തഗോപനുമാണ്‌ സെക്രട്ടറി സ്ഥാനത്ത്‌ മൂന്നു ടേം പൂര്‍ത്തിയാക്കിയ വി.എസ്‌.പക്ഷക്കാരായ ജില്ലാ സെക്രട്ടറിമാര്‍. ഇതില്‍ അനന്തഗോപനെ ഇപ്പോഴും വി.എസ്‌.പക്ഷക്കാരനായി കാണാനുവുമോ എന്ന്‌ ഉറപ്പിച്ചു പറയാനാവില്ല.

ഇടുക്കിയിലെ ഔദ്യോഗികപക്ഷത്തിന്റെ മണിനാദമായ എം.എം.മണിയാണ്‌ സെക്രട്ടറി സ്ഥാനം നഷ്‌ടമാകാനിടയുള്ള മറ്റൊരു ജില്ലാ സെക്രട്ടറി. സെക്രട്ടറി സ്ഥാനം നഷ്‌ടമായാല്‍ പിന്നെ മണിനാദം എങ്ങനെ മുഴങ്ങുമെന്നതിനെക്കുറിച്ച്‌ ഔദ്യോഗികപക്ഷത്തിന്‌ പോലും വലിയ ഉറപ്പില്ലാത്തതിനാല്‍ എല്ലാം വരുന്നതുപോലെ കാണുകയേ നിവൃത്തിയുള്ളു. വി.എസ്‌.പക്ഷത്തിന്റെ ഉരുക്കുക്കോട്ടയായ പാലക്കാട്‌ ഔദ്യോഗികപക്ഷത്തിന്റെ കോട്ട കാക്കുന്ന പി.ഉണ്ണിയാണ്‌ സെക്രട്ടറി സ്ഥാനം നഷ്‌ടമാകാനിടയുള്ള മറ്റൊരു ജില്ലാ സെക്രട്ടറി.

സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്‌തുവെന്ന്‌ പൊതുസ്ഥലത്ത്‌ ആദ്യമായി പറഞ്ഞത്‌ വി.എസ്‌.അച്യുതാനന്ദനായിരുന്നു. അതു പറയുമ്പോള്‍ വി.എസിന്റെ മുഖത്ത്‌ പതിവില്ലാത്ത സന്തോഷം പ്രകടമായിരുന്നോ എന്ന്‌ ഉറപ്പില്ല. എങ്കിലും സെക്രട്ടറി സ്ഥാനത്തു നിന്ന്‌ പണറായി വിജയന്‍ ഒഴിയാന്‍ തീരുമാനിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തി വി.എസ്‌.അച്യുതാനന്ദനായിരിക്കുമെന്ന കാര്യം ഉറപ്പാണുതാനും.

എന്തായാലും സെക്രട്ടറി സ്ഥാനത്തു നിന്ന്‌ പിണറായി പടിയിറങ്ങുമോ അതോ വീണ്‌ടുമൊരു മിന്നല്‍പ്പിണറായി സെക്രട്ടറി സ്ഥാനത്തു തുടരുമോ എന്നറിയാന്‍ ജനുവരിയിലെ സംസ്ഥാനസമ്മേളനം വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക