Image

മുട്ടത്തു വര്‍ക്കി ജന്മശതാബ്ദിയില്‍ മാമിന്റെ ഉപഹാരം

Published on 03 April, 2014
മുട്ടത്തു വര്‍ക്കി ജന്മശതാബ്ദിയില്‍ മാമിന്റെ ഉപഹാരം
കോളജ് പാര്‍ക്ക്, മേരിലാന്റ്: മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക (മാം) സ്ഥാപകന്‍ തോമസ് പി. ആന്റണിയുടെ ഓര്‍മ്മകള്‍ തുടിച്ചു നിന്ന സമ്മേളനത്തില്‍ മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി പ്രമാണിച്ച് ഏര്‍പ്പെടുത്തിയ ആവാര്‍ഡുകള്‍ പ്രശസ്ത സാഹാത്യകാരന്മാര്‍ ഏറ്റുവാങ്ങി. മുട്ടത്തുവര്‍ക്കിയുടെ കുടുംബത്തിനുവേണ്ടി പുത്രഭാര്യ അന്ന മുട്ടത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു.

മലയാളിയെ വായനക്കാരാക്കിയ സാഹിത്യകാരനാണ് മുട്ടത്തുവര്‍ക്കി എന്നു പറഞ്ഞ മാം പ്രസിഡന്റ് ജോസഫ് പോത്തന്‍, അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ചുമതല ടോം മാത്യൂസിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റിക്കാരായിരുന്നുവെന്നും തങ്ങളാരും അതില്‍ ഇടപെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഫൊക്കാനാ മുന്‍ സെക്രട്ടറി ഷഹി പ്രഭാകരനായിരുന്നു എം.സി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു പോലും മാം സമ്മേളനത്തിന്റെ പണപ്പിരിവിനെപ്പറ്റി തോമസ് പി. ആന്റണി തന്നോട് സംസാരിച്ചത് ഷഹി അനുസ്മരിച്ചു. മാം ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ നിയോഗം.

ലാളിത്യത്തിന്റേയും സാരള്യത്തിന്റേയും പ്രണയത്തിന്റേയും ഭാഷയാണ് മുട്ടത്തുവര്‍ക്കി ഉപയോഗിച്ചതെന്ന് എഴുത്തുകാരിയായ അഡ്വ. രതീദേവി ചൂണ്ടിക്കാട്ടി. പ്രശാന്തമായ ഒരു സ്ഥലത്ത് നില്‍ക്കുന്നതായാണ് ആ കൃതികള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുക. സാധാരണക്കാരായ സ്ത്രീ വായനക്കാര്‍ക്ക് പരിചിതമായ നാട്ടുമ്പുറത്തെ വഴികള്‍ തന്നെയാണ് അദ്ദേഹം ചിത്രീകരിച്ചു നല്‍കിയത്. നഗരത്തിലെ വിദൂരമായ ജീവിതമല്ല മുട്ടത്തുവര്‍ക്കി കൃതികളില്‍ കണ്ടത്.

അന്ന മുട്ടത്ത് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ മരുമകളായല്ല മകളായാണ് മുട്ടത്തുവര്‍ക്കി തന്നെ കണ്ടതെന്ന് പറഞ്ഞു. 1977-ല്‍ മരുമകളാ
യി ചെന്ന തനിക്ക് നാലുതവണ മാത്രമേ അദ്ദേഹമുള്ളപ്പോള്‍ വീട്ടില്‍ എത്താന്‍ കഴിഞ്ഞുള്ളൂ. പക്ഷെ അമേരിക്കയിലേക്ക് അദ്ദേഹം മുടങ്ങാതെ കത്തുകളയച്ചിരുന്നു. ആദ്യ വാചകം സന്ധ്യാപ്രാര്‍ത്ഥന മുടക്കരുതെന്നായിരുന്നു. കുട്ടികളെ മലയാളം പഠിപ്പിക്കണമെന്നതായിരുന്നു മറ്റൊന്ന്. അവര്‍ക്കും മലയാളത്തില്‍ കത്തുകളെഴുതിയിരുന്നു.

ഒരു കത്തില്‍ തനിക്ക് ക്ഷീണമാണെന്നും പക്ഷെ വിശ്രമിക്കാന്‍ സമ്മതിക്കാതെ വാരികക്കാര്‍ കൃതികള്‍ക്കായി ക്യൂ നില്‍ക്കുകയാണെന്ന് എഴുതി.

അദ്ദേഹത്തെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഒരിക്കല്‍ ഞങ്ങള്‍ ശ്രമിച്ചതാണ്. എന്നാല്‍ താന്‍ അമേരിക്കയിലെല്ലാം മുറുക്കി തുപ്പി വൃത്തികേടാക്കുമെന്നും മദാമ്മമാര്‍ക്ക് അത് ഇഷ്ടപ്പെടില്ലെന്നും പറഞ്ഞ് അദ്ദേഹം പിന്മാറി.

തന്റെ പിതാവ് മുണ്ടന്‍ചിറ വര്‍ക്കിയെ ഒരിക്കല്‍ അദ്ദേഹം തൊടുപുഴയിലുള്ള വീട്ടില്‍ വന്ന് സന്ദര്‍ശിച്ചു. കൃഷിക്കാരനായിരുന്ന എന്റെ പിതാവിനോട് അദ്ദേഹം പറഞ്ഞു: തൂമ്പ പിടിച്ചുകൊണ്ട് നിങ്ങള്‍ ഒമ്പത് മക്കളെ വളര്‍ത്തി. പേന പിടിച്ച കൈകൊണ്ട് ഞാനും ഒമ്പത് മക്കളെ വളര്‍ത്തി.

ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ കോളാമ്പി നിറഞ്ഞിരിക്കുന്നതു കണ്ട് ഞാനത് കഴുകി തേച്ചുമിനുക്കി. അതു കൊണ്ടുപോയി വെച്ചപ്പോള്‍ ഇനി ഈ സ്വര്‍ണ്ണത്തളികയില്‍ തുപ്പാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരു തവണ കുടുംബ ഫോട്ടോ എടുക്കാനായി അപ്പച്ചനേയും അമ്മച്ചിയേയും കൂട്ടി കോട്ടയത്ത് സ്റ്റുഡിയോയില്‍ പോയി. കറന്റ് വരാന്‍ ഒന്നര മണിക്കൂര്‍ കാത്തിട്ടും വന്നില്ല. നിരാശയോടെ മടങ്ങിയതും ക്ഷീണിതനായ അദ്ദേഹം പടിയിറങ്ങുന്നതും ഇപ്പോഴും ഓര്‍ക്കുന്നു.

1987-ല്‍ വീട്ടില്‍ ചെന്നപ്പോള്‍ തന്റെ കുട്ടികളോട് പറഞ്ഞ കഥ ഓര്‍ക്കുന്നു. ഒരാള്‍ മരിച്ച് സ്വര്‍ഗ്ഗത്തില്‍ ചെന്നപ്പോള്‍ കാവല്‍ക്കാരന്‍ ചോദിച്ചു എവിടെനിന്നാണെന്ന്. ചങ്ങനാശേരിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഉടനെ കയറ്റി വിട്ടു. അടുത്ത വര്‍ഷം അപ്പച്ചന്‍ മരിച്ചു. പിന്നീടൊരിക്കലും കാണില്ല എന്ന ധ്വനി ആ കഥയിലുണ്ടായിരുന്നിരിക്കാം. മലയാളത്തില്‍ വാനയുടെ പരമ്പര സൃഷ്ടിച്ച എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. വായിക്കാനറിയാത്തവര്‍ അത് മറ്റുള്ളവരെകൊണ്ട് വായിച്ചു കേട്ടു. അവര്‍ മക്കളെ പഠിക്കാനയച്ചു.

കവിതയില്‍ എഴുത്തച്ഛന്റെ സ്ഥാനമാണ് ഗദ്യത്തില്‍ തനിക്കെന്ന് അദ്ദേഹം പറയുമായിരുന്നു. ഇന്ത്യാ ടുഡേയുടെ സര്‍വ്വെയില്‍ മലയാളത്തില്‍ ഏറ്റവും അധികം വായിക്കുന്നത് മുട്ടത്തുവര്‍ക്കി കൃതികളാണ്. പ്രണയം നിഷിദ്ധമായിരുന്ന കാലത്ത് അടുക്കള പെണ്ണുങ്ങള്‍ക്ക് സ്വന്തം ജീവിതം തെരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കുന്ന സൃഷ്ടികളാണ് അദ്ദേഹത്തില്‍ നിന്നുണ്ടാ
തെന്ന് മുട്ടത്തുവര്‍ക്കി അനുസ്മരണത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഇഖ്ബാല്‍ പറയുകയുണ്ടായി. ആ പ്രണയ കഥകളുടെ പരോക്ഷമായ സ്വാധീനമാണ് നേഴ്‌സിംഗ് എന്ന തൊഴിലിന് മാന്യത നല്‍കിയത്. ഇപ്പോള്‍ ഇന്ത്യയില്‍ 15 ലക്ഷത്തിലധികം നേഴ്‌സുമാരുണ്ട്. 13 ലക്ഷം പേര്‍ മലയാളികള്‍. അതില്‍ 11 ലക്ഷം ക്രിസ്ത്യാനികളും.

ലോ കോളജില്‍ പി.ടി. ചാക്കോ, പി ടി. പുന്നൂസ് തുടങ്ങിയ മഹാരഥരുടെ സഹപാഠിയായിരുന്നു അദ്ദേഹം. ദിവാന്‍ സര്‍ സി.പിയ്‌ക്കെതിരേ കരിങ്കാടി കാണിച്ചതിന് ലോ കോളജ് പൂട്ടിച്ചു. തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ അദ്ദേഹം എം.പി പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. 1948-ല്‍ ദീപികയില്‍ പത്രാധിപസമിതി അംഗമായി. 26 വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. ദീപികയുടെ സുവര്‍ണ്ണകാലമായിരുന്നു അത്. കര്‍ളീവി, മാന്ത്രികനായ മാന്‍ഡ്രേക്ക് തുടങ്ങിയവ അദ്ദേഹമാണ് വിവര്‍ത്തനം ചെയ്തത്. കൂടാതെ ജീന്‍ എന്ന പേരില്‍ നര്‍മ്മ വാചകങ്ങളും എഴുതി. അതിപ്പോള്‍ മിക്കവാറുമെല്ലാ പത്രങ്ങളിലുമുണ്ട്.

പതിനേഴ് പുസ്തകം വിവര്‍ത്തനം ചെയ്തതില്‍ നോബല്‍ സമ്മാനം ലഭിച്ച ഡോ ഷിവോഗയാണ് പ്രധാനം.

സംഖ്യാശാസ്ത്രത്തിലും ജാതകത്തിലുമെല്ലാം വലിയ വിശ്വാസമായിരുന്നു അദ്ദേഹത്തിന്. സംഖ്യ 10. പാടാത്ത പൈങ്കിളി സിനിമയയപ്പോള്‍ പ്രസിഡന്റിന്റെ വെള്ളി മെഡല്‍ കിട്ടി. മലയാളത്തിനു ലഭിക്കുന്ന ആദ്യ വെള്ളി മെഡലായിരുന്നു അത്-
അന്ന മുട്ടത്ത്  പറഞ്ഞു.

ചെറുപ്പത്തില്‍ താന്‍ വായിച്ച വെളുത്ത കത്രീന തുടങ്ങിയ കൃതികള്‍ റോക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ അനുസ്മരിച്ചു.

മുട്ടത്തുവര്‍ക്കി കാണിച്ചു തന്ന ലോകത്തിലൂടെയാണ് അടുത്ത തലത്തിലേക്കുള്ള പ്രയാണം മിക്കവരും നടത്തിയതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. പുതിയൊരു സാഹിത്യശാഖയ്ക്കാണ് മുട്ടത്തുവര്‍ക്കി തുടക്കമിട്ടത്. അത് പുതിയ എഴുത്തുകാരിലൂടെയും പുതിയ തലമുറയിലൂടെയും എക്കാലവും സജീവമായി നിലകൊള്ളുകയും ചെയ്യും.

ചടങ്ങില്‍ വെച്ച് രതീദേവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ടോം മാത്യൂസ് രചിച്ച "ജസ്റ്റ് അനദര്‍ ഡേ ഇന്‍ പാരഡൈസ്' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഈറനണിഞ്ഞ കണ്ണുകളോടെ രതീദേവി പുസ്തകം ഏറ്റുവാങ്ങി.

അമ്മ എന്ന കവിതയ്ക്ക് മുട്ടത്തുവര്‍ക്കി പുരസ്കാരം ഏറ്റുവാങ്ങിയ ജയിന്‍ ജോസഫ് അത് അമ്മയ്ക്ക് സമര്‍പ്പിച്ചു. അമ്മയുടെ എണ്‍പതാം ജന്മദിനത്തില്‍ എഴുതിയതാണത്. അമ്മയെ ഓര്‍ത്ത് എന്ത് എഴുതിയാലും അത് കവിതയാകും. ഒരു മഹാകാവ്യം പോലും അങ്ങനെ എഴുതാം- ജയിന്‍ പറഞ്ഞു.

ലേഖനത്തിനുള്ള അവാര്‍ഡ് നേടിയ മീനു എലിസബത്ത് വായനയുടെ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരിയാണെന്ന് പ്രശസ്തി പത്രത്തില്‍ പറഞ്ഞു.

ആദ്യ പ്രണയം പോലെ, ആദ്യ ചുംബനം പോലെ മറക്കാനാവാത്ത അനുഭവമാണ് അവാര്‍ഡ് എന്ന് മീനു എലിസബത്ത് പറഞ്ഞു. പ്രേമം എന്ന വാക്ക് ആദ്യമായി കേട്ടത് മുട്ടത്തുവര്‍ക്കിയുടെ കൃതികളില്‍ നിന്നാണ്. അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോള്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താന്‍ എഴുതി തുടങ്ങിയത്. അവാര്‍ഡ് മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍
അകാലത്തില്‍ വിട വാങ്ങിയ മാതാപിതാക്കളെയോര്‍ത്ത് അവര്‍ വിതുമ്പി.

ജോസഫ് പോത്തനില്‍ നിന്ന് പ്രത്യേക അവാര്‍ഡ് സ്വീകരിച്ച സരോജ വര്‍ഗീസ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുട്ടത്തുവര്‍ക്കിയെ വീട്ടില്‍ പോയി കണ്ടതും പഠിച്ച് മിടുക്കിയാകാന്‍ അദ്ദേഹം അനുഗ്രഹിച്ചതും ഓര്‍മ്മിച്ചു.

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തില്‍ നിന്ന് പ്രത്യേക പുരസ്കാരം സ്വീകരിച്ച
മോന്‍സി കൊടുമണ്‍ നിരന്തരം എഴുതാന്‍ ഉത്‌ബോധിപ്പിച്ചു. അവാര്‍ഡ് മരണം പോലെയാണ്. എപ്പോഴാണ് വരുന്നതെന്ന് അറിയില്ല. അതിനാല്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കണം.

മികച്ച സാഹിത്യ സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ ജോര്‍ജ് നടവയല്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജോണ്‍ മാത്യു എന്നിവര്‍ക്ക് സമ്മാനിച്ചു.
ജോണ്‍ മാത്യു എത്തുകയുണ്ടായില്ല. നോവലിന് അവാര്‍ഡ് നേടിയ കൊല്ലം തെല്‍മയും എത്തുകയുണ്ടായില്ല. സ്‌പെഷല്‍ ടാലന്റ് അവാര്‍ഡ് അനിത
മാമ്പിള്ളിക്കു സമ്മാനി­ച്ചു.
മുംബയിലുള്ള തൊടുപുഴ ശങ്കറിനു വേണ്ടി അവാര്‍ഡ് സരോജ വര്‍ഗീസ് ഏറ്റുവാങ്ങി
മുട്ടത്തു വര്‍ക്കി ജന്മശതാബ്ദിയില്‍ മാമിന്റെ ഉപഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക