Image

കോണ്‍സുല്‍ ചെറിയാന്‍ തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 12 November, 2011
കോണ്‍സുല്‍ ചെറിയാന്‍ തോമസിന്റെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുല്‍ ചെറിയാന്‍ തോമസിന്റെ (56) അകാല നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

2006-09 കാലഘട്ടങ്ങളില്‍ ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലറായിരുന്നു ശ്രീ ചെറിയാന്‍ തോമസ്‌. അഫ്‌ഗാനിസ്ഥാനിലെ മസര്‍-ഇ-ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി സേവനമനുഷ്‌ഠിക്കവേ നവംബര്‍ പത്തിന്‌ ആകസ്‌മികമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പരേതന്‌ ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

കുവൈറ്റ്‌, കെനിയ, ജര്‍മ്മനി, സൗദി അറേബ്യ, ന്യൂയോര്‍ക്ക്‌ എന്നീ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള ശ്രീ ചെറിയാന്‍ തോമസ്‌, ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുലറായിരിക്കേ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച്‌ മലയാളികളുടെ, ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരദൂതനായി നിലകൊണ്ടിട്ടുണ്ട്‌.

ഇന്ത്യന്‍ സംഘടനാ നേതാക്കളുമായി അടുത്ത സുഹൃദ്‌ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം, മലയാളികള്‍ക്ക്‌ എന്നും അഭിമാനിക്കാവുന്ന വ്യക്തിയായിരുന്നു എന്ന്‌ ഫൊക്കാന മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാനുമായ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു. താന്‍ ഫൊക്കാന പ്രസിഡന്റായിരിക്കേ നിരവധി പേരുടെ പ്രശ്‌നങ്ങള്‍ ശ്രീ ചെറിയാന്‍ വഴി പരിഹരിച്ചു കൊടുത്തിട്ടുണ്ടെന്ന്‌ പോള്‍ പറഞ്ഞു.
ആറു മാസങ്ങള്‍ക്കുമുന്‍പ്‌ ന്യൂയോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തിന്‌, പോള്‍ കറുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലും തുടര്‍ന്ന്‌ ജി.കെ. പിള്ള, ഷാജി ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൂസ്റ്റണിലും ഫൊക്കാന ഊഷ്‌മളമായ സ്വീകരണം നല്‍കിയിരുന്നു. മലയാളികള്‍ക്ക്‌ എന്നും ഒരു സുഹൃത്തായിരുന്നു അദ്ദേഹമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും, സെക്രട്ടറി ബോബി ജേക്കബ്ബും, ട്രഷറര്‍ ഷാജി ജോണും ഒരു സംയുക്തപ്രസ്‌താവനയില്‍ അറിയിച്ചു.

നല്ലൊരു സുഹൃത്തിനെയാണ്‌ നഷ്ടപ്പെട്ടതെന്ന്‌ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി വളരെ അടുപ്പം പുലര്‍ത്തിപ്പോരുന്ന പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു.

ശ്രീ ചെറിയാന്‍ തോമസിന്റെ നിര്യാണത്തില്‍ ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികളും ഫൊക്കാനയും പങ്കുചേരുന്നു എന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക