Image

മാധവിക്കുട്ടിയുടെ കഥകളും രതീദേവിയുടെ ജീവിതവും

Published on 03 April, 2014
മാധവിക്കുട്ടിയുടെ കഥകളും രതീദേവിയുടെ ജീവിതവും
കോളജ്‌പാര്‍ക്ക്‌, മേരിലാന്റ്‌: മാധവിക്കുട്ടിയുടെ ജീവിതവും പ്രണയവും ഇരട്ട വ്യക്തിത്വവും അപഗ്രഥിച്ച സെമിനാര്‍ രതീവേദി എന്ന എഴുത്തുകാരിയുടേയും പോരാളിയുടേയും ജീവിതകഥയും അനാവരണം ചെയ്‌തു.

മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (മാം)യുടെ മുട്ടത്തുവര്‍ക്കി പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാറില്‍ കവയിത്രി ജയിന്‍ ജോസഫ്‌ മോഡറേറ്ററായിരുന്നു. സരോജാ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ടോം മാത്യൂസ്‌?ആമുഖ പ്രസംഗം നടത്തി. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, അന്ന മുട്ടത്ത്‌, ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ സംസാരിച്ചു.

പ്രണയത്തെക്കുറിച്ച്‌ ഇത്രയേറെ എഴുതിയ മറ്റൊരു കഥാകാരി ഇല്ലെന്ന്‌ ജയിന്‍ ജോസഫ്‌ പറഞ്ഞു. അവരുടെ കഥകളില്‍ ശാലീനയായ പതിവ്രതയും, സദാചാരമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന വനിതയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു. എഴുത്തുകാരിയുടെ തന്നെ ദ്വന്ദ്വ വ്യക്തിത്വം അനാവരണം ചെയ്യുന്നവയായിരുന്നു ഈ കഥാപാത്രങ്ങള്‍.

സ്‌ത്രീകള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി പോരാടാന്‍ നിയമ ബിരുദമെടുത്ത രതീദേവി വനംകൊള്ളക്കാരെ കുടുക്കാന്‍ സാഹസികമായി നടത്തിയ ശ്രമങ്ങളും, അസമത്വങ്ങള്‍ക്കുനേരേ നടത്തിയ പോരാട്ടങ്ങളും സരോജാ വര്‍ഗീസ്‌ വിവരിച്ചു. കടുംപിടുത്തമുള്ള ഫെമിനിസ്റ്റ്‌ ആയി താന്‍ അവരെ കാണുന്നില്ല.

അമ്മയെപ്പോലെ താന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധവിക്കുട്ടിയുമൊത്തുള്ള ദിനങ്ങള്‍ അനുസ്‌മരിച്ചു കൊണ്ടാണ്‌ രതീദേവി പ്രബന്ധം അവതരിപ്പിച്ചത്‌. ശ്‌മശാനത്തിലൂടെയുള്ള വഴിയിലൂടെ കാമുകനെ കാണാന്‍ പോയ വിവാഹിതയുടെ കഥ മാധവിക്കുട്ടി എഴുതുമ്പോള്‍ അവരിലെ ദ്വന്ദ്വവ്യക്തിത്വമാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. അവര്‍ ചിത്രീകരിക്കുന്ന ഉഷ്‌മമേഖല തീക്ഷണതയുടെ പ്രതിരൂപമാണ്‌. അതു വരള്‍ച്ചയോ മരുഭൂമിയോ അല്ല. അകംപൊള്ളയായ ഇരുട്ടുമുറിയില്‍ ദാഹാര്‍ത്തമായ കണ്ണുകളുമായി ഇനിയും പ്രണയിക്കാനുള്ള ആഗ്രഹവുമായി അവര്‍ കാത്തിരിക്കുന്നു.

താളക്രമത്തിലാണ്‌ നാം ജീവിക്കുന്നത്‌. താളക്രമം പാരമ്പര്യം നല്‍കുന്നതാകാം. മതം നല്‍കുന്നതാകാം. പക്ഷെ മാധവിക്കുട്ടി അതു തെറ്റിച്ചു. പകരം സ്വയം രൂപപ്പെടുത്തിയ താളക്രമത്തില്‍ പാരമ്പര്യ സദാചാര സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച്‌ അവര്‍ ജീവിച്ചു.

മറ്റു പല എഴുത്തുകാരെപ്പോലെ മാധവിക്കുട്ടി പുതിയ ഭാഷ ഉണ്ടാക്കിയിട്ടില്ല. ഭാഷയുണ്ടാക്കിയത്‌ പുരുഷന്മരാണ്‌. ഹിസ്റ്റോറി ആണ്‌ ഹിസ്റ്റി ആയത്‌. ചാസ്റ്റിറ്റി (കന്യകാത്വം) പെണ്ണിനു മാത്രമുള്ള വാക്കാണ്‌. പുരുഷനുപയോഗിച്ച കേന്ദ്രീകൃതമായ ഭാഷയില്‍ തന്നെയാണ്‌ മാധവിക്കുട്ടിയും എഴുതിയത്‌.

താന്‍ പിതാവിനെപ്പോലെ കരുതുന്ന കക്കനാടന്‍ എന്നും കിടക്കുന്ന മുറിയില്‍ കിടക്കാന്‍ താല്‍പര്യമില്ല എന്നും, എന്നും ശയിക്കുന്ന പെണ്ണിനൊപ്പം ശയിക്കാന്‍ ഇഷ്‌ടമില്ലെന്നും എഴുതി. സ്‌ത്രീക്ക്‌ അങ്ങനെ എഴുതാനാവില്ല. സ്വന്തം അച്ഛനോ സഹോദരനോ ഒക്കെ അതിനെതിരേ പ്രതികരിച്ചേക്കാം. 1969-ല്‍ രൂപപ്പെട്ട റാഡിക്കല്‍ ഫെമിനിസ്റ്റ്‌ ആശയങ്ങളെ മാധവിക്കുട്ടി പ്രയോജനപ്പെടുത്തി.

തങ്ങള്‍ ഒരുമിച്ച്‌ എറണാകുളത്തുകൂടി നടക്കുമ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയാണ്‌ അവരില്‍ ഞാന്‍ കണ്ടത്‌. സമൂഹത്തെ അവര്‍ കണക്കാക്കിയില്ല. അതു മാധവിക്കുട്ടിക്കു മാത്രമുള്ള കഴിവായിരുന്നു. പ്രണയത്തിനുവേണ്ടിയാണ്‌ അവര്‍ മതംമാറിയതെന്നു തനിക്ക്‌ അറിയാമായിരുന്നു. മുത്തശ്ശിയുടെ പ്രായമായപ്പോഴും അവരുടെ പ്രണയം യുവത്വം നിറഞ്ഞതായിരുന്നു.

ഇങ്ങനെയൊക്കെ എഴുതാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌ അവര്‍ കേരളത്തിനു പുറത്തു ജീവിച്ചു എന്നതു കൊണ്ടാണ്‌. സമ്പന്ന കുടുംബത്തില്‍ ജനിച്ച മറ്റുള്ളവരേപ്പോലെ അവര്‍ പ്രണയത്തെപ്പറ്റി ആണ്‌ ചിന്തിച്ചത്‌. നിത്യജീവിതം തന്നെ ദുരിതമയമായവരെക്കുറിച്ച്‌ അവര്‍ അതുകൊണ്ടുതന്നെ ശ്രദ്ധാകുലയായില്ല. നേരേ മറിച്ച്‌ ലളിതാംബിക അന്തര്‍ജനം ജീവിത ദുഖങ്ങളെ ചിത്രീകരിക്കാനാണ്‌ ശ്രമിച്ചത്‌. കുട്ടികള്‍ ഉറങ്ങുമ്പോള്‍ വീണുകിട്ടുന്ന ഇത്തിരി നേരമാണ്‌ അവര്‍ രചനയ്‌ക്കായി മാറ്റിവെച്ചത്‌.

സ്വന്തമായി ഒരു വാക്കു പോലും മാധവിക്കുട്ടി സ്രുഷ്ടിച്ചില്ല. പരമ്പരാഗത ഭാഷയെ അവര്‍ തന്റെ തട്ടകമാക്കി. മരണത്തിന്റെ ചിഹ്നമായ കടലിനെ സുരക്ഷയുടെ മാതൃകയാക്കി.

ഭ്രാന്തമായ എഴുത്തിന്റെ മേഖലകളില്‍ വ്യാപരിച്ചവരാണ്‌ വിര്‍ജീനിയ വുള്‍ഫ്‌. കടലിനെ കാമുകനായി കണ്ട്‌ അഭിനിവേശം പൂണ്ട അവര്‍ കടലിലേക്കിറങ്ങിപ്പോയി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അതുകണ്ട്‌ തനിക്ക്‌ അസൂയ തോന്നുന്നു എന്ന്‌ രതീദേവി പറഞ്ഞപ്പോള്‍ ചിക്കാഗോയില്‍ കടലുണ്ടോ എന്നായി ഓഡിയന്‍സ്‌. എന്തായാലും അവിടെ കടലില്ലെന്നവര്‍ പറഞ്ഞു. ചില ആശയങ്ങളില്‍ തനിക്ക്‌ കടുംപിടുത്തമുണ്ട്‌.

അച്ഛന്‍ എഴുതുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന്‌ അമ്മ മകളോട്‌ പറയും. സ്‌ത്രീ എഴുതുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന്‌ ആരും പറയാറില്ല. സ്വന്തമായി ഒരു മുറിയില്ലാത്തവള്‍ എന്നതാണ്‌ ഇന്ത്യയിലെ സ്‌ത്രീകളുടെ അവസ്ഥ.

എല്ലാ എഴുത്തുകാരികളേയും പോലെ ഹിസ്റ്റീരിക്കല്‍ ഭാഷയിലാണ്‌ മാധവിക്കുട്ടിയും എഴുതുന്നത്‌. കാമത്തിന്റോ ഓരോ കെണിയും താന്‍ വാടക വീടാക്കിമാറ്റുമെന്നവര്‍ പറയുന്നു. അതൊരു കെണിയാണെന്നവര്‍ക്ക്‌ തിരിച്ചറിവുണ്ട്‌. അതുപോലെ തന്നെ അതൊരു വാടകവീടാക്കുക മാത്രമാണ്‌. സ്വന്തം വീടല്ല. എന്നുവെച്ചാല്‍ ശരീരം മാത്രം നല്‍കുന്നു. ആത്മാവിനെ ബാധിക്കുന്ന കാര്യമല്ല അത്‌. പ്രണയത്തിനു ആത്മാവ്‌ നല്‍കിയ രാജലക്ഷ്‌മി എന്ന എഴുത്തുകാരി ആത്മഹത്യ ചെയ്‌തത്‌ നമുക്ക്‌ മുന്നിലുണ്ട്‌.

ഒരിക്കല്‍ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ചുമച്ചുകൊണ്ടിരിക്കുന്ന മധ്യവയസ്‌കയെ കണ്ടതു രതീദേവി വിവരിച്ചു. അവരുടെ ദൈന്യതയ്‌ക്കു കാരണം അന്വേഷിച്ചു. ജീവിക്കാന്‍ മാര്‍ക്ഷമില്ല. പഴയ തൊഴില്‍ ചെയ്യാനാവുന്നില്ല. പഴയ പതിവുകാരിലാരെങ്കിലും വന്നാല്‍ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍. രോഗിയായ അവരോട്‌ ചികിത്സ തേടാന്‍ പറഞ്ഞ്‌ താന്‍ കയ്യിലിരുന്ന പണം -250 രൂപ- അവര്‍ക്കു കൊടുത്തു.

അതു കൊണ്ടുകൊണ്ടുവന്ന പോലീസുകാരന്‍ ആ സ്‌ത്രീയെ ലാത്തിക്കടിച്ചു. കുരയ്‌ക്കുന്ന അവര്‍ക്കുവേണ്ടി താന്‍ ഇടപെട്ടപ്പോള്‍ നീ ആരാടീ എന്നായി പോലീസുകാരന്‍. ഇതു തന്റെ അമ്മയാണെന്നു പറഞ്ഞു. ലാത്തി പിടിച്ചുവാങ്ങി. നീ കൂട്ടിക്കൊടുപ്പുകാരിയാണെന്നും കാശു കൊടുക്കുന്നതു താന്‍ കണ്ടുവെന്നും പോലീസുകാരന്‍. അപ്പോഴേക്കും കുറെ ചെറുപ്പക്കാരും വികൃതമായ നോട്ടങ്ങളുമായി ചുറ്റുംകൂടി. താനും അവഗണിക്കപ്പെട്ട സ്‌ത്രീയായി അവര്‍ കരുതി.

പോലീസുകാരന്‍ കയറടീ ജീപ്പില്‍ എന്നു പറഞ്ഞപ്പോള്‍ താന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വക്കേറ്റാണെന്നു വെളിപ്പെടുത്തി. ജീവിക്കാന്‍വേണ്ടി വേശ്യാവൃത്തിയിലേര്‍പ്പെടുന്നവരോട്‌ മൃഗീയമായി പെരുമാറുന്നവര്‍ ഉന്നത സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെ ആദരവോടെ കാണുകയും ചെയ്യുന്നുവെന്നവര്‍ ചൂണ്ടിക്കാട്ടി.

അഞ്ചുമുതല്‍ എട്ടുവരെ ക്ലാസില്‍ സ്‌കൂള്‍ പ്രസിഡന്റ്‌ ആയിരുന്നപ്പോള്‍ ദേവരാജന്‍ എന്ന സ്‌കൂള്‍ മേറ്റിനെ പാടാന്‍ വിളിച്ച കഥ രതീദേവി പറഞ്ഞത്‌ സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ദേവരാജന്‍ ഓരോ മാസവും വന്നു `പുലയനാര്‍ മണിയമ്മ... പൂമുല്ലക്കാവിലമ്മ...' എന്ന പാട്ടുപാടി. ഒടുവില്‍ അദ്ധ്യാപകര്‍ തല്ലിയോടിച്ചു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം താന്‍ പ്രസംഗിക്കാന്‍വേണ്ടി ഒരു ഗ്രാമത്തില്‍ ചെന്നു. അവിടെവെച്ച്‌ മദ്യപിച്ച്‌ ലെക്കുകെട്ട ഒരാള്‍ വന്നു പറഞ്ഞു. പഴയ സുഹൃത്ത്‌ ദേവരാജനാണ്‌. ആളാകെ മാറിയിരിക്കുന്നു. കൂലിപ്പണി വല്ലതുമായിരിക്കും. മൂന്നു മക്കളുണ്ട്‌. ഭാര്യയെ നിരന്തരം ഉപദ്രവിക്കുമെന്ന്‌ മറ്റുള്ളവര്‍ പറഞ്ഞു.

അന്നു ദേവരാജന്റെ വീട്ടിലാണ്‌ താന്‍ കഴിയുന്നതെന്നു പറഞ്ഞപ്പോള്‍ ദേവരാജന്‍ കരഞ്ഞു. വീട്ടില്‍ ചെന്നപ്പോള്‍ ദയനീയമായ അവസ്ഥ. മതംമാറിയ ദേവരാജനെ ബൈബിളിലും നിലവിളക്കിലും തൊട്ട്‌ സത്യം ചെയ്യിച്ചു. ഇനി കുടിക്കില്ലെന്ന്‌. ദേവരാജനെ തനിക്ക്‌ ഒത്തിരി ഇഷ്‌ടമുണ്ടെന്നും പറഞ്ഞു. എന്തായാലും അന്നും ദേവരാജന്‍ പാടിയത്‌ `പുലയനാര്‍ മണിയമ്മ...' തന്നെയായിരുന്നു.

ഒരു ചിപ്പിയില്‍ മണ്‍തരി വന്നു വീഴുമ്പോള്‍ സംഭവിക്കുന്ന രാസപ്രക്രിയയും ചിപ്പി അനുഭവിക്കുന്ന വേദനയുംകൊണ്ട്‌ രൂപപ്പെടുത്തിയതാണ്‌ മുത്ത്‌. അതേ അവസ്ഥ തന്നെയാണ്‌ എഴുത്തുകാരന്റേതും. വര്‍ഷങ്ങളായി താനും അത്തരമൊരു കഥാപാത്രത്തിന്റെ സൃഷ്‌ടിയിലായിരുന്നു. അതു താമസിയാതെ വെളിച്ചം കാണുമെന്നു `അടിമവംശം' എന്ന നോവലിന്‌ അവാര്‍ഡ്‌ ലഭിച്ചിട്ടുള്ള അവര്‍ പറഞ്ഞു. സ്വന്തം ജീവിതകഥയല്ല മാധവിക്കുട്ടി എഴുതിയത്‌ എന്നു പറയുന്നവരോട്‌ പൂര്‍ണ്ണമായി യോജിപ്പില്ലെന്നും രതീദേവി പറഞ്ഞു.

തനിക്ക്‌ അമ്മയോ ചേച്ചിയോ പോലെയായിരുന്നു മാധവിക്കുട്ടി എന്നു മീനു എലിസബത്ത്‌ അനുസ്‌മരിച്ചു. അവര്‍ മരിച്ചപ്പോള്‍ ആരൊക്കെയോ നഷ്‌ടപ്പെട്ടതുപോലെ തോന്നി. സ്‌ത്രീ ഹൃദയം ഇത്രയേറെ അറിഞ്ഞ മറ്റൊരു സാഹിത്യകാരി ഉണ്ടായിട്ടില്ല.

എഴുത്തിയ അസ്വസ്ഥത തനിക്ക്‌ ആദ്യമായി അനുഭവപ്പെട്ടത്‌ മാധവിക്കുട്ടി മരിച്ച ദിവസമായിരുന്നുവെന്ന്‌ ഷീലാ മോന്‍സ്‌ മുരിക്കന്‍ പറഞ്ഞു. അന്ന്‌ താന്‍ എഴുതിത്തുടങ്ങിയതാണ്‌.

മാധവിക്കുട്ടിയെ തനിക്ക്‌ നേരിട്ടറിയാമെന്നും അവര്‍ എഴുതിയതൊന്നും ജീവിത ചിത്രീകരണമല്ലെന്ന്‌ ഉറപ്പുണ്ടെന്നും അബ്‌ദുള്‍ പുന്നയൂര്‍ക്കുളം പറഞ്ഞു.
മാധവിക്കുട്ടിയുടെ കഥകളും രതീദേവിയുടെ ജീവിതവുംമാധവിക്കുട്ടിയുടെ കഥകളും രതീദേവിയുടെ ജീവിതവുംമാധവിക്കുട്ടിയുടെ കഥകളും രതീദേവിയുടെ ജീവിതവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക