Image

വഴിത്തിരിവ്‌ (കഥ:സാം നിലമ്പള്ളില്‍)

Published on 26 March, 2014
വഴിത്തിരിവ്‌ (കഥ:സാം നിലമ്പള്ളില്‍)
ആശുപത്രിവരാന്തയില്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ബിനുവിനോട്‌ അവന്റെ അമ്മ പറഞ്ഞു, `നീയിങ്ങനെ വേവലാതിപ്പെട്ടാലോടാ, മോനെ. അവള്‍ക്കൊന്നും സംഭവിക്കത്തില്ല. സിസേറിയന്‍ ഇപ്പോള്‍ ഡോക്‌ട്ടര്‍മാര്‌ കണ്ണുമടച്ചോണ്ടു ചെയ്യുന്ന ഓപ്പറേഷനാ. നീ സമാധാനമായിട്ട്‌ ആ കസേരയില്‍ പോയിരിക്ക്‌.'

അമ്മയുടെ ആശ്വസവാക്കുകള്‍ അവനില്‍ സമാധാനം ഉളവാക്കിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയില്‍കൂടിയാണ്‌ അവനിപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്‌. രണ്ടിലൊന്ന്‌ തീരുമാനിക്കപ്പെടുന്ന നിമിഷം, ഒരുവഴിത്തിരിവ്‌. ഏതുവഴിയാണ്‌ തന്റേതെന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കപ്പെടും. ആണ്‍കുഞ്ഞാണെങ്കില്‍ വരുമാനലാഭം, പെണ്ണാണെങ്കില്‍ നഷ്‌ട്ടം. ഏതാണെന്ന്‌ അറിയാത്തതാണ്‌ അവന്റെ അസ്വസ്ഥതക്ക്‌ കാരണം.

ഡോക്‌ട്ടര്‍ കണ്ണടച്ചാണോ തുറന്നോണോ ഓപ്പറേഷന്‍ചെയ്യുക എന്നുള്ളത്‌ അവനെ അലട്ടുന്ന കാര്യമല്ല. അമ്മ തെറ്റിദ്ധരിച്ചിരിക്കയാണ്‌. അവനിപ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍കിടക്കുന്ന ഭാര്യയെപ്പറ്റിയല്ല വേവലാതിപ്പെടുന്നത്‌; അവനെപ്പറ്റിതന്നെയാണ്‌. ഇങ്ങനെയൊരു സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടാകുമെന്ന്‌ അറിഞ്ഞിരുന്നെങ്കില്‍ വിവാഹമേ വേണ്ടെന്ന്‌ വെയ്‌ക്കുമായിരുന്നു. ആദ്യരാത്രിയില്‍ സ്റ്റെല്ലയുടെ നൈറ്റി ഉരിയുമ്പോള്‍ അവള്‍ ചോദിച്ചു, `ഇന്നുവേണോ, കൊറെദിവസങ്ങള്‍ കഴിഞ്ഞിട്ടുപോരേ?'

`പോരാ; ഇന്നുതന്നെവേണം. ഇതിനായിട്ടല്ലേ ഞാന്‍ മുപ്പതുവര്‍ഷങ്ങള്‍ കാത്തിരുന്നത്‌?'

ശരി, എന്നാപ്പിന്നെ ആയിക്കോ എന്നുപറഞ്ഞ്‌ അവള്‍ നൈറ്റിയൂരാന്‍ സഹായിക്കുക ആയിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലും നൈറ്റി ഊരിയതിന്റെ ഫലമായിട്ടല്ലേ അവളിപ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്നതും, അവന്‍ വരാന്തയില്‍ അസ്വസ്ഥനായി നടക്കുന്നതും? അപ്പോഴൊന്നും ഇങ്ങനെയൊരു വഴിത്തിരിവില്‍ വന്നുനില്‍കുമെന്ന്‌ ഓര്‍ത്തതേയില്ല. നൈമിഷികമായ വിഷയസുഹം അനുഭവിക്കുന്നതിന്റെ തീഷ്‌ണതയിലായിരുന്നു. ബി.എ. പാസ്സായിക്കഴിഞ്ഞ്‌ പി.എസ്സി പരീക്ഷകള്‍ അനേകവട്ടം എഴുതിയതിന്റെ ഫലമായിട്ടാണ്‌ ട്രാന്‍സ്‌പോര്‍ട്ടില്‍ കണ്ടക്‌ട്ടറായി ജോലികിട്ടിയത്‌. ആ ജോലിയുടെ പേരിലാണ്‌ സ്റ്റെല്ലയുടെ കഴുത്തില്‍ മിന്നുകെട്ടാന്‍ അവസരമൊത്തതും; ആദ്യരാത്രിയില്‍ സ്റ്റെല്ലയുടെ നൈറ്റി ഊരിയതും. തന്റെ തീരുമാനങ്ങളെല്ലാം തെറ്റായിരുന്നെന്ന്‌ അവനുതോന്നി. ബി. എ. കഴിഞ്ഞ്‌ പി.എസ്‌.സി ടെസ്റ്റ്‌ എഴുതിയപ്പോള്‍ മുതലാണ്‌ തെറ്റിന്റെ തുടക്കം. അവിടെയായിരുന്നു ആദ്യത്തെ വഴിത്തിരിവ്‌. അവന്‍ തെറ്റായവഴിയാണ്‌ തിരഞ്ഞെടുത്ത്‌.

സ്റ്റെല്ലക്ക്‌ അവളുടേതായ വേറെ വഴികള്‍ ഉണ്ടായിരുന്നു. താന്‍ മിന്നുചാര്‍ത്തിയില്ലായിരുന്നെങ്കില്‍ മറ്റാരെങ്കിലും അതുചെയ്‌തേനെ. എങ്കില്‍ താനെത്ര സ്വതന്ത്രനായിരുന്നേനെ? ഏതാനും നിമിഷനേരത്തെ സുഹാനുഭൂതിക്കുവേണ്ടി ജീവിതം ബലികഴിച്ചതുപോലെ ആയിത്തീര്‍ന്നു ഇപ്പോള്‍. നേഴ്‌സ്‌ വെളിയിലേക്ക്‌ കൊണ്ടുവരുന്നത്‌ പെണ്‍കുഞ്ഞാണെങ്കില്‍ തന്റെ ജീവിതഭാരവും വര്‍ദ്ധിക്കുകയാണ്‌. ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷമുള്ള ചിലവുകള്‍ക്കുവേണ്ടി ഇപ്പോഴേ പണം സ്വരൂപിക്കാന്‍ തുടങ്ങണം. അന്ന്‌ സ്വര്‍ണ്ണത്തിന്‌ ഇന്നത്തേതിന്റെ പത്തിരട്ടിയായിരിക്കും വില. ട്രാന്‍സ്‌പോര്‍ട്ട്‌ബസ്സ്‌ മറിഞ്ഞ്‌ അടുത്തആഴ്‌ചയോ പത്തുവര്‍ഷംകഴിഞ്ഞോ താന്‍ മരിച്ചാല്‍ കുഞ്ഞിനെ വളര്‍ത്താനും, പ്രായമാകുമ്പോള്‍ അവളുടെ കല്ല്യാണം നടത്താനും പണമില്ലാതെ സ്റ്റെല്ല വിഷമിക്കത്തില്ലേ? അപ്പോള്‍ മുന്‍കരുതലെന്നുള്ള നിലക്ക്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എടുക്കണം. ഇപ്പോള്‍മുതല്‍ സേവിങ്ങ്‌സ്‌ അക്കൗണ്ട്‌ തുടങ്ങിയെങ്കിലേ അന്നത്തേക്ക്‌ സ്‌ത്രീധനംകൊടുക്കാനുള്ള പണം കണ്ടെത്താന്‍ സാധിക്കൂ.

സ്റ്റെല്ല കൊണ്ടുവന്ന സ്‌ത്രീധനപ്പണം ബാറില്‍ കയറിയിറങ്ങിയപ്പോള്‍ തീര്‍ന്നതാണ്‌. ഇനിയിപ്പോള്‍ ശമ്പളത്തില്‍നിന്നുള്ള തുകയെടുത്തുവേണം പൈന്റുവാങ്ങാന്‍. പിന്നെങ്ങനെ സേവിങ്ങ്‌സ്‌ അക്കൗണ്ട്‌ തുടങ്ങും? കുഞ്ഞിന്‌ ടിന്‍പാല്‌ വാങ്ങണം; കുഞ്ഞുടുപ്പുകള്‍; വലുതാകുമ്പോള്‍ പട്ടുപാവാടയും ബ്‌ളൗസും; അവള്‍ പഠിക്കാന്‍ മിടുക്കിയാണെങ്കില്‍ എന്‍ട്രന്‍സ്‌ എഴുതണമെന്ന്‌ പറയും; അപ്പോള്‍ തിരവനന്തപുരത്ത്‌ കോച്ചിങ്ങിന്‌ അയക്കണം. പിന്നെ മെഡിസിന്‌ പഠിക്കുമ്പോഴത്തെ ചിലവെത്രയാണ്‌? മകള്‍ ഡോക്‌ട്ടറായാലും സ്‌ത്രീധനത്തിനുപകരം കെട്ടാന്‍വരുന്ന ഡോക്‌ട്ടര്‍ക്ക്‌ മാരുതിക്കാറെങ്കിലും വാങ്ങിക്കൊടുക്കേണ്ടേ? ചിലവുകള്‍ താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറത്താണ്‌. ആലോചിച്ച്‌ തലപെരുത്തതുകൊണ്ട്‌ അമ്മ പറഞ്ഞതുപോലെ അവന്‍ വരാന്തയിലെ കസേരയില്‍ പോയിരുന്നു. തലയില്‍ കൈവെച്ചുകൊണ്ടിരിക്കുന്ന മകനോട്‌ അമ്മപറഞ്ഞു, `വിഷമിക്കാതിക്കടാ, ബിനു. ഉടനെതന്നെ രണ്ടും രണ്ട്‌ പാത്രമായിത്തീരും.'

പാത്രത്തിന്റെ കാര്യം പറഞ്ഞപ്പോളാണ്‌ അരയില്‍ തിരുകിയിരിക്കുന്ന കുപ്പിയുടെകാര്യം ഓര്‍ത്തത്‌. പെട്ടന്നുതന്നെ വെളിയിലിറങ്ങി ആരുംകാണാതെ മതിലിനുമറഞ്ഞുനിന്ന്‌ കുപ്പികാലിയാക്കി. തിരികെവന്ന്‌ ഒന്നുംസം
വിക്കാത്തതുപോലെ കസേരയില്‍ ഇരുന്നപ്പോള്‍ നേഴ്‌സ്‌ ഒരു തുണിക്കെട്ടുമായി ഇറങ്ങിവന്നു. പൊതിക്കെട്ട്‌ ബിനുവിന്റെ കയ്യില്‍ കൊടുത്തുകൊണ്ട്‌ അവര്‍ പറഞ്ഞു, `പെണ്‍കുഞ്ഞാണ്‌.'

കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ മുഖത്തേക്ക്‌ കുറ്റബോധത്തോടെ അവന്‍ നോക്കി. കുഞ്ഞിക്കണ്ണുകള്‍ പകുതിതുറന്ന്‌ തനിക്ക്‌ ജന്മംനല്‍കിയ പരനാറിയെ അവള്‍ ആദ്യമായി കണ്ടു. നിന്റെ മകളായിട്ട്‌ ജനിക്കാനുള്ള ഗതികേട്‌ എനിക്കുണ്ടായല്ലോയെന്ന്‌ ആ കണ്ണുകള്‍ പറയുന്നതുപോലെ അവനുതോന്നി.
വഴിത്തിരിവ്‌ (കഥ:സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക