Image

നിങ്ങളുടെ മക്കള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടോ? (മീനു എലിസബത്ത്‌)

Published on 04 April, 2014
നിങ്ങളുടെ മക്കള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടോ? (മീനു എലിസബത്ത്‌)
അടുത്തിടെ വന്ന ഒരു പത്രവാര്‍ത്തയില്‍ അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലെ കഞ്ചാവ്‌ വലി പണ്ടത്തേതിലും കൂടിയിരിക്കുന്നതായി വായിച്ചു. ഞാന്‍ ഇതേക്കുറിച്ച്‌ മക്കളോട്‌ സംസാരിച്ചു. അവര്‍ പഠിച്ച പ്ലാനൊ സ്‌കൂളിലെ അഞ്ചും ആറും ക്ലാസിലെ കുട്ടികള്‍ പോലും, മറുവാന ഉപയോഗിക്കാറുണ്ടായിരുന്നതായി അവര്‍ പറഞ്ഞു.

പ്ലാനോയിലെ സ്‌കൂളുകളില്‌ പേരന്റ്‌ ടീച്ചര്‍ കോണ്‍ഫറന്‍സിനു പോകുമ്പോള്‍ സ്‌കൂള്‍ പോലിസുകാര്‍ കുട്ടികളുടെ ഇടയിലെ മയക്കുമരുന്ന്‌ ഉപയോഗത്തെക്കുറിച്ച്‌ വളരെ പ്രധാനപ്പെട്ട വിവരങ്ങളും മക്കള്‍ മയക്കുമരുന്നിനടിമകളാണോ എന്ന്‌ എങ്ങനെ മനസിലാക്കാം തുടങ്ങിയ ഉപദേശങ്ങളും ക്ലാസുകളും തരുമായിരുന്നു. .

എല്ലാ ഇന്ത്യന്‍ മാതാപിതാക്കന്മാരെയും പോലെ ഞങ്ങളും ഒരു പരിധി വരെ മക്കളെ വിശ്വസിച്ചും, നമ്മുടെ മക്കള്‍ അങ്ങനെയാവില്ലയെന്നുമൊക്കെയുള്ള വിശ്വാസത്തില്‌ ജീവിച്ചു പോരുന്നു.

ഈ ലേഖനത്തിന്‌ വേണ്ടി നടത്തിയ വായനയില്‌ കണ്ടെത്തിയ വിവരങ്ങള്‍ വായനക്കാരുമായി പങ്കു വെയ്‌ക്കട്ടെ. അമേരിക്കയില്‍ കൗമാരക്കാരുടെ ഇടയിലെ കഞ്ചാവ്‌ ഉപയോഗം മുമ്പിലത്തേതിനേക്കാളേറെ വര്‍ധിച്ചു വരുന്നതായി നാഷണല്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെല്‍ത്ത്‌ (NIH) ന്റെ പുതിയ പഠനങ്ങള്‍ കാണിക്കുന്നു.

അമേരിക്കയിലെ വിവിധ പ്രൈവറ്റും, പബ്ലിക്കുമായ 389 സ്‌കൂളുകളിലെ 41, 675 ഓളം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളില്‌ നിന്നും ശേഖരിച്ച വിവരങ്ങളാണ്‌ അടുത്തിടെ പുറത്തു വന്നത്‌. അമേരിക്കയിലെ സീനിയര്‍ വിദ്യാര്‍ഥികളില്‌ (12 -ാം ക്ലാസുകാര്‍ ) 65% പേര്‌ ദിവസേന കഞ്ചാവ്‌ വലിക്കുന്നവരാണ്‌. ഇവരില്‌ 23% പേര്‍ ദിവസേനയല്ലെങ്കിലും മിക്കവാറും വലിക്കാറുണ്ട്‌.

പത്താം ക്ലാസുകാരില്‍ 18% പേരും , എട്ടാം ക്ലാസുകാരില്‌ 12% പേരും കഞ്ചാവ്‌ നിരന്തരമായി ഉപയോഗിക്കുന്നുണ്ട്‌ പോലും. പതിമൂന്നും പതിനാലും വയസുകാരുടെ
കഞ്ചാവുപയോഗം അതീവആപത്താണെന്ന്‌ നാഷണല്‌ ഡ്രഗ്‌ അബ്യൂസിന്റെ ഡിറക്‌ടര്‍ ശ്രീമതി Dr. Nora Volkow ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായത്തിലെ തുടങ്ങുന്ന കഞ്ചാവ്‌ വലി കുട്ടികളുടെ ബുദ്ധിയും, കഴിവിവിനെയും ജീവിതവിജയത്തിനുള്ള സാദ്ധ്യതയും കെടുത്തിക്കളയുമെന്നു അവര്‍ ആശങ്കപ്പെടുന്നു..

ഹൈസ്‌കൂളുകളില്‌ പഠിക്കുന്ന 60% പേരും കഞ്ചാവ്‌ വലി ശരീരത്തിന്‌ വലിയ ദോഷം ചെയ്യുന്നില്ല എന്ന ചിന്തയുള്ളവരാണ്‌. കൗമാരക്കാരുടെ ഈ ചിന്താഗതി യഥാര്‍ഥത്തില്‌ എന്നെ ഞെട്ടിപ്പിക്കുകയാണ്‌.

നിങ്ങളുടെ കുട്ടി കഞ്ചാവ്‌ വലിക്കുന്നുണ്ടോ എന്ന്‌ എങ്ങനെ മനസിലാക്കാം. ?
1. മകനോ മകളോ സാധാരണയില്‌ നിന്നും മാറി സ്‌കൂളില്‌ നിന്നു താമസിച്ചു വരുക , നേരത്തെ പോകുക ഇതു ശ്രദ്ധിക്കേണ്ടതാണ്‌.

2. കുട്ടികളുടെ കൈയില്‌ ഇതിനു മുന്‍പ്‌ കണ്ടിട്ടില്ലാത്ത ചില ഉപകരണങ്ങള്‍, പൈപ്പ്‌, ചെറിയ ചില പേനക്കത്തികള്‍, ഫോയില്‌ പേപ്പര്‍ (അടുക്കളയില്‌ നിന്നും എടുത്തു കൊണ്ട്‌ പോകുക) ഗ്രൈന്‍ഡര്‍ ഉപയോഗിക്കുക ഇവയെല്ലാം മറുവാന വലിക്കുന്ന കുട്ടികള്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ്‌. പ്ലാസ്റ്റിക്ക്‌കൂടുകള്‍, തീപ്പെട്ടി, ലൈറ്ററുകള്‍, ചെവിയിലിടാന്‍ ഉപയോഗിക്കുന്ന കോട്ടന്‍ സ്വാബ്‌, റബ്ബിംഗ്‌ ആല്‌ക്കഹോള്‍ ഇവ മുറിയിലെടുത്തു കൊണ്ട്‌ പോകുന്നുണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതാണ്‌. ചില കുട്ടികള്‍ കുക്കികള്‍, കേക്കുകള്‍, ആപ്പിള്‍ ഇവ മുറിയില്‌ കൊണ്ട്‌ പോയി അതിന്റെ കൂടെ
കഞ്ചാവ്‌ പൊടിച്ചു ചേര്‍ത്തു കഴിക്കുന്നുണ്ടത്രെ. ആ വഴിയും അവര്‍ക്ക്‌ `ഹൈ ആവാം പോലും.

3. നിങ്ങളുടെ കുട്ടികള്‍ പതിവ്‌ വിട്ട്‌ നിങ്ങളില്‌ നിന്നും ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ സാധാരണ അലവന്‍സില്‌ കൂടുതല്‌ കാശ്‌ ചോദിക്കുന്നുണ്ടോ? കാരണം ചോദിക്കുമ്പോള്‍ ശരിയായ ഉത്തരം തരാതിരിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്യുന്നുണ്ടെങ്കില്‌ അവരുടെ ചെലവിന്റെ കണക്കുകള്‍ നോക്കേണ്ടതാണ്‌. അവര്‍ കഞ്ചാവ്‌ വാങ്ങുന്നുണ്ടാവാം. 20 ആണ്‌ ഒരു ജോയിന്റിന്റെ വില.

4. ചില കുട്ടികള്‍ കഞ്ചാവിന്റെ മണം അവരുടെ മുറി വിട്ടു പുറത്തു പോകാതെയിരിക്കുവാന്‍ ടര്‍ക്കി ടവലുകളോ, മറ്റു തുണികളോ ചൂരുട്ടി, വാതിലിന്റെ താഴെ വെയ്‌ക്കും. മുറിയിലെ എയര്‍വെന്റ്‌, വീടിനുള്ളിലെ സ്‌മോക്ക്‌ ഡിക്‌റ്റേറ്റര്‍ ഇവയും തുണിയിട്ട്‌ മൂടി വെയ്‌ക്കും. ഈ തരം ചെയ്‌തികള്‍ സൂക്ഷിക്കുക. എപ്പോഴും കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ പൂശി കഞ്ചാവ്‌ നാറ്റം മറക്കാന്‍ കുട്ടികള്‍ ശ്രമിക്കാറുണ്ട്‌.

5. കണ്ണിനു ഒരു പ്രശ്‌നവും ഇതിനു മുന്‍പു പറഞ്ഞിട്ടില്ലാത്ത കുട്ടി അനാവശ്യമായി ഐ ഡ്രോപ്പുകള്‍ വാങ്ങി ഉപയോഗിക്കാറുണ്ടോ?
കഞ്ചാവ്‌  ഉപയോഗിക്കുന്ന കുട്ടിയുടെ കണ്ണിനു കലങ്ങിയ നിറം ഉണ്ടാവും. ഇത്‌ മറയ്‌ക്കാനാണ്‌ ഈ കണ്ണില്‌തുള്ളികള്‍ ഉപയോഗിക്കുന്നത്‌.

6. കുട്ടിയുടെ മുറിയിലെ മേശയിലോ, അവരുടെ കുളിമുറിയുടെ വാഷ്‌ ബേസിനിലോ ചായപ്പൊടി പോലെയോ ഉണക്കിപ്പൊടിച്ച പച്ചിലപോലെ തോന്നിക്കുന്ന പൊടികള്‍ കണ്ടിട്ടുണ്ടോ? അല്‌പമൊക്കെ തൂവാതെ ഇത്‌ ഉപയോഗിക്കുവാന്‍ കഴിയില്ല. തുടച്ചു കളയാന്‍ മറന്നിട്ടുണ്ടെങ്കില്‌ തെളിവുകള്‍ കണ്ടെടുക്കാവുന്നതേയുള്ളു.

7.
കഞ്ചാവിനു സാധാരണ പച്ചയ്‌ക്ക്‌ കത്തിച്ച പച്ചിലകളുടെയോ കരിഞ്ഞ ചായപ്പൊടിയുടെയോ സ്‌കന്‍ങ്ക്‌ എന്ന ജീവിയുടെയോ നാറ്റമാണ്‌. ഇടയ്‌ക്കൊക്കൈ കുട്ടിയറിയാതെ അവനെ/അവളെ മണത്തു നോക്കുക. അവരൂരി ഇട്ടിരിക്കുന്ന ഉടുപ്പുകള്‍ മണത്തു നോക്കാം. നിങ്ങള്‍ക്ക്‌ ഈ മണം തിരിച്ചറിയാന്‍ പറ്റേണ്ടതാണ്‌.

കഞ്ചാവ്‌ ഉപയോഗിക്കുന്ന കുട്ടിയുടെ ചില ശാരീരിക ലക്ഷണങ്ങള്‍ എന്തൊക്കെയാണ്‌..?

1. കുട്ടിയുടെ കണ്ണിനു അസാധാരണമായ കലക്കമോ ചുവപ്പോ ഉണ്ടാവാം. കണ്ണിന്റെ കൃഷ്‌ണമണി ഡയലെറ്റു ചെയ്‌തിരിക്കാം. ,
2.. നാക്കിനു ഒരു വെള്ളിവര (സില്‌വര്‍ കോട്ടിംഗ്‌) കണ്ടേക്കാം.

3. സംസാരത്തില്‌ ഒരു തപ്പല്‌, കുഴയല്‌, ഒരു പന്തിയില്ലായ്‌മ ഉണ്ടാവാം.

4. ചിലപ്പോള്‍ കൈയ്‌ക്കോ കാലിനോ വിറയലുണ്ടാകാം.

5. രാത്രി നന്നായുറങ്ങിയിട്ടും പകലും സന്ധ്യയ്‌ക്കും കൂടുതല്‌ ഉറങ്ങാന്‍ താല്‌പര്യം കാണിച്ചേക്കാം.
6. എപ്പോഴും, ഒരു ഉറക്കം തൂങ്ങല്‌, മന്ദത ഇവയോ കൂടുതല്‌ ദേഷ്യം, ഹൈപ്പര്‍ ആയ പെരുമാറ്റം ഇവയോ പ്രകടിപ്പിക്കുക.

7. അമിത സങ്കടമോ കലഹമോ കാണിക്കുക. കാര്യങ്ങള്‍ ശ്രദ്ധിക്കുവനുള്ള കഴിവ്‌ കുറയുക. ഇതിന്റെയെല്ലാം ഫലമായി പരീക്ഷകളില്‌ തോല്‌ക്കുകയോ മുമ്പത്തേക്കാള്‍ കുറഞ്ഞ മാര്‍ക്കുകള്‍ വാങ്ങുകയോ ചെയ്യുക. പഠനത്തില്‌ താല്‌പര്യം, കുറയുക, വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക.

8. മറുവാനയുടെ ഉപയോഗം കുട്ടിയുടെ വിശപ്പ്‌ വല്ലാതെ കൂട്ടും. സാധാരണ കൗമാരക്കാരെക്കാള്‍ അമിതമായി ഭക്ഷിക്കുവാന്‍ കുട്ടി താല്‌പര്യം പ്രകടിപ്പിക്കും. മധുരപലഹാരങ്ങളും, മധുരപാനീയങ്ങളും, പതിവിലും കൂടുതല്‌ അകത്താക്കും. അവരുടെ മുറിയിലെ ട്രാഷ്‌ കാനില്‌ ഒഴിഞ്ഞ ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും ജ്യൂസ്‌ കുപ്പികളും ധാരാളമായി കണ്ടേക്കാം. ശ്രദ്ധിക്കേണ്ടതാണ്‌.

കഞ്ചാവുപയോഗിക്കുന്ന കുട്ടിയുടെ സ്വഭാവ വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്‌?

1. പോട്ട്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മറുവാന ഉപയോഗിക്കുന്ന കുട്ടികളുടെ സ്വഭാവരീതിയിലും ചില വ്യത്യാസങ്ങള്‍ കാണാം. ബുദ്ധിയില്‌ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാം. ഒരു തരം നിര്‍വികാരതയോ പാരനോയ (paranoia) പോലെയുള്ള പെരുമാറ്റങ്ങളോ പ്രകടിപ്പിക്കുക, തമാശയല്ലാത്ത കാര്യങ്ങള്‍ക്ക്‌ പോലും അനിയന്ത്രിതമായി ചിരിക്കുക ഇവയും ശ്രദ്ധിക്കേണ്ടതാണ്‌.

2. അത്രനാള്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളുമായി പെട്ടെന്ന്‌ കൂട്ട്‌ നിര്‍ത്തുക. പകരം പുതിയ കുട്ടികളുമായി പെട്ടെന്ന്‌ സുഹൃദ്‌ബന്ധം സ്ഥാപിക്കുക. കുട്ടികള്‍ വീട്ടില്‌ കൊണ്ട്‌ വരുന്ന പുതിയ സുഹൃത്തുക്കളെ നിങ്ങളും ഒന്ന്‌ നിരീക്ഷിച്ചു പരിചയപ്പെടുന്നതു നന്നായിരിക്കും.

3. പെട്ടെന്ന്‌ ചില പുതിയ ഹോബികള്‍ ഉണ്ടാക്കുക. അത്‌ പാട്ടിലാവം ഗിറ്റാര്‍ പഠിക്കുന്നതിലാവം. ഇതെല്ലം ഹൈ ആ
കുന്നതിന്റെ ആക്കം കൂട്ടും.

4. ഇന്റര്‍നെറ്റില്‌ മയക്കുമരുന്നിനെക്കുറിച്ചും വീട്ടിലോ സ്‌കൂളിലോ താന്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാം എന്നുമുള്ള വെബ്‌ സൈറ്റുകള്‍ അമിതമായി സന്ദര്‍ശിക്കുക.

നിങ്ങളുടെ കുട്ടി കഞ്ചാവ്‌ ഉപയോഗിക്കുന്നു എന്ന്‌ നിങ്ങള്‍ക്ക്‌ സംശയം തോന്നിയാല്‌ ഇതൊക്കെ പരീക്ഷിക്കാം. കുട്ടിക്ക്‌ ഇതിന്റെ ഉപയോഗം ഉണ്ടെന്നു തെളിഞ്ഞാല്‍ മാതാപിതാക്കള്‍ രണ്ടു പേരുമായിരുന്ന്‌ കുട്ടിയോട്‌ സംസാരിക്കാം. എന്റെ കുട്ടിക്ക്‌ ഇത്‌ ചെയ്യാന്‍ എങ്ങനെ തോന്നിയെന്നോ, ഇവര്‍ക്ക്‌ ഇവിടെ എന്തിന്റെ കുറവായിട്ടാണ്‌ ഇങ്ങനെയൊക്കെ ചെയ്‌തു കൂട്ടുന്നതെന്നോ ചിന്തിച്ചു കൂടുതല്‍ വികാരഭരിതരാവേണ്ടാതില്ല.

അമേരിക്കയിലെ നല്ല ശതമാനം കൗമാരക്കാര്‍ക്കും ഈ സ്വഭാവമുണ്ടെന്നാണ്‌ പല പഠനങ്ങളും കാണിക്കുന്നത്‌. ഇവിടെ വളരുന്ന നിങ്ങളുടെ കുട്ടിക്കും ഈ തരം പ്രലോഭനങ്ങള്‍ സ്വഭാവികമായും ഉണ്ടായിപ്പോകും. സംഭവിച്ചത്‌ സംഭവിച്ചു. കുട്ടിയെ കൂടുതല്‌ ചട്ടം പഠിപ്പിക്കുവാനോ, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‌പ്പിക്കുവാനോ നില്‌ക്കാതെ, സംയമനത്തോടെ ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച്‌ അവരെ പറഞ്ഞു മനസിലാക്കുക. ശാരീരികവും, മാനസികവും, നിയമപരവുമായി കുട്ടി നേരിടാന്‍ പോകുന്ന വിപത്തുകളെക്കുറിച്ചു ബോധവാന്മാരാക്കുക. ഇതിലൊന്നും സംഗതി നില്‌ക്കുന്നില്ലങ്കില്‌ കൗണ്‍സിലിംഗോ തെറാപ്പിയോ ഒക്കെ നോക്കാവുന്നതാണ്‌. ഡ്രഗ്‌ ടെസ്റ്റിനു വിധേയമാക്കാന്‍ അത്ര വലിയ ചെലവൊന്നുമില്ല.

ഇന്ന്‌ അമേരിക്കയിലെ ഇരുപതു സംസ്ഥാനങ്ങളില്‌ കഞ്ചാവ്‌ മെഡിക്കല്‌ റീസണ്‍സ്‌ എന്ന പേരില്‌ നിയമാനുസൃതം ഉപയോഗിക്കാന്‍ ഗവണ്‍മെന്റിന്റെ അനുമതിയുണ്ട്‌. മറ്റു ചില സംസ്ഥാനങ്ങളില്‌ റിക്രിയേഷനല്‌ (സന്തോഷിക്കാന്‍, സുഖിക്കാന്‍ ) കാര്യങ്ങള്‍ക്ക്‌ കഞ്ചാവ്‌ വലി അനുവദനീയമാണ്‌. ഇതെല്ലാം നമ്മള്‍ മലയാളികള്‍ക്ക്‌ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു? കൊളറാഡോയിലെ മലയാളിക്കുഞ്ഞുങ്ങള്‍ എങ്ങനെയാണോ എന്തോ?

ഇത്‌ കഞ്ചാവിന്റെ മാത്രം കഥ. സിഗരറ്റും
കഞ്ചാവിനെക്കാള്‍ വിഷമായ മറ്റു മയക്കുമരുന്നുകളുടെയും കഥകള്‍ കേട്ടാല്‌ നമ്മുടെ ഉള്ള സമാധാനം കൂടി പോയിക്കിട്ടും. കൗമാരാപ്രായക്കാരുള്ള മാതാപിതാക്കള്‍ കഴിയും വിധം ഇതൊക്കെ ഒന്ന്‌ വായിച്ചാല്‌ നന്നായിരിക്കും. മയക്കുമരുന്നിന്റെ ഉപയോഗം മൂലം തലച്ചോറിനും, ശരീരത്തിനും സംഭവിക്കാവുന്ന ക്ഷതങ്ങളെക്കുറിച്ച്‌ പല പുസ്‌തകങ്ങളും വെബ്‌ സൈറ്റുകളിലും വിവരിക്കുന്നു

കഞ്ചാവ്‌ വെറുമൊരു തുടക്കക്കാരനായ മയക്കുമരുന്നാണ്‌. ഇതിന്റെ വില്‌പനക്കാരായ മുതിര്‍ന്ന കുട്ടികളോ, എജന്റുമാരോ പത്തു പന്ത്രണ്ടു വയസുള്ള കുട്ടികള്‍ക്ക്‌ ആദ്യമാദ്യം, കാശ്‌ വാങ്ങാതെ സൗജന്യമായി ഉപയോഗിക്കുവാന്‍ കൊടുക്കും. ഇവര്‍ക്ക്‌ ഇത്‌ ഹരമായി എന്ന്‌ കണ്ടാല്‌ കാശ്‌ കൊടുത്തു വാങ്ങാന്‍ കുട്ടികള്‍ പ്രേരിതരാക്കും. കാശില്ലാത്ത കുട്ടികള്‍ വീട്ടില്‌ നിന്ന്‌ മോഷ്‌ടിക്കുകയോ വീട്ടു സാധനങ്ങള്‍ വില്‌ക്കുകയോ ചെയ്യും. അവസാനം കുട്ടി ശരിക്കും അഡിക്‌റ്റ്‌ ആയിക്കഴിഞ്ഞാല്‌ ഉപയോഗിക്കാതെ നിവര്‍ത്തിയില്ലാത്ത അവസ്ഥ ഉണ്ടാകും. വീട്ടില്‌ ചില്ലറ മോഷണം നടത്തിയിരുന്ന കുട്ടി ബന്ധുവീടുകളില്‌ നിന്നോ, മാതാപിതാക്കളുടെ സുഹൃത്തുക്കളുടെ വീടുകളില്‌ നിന്നോ മോഷണം നടത്തി കാശുണ്ടാക്കും.

ഇവിടെയെന്താണ്‌ നടക്കുന്നത്‌ എന്നറിയാന്‍ നിങ്ങളുടെ സിറ്റിയിലെ ലോക്കല്‌ പത്രങ്ങള്‍ ഒരു എണ്ണമെങ്കിലും വരുത്തി വായിക്കുക. അല്ലങ്കില്‌ ഓണ്‍ലൈനിലെങ്കിലും വായിക്കുക. ഇവിടുത്തെ ലോക്കല്‌ ചാനലില്‌ ദിവസവും ഉള്ള വാര്‍ത്തകള്‍, വേള്‍ഡ്‌ ന്യൂസ്‌ ഇവ കാണുക. സ്‌കൂളുകളിലെ പേരന്റ്‌ ടീച്ചര്‍ കോണ്‍ഫറന്‍സുകള്‍ക്ക്‌ സംബന്ധിക്കുക. താമസിക്കുന്ന സമൂഹത്തിലെ, സിറ്റി മീറ്റിംഗുകള്‍ക്കും, പരിപാടികള്‍ക്കും കഴിയും പോലെ സമയമുണ്ടാക്കി പോവുക.

കുട്ടികളുമായി ഒരു നല്ല ബന്ധം ഉണ്ടാക്കി എടുക്കുക. അവര്‍ വേറെ ഏതോ പ്ലാനറ്റില്‌ നിന്നും വന്നവരാണ്‌ അവരെ അവരുടെ വഴിക്ക്‌ വിട്ടേക്കാം എന്ന സമീപനം നല്ലതല്ല. കുട്ടികള്‍ക്കായി എത്ര സമയം ചിലവഴിക്കുന്നു എന്നതല്ല, ഉള്ള സമയം അവരുമായി എങ്ങിനെ ചിലവഴിക്കുന്നു എന്നതിലാണ്‌ കാര്യം. എട്ട്‌, ഒമ്പത്‌ വയസു മുതലെങ്കിലും മയക്കുമരുന്നെന്ന വില്ലന്‍ വെളിയില്‌ വല വരിച്ചു നില്‌പുണ്ടെന്നു നമ്മള്‍ തന്നെ അവര്‍ക്ക്‌ സൂചന കൊടുക്കുക.

ഇനിയും ധാരാളം വിവരങ്ങള്‍ മറുവാനയെക്കുറിച്ച്‌ വായിച്ചറിഞ്ഞത്‌ പങ്കു വെയ്‌ക്കുവാനുണ്ട്‌. സ്ഥല പരിമിതിയാല്‌ ഇനിയൊരിക്കലാവട്ടെ. എന്തായാലും നമ്മുടെ കുട്ടികളുടെ മേല്‌ ഒരു എക്‌സ്‌ട്രാ നോട്ടം ഉള്ളത്‌ നല്ലതാണ്‌. എന്ത്‌ പ്രശ്‌നങ്ങളില്‌ അവര്‍ ചെന്ന്‌ പെട്ടാലും നമ്മുടെ അടുത്ത്‌ വന്നു പറയുവാനുള്ള ഒരു വിശ്വാസം ഉണ്ടാക്കിക്കൊടുക്കേണ്ടത്‌ നമ്മള്‍ മാതാപിതാക്കന്മാരാണ്‌.
നിങ്ങളുടെ മക്കള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടോ? (മീനു എലിസബത്ത്‌)നിങ്ങളുടെ മക്കള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടോ? (മീനു എലിസബത്ത്‌)നിങ്ങളുടെ മക്കള്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നുണ്ടോ? (മീനു എലിസബത്ത്‌)
Join WhatsApp News
Thelma 2014-04-07 09:16:18
Dear Meenu, What you have said hear is very true. It is exactly what I am writing in my novel 'American teenager' in the magazine 'Dwani' which Mr.Kureekaattil James is publishing from Detroit. Congratulations !!!!!!! Kollam Thelma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക