Image

ദൈവം അങ്ങനെ ചെയ്‌തു (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)

Published on 23 March, 2014
ദൈവം അങ്ങനെ ചെയ്‌തു (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
വാര്‍ഷിക ധ്യാനങ്ങള്‍ കേട്ട്‌ ജനം മാനസാന്തരത്തിന്റെ പാതയില്‍ രണ്ടു നാള്‍ സഞ്ചരിച്ച്‌ വീണ്ടും പഴയപടി. ബിവറേജ്‌ കടയുടെ മുന്നില്‍; ഈസ്റ്റര്‍ ഒരുക്കത്തില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തിരക്ക്‌. അനാഥപ്രസവങ്ങളും അനാഥ പ്രേതങ്ങളും തൊണ്ണൂറിരട്ടി കൂടുതല്‍.

പത്തു കല്‍പനകലുടെ ലംഘനം പത്തുനൂറിരട്ടിയാകുന്നു വര്‍ഷം തോറും.

ജ്യോതിര്‍സ്വാമികളുടെ സൂക്തയജ്ഞങ്ങള്‍ കേട്ട്‌ രണ്ടു നാളത്തേക്ക്‌ തിലകനെറ്റികള്‍ക്ക്‌ ബോധോദയം. അതുകഴിഞ്ഞാല്‍ പഴയ പടി. വിഷു ഘോഷത്തില്‍ പുരുഷാര്‍ത്ഥപാലനം മനുഷ്യര്‍ മറന്നു. ഗംഗാനദി മലിന ഭരിതം.

ഈശ്വരന്‌ സഹികെട്ടു. ദേവമുഖ്യനോട്‌ (മുഖ്യ മലാഖായോട്‌) ആത്മഭാരം ഈശ്വരന്‍ പങ്കു വച്ചു. ദേവമുഖ്യന്‍ (മുഖ്യ മാലാഖാ) ആശയം സമര്‍പ്പിച്ചു: മുടി ഡൈ ചെയ്യാനുള്ള രാസ പദാര്‍ത്ഥങ്ങള്‍ വിഘടിപ്പിച്ച്‌ കേടാക്കുന്ന പിടികിട്ടാപ്പുള്ളി വൈറസ്സുകളെ ലോകത്തേയ്‌ക്കയക്കുക. ജനം മര്യാദക്കാരാകും. ദൈവം അങ്ങനെ ചെയ്‌തു.

എല്ലാവരുടെയും വെള്ളി വെളിച്ചത്തായി. എല്ലാവര്‍ക്കം ഉമ്മഞ്ചാണ്ടിയുടെ തലമുടി. എങ്കിലും ജനം അതുമായി പൊരുത്തപ്പെട്ടു. അവര്‍ പഴയപടി പത്തു പ്രമാണങ്ങളുടെ ലംഘനവും പുരുഷാര്‍ത്ഥ ലംഘനവും തുടര്‍ന്നു. ഈശ്വരന്‍ വിവശനായി.
ഉപദേഷ്ടാക്കളായ ദേവന്മാര്‍ ( മാലാഖാമാര്‍ ) പറഞ്ഞു: കണ്ണാടികളെ (ദര്‍പ്പണങ്ങളെ) കാര്‍ന്നു തിന്നുന്ന ഒരിക്കലും ചാകാത്ത ബാക്ടീരിയകളെ ലോകത്തേക്കയക്കുക. ദൈവം അങ്ങനെ ചെയ്‌തു.

ജനം വലഞ്ഞു. മുഖം മിനുക്കാന്‍, തലമുടി ചീകാന്‍, മൂക്കിള തോണ്ടിയകറ്റാന്‍, കണ്‍പീള കണ്ടറിഞ്ഞ്‌ കഴുകിക്കളയാന്‍, അങ്ങനെ പലതും വൃത്തിയാക്കി മിനുങ്ങാന്‍ ജനത്തിന്‌ നിവൃത്തില്ലാതായി. ശാത്രജ്ഞര്‍ ഡിജിറ്റല്‍ ക്യാമറകള്‍ കൊണ്ട്‌ കണ്ണാടിയുടെ അഭാവം അകറ്റാന്‍ ജനത്തെ പ്രാപ്‌തരാക്കി. ജനം പഴയ പടി പിന്നെയും മൃഗ ചേഷ്ടകളില്‍ മുങ്ങിക്കളിച്ചു.

ഈശ്വരന്‍ തളര്‍ന്നു.

മുഖ്യ ദേവന്‍- (മുഖ്യ മാലാഖാ- മുഖ്യ സ്വര്‍ഗ താക്കോല്‌ക്കാരന്‍) പരിഹാരം പറഞ്ഞു: ശരീരത്തെ അലങ്കരിക്കുന്ന എല്ലാ വസ്‌ത്രരൂപങ്ങളും ഫാബ്രിക്‌സിന്‌ പകരം വയ്‌ക്കാവുന്ന എല്ലാ ചേലാരൂപങ്ങളും അത്തരം ഇലകളും കടിച്ചു തീര്‍ക്കുന്ന അപ്രാപ്യരായ വൈറസ്സുകളെ അയക്കുുക. ദൈവം അങ്ങനെ ചെയ്‌തു.

ജനം ഉടുതുണിയില്ലാതെ, തൊലി മറയ്‌ക്കാനാവാതെ; തനി നിറങ്ങളും തനി ദ്വാരങ്ങളും കാട്ടി, ഓക്കാന രൂപികളായി, പരസ്‌പരാഭിനിവേശം അറ്റവരായി വലഞ്ഞു. എങ്കിലും; ചില കോമളര്‍ (ആണും പെണ്ണും) തങ്ങളെ തന്നെ വിറ്റു ഭോഗത്തിലാണ്ടു വിലസ്സി.

ഈശ്വരന്‍ തേങ്ങി.

സഹചാരികളായ ദേവമുഖ്യര്‍ (മുഖ്യ മലാഖാമാര്‍- സുരലോക താക്കോല്‍ വാഹികള്‍) പറഞ്ഞു: `ഭൂമിയില്‍ നിന്നും ഭൗമോപഗ്രഹങ്ങളില്‍ നിന്നും ഒന്ന്‌ എന്ന അക്കത്തെയും പൂജ്യം എന്ന അക്കത്തെയും തിന്നു തീര്‍ക്കുന്ന മായാവികളായ വൈറസ്സുകളെ അയയ്‌ക്കുക.

ദൈവം അങ്ങനെ ചെയ്‌തു. എല്ലാ ഇന്റര്‍ നെറ്റും ഡിജിറ്റല്‍ സൂത്രങ്ങളും ലോകത്തില്‍ നിന്നു മാഞ്ഞു പോയി. ഭൂമി ആരംഭത്തിലേക്ക്‌ മടങ്ങി; മനുഷ്യന്‍ ഉല്‌പ്പത്തി പുസ്‌തകത്തിലേക്കും മനുവിലേയ്‌ക്കും.

ദൈവം അങ്ങനെ ചെയ്‌തു (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)ദൈവം അങ്ങനെ ചെയ്‌തു (ചെറുകഥ: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക