Image

റെനി ജോസിന് എന്തു സംഭവിച്ചു? (മൊയ്തീന്‍ പുത്തന്‍‌ചിറ)

Published on 30 March, 2014
റെനി ജോസിന് എന്തു സംഭവിച്ചു? (മൊയ്തീന്‍ പുത്തന്‍‌ചിറ)
ആല്‍ബനി നിവാസികള്‍ക്കു മാത്രമല്ല, അമേരിക്കയിലെ മലയാളി സമൂഹത്തിനു മുന്‍പില്‍ റെനി ജോസ് എന്ന യുവാവിന്റെ തിരോധാനം ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. മാര്‍ച്ച് 1-ന് ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇരുപതോളം സുഹൃത്തുക്കളും സഹപാഠികളുമായി ഫ്ലോറിഡയിലെ പാനമ ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ റെനിയെ മാര്‍ച്ച് 3 മുതലാണ് കാണാതായത്. 

ഈ ചെറുപ്പക്കാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പാനമ ബീച്ച് പോലീസും ഷെറീഫുമൊക്കെ അന്വേഷണങ്ങള്‍ നടത്തിയെങ്കിലും, ഇന്നുവരെ പ്രതീക്ഷക്കു വകനല്‍കുന്ന ഒരു വാര്‍ത്തയും കുടുംബത്തിനോ ബന്ധുക്കള്‍ക്കോ ലഭ്യമായിട്ടില്ല എന്നതാണ് സത്യം. വീട്ടുകാര്‍ക്ക് പ്രിയങ്കരനും പഠിക്കാന്‍ സമര്‍ത്ഥനുമായ ഈ യുവാവിന് എന്തു സംഭവിച്ചു എന്ന് ഇപ്പോഴും അജ്ഞാതമാണ്. പക്ഷേ, കൂടെപ്പോയവരില്‍ ചിലര്‍ക്ക് സത്യം അറിയാമെന്ന് ജോസും കുടുംബവും മാത്രമല്ല, ഈ വാര്‍ത്ത അറിഞ്ഞ ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇവിടെയാണ് റെനി ജോസ് പഠിച്ച റൈസ് യൂണിവേഴ്‌സിറ്റി അധികൃതരുടെ മൗനത്തിന്റെ പിന്നിലെ ദുരൂഹതക്ക് പ്രസക്തിയേറുന്നത്.

തുടക്കം മുതല്‍ പലരും ഈ സംശയം ഉന്നയിച്ചിരുന്നു. ലേഖകനും ആല്‍ബനിയിലെ പലരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തിരുന്നു. എന്നാല്‍, ആര്‍ക്കും വ്യക്തമായ ഒരു മറുപടി തരാന്‍ കഴിയാത്ത അവസ്ഥയാണ്. റെനി ജനിച്ച അന്നുമുതല്‍ അറിയാവുന്ന വ്യക്തി എന്ന നിലയിലും, ജോസ് ജോര്‍ജ്ജിന്റെ കുടുംബവുമായി വളരെ അടുത്തു പരിചയമുള്ള വ്യക്തി എന്ന നിലയിലും, അവരുടെ കുടുംബങ്ങളിലെ എല്ലാ കുട്ടികളേയും അറിയാവുന്ന വ്യക്തി എന്ന നിലയിലും, എന്റെ ധാര്‍മ്മിക ഉത്തരവാദിത്വം നിറവേറ്റണമെന്ന് എനിക്ക് നിര്‍ബ്ബന്ധമുണ്ട്. 'സായിപ്പ് പറഞ്ഞത് സത്യമാണെന്ന്' അന്ധമായി വിശ്വസിച്ച് അമേരിക്കയില്‍ ജീവിച്ചാല്‍ നമുക്ക് മാത്രമല്ല നാം വളര്‍ത്തിവലുതാക്കിയ നമ്മുടെ മക്കള്‍ക്കുപോലും ഈ രാജ്യത്ത് സ്വൈര്യമായി, നിര്‍ഭയം ജീവിക്കാന്‍ കഴിയില്ല എന്ന് ഇനിയെങ്കിലും മലയാളി സമൂഹം മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. ഒരു കുടുംബത്തില്‍ അത്യാഹിതം സംഭവിക്കുമ്പോള്‍ 'രാഷ്‌ട്രീയം' കളിക്കുന്ന മലയാളികള്‍ ഇനി എന്നാണ് ഗുണപാഠങ്ങള്‍ പഠിക്കുക?

റെനിയുടെ മാതാപിതാക്കളായ ജോസും ഷെര്‍‌ലിയും ജോസിന്റെ അമ്മച്ചിയും സഹോദരീസഹോദരന്മാരും ബന്ധുക്കളുമൊക്കെ നിറകണ്ണുകളോടെ, പ്രാര്‍ത്ഥനയോടെ ദിനങ്ങള്‍ തള്ളിനീക്കുമ്പോള്‍, റെനി എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് റെനിയുടെ സമപ്രായക്കാരായ സഹോദരീസഹോദരന്മാര്‍  വിശ്വസിക്കുന്നു. ആ ചെറുപ്പക്കാരനുവേണ്ടി ആയിരങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പലയിടങ്ങളിലും സമൂഹപ്രാര്‍ത്ഥനയും ജാഗരണവും നടത്തുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആ ചെറുപ്പക്കാരന്റെ തിരിച്ചുവരവിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, ആഗ്രഹിക്കുന്നു. 

എന്നാല്‍, ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റി എന്തുകൊണ്ട് മൗനം ദീക്ഷിക്കുന്നു? റെനിയുടെ കൂടെ വെക്കേഷന് പോയ കുട്ടികള്‍ക്ക് അറിയാം റെനിക്ക് എന്തു സംഭവിച്ചു എന്ന്. അവരറിയാതെ റെനിക്ക് ഒന്നും സംഭവിക്കില്ല. മാര്‍ച്ച് 3-ന് റെനിയെ കാണ്മാനില്ല എന്ന വാര്‍ത്ത കേട്ടയുടനെ അവരില്‍ പതിനാറു പേര്‍ പെട്ടെന്ന് സ്ഥലം വിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശേഷിച്ച നാലുപേരാണ് പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ഷെറീഫിനും ജോസിനുമൊക്കെ നല്‍കിയത്. റെനിയുടെ സെല്‍‌ഫോണും വാലറ്റും മറ്റും വഴിയോരത്തെ ഗാര്‍ബേജില്‍ നിന്ന് കിട്ടിയെന്ന പോലീസിന്റെ തെറ്റായ വാര്‍ത്ത തന്നെ സംഭവം വഴിതിരിച്ചുവിടാനായിരുന്നു. അമേരിക്കയിലെ മിക്കവാറും എല്ലാ സര്‍‌വ്വകലാശാലകളിലും മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നല്ല രീതിയില്‍ പഠിക്കുന്നവരാണ് മലയാളി കുട്ടികളെന്നും നമുക്ക് അഭിമാനിക്കാം. പക്ഷേ, കുരുക്കുകളും ആപത്തുകളും ഏതുനിമിഷവും അവരെ വേട്ടയാടാം. 

ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഒരു കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ലേഖകന്റെ മകന്‍ ഒരു കുരുക്കില്‍ വീണതും, കോളേജ് സമീപിച്ച രീതിയും ഞാന്‍ അതിനെ മറികടന്ന് കോളേജിനെ സമ്മര്‍ദ്ദത്തിലാക്കിയതും ഇവിടെ പ്രതിപാദിക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു. ഒരു ദിവസം യൂണിവേഴ്‌സിറ്റി പോലീസില്‍ നിന്ന് എനിക്ക് വന്ന ഒരു ടെലഫോണ്‍ സന്ദേശമാണ് തുടക്കം.. "താങ്കളുടെ മകനെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.....പേടിക്കാനൊന്നുമില്ല...ഹി ഈസ് ഓള്‍‌റൈറ്റ്..!!" ഞാനാകെ പരിഭ്രാന്തനായി. എന്താണ് മകന് പറ്റിയതെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി....."ആല്‍ക്കഹോള്‍ ഈസ് ഇന്‍‌വോള്‍‌വ്ഡ്, ഹി വാസ് കണ്‍സ്യൂമിംഗ് ആല്‍ക്കഹോള്‍...!!!" ഇതുകേട്ടതോടെ പരിസരം മറന്ന് ഞാന്‍ അട്ടഹസിച്ചു. പോലീസാകട്ടേ വളരെ ലാഘവത്തോടെ എന്നെ സമാധാനിപ്പിച്ച് ഫോണ്‍ കട്ട് ചെയ്തു. 

ഞാനാകെ പ്രതിസന്ധിയിലായി. അവിശ്വസനീയമായ വാര്‍ത്തയാണ് കേട്ടത്. പ്രത്യേകിച്ച് എന്റെ മകന്‍ മദ്യം കഴിച്ചു എന്ന് കേട്ടത്. 'ഞാന്‍ വരാം...' എന്ന് പോലീസിനോട് പറഞ്ഞെങ്കിലും 'വേണ്ട' എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. ഏതായാലും നാലു മണിക്കൂറോളം ഡ്രൈവ് ചെയ്ത് ഞാന്‍ പോയി. അപ്പോഴേക്കും മകനെ ആശുപത്രിയില്‍ നിന്ന് കോളേജ് കാമ്പസിലെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നിരുന്നു. മകനോട് കാര്യം തിരക്കി. നിസ്സഹായവസ്ഥയില്‍ മകന്‍ എന്നോട് പറഞ്ഞു....'ഞാന്‍ ഓകെ....' എന്ന്. കൂടുതല്‍ ചോദിച്ചപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത്.

ആല്‍ബനിയില്‍ നിന്ന് ഏകദേശം 280 മൈല്‍ അകലെയുള്ള ഈ കോളേജ് ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കൂടുതലും വിദ്യാര്‍ത്ഥി സമൂഹമാണവിടെ. വര്‍ഷത്തിലൊരിക്കല്‍ തദ്ദേശീയരും വിദ്യാര്‍ത്ഥികളും 'കാര്‍ണിവല്‍' സംഘടിപ്പിക്കുന്ന ഒരു പതിവുണ്ട്. തെരുവില്‍ കച്ചവടക്കാരും, വഴിവാണിഭക്കാരും, വിവിധതരം ഗെയിമുകളും ഒക്കെ ആയി കോളേജ് അന്തരീക്ഷവും തെരുവും ഒരേപോലെ ആഘോഷത്തിമര്‍പ്പിലായിരിക്കും. പൊതുവെ ശാന്തശീലനായ എന്റെ മകന്‍ ആ ബഹളത്തില്‍ നിന്ന് ഒഴിഞ്ഞ് സ്വന്തം മുറിയിലിരുന്ന് എന്തോ പ്രൊജക്റ്റിന്റെ പണിയിലായിരുന്നു. ആ സമയത്ത് വളരെ അടുത്തറിയാവുന്ന ഒരു വിദ്യാര്‍ത്ഥി അവനെ കാര്‍ണിവലിലേക്ക് ക്ഷണിച്ചു. ഒഴിഞ്ഞുമാറിയ മകനോടു ചോദിച്ചു  'എന്നാല്‍ നിനക്ക് ഞാനൊരു ഫ്രൂട്ട് പഞ്ച്' കൊണ്ടുവരട്ടെ എന്ന്. ഓകെ എന്ന് മകനും പറഞ്ഞു. അതനുസരിച്ച് ആ വിദ്യാര്‍ത്ഥി തിരിച്ചുപോയി അല്പം കഴിഞ്ഞ് ഒരു പേപ്പര്‍ ഗ്ലാസില്‍ ഫ്രൂട്ട് പഞ്ച് മകന് കൊടുത്തു പുറത്തേക്കു പോയി. ആ ഫ്രൂട്ട് പഞ്ച് കുടിച്ചയുടനെ എന്തോ രുചി വ്യത്യാസം തോന്നി എന്ന് മകന്‍ പറഞ്ഞു. ഫ്രൂട്ട് പഞ്ചല്ലേ സാരമില്ല എന്നു കരുതി അവനത് പകുതിയോളം കുടിച്ചതേ ഓര്‍മ്മയുള്ളൂ പിന്നീട് കണ്ണുതുറന്നത് ആശുപത്രിക്കിടക്കയിലായിരുന്നു. അവര്‍ പറഞ്ഞപ്പോഴാണ് മകന്‍ അറിയുന്നത് ആ ഫ്രൂട്ട് പഞ്ചില്‍ മദ്യം കലര്‍ത്തിയിരുന്നു എന്ന്...!! 

എന്തിനാണ് നീ ഗ്ലാസില്‍ കൊണ്ടുവന്ന ഫ്രൂട്ട് പഞ്ച് വാങ്ങിക്കുടിച്ചതെന്ന എന്റെ ചോദ്യത്തിന് മകന്‍ പറഞ്ഞു 'എനിക്ക് നന്നായി അറിയാവുന്ന കുട്ടിയാണ്, അതുകൊണ്ടാണെന്ന്.' പോലീസിന് കിട്ടിയ വിവരം 'മദ്യം' കഴിച്ച് അബോധാവസ്ഥയിലായി എന്നാണ്. അവര്‍ക്ക് അതില്‍‌കൂടുതല്‍ അറിയേണ്ട കാര്യമില്ല. അതാണ് അവരെന്നോടും പറഞ്ഞത്. ഇവിടെയാണ് എന്റെ ധാര്‍മ്മികരോഷം ആളിക്കത്തിയത്. ഞാന്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. അവരാകട്ടേ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി ഫയല്‍ 'ക്ലോസ്' ചെയ്തു. ഞാന്‍ പറഞ്ഞു....നിങ്ങള്‍ക്ക് അത് 'റീഓപ്പണ്‍' ചെയ്യേണ്ടിവരും എന്ന്.

ഞാനുടനെ ഒരു പരാതി എഴുതിക്കൊടുത്തു. 'എന്റെ മകന്‍ മദ്യപിക്കില്ല എന്നും, മദ്യപാനം ഞങ്ങളുടെ വിശ്വാസത്തില്‍ നിഷിദ്ധമാണെന്നും, ആരോ മനഃപ്പൂര്‍‌വ്വം എന്റെ മകനെ കുടുക്കിയതാണെന്നും, എത്രയും പെട്ടെന്ന് അതിനുത്തരവാദികളായവരെ കണ്ടുപിടിക്കണമെന്നും, അല്ലാത്തപക്ഷം കോളേജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍‌ബ്ബന്ധിതനാകുമെന്നും' ആ പരാതിയില്‍ സൂചിപ്പിച്ച് ഞാന്‍ മകന്റെ റൂമിലേക്ക് തിരിച്ചുപോയി. ഒരു പതിനഞ്ചു മിനിറ്റിനകം പോലീസും കോളേജ് അധികൃതരും മകന്റെ റൂമിലെത്തി അവനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു 'ഞാനാണ് പരാതി തന്നത്. ഞാന്‍ അവന്റെ പിതാവാണ്' എന്ന്. എന്റെ പരാതിയിലെ "മദ്യം ഞങ്ങളുടെ വിശ്വാസത്തില്‍ നിഷിദ്ധമാണ്" എന്ന മാന്ത്രികവാക്കാണ് കോളേജിനെ പ്രതിസന്ധിയിലാക്കിയത്. 

ആരാണ് മകന് ഫ്രൂട്ട് പഞ്ച് കൊടുത്തതെന്നായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നത്. മകന്‍ പറഞ്ഞു 'ഈ കോളേജില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്. പക്ഷേ, എനിക്ക് ആളെ ശരിക്കും ഓര്‍ക്കാന്‍ കഴിയുന്നില്ല' എന്ന്...!! അതെന്നെ അത്ഭുതപ്പെടുത്തി. എന്താണ് മകനങ്ങനെ പറഞ്ഞതെന്ന് ഞാനോര്‍ത്തു. ഏതായാലും പോലീസ് പലപ്രാവശ്യം ചോദ്യം ചെയ്തെങ്കിലും മകന്‍ അതുതന്നെ ആവര്‍ത്തിച്ചു. ഒടുവില്‍ പോലീസും അധികൃതരും എന്നോട് ക്ഷമ പറഞ്ഞു. ആളെ പറയാത്തിടത്തോളം കാലം അവര്‍ക്ക് ആരെയും അറസ്റ്റു ചെയ്യാന്‍ കഴിയില്ല എന്ന നിസ്സഹായവസ്ഥ എന്നെ അറിയിച്ചു. ഓര്‍മ്മ വരുമ്പോള്‍ ഞങ്ങളെ അറിയിക്കണം എന്ന് പറഞ്ഞ് അവര്‍ തിരിച്ചുപോയി.

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ മകന്റെ നേരെ ദ്വേഷ്യപ്പെട്ടു. അപ്പോള്‍ കിട്ടിയ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. 'എനിക്ക് നന്നായി അറിയാവുന്ന കുട്ടിയാണത്. അതുകൊണ്ടാണ് വിശ്വസിച്ച് ഞാന്‍ ആ ഫ്രൂട്ട് പഞ്ച് വാങ്ങിക്കുടിച്ചത്. ഞാനത് പോലീസിനോടു പറഞ്ഞാല്‍ അവര്‍ ആ കുട്ടിയെ ഈ കോളേജില്‍ നിന്ന് പുറത്താക്കും. വേറെ ഒരു കോളേജിലും ആ കുട്ടിക്ക് പിന്നീട് അഡ്മിഷന്‍ കിട്ടുകയില്ല. അങ്ങനെ വന്നാല്‍ അവന്റെ ഭാവി എന്തായിരിക്കും. നിങ്ങള്‍ എന്നെ കോളേജില്‍ അയച്ച പോലെ തന്നെയാണ് അവന്റെ മാതാപിതാക്കളും അവനെ കോളേജില്‍ അയച്ചിരിക്കുന്നത്. എനിക്ക് മറ്റൊന്നും സംഭവിച്ചില്ലല്ലോ. ഞാനായിട്ട് ആ കുട്ടിയുടെ ഭാവി നശിപ്പിച്ചാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് കുറ്റബോധത്തോടെ ജീവിക്കേണ്ടിവരും.' മകനില്‍ നിന്ന് ഈ മറുപടി കേട്ടപ്പോള്‍ ഇത്രയും ഗഹനമായി ചിന്തിക്കുന്നവരാണോ നമ്മുടെ കുട്ടികള്‍ എന്ന് ഞാന്‍ ഓര്‍ത്തുപോയി. 

എങ്കിലും, യൂണിവേഴ്‌സിറ്റി പ്രസിഡന്റിന് ഞാന്‍ ഒരു കത്തെഴുതി സംഭവങ്ങള്‍ വിവരിച്ചിരുന്നു. മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടാതെ, വിദേശരാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്, നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കോളേജില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതുപ്രകാരമായിരിക്കാം, കോളേജില്‍ ചില കര്‍ശന നിയമങ്ങളും നിബന്ധനകളും നടപ്പിലാക്കുകയും, മേല്‍‌വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബോധവത്ക്കരണ ക്ലാസ്സുകളും മറ്റും സംഘടിപ്പിക്കുകയും പിന്നീട് ചെയ്തിരുന്നു. 

എങ്ങനെയാണ് നമ്മുടെ കുട്ടികള്‍ കുരുക്കില്‍ വീഴുന്നതെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മേല്‍ വിവരിച്ചത്. റെനിക്കും സംഭവിച്ചത് മറ്റൊന്നാകാന്‍ തരമില്ല് എന്നാണ് റെനിയെ വളരെ അടുത്തറിയാവുന്ന എന്റെ മകനും പറയുന്നത്. ആ യുവാവിന്റെ തിരോധാനവുമായി പോലീസിന് മൊഴികൊടുത്ത നാലുപേര്‍ക്കും ബന്ധമുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു, റെനിയുടെ പിതാവ് പോലും. പക്ഷേ, റൈസ് യൂണിവേഴ്‌സിറ്റി അവരെ സം‌രക്ഷിച്ചാല്‍ അതിനെ മറികടക്കാനുള്ള ഉപായങ്ങള്‍ എന്തെല്ലാമാണെന്ന് മലയാളികള്‍ക്ക് അറിയാമോ? അമേരിക്കന്‍ ഭരണഘടനയിലെ ഫിഫ്‌ത് അമന്റ്മെന്റ്  http://legal-dictionary.thefreedictionary.com/fifth+amendment ഉപയോഗിച്ചാണ് അവര്‍ രക്ഷപ്പെട്ട് നില്‍ക്കുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. 

ഇന്ത്യയിലെന്നപോലെ യൂണിവേഴ്‌സിറ്റിക്കു മുന്‍പില്‍ പരസ്യമായി ജാഥകള്‍ സംഘടിപ്പിക്കാനോ മുദ്രാവാക്യം മുഴക്കാനോ അമേരിക്കയില്‍ സാധ്യമല്ല. എങ്കിലും, നാം മലയാളികള്‍ സങ്കുചിത മനോഭാവം വെടിഞ്ഞ് ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ റൈസ് എന്നല്ല ഒരു യൂണിവേഴ്‌സിറ്റിയും ഇതുപോലുള്ള നിരുത്തരവാദിത്വപരമായ സമീപനം കൈക്കൊള്ളില്ലായിരുന്നു. പക്ഷേ, തവളയെ പിടിച്ച് എണ്ണം വെച്ചപോലെയാണല്ലോ മലയാളികള്‍? ഏതെങ്കിലും സാമൂഹ്യപ്രവര്‍ത്തകരോ മനുഷ്യസ്നേഹികളോ നല്ല കാര്യത്തിനിറങ്ങിത്തിരിച്ചാല്‍ ചിലര്‍ അന്വേഷിക്കുന്നത് അവര്‍ ഏത് 'ഗ്രൂപ്പില്‍' പെട്ട ആളാണെന്നാണ്. വ്യത്യസ്ഥ മത-സാംസ്ക്കാരിക-സാമൂഹ്യ സംഘടനകളില്‍ പെട്ടവര്‍ തമ്മില്‍ പിന്നെ മത്സരമായി. എട്ടുകാലി മമ്മൂഞ്ഞുമാരാകാനായിരിക്കും പിന്നീട് ചിലരുടെ വ്യഗ്രത. ഈയൊരു പ്രവണത വളര്‍ന്നുവരുന്നതുകൊണ്ടാണ് സഹായമര്‍ഹിക്കുന്നവര്‍ക്ക് യഥാസമയം അത് ലഭിക്കാതെ പോകുന്നത്. 

ആല്‍ബനിയിലെ മലയാളി അസ്സോസിയേഷന്റെ പരിപാടികളില്‍ അഞ്ചാം വയസ്സുമുതല്‍ റെനി പങ്കെടുത്തിരുന്നത് ഞാനോര്‍ക്കുന്നു. റെനി മാത്രമല്ല, റെനിയുടെ കസിന്‍സ് എല്ലാവരുംതന്നെ അസോസിയേഷന്റെ എല്ലാ പരിപാടികളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആല്‍ബനിയിലെ മലയാളിക്കുട്ടികളെ ഒന്നിച്ചണിനിരത്തി 'മലയാളി യുവരംഗം' (മയൂരം) എന്ന സംഘടനയ്ക്ക് രൂപം നല്‍കുവാന്‍ കൂടിയ ആദ്യത്തെ യോഗം ജോസ് ജോര്‍ജിന്റെ വീട്ടില്‍ വെച്ചായിരുന്നു എന്ന് അന്നത്തെ സെക്രട്ടറിയായിരുന്ന ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്നത്തെ ബാലികാബാലന്മാരും, കൗമാരക്കാരുമൊക്കെ വളര്‍ന്നു വലുതായി പലരും ഇന്ന് കോളേജുകളില്‍ പഠിക്കുന്നു, ചിലര്‍ കോളജ് വിദ്യാഭ്യാസമെല്ലാം കഴിഞ്ഞ് അമേരിക്കയുടെ പലഭാഗങ്ങളിലും ഔദ്യോഗിക ജീവിതം നയിക്കുന്നു, ചിലരാകട്ടേ വിവാഹിതരായി കുടുംബജീവിതവും നയിക്കുന്നു. 

അന്നത്തെ കുട്ടികള്‍ - ഷിനു, ജോളിന്‍, ജെറെമി, രേഷ്‌മ, മെര്‍‌ലിന്‍, ജിസ്‌മി, ജസ്സിക്ക, നിക്കി എന്നിവര്‍, ഇപ്പോള്‍ റെനിയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ നമ്മുടെയെല്ലാം കണ്ണുതുറപ്പിക്കാനുതകും. റെനിയുടെ മാതാപിതാക്കളും അങ്കിള്‍‌മാരും ആന്റിമാരും മുത്തശ്ശിയുമൊക്കെ പ്രാര്‍ത്ഥനയോടെ റെനിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. 

വീഡിയോ കാണുക :  https://www.youtube.com/watch?v=YreioS54SPk
റെനി ജോസിന് എന്തു സംഭവിച്ചു? (മൊയ്തീന്‍ പുത്തന്‍‌ചിറ)റെനി ജോസിന് എന്തു സംഭവിച്ചു? (മൊയ്തീന്‍ പുത്തന്‍‌ചിറ)റെനി ജോസിന് എന്തു സംഭവിച്ചു? (മൊയ്തീന്‍ പുത്തന്‍‌ചിറ)
Join WhatsApp News
Anthappan 2014-03-31 04:18:51
The author is throwing some light into the campus life of America. Parents should be aware of these things and discuss it in the house before they send the children to college. Parents should approach their senator's or congress member's office and ask for help. 
vaayanakkaaran 2014-03-31 06:31:47
ലേഖകനും പല മാതാപിതാക്കളും മറക്കുന്ന ഒരു വാസ്തവമുണ്ട്: മിക്കവാറും കുട്ടികൾക്ക് രണ്ടു മുഖങ്ങളുണ്ട്- മാതാപിതാക്കൾ പ്രതീക്ഷിക്കുന്ന ഒരു മുഖവും, കുട്ടികൾക്ക് ആഗ്രഹമുള്ള മറ്റൊരു മുഖവും.
ലേഖകന്‍ 2014-03-31 10:04:03
വായനക്കാരന് മക്കളുണ്ടെങ്കില്‍ അവരുടെ "മുഖങ്ങള്‍" ഒന്നോര്‍ത്തു വെച്ചോളണേ.....! ഇതുപോലെയുള്ള സന്ദര്‍ഭങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഈ അഭിപ്രായം തന്നെ എഴുതണം..!! ലേഖകന്‍
വിദ്യാധരൻ 2014-03-31 16:59:00
തന്തക്കും തള്ളക്കും നാലു മുഖങ്ങൾ വച്ചുള്ളപ്പോൾ മക്കൾക്ക് രണ്ടു മുഖം ഇല്ലങ്കിൽ അതിനെന്താ ഭംഗി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക