Image

വിദേശ മലയാളി (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 05 April, 2014
വിദേശ മലയാളി (കവിത: പീറ്റര്‍ നീണ്ടൂര്‍)
രാമരാജ്യത്ത്‌ ജനിച്ചതോ കാരണം
രാമന്റെ ദുര്‍വ്വിധി വന്നു ഭവിച്ചിടാന്‍
കാട്ടിലെ കായ്‌കനി ഉത്‌ക്രുഷ്‌ടമെങ്കിലും
നാട്ടില്‍ പരിലസിച്ചീടാന്‍ വിധിയില്ല
ഭീതിപ്പെടുത്തുന്നു വന്യജന്തുക്കള്‍ക്ക്‌
ഭേദമുണ്ടോ രാം-രാവണന്മാര്‍ തമ്മില്‍!
മറുനാടു പൂകാന്‍ വിധിപ്പെട്ട മക്കളും
പേറുന്നു ദുഃഖങ്ങള്‍, കൗസല്യമാര്‍ നിത്യം.
പഞ്ചവടിയില്‍ക്കഴിഞ്ഞ ദിനങ്ങളില്‍
കൊഞ്ചി വിളിച്ചവര്‍ `സാല മദ്രാസ്സീ'ന്ന്‌
മദ്ധ്യപൂര്‍വ്വത്തിലെല്‌പഅദ്ധ്വാനവര്‍ഗ്ഗത്തെ
പഥ്യമായ്‌ ചൊന്നവര്‍ `അല്‍ ഹിന്ദി' `മല്‍ബാറി'
പാശ്‌ചാത്യനാട്ടില്‍കൂടിയേറിയോര്‍ക്കവര്‍
പുഛത്തില്‍ പേരിട്ടു `യു ബ്ലഡി എഫ്‌ (F) ഇന്‍ഡ്യന്‍'

പത്തുപേരൊത്തീടില്‍ മാവേലിയോര്‍മ്മകള്‍
പത്തിലൊന്നേറിയാല്‍ പൊട്ടിപ്പിളരുന്നു
മാതൃഭാഷാസ്‌നേഹമോടിയെത്തീടുന്നു
മാത്രുസംസ്‌കാരത്തിനായ്‌ പിടഞ്ഞീടുന്നു
തങ്ങളില്‍ മുമ്പനായ്‌ ത്തീരാന്‍ കൊതിക്കുന്നു,
പൊങ്ങത്തരങ്ങള്‍ പലതുമേ കാട്ടുന്നു
അമ്പലം, പള്ളിയും, മോസ്‌കുമെല്ലാം വേണം
കുംഭ നിറക്കുന്ന പൂജാരികള്‍ വേണം
ജാതി, ഉപജാതി, മുന്‍ ജാതി, പിന്‍ ജാതി,
മേല്‍ ത്താട്ടു, കീഴ്‌ത്തട്ടു, സംസ്‌കാര വമ്പന്മാര്‍
നിലയും വിലയും പിന്ദ്രുസ്‌തി പായ്‌ക്കില്‍
വലയിലെപ്പൊന്മീന്‍ പുറത്തെന്നു കാണ്മൂ
എക്കാലവും ഈതു നാട്ടിലും മറ്റമ്മ
മക്കളാം മറുനാടന്‍ കൈരളി മക്കള്‍
ആയോധനത്തിനാഗോളമോടുന്ന പാഴ്‌-
മായാവിപോലീ വിദേശ മലയാളി!!!

***********

http://www.youtube.com/watch?v=nFzlhutXxUo&index=7&list=PL23DC9939ECFCFF9D
വിദേശ മലയാളി (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
വിദ്യാധരൻ 2014-04-05 18:15:40
ക്രൂരമായ പരിഹാസവും സാമൂഹ്യവിമർശനവും കുഞ്ചൻ നമ്പ്യാരുടെ കാവ്യമാനദണ്ധങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അതൊക്കെ വിസ്മരിക്കപെട്ടുകൊണ്ടിരിക്കുന്നു. പീറ്റർ നീണ്ടൂർ കവിതയിലൂടെ അത് വീണ്ടെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട് എന്നുള്ളത് അഭിനന്ദനീയംതന്നെ 

"പത്തുപേരൊത്തീടില്‍ മാവേലിയോര്‍മ്മകള്‍
പത്തിലൊന്നേറിയാല്‍ പൊട്ടിപ്പിളരുന്നു
മാതൃഭാഷാസ്‌നേഹമോടിയെത്തീടുന്നു
മാത്രുസംസ്‌കാരത്തിനായ്‌ പിടഞ്ഞീടുന്നു
തങ്ങളില്‍ മുമ്പനായ്‌ ത്തീരാന്‍ കൊതിക്കുന്നു,
പൊങ്ങത്തരങ്ങള്‍ പലതുമേ കാട്ടുന്നു''

പറയാനുള്ള കാര്യം ലളിതമായി പറയുന്നതുകൊണ്ട് കവിതയുടെ സൗന്ദര്യം നഷ്ടപ്പെടുന്നില്ല. എന്നാൽ ആധുനിക കവിത എന്ന് പറഞ്ഞ്‌ ചിലരും, രസതന്ത്ര സമവാക്ക്യംപോലെ മറ്റു ചിലരും കവിത പടച്ചുവിടുമ്പോൾ വായനക്കാരൻ ഏതോ മരുന്ന് മാറി കഴിച്ചു വയറ്റിളക്കം പിടിച്ചവരെപ്പോലെ സ്വയം ശപിക്കുന്നു.

"കള്ളമകന്ന കവിത്വവിശേഷം
തള്ളിത്തള്ളി വരുന്ന ദശായാം 
ഉള്ളിൽക്കപടതയുള്ള ജനങ്ങളുടെ 
ഭള്ളും വിരുതും നിഷ്ഫലമാക്കാം " (സത്യസ്വയംവരം -കുഞ്ചൻനമ്പ്യാർ "

കവിതയുടെ ആലാപനം തുള്ളൽ കവിതകളുടെ ശൈലി ആയിരുന്നെങ്കിൽ നന്നായിരുന്നേനെ. 
    
Peter Neendoor 2014-04-06 04:42:18
Thank you sri.Vidyadhadharan.
Sudhir 2014-04-06 19:36:43
പീറ്റർ നീണ്ടൂർ മലയാളത്തിലെ പഴയ കാവ്യ രൂപങ്ങൾ പരീക്ഷിക്കുന്ന കവിയാണ്‌. ഓട്ടം തുള്ളലും, വഞ്ചിപാട്ടും, വില്ലടിച്ചാൻ പാട്ടും,
നാടൻ പാട്ടുകളും ഈ കവി എഴുതുന്നു. വായിച്ചാൽ
മനസ്സിലാകാത്ത ആധുനിക കവിതകൾ അത്തരം
കവിതകളെ പിന്നിലാക്കുന്നത് വായനക്കാരുടെ
ഉദാസീനതകൊണ്ടാണു.

നന്നായി പീറ്റർ ജി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക