Image

സന്തോഷ് പണ്ഡിറ്റിന് അവാര്‍ഡ് ലഭിച്ചു

ജോസ് പിന്റോ സ്റ്റീഫന്‍ Published on 12 November, 2011
സന്തോഷ് പണ്ഡിറ്റിന് അവാര്‍ഡ് ലഭിച്ചു

"കൃഷ്ണനും രാധയും" എന്ന ചിത്രത്തിലൂടെ ഈയടുത്ത കാലത്ത് ലോകമെമ്പാടുമുള്ള മലയാളികളുടെ ചര്‍ച്ചാവിഷയമായി മാറിയ സന്തോഷ് പണ്ഡിറ്റിനെ തിരുവന്തപുരത്തെ ഏകലവ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു അവാര്‍ഡ് നല്‍കി ആദരിച്ചു. സ്വാമി അശ്വതി തിരുന്നാളിന്റെ അമ്പത്തഞ്ചാം ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഈ അവാര്‍ഡ് ദാനം നടന്നത്.

തിരുവനന്തപുരത്ത് വൈ. എം.സി.എ ഹാളില്‍ തിങ്ങിനിറഞ്ഞു നിന്ന ആരാധകരുടെ സാന്നിധ്യത്തില്‍ മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധുവാണ് സന്തോഷിന് അവാര്‍ഡ് കൈമാറിയത്.

കഥ, തിരക്കഥ, അഭിനയം, നിര്‍മ്മാണം തുടങ്ങി കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ മിക്കവാറും പണികളും ചെയ്ത സന്തോഷിന്റെ ചങ്കൂറ്റത്തിനാണ് ഈ അവാര്‍ഡ് നല്കിയതെന്ന് അവാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

പല പടങ്ങളും പെട്ടിയിലിരിക്കുന്ന ഈ കാലത്ത് മലയാള സിനിമയുടെ കൊക്കയില്‍ വീണു പോകാതെ സന്തോഷ് രക്ഷപ്പെട്ടത് അല്‍ഭുതമാണെന്ന് സിനിമാ മന്ത്രി ഗണേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.

കൃഷ്ണനും രാധയും എന്ന സിനിമയ്ക്ക് പ്രചോദനമായത് ശ്രീ മഹാഭാഗവതമാണെന്ന് മറുപടി പ്രസംഗത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. തന്റെ അടുത്തചിത്രമായ "ജിത്തുബായി എന്ന ചോക്ലേറ്റ് ബോയി"യില്‍ നിന്നുള്ള "മ്യൂസിക് ദി നെയിം ഓഫ് ലവ് ലവ്" എന്ന ഗാനവും പാടി കൊണ്ടാണ് സന്തോഷ് പ്രസംഗം അവസാനിപ്പിച്ചത്.

ഒരു സിനിമയില്‍ 18 ജോലികള്‍ നിര്‍വഹിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കിലും ലിംകാ വേള്‍ഡ് റിക്കോര്‍ഡിലും കയറിപ്പറ്റാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സന്തോഷ് പണ്ഡിറ്റ്. അതിന് അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

video link
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക