Image

പോളിയോ നിനക്ക്‌ വിട! (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 03 April, 2014
പോളിയോ നിനക്ക്‌ വിട! (കവിത: ജി. പുത്തന്‍കുരിശ്‌)
ഇന്നെന്‍ മനസ്സിന്റെയുള്ളില്‍
വന്നലയ്‌ക്കുന്നതിമോദം.
ഭാരതം പോളിയോ വിമുക്‌തയായി
പാരില്‍ കുളിരായി പരന്നാവാര്‍ത്ത!
തല്ലിക്കൊഴിച്ചതെത്രയോ ജീവിതം
ഇല്ലതോര്‍ക്കാന്‍ കഴിയില്ലെനിക്കിന്നും.
ഇന്നലെയെന്നപോലെന്‍മുന്നില്‍
വന്നുനില്‌ക്കുന്നുടപ്പിറന്നോള്‍
പോളിയോയെന്ന മാരകരോഗം
പാളിച്ചിരിക്കാം അവളുടെ സ്വപ്‌നം.
എങ്ങനെയാകും സ്വപുത്രിതന്‍ ഭാവി
ഇങ്ങനെ ചിന്തിച്ചു കേഴുന്ന തായ
ആരിവളെ വേള്‍ക്കാന്‍ വരും
ആരിവള്‍ക്കൂതുണയാകും
എത്തും പിടിയുമില്ലാതൊത്തിരി ചോദ്യം
കത്തിപ്പടരുന്നഗ്‌നിയായുള്ളില്‍.
കാലത്തിന്‍ ചക്രമുരുണ്ടു
ചേലോടെ തന്വി വളര്‍ന്നു
അഞ്‌ജാതമാം ശക്‌തി്‌യുള്ളില്‍
വിഞ്‌ജാനം അവള്‍ക്കേകി
വിധിയേ പഴിക്കാതെയവള്‍
പ്രതിസന്ധിയേ വെല്ലുവിളിച്ചു.
ഉള്ളില്‍ കുടികൊള്ളും ശക്‌തി
ഉള്‍ക്കരുത്തതിനായവള്‍ക്കേകി
നേടിയവള്‍ ഉന്നതവിദ്യ
നേടി മാന്യമാമൊരുതൊഴിലും
അംഗവൈകല്യമൊന്നും
ഭംഗമാക്കിയില്ലാജീവിതത്തെ.
എല്ലാര്‍ക്കുമാവേശമേകി
ഉല്ലാസവതിയായിരുപ്പൂയിന്നും.
ഇന്നെന്‍ മനസ്സിന്റെയുള്ളില്‍
വന്നലക്കുന്നതിയായ മോദം.
ഭാരതം പോളിയോ വിമുക്‌തയായി
പാരില്‍ കുളിരായി പരന്നാവാര്‍ത്ത.

(പോളിയോയെ അതിജീവിച്ച ഞങ്ങളുടെ സഹോദരിക്കായും അതുപോലത്തെ അനേകായിരങ്ങള്‍ക്കായും ഈ എളിയ കവിത സമര്‍പ്പിക്കുന്നു.)
പോളിയോ നിനക്ക്‌ വിട! (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക