Image

എയ്‌ഞ്ചലയ്‌ക്ക്‌ സ്‌നേഹപൂര്‍വ്വം (ശ്രീപാര്‍വതി)

Published on 25 March, 2014
എയ്‌ഞ്ചലയ്‌ക്ക്‌ സ്‌നേഹപൂര്‍വ്വം (ശ്രീപാര്‍വതി)
ഗുപ്‌തന്‍ എന്നത്‌ പ്രണയം അറിഞ്ഞ നാള്‍ മുതല്‍ ഉള്ളിലുള്ള എന്തോ ഒരു നിറമാണ്‌. പക്ഷേ ജഗന്‍ അവന്‍ ഞാന്‍ തന്നെയാണ്‌. ഇതിലാരെയാണ്‌, ഞാന്‍ ഉപേക്ഷിക്കുക? എന്റെ നിറങ്ങളോ അതോ എന്നെ തന്നെയോ?

കറുപ്പിലും വെളുപ്പിലും അടിഞ്ഞു കൂടി നിറമില്ലാത്തവളായിരുന്നു ഒരിക്കല്‍ ഞാന്‍. അന്നേ നീയെന്റെ ചങ്ങാതിയായതാണ്‌. ഒരേ സ്‌കൂളിലും കോളേജിലും ഒരുമിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നീ മാത്രമാണെന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി.

ജഗനുമായുള്ള എന്റെ സൗഹൃദവും ഇഷ്ടവുമെല്ലാം നീയറിയാതെയല്ലല്ലോ. അവനെന്‍റെ ആത്മപാതി തന്നെയാണെന്നും നിനക്കറിയാമല്ലോ. പക്ഷേ ഇപ്പോഴുള്ള ജഗന്റെ നിശബ്ദത എന്നെ ഭയപ്പെടുത്തുന്നു, അല്ലെങ്കില്‍ തളര്‍ത്തുന്നു. എഴുത്തിനെ സ്‌നേഹിക്കുന്ന രണ്ടു പേരുടെ ആത്മബന്ധത്തെ പ്രണയം എന്നു പേരിട്ടു വിളിച്ചത്‌ എന്റെ തെറ്റാവാം. അല്ലെങ്കില്‍ ഗുപ്‌തന്‍ എന്ന എഴുത്തുകാരന്‍ കാരണം ലോകത്തേറ്റവും വലിയ മടുപ്പും താങ്ങി ഞാന്‍ ജീവിക്കേണ്ടി വരില്ലായിരുന്നു. എന്റെ വരികളില്‍ നിറയെ ഗുപ്‌തന്റെ ഊര്‍ജ്ജമാണെന്ന്‌ കരുതിയത്‌ തെറ്റായോ, അതും ഉത്തരമില്ലാത്ത ഒരു അനാഥ ചോദ്യമായി നിന്ന്‌ എന്നെ വേട്ടയാടുന്നു.

ഞാന്‍ എന്താണു എയ്‌ഞ്ചലാ വിശ്വസിക്കേണ്ടത്‌? പലപ്പോഴും പിടിതരാതെ വഴുതി മാറുന്ന മനസ്സ്‌ ഒരു പ്രഹേളികയായി തുടര്‍ന്നു.

ഇങ്ങനെ പിടി തരാതെ ഇരിക്കുന്നതിലെ നിസ്സംഗത നീ മനസ്സിലാക്കുന്നുണ്ടോ? പലപ്പോഴും ഒരു ആത്മഹത്യയുടെ നീണ്ട വിരലുകള്‍ എന്നെ തൊട്ട്‌ കടന്നു പോകുന്നു. പ്രണയം നിറയാത്തതല്ല എന്‍റെ സങ്കടം പക്ഷേ അസ്വസ്ഥമാകുന്ന ജഗന്റെ മുറിവുകള്‍ , കുത്തി നോവിക്കുന്ന എഴുത്തിന്‍റെ മടുപ്പുകള്‍ ... പ്രണയം എഴുതുമ്പോഴുള്ള മരിച്ച നിസ്സംഗത.... ഞാന്‍ ഞാനല്ലാതായി മാറുന്നുണ്ട്‌ എയ്‌ഞ്ചലാ... എന്നെ ഇനി ഞാനെങ്ങനെ തിരികെ എടുക്കും?

വരികള്‍ക്കായി മാത്രം ഞാനിവിടെ ഒരു മിടിപ്പോടെ...
സ്വന്തം...
എയ്‌ഞ്ചലയ്‌ക്ക്‌ സ്‌നേഹപൂര്‍വ്വം (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക