Image

വിഷുവിന്‌ നാല്‌ സിനിമകള്‍; മോഹന്‍ലാലിന്‌ വിഷുചിത്രമില്ല

ജയമോഹനന്‍ എം. Published on 04 April, 2014
വിഷുവിന്‌ നാല്‌ സിനിമകള്‍; മോഹന്‍ലാലിന്‌ വിഷുചിത്രമില്ല
നാല്‌ സിനിമകളാല്‍ സമ്പന്നമാണ്‌ ഈ വിഷുക്കാലം. മമ്മൂട്ടിയുടെ ഗ്യാങ്‌സ്റ്റര്‍, പൃഥ്വിരാജിന്റെ സെവന്‍ത്‌ ഡേ, ദിലീപിന്റെ റിംഗ്‌ മാസ്റ്റര്‍, കുഞ്ചാക്കോ ബോബന്റെ പോളിടെക്‌നിക്ക്‌. മോഹന്‍ലാലിന്റെ ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം പെരുചാഴി ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി റിലീസിനെത്തുമെന്ന്‌ കരുതിയിരുന്നുവെങ്കിലും പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതിനാല്‍ റിലീസിനില്ല. അതുകൊണ്ട്‌ ലാലില്ലാത്ത വിഷുക്കാലമായിരിക്കും ഇത്തവണ ചലച്ചിത്ര പ്രേമികള്‍ക്ക്‌.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം എന്ന പ്രതീക്ഷാഭാരവുമായിട്ടാണ്‌ ഗ്യാങ്‌സ്റ്റര്‍ ഏപ്രില്‍ 11ന്‌ തീയറ്ററുകളിലെത്തുക. തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിച്ച മമ്മൂട്ടിയുടെ കരിയറില്‍ അവസാനമെത്തിയ പ്രെയിസ്‌ ദി ലോര്‍ഡും പരാജയം തന്നെയായിരുന്നു. ഇവിടെ ഒരു സൂപ്പര്‍ഹിറ്റ്‌ വിജയം മമ്മൂട്ടിക്ക്‌ അനിവാര്യമായിരിക്കുന്ന ഘട്ടത്തിലാണ്‌ ആഷിക്‌ അബു സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ്‌റ്റര്‍ എന്ന ചിത്രമെത്തുന്നത്‌. ഒരു മുഴനീള ആക്ഷന്‍ ചിത്രമായ ഗ്യാങ്‌സ്‌റ്റര്‍ അധോലോക നായകന്‍മാരുടെ കഥ പറയുന്നു. മമ്മൂട്ടിക്കൊപ്പം തിരക്കഥാകൃത്ത്‌ ജോണ്‍ പോള്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. മമ്മൂട്ടിയുടെ ആരാധകര്‍ക്കുള്ള പ്രതീക്ഷ ഗ്യാങ്‌സ്റ്റര്‍ നിലനിര്‍ത്തിയാല്‍ ഒരു സൂപ്പര്‍ഹിറ്റ്‌ വിജയം ഗ്യാങ്‌സ്റ്ററിലൂടെ പ്രതീക്ഷിക്കാം.

പൃഥ്വിരാജ്‌ കൊമേഴ്യസ്യല്‍ സിനിമയില്‍ നാല്‌പതുകാരനായി അഭിനയിച്ച്‌ എത്തുന്ന ചിത്രമാണ്‌ സെവന്‍ത്‌ ഡേ. നാല്‌പതു പിന്നിട്ട പോലീസ്‌ ഓഫീസറായി പൃഥ്വിരാജ്‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഏഴ്‌ ദിവസത്തിനുള്ള ഒരു മിസ്റ്ററി കേസ്‌ തെളിയിക്കാന്‍ സോളമന്‍ എന്ന പോലീസ്‌ ഓഫീസര്‍ നടത്തുന്ന യാത്രയാണ്‌ സെവന്‍ത്‌ ഡേ.

കോമഡിക്കൂട്ടുകെട്ടില്‍ നിന്നാണ്‌ ദിലീപിന്റെ റിംഗ്‌ മാസ്റ്റര്‍ എത്തുന്നത്‌. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി സ്വതന്ത്രസംവിധായകനായി ഒരുക്കുന്ന ചിത്രമാണ്‌ റിംഗ്‌ മാസ്റ്റര്‍. സര്‍ക്കസ്‌ കൂടാരത്തിലെ പട്ടികളുടെ ട്രെയിനറായി എത്തുന്ന കഥാപാത്രമാണ്‌ ചിത്രത്തില്‍ ദിലീപിന്റേത്‌. ഹണി റോസാണ്‌ ചിത്രത്തിലെ നായിക. ഒരു മുഴുനീള ഹാസ്യ ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളാണ്‌ റിംഗ്‌ മാസ്റ്ററുക്കുള്ളത്‌.
കുഞ്ചാക്കോബോബന്റെ ഹാസ്യ ചിത്രം എന്ന ലേബലുമായിട്ടാണ്‌ പോളിടെക്‌നിക്ക്‌ എന്ന ചിത്രമെത്തുന്നത്‌. പോളി എന്ന ചെറുപ്പക്കാരന്‍ സ്വന്ത്രമായി ബിസ്‌നസ്സ്‌ കെട്ടിപ്പെടുക്കുവാന്‍ പ്രയോഗിക്കുന്ന ടെക്‌നിക്കുകളുടെ കഥയാണ്‌ പോളിടെക്‌നിക്ക്‌. ദാക്ഷായണി ബിസ്‌കറ്റ്‌ കമ്പിനി നടത്താന്‍ ശ്രമിക്കുന്ന പോളിയുടെ കഥയാണ്‌ ഈ ചിത്രം. ഭാവനയാണ്‌ ചിത്രത്തിലെ നായിക. വനിതാ എസ്‌.ഐയുടെ റോളിലാണ്‌ ഈ ചിത്രത്തില്‍ ഭാവനയെത്തുന്നത്‌. എം.പത്മകുമാറാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌.

വിഷുക്കാലവും അവധിക്കാലവും ഒന്നിച്ചെത്തുമ്പോള്‍ കേരളത്തില്‍ തീയറ്ററുകളുടെ കാലമാണ്‌ ഏപ്രില്‍ മെയ്‌ മാസങ്ങള്‍. എന്നാല്‍ മികച്ച ചിത്രങ്ങളില്ലെങ്കില്‍ തീയറ്ററുകള്‍ ഒഴിഞ്ഞ പുരപ്പറമ്പുകള്‍ക്ക്‌ സമവുമാണ്‌. അതുകൊണ്ടു തന്നെ വിഷു ചിത്രങ്ങളില്‍ തികഞ്ഞ പ്രതീക്ഷയാണ്‌ തീയറ്ററുകളും പ്രേക്ഷകരും നല്‍കുന്നത്‌. പ്രതീക്ഷ നിലനിര്‍ത്താന്‍ വിഷു ചിത്രങ്ങള്‍ക്ക്‌ കഴിയുമോ എന്ന്‌ ഏപ്രില്‍ 11ന്‌ അറിയാം.

സത്യന്‍ ചിത്രത്തില്‍ നിന്നും മഞ്‌ജുവാര്യര്‍ പിന്മാറി

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നിന്നും മഞ്‌ജുവാര്യര്‍ പിന്മാറിയെന്ന്‌ സൂചന. മഞ്‌ജുവിന്റെ തിരിച്ചുവരവില്‍ മഞ്‌ജുവിനെ നായികയാക്കി ചിത്രമൊരുക്കാന്‍ ഏറെ ആഗ്രഹിച്ച സംവിധായകനാണ്‌ സത്യന്‍ അന്തിക്കാട്‌. എന്നാല്‍ മഞ്‌ജുവിന്‌ ഇഷ്ടപ്പെടുന്ന ഒരു പ്രമേയം കണ്ടെത്താന്‍ കഴിയാതെപോയതാണ്‌ സത്യന്‍ ചിത്രത്തില്‍ നിന്നും താത്‌കാലികമായി മഞ്‌ജു പിന്മാറാന്‍ കാരണം. റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രം കഴിഞ്ഞാല്‍ ആഗസ്‌റ്റില്‍ മാത്രമേ മഞ്‌ജുവിന്റെ പുതിയ ചിത്രം ആരംഭിക്കുകയുള്ളു. നവാഗത സംവിധായികയുടെ ചിത്രമായിരിക്കുമിത്‌. ഇതിനു ശേഷം ഹിന്ദിയില്‍ ഒരു ചിത്രമാണ്‌ മഞ്‌ജു അഭിനയിക്കുക.
വിഷുവിന്‌ നാല്‌ സിനിമകള്‍; മോഹന്‍ലാലിന്‌ വിഷുചിത്രമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക