Image

പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 31 March, 2014
പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഒരുപാട്‌ അപൂര്‍വതകളുണ്ട്‌ ചിത്രയ്‌ക്കും ചിത്രയുടെ കായികാധ്യാപിക നൈനമ്മയ്‌ക്കും അവരുടെ കലാലയമായ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിനും. ഒളിമ്പ്യന്‍ ചിത്ര കെ. സോമന്‍, കെ.എം. ഗ്രീഷ്‌മ, ഗീതു അന്ന ജോസ്‌ തുടങ്ങി നൂറുകണക്കിനു താരങ്ങള്‍ക്കു ശിക്ഷണം കൊടുത്ത നൈനമ്മ മാര്‍ച്ച്‌ 31നു വിടവാങ്ങിയപ്പോള്‍ 31 വര്‍ഷത്തെ അധ്യാപനസപര്യക്കാണ്‌ തിരശീല വീണത്‌. കേരളത്തിലെ ഏറ്റം മികച്ച അധ്യാപികയെന്ന പട്ടവും നേടിയിറങ്ങുമ്പോള്‍ കേരളത്തിലെ ഏറ്റം മികച്ച കോളജ്‌ എന്ന കിരീടം അസംപ്‌ഷനു നേടിക്കൊടുത്തെന്ന അഭിമാനവും നെഞ്ചിലേറ്റി.

സര്‍വകലാശാലാ കായികമേള മുതല്‍ ഒളിമ്പിക്‌സ്‌ വരെ നിറഞ്ഞുനില്‍ക്കുന്നു അസംപ്‌ഷനിലെ പെണ്‍കുട്ടികളുടെ വീറ്‌. നാഷണല്‍ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം അവര്‍ അസംപ്‌ഷന്റെ കൊടിക്കൂറ പറത്തി. 2013ല്‍ കോളജ്‌ കേരളത്തിലെ ഏറ്റം മികച്ച കലാലയമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നൈനമ്മയ്‌ക്കും ലഭിച്ചു ഇരട്ടിമധുരം-ഏറ്റം മികച്ച കോളജ്‌ അധ്യാപികയ്‌ക്കുള്ള പുരസ്‌കാരം.

ഒളിമ്പ്യന്‍ ചിത്ര കെ. സോമന്‍, സാഫ്‌ ഗെയിംസ്‌ ജേതാവ്‌ കെ.എം. ഗ്രീഷ്‌മ, അന്തര്‍ദേശീയ ബാസ്‌കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസ്‌, ജി.വി. രാജാ അവാര്‍ഡ്‌ ജേതാവ്‌ ജെറ്റ്‌ി സി. ജോസഫ്‌, ഇന്ത്യന്‍ വോളിബോള്‍ താരം ജെറിന്‍ ആന്റണി, ലോംഗ്‌ജംപ്‌ താരം ജിബിമോള്‍ ഏബ്രഹാം - അസംപ്‌ഷന്റെ താരത്തിളക്കം അങ്ങനെ നീളുന്നു.

അസംപ്‌ഷന്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും വിടപറഞ്ഞവരുടെയും, കേരളത്തിലെ വിവിധ കായികസംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെയും സാന്നിധ്യത്തില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങ്‌ വികാരനിര്‍ഭരമായിരുന്നു. ടീച്ചര്‍ക്ക്‌ ഉപഹാരം സമര്‍പ്പിച്ച ചിത്ര തന്നെ വിതുമ്പി: ``കായികജീവിതംതന്നെ അവസാനിപ്പിക്കണമെന്നു കരുതിയ ഘട്ടത്തില്‍ ഒരമ്മയെപ്പോലെ എനിക്കു ടീച്ചര്‍ കൈത്താങ്ങായി നിന്നു'' -ചിത്ര പറഞ്ഞപ്പോള്‍ സദസ്‌ വീര്‍പ്പടക്കിയിരുന്നു.

ഒരുപാടു പേരുണ്ടായിരുന്നു നൈനമ്മ തോമസിന്‌ ഭാവുകം നേരാന്‍. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി നെടുമ്പുറം, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റും പൂര്‍വവിദ്യാര്‍ഥിനിയുമായ പദ്‌മിനി സെല്‍വന്‍, എം.ജി യൂണിവേഴ്‌സിറ്റി കായികവകുപ്പു മേധാവിയായിരുന്ന ഡോ. ജോസ്‌ ജയിംസ്‌, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോമരിയ, ഒളിമ്പ്യന്‍ റിപ്പോര്‍ട്ടര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ബാസ്‌കറ്റ്‌ബോളിനെക്കുറിച്ചു ഗവേഷണം നടത്തി ഡോക്‌ടറേറ്റ്‌ നേടിയ മുന്‍ വിദ്യാര്‍ഥിനി സുമ ജോസഫ്‌ എന്നിങ്ങനെ നീണ്ട നിര. ഇവരില്‍ ചിത്രയോടൊപ്പം പദ്‌മിനിക്കും അര്‍ജുന ലഭിച്ചിട്ടുണ്ട്‌.

എട്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരുവനന്തപുരത്തു നടന്ന കേരള കോളജ്‌ ഗെയിംസില്‍ എട്ടാം തവണയും ഓവറോള്‍ കിരീടമെന്ന അപൂര്‍വ ബഹുമതി അസംപ്‌ഷനു നേടിക്കൊടുത്തുവെന്നതാണ്‌ നൈനമ്മ ടീച്ചറിന്റെ ഏറ്റം ഒടുവിലത്തെ സിദ്ധി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി നെടുമ്പുറവുമൊത്ത്‌ വൈസ്‌ ചാന്‍സലര്‍ എ.വി. ജോര്‍ജില്‍നിന്ന്‌ മലയാള മനോരമ ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ ആ മുഖത്തു വിരിഞ്ഞത്‌ അഭിമാനം, കണ്ണില്‍ ഹര്‍ഷബാഷ്‌പം.

മുപ്പത്തൊന്നു വര്‍ഷം മുമ്പ്‌ അസംപ്‌ഷന്റെ ഗ്രൗണ്ടില്‍ കൊച്ചുവെളുപ്പാന്‍കാലത്ത്‌ ആരംഭിച്ച പരിശീലനക്കളരിയെക്കുറിച്ച്‌ നൈനമ്മ ഓര്‍മിക്കുന്നു. പേരിനെങ്കിലും ഒരു ഗ്രൗണ്ട്‌ ഇല്ലാതെവന്നപ്പോള്‍ രാവിലത്തെ പാസഞ്ചര്‍ ട്രെയ്‌നില്‍ എറണാകുളത്തു പോയി ട്രെയ്‌നിംഗ്‌ കഴിഞ്ഞ്‌ മടങ്ങിവന്നത്‌ എത്രയോ നാളുകള്‍. സ്വന്തം ഗ്രൗണ്ടായപ്പോള്‍ സൗകര്യം ഇരട്ടിയായി. പിന്നീട്‌ എല്ലാവര്‍ക്കും സൗകര്യപ്രദമായി കോളജിനു പിന്നില്‍ വീടുവച്ചു.

സ്‌കൂളിലും, പിന്നെ കോളജിലും പഠിക്കുന്ന കാലത്ത്‌ ഓട്ടവും ചാട്ടവുമായിരുന്നു പ്രിയപ്പെട്ട ഇനങ്ങള്‍. രാമപുരത്തു ജനിച്ച നൈനമ്മ നാഷണല്‍ മീറ്റില്‍ തുടര്‍ച്ചയായി മൂന്നു തവണ സ്വര്‍ണമെഡല്‍ നേടിയ താരമാണ്‌. ഭര്‍ത്താവിനെപ്പോലെ ഇക്കണോമിക്‌സില്‍ എം.എ എടുത്ത ശേഷമാണ്‌ കായികാധ്യാപനരംഗത്തേക്കു തിരിഞ്ഞത്‌.

ഇനി അസംപ്‌ഷന്റെ കായികവിദ്യാഭ്യാസ വകുപ്പില്‍ സുജ മേരി ജോര്‍ജിന്റെ ദിനങ്ങള്‍. നൈനമ്മയുമായി ദീര്‍ഘകാലത്തെ ചങ്ങാത്തമുണ്ടു സുജയ്‌ക്ക്‌. നൈനമ്മ തെളിച്ചുകൊടുത്ത വഴിത്താര തന്നെ സുജയ്‌ക്കും ശരണം.
പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)പെണ്‍കരുത്തിന്റെ പടിയിറക്കം, ഒത്തിരി താരങ്ങളുടെ അമ്മയായ്‌ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക