Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-5

Published on 11 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-5



സിക്രി കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഒരു റോമന്‍ സൈനികനെ പതിയിരുന്നു കൊലപ്പെടുത്തി. തുടര്‍ന്ന് റോമക്കാര്‍ നടത്തിയ വ്യാപകമായ അന്വേഷണത്തില്‍ നേഥന്റെ മകനെ മാത്രമേ അവര്‍ക്ക് പിടികിട്ടിയുള്ളൂ. വിചാരണയൊന്നും കൂടാതെ തന്നെ മഗ്ദലനിലെ പ്രധാന നാല്‍ക്കവലയില്‍ വെച്ച് അയാളുടെ ശിരസ് വെട്ടിമാറ്റി. തല കുന്തത്തില്‍ തറപ്പിച്ചു നിര്‍ത്തി. മൂന്നു ദിവസത്തോളം ആ കവലയില്‍ തന്നെ വെച്ചിരുന്നുവത്രെ.

ആ കാഴ്ച നേരില്‍ക്കണ്ട മകന്റെ ഭാര്യയ്ക്ക് ഭ്രാന്തായി. അവ
ളെവിടെയാണെന്ന് നേഥനിപ്പോഴും നിശ്ചയമില്ല. അവര്‍ക്കൊരു കൊച്ചു പെണ്‍കുട്ടിയുണ്ട്. അല്‍ക്ക. കുറേ മാസങ്ങള്‍ നേഥന്‍ തന്നെയാണവളെ വളര്‍ത്തിയത്. എന്നാല്‍ രോഗഗ്രസ്തനായ അയാള്‍ക്ക് ആ കുട്ടിയെ തുടര്‍ന്നു നോക്കാനുള്ള കഴിവില്ല. നേഥന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. അവള്‍ക്ക് ഒരാശ്രയസ്ഥാനം ഞാനുണ്ടാക്കി കൊടുക്കണം. ഇതായിരുന്നയാള്‍ പറഞ്ഞതിന്റെ ചുരുക്കം. ഇടറിയ സ്വരത്തിലും അപേക്ഷാ ഭാവത്തിലുമാണയാള്‍ ഇക്കാര്യം ഞങ്ങളോട് പറഞ്ഞത്.

അനാഥരായ കുട്ടികളെ എടുത്തുവളര്‍ത്തുന്നത് യഹൂദരായ ഞങ്ങള്‍ ഒരു പുണ്യകര്‍മ്മമായിട്ടാണ് കരുതുന്നതെന്ന് മുമ്പ് പറഞ്ഞല്ലോ. അതു കൊണ്ട് ഞാനീ പെണ്‍കുട്ടിയെ എടുത്തുവളര്‍ത്താന്‍ തീരുമാനിച്ചു. സബദിനും ഇത് സമ്മതമായിരുന്നു. അടുത്തദിവസം തന്നെ നേഥന്‍ അവളെ ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്നാക്കുകയും ചെയ്തു.

അല്‍ക്കയെ ആദ്യം കണ്ട നിമിഷം മുതല്‍ ഞാനിഷ്ടപ്പെട്ടു. പ്രസന്നയും, എന്നെ ശുശ്രൂഷിക്കുന്നതില്‍ സദാ ശ്രദ്ധയുള്ളവളുമായിരുന്ന ആ കുട്ടിയെ വേണ്ടവിധത്തില്‍ നോക്കി വളര്‍ത്തണമെന്ന് എനിക്കും തോന്നി. ക്രമേണ ഞങ്ങള്‍ ജ്യേഷ്ഠാനുജത്തിമാരെപ്പോലായി.

ഗലീലിയിലും, ജൂഡിയയില്‍ പൊതുവെയും നിലവിലിരുന്ന രാഷ്ട്രീയവും സാമുദായികവുമായ കാര്യങ്ങളെക്കുറിച്ച് എനിക്കല്പമായ അറിവേ ഉണ്ടായിരുന്നുള്ളൂ. അത് മനസ്സിലാക്കാന്‍ ഞാനൊട്ടു ശ്രദ്ധിച്ചുമില്ല. ഞങ്ങളുടെ രാജ്യം ഭരിച്ചിരുന്നത ടൈബീരിയസ്സെന്ന റോമന്‍ ചക്രവര്‍ത്തിയാണെന്ന് ഞാന്‍ കേട്ടിരുന്നു. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും റോമന്‍ സൈനികര്‍ റോന്തുചുറ്റുന്നതുകാണാം.

ഗലീലിയിലെ മിക്ക ഗ്രാമങ്ങളിലും ഉത്സവങ്ങള്‍ കാണാന്‍ ഞാനും സബദും അല്‍ക്കയും കൂടെ പോകുക പതിവായിരുന്നു. രാത്രി വളരെ ഇരുട്ടുന്നതിനു മുമ്പ് മടങ്ങിവരും. ഇങ്ങനെ ഒരുത്സവത്തിന് പോയി തിരിച്ചുവരുമ്പോഴാണ് മഗ്ദലനിലെ പ്രധാനപ്പെട്ട നാല്‍ക്കവലയില്‍ വെച്ച് മര്‍മ്മഭേദകമായ ഒരു കാഴ്ച ഞാന്‍ കണ്ടത്.

ഞങ്ങളുടെ മുമ്പേ നാട്ടുകാരായ രണ്ടു യഹൂദര്‍ പോകുന്നുണ്ടായിരുന്നു. ഒരാള്‍ കഴുതപ്പുറത്തും മറ്റേയാള്‍ കാല്‍നടയായും. കവലയിലെത്തിയപ്പോള്‍ അവിടെ നിന്നിരുന്ന റോമന്‍ സൈനികരിലൊരുത്തന്‍ കഴുതപ്പുറത്തിരുന്നയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. വൃദ്ധനായ യാത്രക്കാരനതനുസരിച്ചില്ല. കാല്‍നടയായിപ്പോയ, അയാളുടെ മകനെന്നെനിക്കുതോന്നിയ, ചെറുപ്പക്കാരന്‍ ദേഷ്യത്തിലെന്തോ സൈനികരോടു പറഞ്ഞു. ഒട്ടും യോദ്ധാവ് അയാളുടെ കൈയ്യിലിവിന്റെ കവിളിലും മാറിലും അടികൊണ്ട് രക്തം പൊടിക്കുന്നുണ്ടായിരുന്നു. ഭയവിഹ്വലനായ വൃദ്ധന്‍ കഴുതപ്പുറത്തുനിന്നിറങ്ങി ഇനിയുള്ള ദൂരം നടന്നുകൊള്ളാമെന്ന് ദയനീയസ്വരത്തില്‍ സൈനികരോട് പറഞ്ഞു. അതിനുശേഷമേ അവര്‍ അടി നിര്‍ത്തിയുള്ളൂ, ഈ ദാരുണസംഭവം മായാതെ ഇന്നും എന്റെ മനസ്സിലുണ്ട്.

റോമന്‍ സൈനികരെ അന്നൊക്കെ അല്പം ആശ്ചര്യത്തോടും ഏറെ വെറുപ്പോടുമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. പ്രഭാതവേളയില്‍ കടല്‍ത്തീരത്ത് കിഴക്കോട്ടു നോക്കിനിന്ന് റോമന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് ഞാന്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്. പിന്നീടാണ് സബദ് പറഞ്ഞ് ഞാനറിഞ്ഞത് ഇക്കൂട്ടര്‍ സൂര്യനെ ദൈവമായി കരുതുന്നവരാണെന്നും രാവിലെയുള്ള പ്രാര്‍ത്ഥനയാണ് ഞാന്‍ കണ്ടതെന്നും.

സുക്കോട്ടു കാലത്ത് സോളമന്‍ രാജാവ് ജറുസലേമില്‍ പണിത ക്ഷേത്രം സന്ദര്‍ശിക്കുന്നത് പാവനമായ ഒരു ചടങ്ങായിട്ടാണ് യഹൂദരായ ഞങ്ങള്‍ , കരുതിയിരുന്നത്, ഇക്കാര്യം സബദിനോടു പറഞ്ഞപ്പോള്‍ അയാള്‍ക്കും അതില്‍ വലിയ ഉത്സാഹം തോന്നി.

അയല്‍വാസികളായ മൂന്നോ നാലോ കുടുംബക്കാരും ഞങ്ങളോടൊപ്പം ജറുസലേമിലേക്ക് വരാന്‍ താല്പര്യം കാണിച്ചു. അവരെയെല്ലാം വളരെക്കാലമായി നേരിട്ടറിയമായിരുന്നതുകൊണ്ട് ഞാനും സബദും അതൊരു സഹായമായി കരുതി.

സോളമന്‍ രാജാവ് ആദ്യം പണിത ക്ഷേത്രം ശത്രുക്കള്‍ പൂര്‍ണ്ണമായി നശിപ്പിച്ചു. അങ്ങനെ രണ്ടുപ്രാവശ്യം നശിപ്പിക്കപ്പെട്ട ക്ഷേത്രം അഞ്ഞൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബിലോണില്‍ നിന്നു മടങ്ങിവന്ന ഞങ്ങളുടെ പൂര്‍വികര്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. അതിനത്രക്കവര്‍ പ്രാധാന്യം കല്പിച്ചിരുന്നു. യഹൂദരുടെ നിലനില്പു തന്നെ ആ ക്ഷേത്രത്തെ ചുറ്റിയായിരുന്നു എന്നുപറയാം. ഈ ചിന്ത എന്നെ ഒട്ടൊന്ന് അലട്ടിയിരുന്നെങ്കിലും അങ്ങോട്ടുള്ള തീര്‍ത്ഥയാത്രയ്ക്ക് തീരുമാനിച്ചിരുന്ന ദിവസം പുലര്‍ച്ചെ ആഹാരസാധനങ്ങളും ചെറിയ കിടക്കകളുമെല്ലാം തയ്യാറാക്കി അഞ്ചു കഴുതപ്പുറത്തായി ഞങ്ങള്‍ യാത്രതിരിച്ചു.

എന്റെ മനസ്സില്‍ ക്ഷേത്രത്തിന്റെ മോഹനദൃശ്യം ഉദിച്ചുയര്‍ന്നു. കടുംപച്ച നിറത്തിലുള്ള ഇലകളുള്ള സൈപ്രസ് മരങ്ങളുടെ ശാഖകള്‍ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ്ണതാഴികക്കുടങ്ങള്‍ !
ഉച്ചവെയില്‍ മൂത്തപ്പോള്‍ ഒരു ഈന്തമരത്തോപ്പില്‍ വിശ്രമിച്ചിട്ട് വീണ്ടും യാത്ര തുടര്‍ന്നു. ക്ഷീണം വകവെക്കാതെ അയല്‍വീട്ടിലെ കുട്ടികള്‍ ആര്‍ത്തുവിളിച്ചു. ക്ഷേത്രം കാണാന്‍ അവര്‍ക്കും അത്രക്കാവേശമുണ്ടായിരുന്നു.

മൂന്നാം ദിവസം പകല്‍ അസ്തമിക്കാറായപ്പോള്‍ പവിത്രമായ ജറുസലേമിന് സമീപമുള്ള ഒരു കുന്നിന്റെ അരുകില്‍ ആ തീര്‍ത്ഥാടക സംഘമെത്തി. എല്ലാവരും കഴുതപ്പുറത്തു നിന്നിറങ്ങി. അത്ഭുതാദരങ്ങളോടെ താഴോട്ടുനോക്കി. അപ്പോള്‍ കണ്ട കാഴ്ച എങ്ങനെ വര്‍ണ്ണിക്കാനാണ്? ഇന്ദ്രനീല കല്ലുപാകിയ വീഥികളില്‍ സായാഹ്നസൂര്യന്റെ രശ്മികള്‍ പതിച്ചപ്പോള്‍ അവിടമെല്ലാം വെട്ടിത്തിളങ്ങി. നഗരത്തിനുചുറ്റുമുള്ള ഭിത്തികള്‍ക്കകത്ത് നിമ്‌നോന്നതമായ ഭൂമി. അതിന്റെ മേല്‍ത്തട്ടിലാണ് ക്ഷേത്രം പണിതിരുന്നത്. അതിന് ചുറ്റും വെണ്ണക്കല്ലുകൊണ്ട് നിര്‍മ്മിച്ച കൊട്ടാരങ്ങള്‍ . ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുള്ള കാഴ്ചദ്രവ്യങ്ങളുമായി ഇസ്രയേലിലെ മറ്റു ഗ്രാമത്തിലും ആദ്യം കൊയ്‌തെടുത്ത ബാര്‍ളി നിറച്ച ചാക്കുകള്‍ തോളിലേറ്റിയും മുന്തിരിങ്ങയും അത്തിപ്പഴവും നിറച്ച കുട്ടകള്‍ തൂക്കിപ്പിടിച്ചും അവര്‍ കുന്നിന്റെ താഴ്‌വരയിലേക്ക് വേഗം നടന്നു. ആബാലവൃദ്ധം ജനങ്ങള്‍ . വാദ്യമേളങ്ങള്‍ കൊണ്ട് പരിസരമാകെ മുഖരിതമായി. എല്ലാവരും ദൈവത്തിനു സ്തുതിപാടി!

ആദ്യദിവസം രാത്രി ഞാനും അല്‍ക്കയും സബദും ഞങ്ങളുടെ കൂടെ മഗ്ദലനില്‍ നിന്നുവന്ന കുടുംബങ്ങളോടൊപ്പം ഒരു കൂടാരം കെട്ടി അതില്‍ കഴിച്ചുകൂട്ടി. തീര്‍ത്ഥാടകരുടെ പാട്ടും ഉച്ചത്തിലുള്ള സംഭാഷണവും കൊണ്ട് ഉറങ്ങാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും അടുത്തദിവസം രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അതുകാണാനുള്ള ആഗ്രഹം ശക്തമായിരുന്നു. അങ്ങോട്ടുള്ള തെരുവു ചെന്നവസാനിക്കുന്നത് ഒരു വലിയ റോമന്‍ കോട്ടയുടെ പരിസരത്താണ്. അന്റോണിയോ എന്നു പേരിട്ടിരുന്ന ആ കോട്ടയുടെ പടവുകളില്‍ സൈനികവേഷം ധരിച്ച റോമാക്കാര്‍ കുന്തവും പിടിച്ച് നില്‍പ്പുണ്ടായിരുന്നു. അവിടുന്ന് വെണ്ണക്കല്ലുപാകിയ ഒരു ഇടുങ്ങിയ വഴിയില്‍ കൂടി അര റോമന്‍മൈല്‍ നടന്നാലെ ക്ഷേത്രകവാടത്തിലെത്തൂ. ഞാനും സംഘവുമവിടെയത്തിയപ്പോള്‍ പ്രഭാതസൂര്യന്റെ രശ്മികള്‍ക്ക് ചൂടുണ്ടായിരുന്നില്ലെങ്കിലും ക്ഷേത്രപരിസരം വെട്ടിത്തിളങ്ങിയിരുന്നു. സ്വര്‍ണ്ണത്തകിടും, വെണ്ണക്കല്ലും കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രം അതിമനോഹരമായെനിക്ക് തോന്നി.
തുടരും.........)
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-5
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക