Image

തട്ടിപ്പുകള്‍ക്കു നേരെ ഒരു വിരല്‍ ചൂണ്ടല്‍ - തോമസ് കൂവള്ളൂര്‍

ഈമലയാളി എക്‌സ്‌ക്യൂസീവ്‌ Published on 28 March, 2014
തട്ടിപ്പുകള്‍ക്കു നേരെ ഒരു വിരല്‍ ചൂണ്ടല്‍ - തോമസ് കൂവള്ളൂര്‍
(Read also: TIGTA Warns of “Largest Ever” Phone Fraud Scam Targeting Taxpayers )

ന്യൂയോര്‍ക്ക് : ഈ അടുത്തകാലത്ത് 'ഈ മലയാളി' തുടങ്ങിയ പല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും അമേരിക്കന്‍ ടാക്‌സ് പെയേഴ്‌സിനിടയില്‍, പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍, നടന്നുകൊണ്ടിരിക്കുന്ന നിരവധി തട്ടിപ്പുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചിരുന്നത് ചുരുക്കം ചിലരെങ്കിലും ശ്രദ്ധിച്ചുകാണുമെന്നു കരുതുന്നു. ഈ കഴിഞ്ഞ ദിവസം, അതായത് മാര്‍ച്ച് 20- തീയ്യതി രാവിലെ 10 മണിയ്ക്കു മുന്‍പ്, ഈ ലേഖകന്റെ മോളും അത്തരത്തിലുള്ള ഒരു വിദഗ്ധ തട്ടിപ്പുകാരന്റെ കെണിയില്‍ വീഴേണ്ടതായിരുന്നു. ഈശ്വരാനുഗ്രഹത്താല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതി. ഒരു സോഷ്യല്‍ വര്‍ക്കറും, രജിസ്റ്റേര്‍ഡ് നേഴ്‌സും കൂടിയായ എന്റെ മോള്‍  ഇത്തരക്കാരുടെ കെണിയില്‍ ചെന്നു ചാടാന്‍ തുടങ്ങിയെങ്കില്‍ സാധാരണക്കാരായ മറ്റു പലരുടെയും സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

നമ്മുടെ ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകളെപ്പറ്റി നമ്മുടെ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് ഈ വിഷയത്തെപ്പറ്റി ഒരു മുന്നറിയിപ്പെന്നോണം എഴുതാന്‍ ഈ ലേഖകന്‍ നിര്‍ബന്ധിതനായത്.

സംഭവം ഏറെക്കുറെ ഇങ്ങിനെയാണ് നടന്നത്. സംഭവദിവസം രാവിലെ ഞാന്‍ എന്റെ സുഹൃത്ത് ജോസ് പിന്റോ സ്റ്റീഫനുമൊത്ത് ന്യൂജേഴ്‌സിയില്‍ ഒരത്യാവശ്യത്തിന് പോയ സമയം എന്റെ മോള്‍ എന്നെ ഷെറീഫ് 45 മിനിറ്റിനുള്ളില്‍ വന്ന് അറസ്റ്റു ചെയ്യുമെന്നും, അതല്ലെങ്കില്‍ പറയുന്ന തുക ഉടനെ കൊടുക്കണമെന്നും ആവശ്യപ്പെട്ടെന്നും, ഞാന്‍ ഉടനെ സ്ഥലത്തെത്തണമെന്നും നിലവിളിച്ചു പറഞ്ഞു. അവളുടെ ജീവിതത്തില്‍ ആദ്യമായാണ് അവള്‍ നിലവിളിച്ച് ഞാന്‍ കേള്‍ക്കുന്നത്. ഭയപ്പെടാതെ ധൈര്യമായിരിക്കണം, അങ്ങിനെ അറസ്റ്റു ചെയ്തുകൊണ്ടുപോകുന്നുവെങ്കില്‍ കൊണ്ടുപോകട്ടെ ഞാന്‍ വന്ന് ഇറക്കിക്കൊള്ളാമെന്നും ഞാന്‍ പറഞ്ഞിട്ടും ഞാനുടനെ എത്തിയേതീരൂ എന്നവള്‍ നിലവിളിച്ചു പറഞ്ഞതുകേട്ടപ്പോള്‍ ഒരു പിതാവെന്ന നിലയ്ക്ക് ഞാന്‍ മറ്റെല്ലാം മറന്നു. ജോസ് പിന്റോയെ സ്ഥലത്തു നിര്‍ത്തിയിട്ട് മിന്നല്‍ പിണര്‍പോലെ ഞാന്‍ യോങ്കേഴ്‌സിലേയ്ക്കു പാഞ്ഞു.

ഒന്നാമത് എനിക്കാണെങ്കില്‍ എതിരാളികള്‍ അനവധി. പല കേസുകളും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സമയം. ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യിപ്പിക്കാന്‍ അത്ര വലിയ പ്രയാസമൊന്നും അമേരിക്കയില്‍ ഇല്ല. എന്നു തന്നെയല്ല നിരവധി മലയാളികളെ ടാര്‍ജറ്റു ചെയ്ത് അറസ്റ്റു ചെയ്തിട്ടുള്ള വിവരം നന്നായി എനിക്കറിയാവുന്നതുമാണ്. പോകും വഴി യോങ്കേഴ്‌സ് പോലീസില്‍ (അവിടെയാണ് ഞാനും എന്റെ മോളും താമസിക്കുന്നത്) വിളിച്ച് സംഭവം ഞാന്‍ പറഞ്ഞു. ഞാന്‍ ന്യൂജേഴ്‌സിയില്‍ ആണെന്നും എന്റെ മോളെ ആരോ അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയെന്നും, പോലീസിനെ സംഭവസ്ഥലത്തു വിട്ട് അന്വേഷിക്കാനും പിതാവെന്ന നിലയില്‍ ഞാന്‍ പറഞ്ഞപ്പോള്‍ മോള്‍ക്ക് എത്ര വയസുണ്ടെന്നു ചോദിച്ചു. അപ്പോള്‍ 18 വയസില്‍ കൂടുതലുണ്ടെങ്കില്‍ മോള്‍ തന്നെ വിളിച്ചെങ്കിലേ പോലീസിനെ വിടൂ എന്ന മറുപടിയാണെനിക്കു കിട്ടിയത്.

ഇതിനിടെ എന്റെ ഒരു സുഹൃത്തിനെ വിളിച്ച് അയല്‍പക്കത്തുള്ളവരെയും സ്വന്തക്കാരെയും വിളിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. എന്റെ മോന്‍ ഫിലാഡല്‍ഫിയയില്‍ ആയിരുന്നു ആ സമയം. അവനോട് സ്വന്തക്കാരെയെല്ലാം വിളിക്കാന്‍ പറഞ്ഞു. മോളുടെ ഭര്‍ത്താവും ഈ സമയത്ത് ജോലിയില്‍ നിന്നും അവധിയെടുത്തു നിമിഷനേരംകൊണ്ടു വീട്ടിലെത്തി. ഞാന്‍ മോള്‍ താമസിക്കുന്ന വീട്ടിലെത്തിയപ്പോള്‍ അയല്‍പക്കത്തുള്ളവരും സ്വന്തക്കാരുമായി പലരും അവിടെ എത്തിക്കഴിഞ്ഞിരുന്നു. എന്റെ മോള്‍ക്ക് ഒരു അത്യാവശ്യം വന്നപ്പോള്‍ യോങ്കോഴ്‌സ് പോലീസ് പ്രതികരിക്കാതെ വന്നപ്പോള്‍ അവരോടെനിക്ക് വാസ്തവത്തില്‍ ശരിക്കും ദേഷ്യം വന്നു. പിന്നീടത് പ്രത്യക്ഷമായി ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു.

ഇത്രയും ആയ സ്ഥിതിക്ക് മോളെക്കൊണ്ടു തന്നെ പോലീസിനെ വീട്ടില്‍ വിളിച്ചു വരുത്തി ഒരു കേസ് ചാര്‍ജ്ജു ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മോള്‍ വിളിച്ച് നിമിഷനേരം കൊണ്ട് ചെറുപ്പക്കാരായ രണ്ടു പോലീസുകാര്‍ പാഞ്ഞെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ യോങ്കേഴ്‌സില്‍ ധാരാളമായി നടന്നു കൊണ്ടാണിരിക്കുന്നതെന്നും, മിക്കവാറും ഇന്‍ഡ്യക്കാരെയും അതുപോലെ മൈനോറിറ്റിയില്‍പ്പെട്ട ഇമിഗ്രന്റ്‌സിനെയുമാണ് ഇക്കൂട്ടര്‍ സാധാരണ വിളിക്കാറുള്ളതെന്നും, ഇങ്ങനെ വിളിക്കുന്നവരെ പിടിക്കാന്‍ ലോക്കല്‍ പോലീസിന് യാതൊരു സംവിധാനങ്ങളുമില്ലെന്നും ഉള്ള ഒരു വക തണുപ്പന്‍ മറുപടിയാണ് പോലീസുകാരില്‍ നിന്നുമുണ്ടായത്.

വാസ്തവത്തില്‍ പോലീസിനെ വിളിച്ചു, പോലീസ് വന്നു എന്നുള്ളതിനു രേഖയായി ഒരു കമ്പ്‌ളെയിന്റ് നമ്പര്‍ കൊടുത്തു, റിപ്പോര്‍ട്ട് എഴുതേണ്ടിടത്ത് 'യേസ്' 'നോ' എന്നുള്ളിടത്ത് 'നോ' എന്നും രേഖപ്പെടുത്തിയ ഒരു രസീതു കൊടുത്തിട്ടു പോലീസുപോയി. ആരാണു വിളിച്ചതെന്നോ, വിളിച്ച ആളുടെ പേരെന്തെന്നോ, അവരുടെ സംസാരം അമേരിക്കക്കാരുടേതു പോലെയോ അതോ ഇന്‍ഡ്യന്‍ റ്റിയൂണിലാണോ എന്നൊന്നും ആ ചെറുപ്പക്കാരായ പോലീസുകാര്‍ തിരക്കിയില്ല എന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒരു കേസ് നമ്പര്‍കൊടുത്തു അത്രമാത്രം.

ഇക്കാര്യം വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒന്നാണെന്നും ഈ സംഭവം പോലീസിന്റെ തലപ്പത്തിരിക്കുന്ന പോലീസ് കമ്മീഷണറെയും അതുപോലെതന്നെ ടാക്‌സ് പെയേഴ്‌സിനെ സംരക്ഷിക്കേണ്ട സിറ്റി കൗണ്‍സില്‍ ഭാരവാഹികളെയും, സിറ്റി മേയറെയും, കൂടാതെ ഫെഡറല്‍ ഗവണ്‍മെന്റിനെയും അറിയിച്ച് അന്വേഷണം നടത്തിക്കാന്‍ നിര്‍ബ്ബന്ധിക്കയും ചെയ്യേണ്ടത് വിവരമുള്ള ജനങ്ങളുടെ കടമയാണെന്നുള്ള സത്യം മനസ്സിലാക്കിയ ഈ ലേഖകന്‍ സംഭവം നടന്ന അന്നു വൈകീട്ടുതന്നെ യോങ്കേഴ്‌സ് പോലീസ് കമ്മീഷ്ണറെ നേരിട്ടു കണ്ട് അദ്ദേഹവുമായി വിവരം പങ്കുവച്ചു. ഈ വിഷയം ഗൗരവമായി എടുത്ത് വേണ്ടതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഈ ലേഖകന് ഉറപ്പു നല്‍കുകയുമുണ്ടായി. അതില്‍ പ്രകാരം മാര്‍ച്ച് 24-#ാ#ം തീയ്യതി തിങ്കളാഴ്ച രാവിലെ തന്നെ സംഭവദിവസം എന്റെ മോളുടെ വീട്ടില്‍ ഹാജരായ രണ്ടു പോലീസുകാരെയും വീട്ടില്‍ വിട്ട് മുഴുവന്‍ വിവരങ്ങളും മോളുടെ അടുക്കല്‍നിന്നും ശേഖരിക്കുകയും വിവരം എഫ്.ബി.ഐ.യെ അറിയിച്ച് കാര്യമായി അന്വേഷണം നടത്തുമെന്ന് മോള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു.
ഇവിടെ ഒന്നു രണ്ടുകാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നാം രഹസ്യമായി വച്ചുകൊണ്ടിരിക്കാതെ പരസ്യമാക്കുക. അങ്ങിനെ ചെയ്താല്‍ മറ്റുള്ളവര്‍ക്കുകൂടി മുന്‍ കരുതല്‍ എടുക്കാല്‍ അത് സഹായകരമായിത്തീരും. കൂടാതെ മലയാളികളായ നാം മലയാളം ഓണ്‍ലൈന്‍ പബ്ലിക്കേഷനുകളില്‍ വരുന്ന ആനുകാലികമായ വാര്‍ത്തകള്‍ ദിവസം ഒരു മണിക്കൂറെങ്കിലും ഓടിച്ചുനോക്കുന്ന ഒരു പ്രവണത ഉണ്ടാക്കിയെടുക്കണം. അങ്ങിനെ കിട്ടുന്ന പ്രധാനമായ വാര്‍ത്തകള്‍ അതിനു സൗകര്യമില്ലാത്തവര്‍ക്ക് ഷെയര്‍ ചെയ്യുന്ന ഒരു സമ്പ്രദായം വളര്‍ത്തിയെടുക്കണം. സാധിക്കുമെങ്കില്‍ കുടുംബാംഗങ്ങളുമായി ഈ വക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ അതിനിരയാകുന്നവര്‍ ഉടന്‍തന്നെ ലോക്കല്‍ പോലീസില്‍ വിളിച്ച് വിവരമറിയിച്ച് ഒരു കേസ് ഫയല്‍ ചെയ്യുകയും വേണം. ഈ സംഭവത്തെപ്പറ്റി കേട്ടറിഞ്ഞ എന്റെ പല സുഹൃത്തുക്കളും പറഞ്ഞു അവര്‍ക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്ന്. എന്നാല്‍ അവരാരും പോലീസില്‍ അറിയിക്കുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്തില്ല. ഇതാണ് നമ്മുടെ ഇടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ അത് ജനശ്രദ്ധയിലും, പോലീസിന്റെയും, ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍പെടുത്തിയില്ലെങ്കില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകാര്‍  മുതലെടുക്കുകയും, നാം തന്നെ അവര്‍ക്കുവളം വെച്ചുകൊടുക്കയുമായിരിക്കും ചെയ്യുന്നത് എന്നും നാമോര്‍ക്കണം.

ഇത്രയും ആയസ്ഥിതിക്ക് എന്റെ മോള്‍ക്കുണ്ടായ അനുഭവം കൂടി എഴുതിയില്ലെങ്കില്‍ കഥ പൂര്‍ണ്ണമാവുകയില്ലല്ലോ. അതേറെക്കുറെ ഇങ്ങിനെയാണ്. ഒരു 1-800- നമ്പറില്‍ ഐ.ആര്‍.എസ്സില്‍ നിന്നും ഓഫീസര്‍ കെവിന്‍ ജോണ്‍ ആണ് വിളിക്കുന്നതെന്നും, എന്റെ മോളുടെ പേര് ഉച്ചരിച്ചുകൊണ്ട് ഐ.ആര്‍.എസ്സിന്റെ ക്രിമിനല്‍ ജൂണിറ്റില്‍ ഉള്ള ആളാണെന്നു പരിചയപ്പെടുത്തി മോളുടെ പേര്‍ക്ക് നാലു ക്രിമിനല്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ചെന്നും, ടാക്‌സുവെട്ടിപ്പ്, പണം രഹസ്യമായി ഇന്‍ഡ്യയിലേക്ക് അയച്ചത്, നാട്ടില്‍ പ്രോപ്പട്ടി ഉണ്ടെന്നുള്ള വിവവരം ഐ.ആര്‍.എസ്സില്‍നിന്നും മറച്ചുവച്ചത്, കൂടാതെ 2007 മുതല്‍ 2010 വരെമൊത്തം ഒരു ലക്ഷത്തി എഴുപതിനായിരം ഡോളറിന്റെ ഫൈന്‍ ഉടനെ അടയ്ക്കണമെന്നും, ഇല്ലെങ്കില്‍ 45 മിനിറ്റിനകം അറസ്റ്റു ചെയ്യുകയും കുറഞ്ഞത് 5 വര്‍ഷത്തെ കഠിനതടവും, കോടതി ശിക്ഷിക്കുന്ന തുകയും, ഒടുവില്‍ ഡിപ്പോര്‍ട്ടേഷനും നടത്തുമെന്നും, തുക മുഴുവനായും ഇല്ലെങ്കില്‍ അവര്‍ പറയുന്ന തുക തല്‍ക്കാലം കൊടുത്താല്‍ അറസ്റ്റില്‍നിന്നും രക്ഷപ്പെടാം എന്നുമാണ് പറഞ്ഞത്.

എന്റെ മോള്‍ അവസരോചിതമായി ബഹളമുണ്ടാക്കിയതുകൊണ്ടും, വിവരം അറിയിച്ചതുകൊണ്ടും കെണിയില്‍പ്പെടാതെ രക്ഷപ്പെട്ടു എന്ന സമാശ്വാസത്തിനുവകയുണ്ട്. ഇപ്പോഴാണ് ലക്ഷക്കണക്കിന് ഇമിഗ്രന്റ്‌സിന്റെ കൈയില്‍നിന്നും ഇക്കൂട്ടര്‍ മില്യന്‍ കണക്കിന് ഡോളര്‍ തട്ടിച്ചു എന്ന വാര്‍ത്ത ഫെഡറല്‍ ഗവണ്‍മെന്റ് തന്നെ വെളിപ്പെടുത്തുന്നത്.

ടാക്‌സുകൊടുക്കുന്നവരെ സംരക്ഷിക്കേണ്ടത് വാസ്തവത്തില്‍ ഗവണ്‍മെന്റിന്റെ കടമയാണ്. പക്ഷേ പല ലോക്കല്‍ ഗവണ്‍മെന്റുകളും സ്റ്റേറ്റ് ഗവണ്‍മെന്റുകളും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. പോലീസിന്റെ പരമമായ കര്‍ത്തവ്യം ടാക്‌സ് കൊടുക്കുന്ന ജനങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ്. പക്ഷേ പോലീസ് അക്കാര്യത്തില്‍ വീഴ്ചവരുത്തുന്നതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഇതിനൊരു പരിഹാരം ഉണ്ടാകണമെങ്കില്‍ നാം സംഘടിക്കണം. ശക്തരാകണം. ശക്തമായ ഒരു ലോബി നമുക്കുണ്ടായിരുന്നെങ്കില്‍ ഈയിടെ കാണാതായ പല കുട്ടികളുടെ കേസും കാര്യഗൗരവത്തോടെ ലോക്കല്‍ പോലീസു  കൈകാര്യം ചെയ്യുമായിരുന്നു.

ഐ.ആര്‍.എസ്സ് സംബന്ധിച്ച് ആരെങ്കിലും മേലില്‍ നമ്മുടെ ആള്‍ക്കാരെ വിളിച്ചാല്‍ അക്കാര്യം 1-800-366-4484 എന്ന നമ്പരില്‍ വിളിച്ച് ട്രഷറി ഇന്‍സ്‌പെടക്ടര്‍ ജനറല്‍ ഫോര്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനില്‍ വിവരം അറിയിക്കുക. കൂടാതെ ലോക്കല്‍ പോലീസിലും. പബ്ലിക്കിനെയും അറിയിക്കാന്‍ ശ്രമിക്കണം.

അങ്ങിനെ നമ്മുടെ സമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകാരെ നിലയ്ക്കുനിര്‍ത്താന്‍ നമുക്കാവും.

ഈ സംഭവം ഒരു മുന്നറിയിപ്പായി കണക്കാക്കി ഇനിയെങ്കിലും വേണ്ടത്ര മുന്‍കരുതലോടെ പ്രവര്‍ത്തിച്ചാല്‍ നിഷ്പ്രയാസം ശത്രുവിനെ കീഴടക്കാന്‍ നമുക്കു കഴിയുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.



തട്ടിപ്പുകള്‍ക്കു നേരെ ഒരു വിരല്‍ ചൂണ്ടല്‍ - തോമസ് കൂവള്ളൂര്‍
Join WhatsApp News
Joseph chacko 2014-03-28 13:12:50
I was called by 4 different people with the same scam. You should know that IRS don't call anybody home and threaten. I cursed all of them and one of the was a malayalee who curse me back in malayalam

Professor Kunjappu 2014-03-29 04:48:16
As Mr. Koovalloor wrote, these types of incidents should be made public --- Your Justice Movement Deserves Full Support of the Community!
Nebu Cherian 2014-03-29 13:50:19
I do not know why people are getting intimidated by these kind of simple scams. Please use COMMON SENSE, and talk to somebody before making any rational decisions. These crooks did call me twice, in the last two months. I did not pay any attention to these South Indian IT guys, who are used to worked in USA, they are usually calling from Hyderabad or Bangalore.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക