Image

പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ ഫിലഡല്‍ഫിയയില്‍ നിലവില്‍ വന്നു

ജോയിച്ചന്‍ പുതുക്കുളം Published on 12 November, 2011
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ ഫിലഡല്‍ഫിയയില്‍ നിലവില്‍ വന്നു
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ അധിവസിക്കുന്ന പത്തനംതിട്ട നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന പത്തനംതിട്ട അസോസിയേഷന്‍ എന്ന സ്വപ്‌നം പൂവണിഞ്ഞു. നവംബര്‍ ആറിന്‌ ഞായറാഴ്‌ച ബെന്‍സേലത്തുള്ള സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത `പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ (പി.ഡി.എ)' എന്ന നാമം നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചപ്പോള്‍ സദസ്‌ അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ഷപുളകിതരായി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പത്തനംതിട്ട നിവാസികളുടെ ഒന്നിച്ചുള്ള കൂട്ടായ്‌മയ്‌ക്കും ഒത്തുചേരലിനും വേണ്ടി വേദിയൊരുക്കുന്നതിനൊപ്പം, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ക്കൂടി സമൂഹത്തിനും മറ്റ്‌ സംഘടനകള്‍ക്കും എന്നും മാതൃകയായി വളര്‍ന്ന്‌ മുന്നേറുവാന്‍ ഈ അസോസിഷന്‌ കഴിയട്ടെ എന്ന്‌ തിരുമേനി ആശംസിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ പത്തനംതിട്ട അസോസിയേഷന്റെ ഉദ്ദേശത്തേക്കുറിച്ച്‌ വിവരിച്ചു. അദ്ദേഹം വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

അസോസിയേഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അഡ്‌ഹോക്ക്‌ കമ്മിറ്റി കോര്‍ഡിനേറ്ററായി രാജു വര്‍ഗീസിനേയും സെക്രട്ടറിയായി രാജു ശങ്കരത്തിലിനേയും, ട്രഷററായി ഐപ്പ്‌ ഉമ്മന്‍ മാരേട്ടിനേയും തിരുമേനിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു. ലീഗല്‍ അഡൈ്വസറായി ജോര്‍ജ്‌ കോട്ടപ്പുറത്തേയും, അഡൈ്വസറി കമ്മിറ്റിയിലേക്ക്‌ യോഹന്നാന്‍ ശങ്കരത്തില്‍, രാജു എം. വര്‍ഗീസ്‌, രാജന്‍ മത്തായി, ഡോ. രാജന്‍ തോമസ്‌, വി.എസ്‌ മാത്യു, ഈശോ തോമസ്‌ എന്നിവരേയും യോഗം തെരഞ്ഞെടുത്തു. സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവക വികാരി റവ. ഫാ. ഷിബു മത്തായി പുതിയ അസോസിയേഷന്‌ വിജയാശംസകള്‍ നേര്‍ന്നു.

ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ച അഭിവന്ദ്യ തിരുമേനിക്കും, വന്നു ചേര്‍ന്ന എല്ലാവര്‍ക്കും രാജു വര്‍ഗീസ്‌ നന്ദി രേഖപ്പെടുത്തി. അമേരിക്കയിലുള്ള പത്തനംതിട്ട ജില്ലയുടെ വിവിധ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളിലും ഉള്ള എല്ലാവരേയും പത്തനംതിട്ട അസോസിയേഷനിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും ജില്ലയിലുള്‍പ്പെട്ട എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വിപുലമായ ഒരു യോഗം ഉടന്‍ വിളിച്ചുകൂട്ടുമെന്നും രാജു വര്‍ഗീസും, രാജു ശങ്കരത്തിലും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു വര്‍ഗീസ്‌ (215 342 8828). രാജു ശങ്കരത്തില്‍ (215 676 6881), യോഹന്നാന്‍ ശങ്കരത്തില്‍ (215 778 0162), ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ (267 688 4500).
പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ അസോസിയേഷന്‍ ഫിലഡല്‍ഫിയയില്‍ നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക