Image

യൂട്യൂബിലെ മഴവില്ല് (കവിത: മിനി അറുകുലശ്ശേരില്‍)

മിനി അറുകുലശ്ശേരില്‍, ടൊറാന്റോ, കാനഡ. Published on 29 March, 2014
യൂട്യൂബിലെ മഴവില്ല് (കവിത: മിനി അറുകുലശ്ശേരില്‍)
മഴമാറി മാനം തെളിഞ്ഞപ്പോള്‍ അകലെ തിരു-
വചനത്തില്‍ മഴവില്ലുയര്‍ന്നുപൊങ്ങി.
ഏഴുസന്ദേശങ്ങള്‍ ഏഴുനിറങ്ങള്‍ തന്‍
ആത്മാവില്‍ ചാരുതയായ് വിടര്‍ന്നു.
വഴിയേയണഞ്ഞോരു സമരിയാക്കാരനാ-
നിറമാല്യം യൂട്യൂബില്‍ ചിറകിലേറ്റി
ഈ ഭൗമഗോളത്തില്‍ ഹൃദയത്തുടിപ്പുമായ്
അതിശ്രീഘമനുമാത്രയൊഴുകയായ്.

വളരുന്നകൈവഴി നോക്കിക്കരയുന്ന
പുഴയുടെ ഗദ്ഗദമുള്ള മണ്ണില്‍
കൊഴിയുന്ന പൂമൊട്ടില്‍ മൊഴിയാത്ത നൊമ്പര
കാറ്റലയുന്നോരു പാതവക്കില്‍
പൊരിയും വെയിലിലെരിയും വയറുമായ്
ദാഹാര്‍ത്തരാം ജനമലറുന്ന നാട്ടില്‍
ലഹരിതന്‍ മുള്‍പ്പടര്‍പ്പില്‍ കാലുടക്കി
യുവത്വം മരിക്കും പറുദീസയില്‍.

അലിവുള്ള ഹൃദയങ്ങള്‍ അഴകിന്‍ വര്‍ണ്ണങ്ങളാല്‍
പകര്‍ന്നൂ കനിവിന്റെ ലാളനങ്ങള്‍.
നോവുള്ള വൃണമുണക്കും സ്‌നേഹസ്പര്‍ശനം
വിടരുമോ നാളെതന്‍ നവമന്ത്രമായ്?

പടിഞ്ഞാറെ മാനം ചുവക്കുന്നു, സമയമായ്
കൂടണയുന്നൂ പദംഗങ്ങളെല്ലാം.
പൂജക്കണയാത്ത പൂക്കളോ മുറ്റത്തു
വാടിക്കുഴഞ്ഞു കരഞ്ഞിടുന്നു.
പകലിന്റെ കണ്ണുനീരൊപ്പിയ കൈകളില്‍
പകലവന്‍ ദീപം പകര്‍ന്നു നല്‍കി.
ഏഴുകാരുണ്യപ്രവൃത്തികള്‍ സദസ്സിലൊ-
രായിരമായിരം താരങ്ങളായ്
ആ ദീപസാഗരമൊളിചിന്നിനിന്നാടുന്നൊ-
രാനീലരാവിനുമെന്തു ഭംഗി.



യൂട്യൂബിലെ മഴവില്ല് (കവിത: മിനി അറുകുലശ്ശേരില്‍)
Join WhatsApp News
Sudhir Panikkaveetil 2014-03-30 05:14:52

വളരുന്നകൈവഴി നോക്കിക്കരയുന്ന
പുഴയുടെ ഗദ്ഗദമുള്ള മണ്ണില്‍
കൊഴിയുന്ന പൂമൊട്ടില്‍ മൊഴിയാത്ത നൊമ്പര
കാറ്റലയുന്നോരു പാതവക്കില്‍..(നല്ല വ
ര്‍ണ്ണന)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക