Image

മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും (ജോസഫ്‌ പടന്നമാക്കല്‍ )

Published on 22 March, 2014
മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും (ജോസഫ്‌ പടന്നമാക്കല്‍ )
പഴയ തലമുറകളുടെ ചിന്താഗതികളെ ഇന്നുള്ള യുവതലമുറകള്‍ പഴഞ്ചനായി ചിത്രീകരീക്കാറുണ്ട്‌. മാതാപിതാക്കളും മക്കളുമായി വ്യത്യസ്‌തമായ അഭിപ്രായങ്ങളുള്ളത്‌ സാധാരണമാണ്‌. തലമുറകള്‍ തമ്മിലുള്ള വിടവെന്നു പറഞ്ഞ്‌ മുതിര്‍ന്ന തലമുറകള്‍ ആശ്വസിക്കാറുണ്ട്‌. ഈ വിടവുകളുടെ ആഴവും പരപ്പും ഓരോ കാലഘട്ടത്തിലും വ്യത്യസ്‌തമായ രീതികളിലായിരിക്കും. ഒരു നൂറ്റാണ്ടുമുമ്പ്‌ കൂട്ടുകുടുംബ വ്യവസ്ഥിതി ഭാരതത്തിലുണ്ടായിരുന്നു. പരസ്‌പരം സുഖദുഃഖങ്ങള്‍ പങ്കുവെച്ചിരുന്ന ആ കാലഘട്ടത്തില്‍ അഭിപ്രായങ്ങളില്‍ ഐക്യരൂപ്യം കണ്ടെന്നിരിക്കാം. വാസ്‌തവത്തില്‍ തലമുറകള്‍ തമ്മിലുള്ള വിടവെന്നു പറയുന്നത്‌ വെറും മാനസിക വൈരുദ്ധ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്‌. അപ്പനും മക്കളും മുതിര്‍ന്നവരും പരസ്‌പരമുള്ള വൈകാരികമായ ഒരു അകല്‍ച്ചയെന്നു മാത്രമേ ഈ വിടവിനെ കരുതാന്‍ സാധിക്കുള്ളൂ. തലമുറകള്‍തമ്മില്‍ അത്തരം അന്തരം വരുന്നത്‌ മിക്കപ്പോഴും തെറ്റിദ്ധാരണ കാരണമാണ്‌. മക്കളും മാതാപിതാക്കളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ അഭാവമാണ്‌ ഇത്തരം അകല്‍ച്ചകള്‍ സംഭവിക്കാന്‍ കാരണമാകുന്നതും. മക്കളുമായുള്ള മാനസിക വ്യത്യാസങ്ങള്‍ ലഘുകരിക്കാന്‍ സാധിക്കുന്നതാണ്‌ മാതാപിതാക്കളുടെ വിജയം. വ്യത്യസ്‌തകളില്‍ ഗൌരവമായി ചിന്തിക്കാതെ, ഗൗനിക്കാതിരിക്കുന്നതും യുക്തിയായിരിക്കും.

സമൂഹം പുരോഗമിക്കുംതോറും തലമുറകള്‍ തമ്മിലുള്ള വിടവുകളും വര്‍ദ്ധിക്കും. പഴയകാലങ്ങളില്‍ ഒന്നും രണ്ടും തലമുറകള്‍ ഒരേ രീതിയിലുള്ള ജീവിതരീതികള്‍ പിന്തുടര്‍ന്നിരുന്നു.അന്ന്‌ ലോകത്തിന്റെ പുരോഗമനം പതിയെ പതിയെയായിരുന്നു. ഇന്ന്‌ വ്യവസായ ടെക്കനിക്കല്‍ കാലഘട്ടങ്ങളില്‍ക്കൂടി ഇന്നലെയുടെ ദിനംവരെ കാലഹരണപ്പെട്ടു പോയി. സമീപകാലങ്ങളുടെ നേട്ടങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ട്‌ പകരം പുതിയത്‌ അവിടെ സ്ഥാനം പിടിച്ചു. മാറ്റങ്ങളുടെ ലോകം എന്നത്തേക്കാളും ദിനംപ്രതി കുതിച്ചുകൊണ്ടുള്ള പുരോഗമനവീഥിയിലാണ്‌. ആധുനിക ടെക്കനോളജികളുടെ വളര്‍ച്ച മുതിര്‍ന്ന തലമുറകള്‍ക്ക്‌ തികച്ചും അജ്ഞാതവുമാണ്‌. ടെക്‌നോളജിയിലുള്ള പ്രാവീണ്യക്കുറവ്‌ മാതാപിതാക്കളും മക്കളും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുന്നു. അതെസമയം കുട്ടികളുടെത്‌ ഹൈടെക്ക്‌ യുഗവുമായി മാറ്റപ്പെട്ടു. അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക്‌ മാദ്ധ്യമങ്ങളും ഉപകരണങ്ങളും എന്തെന്നുപോലും മാതാപിതാക്കള്‍ക്ക്‌ അറിയില്ല.വിവരസാങ്കേതികയിലെ അറിവിലെ പാപ്പരത്വം മാതാപിതാക്കളെ മക്കളുടെ മുമ്പില്‍ എന്നും ചെറുതാക്കിക്കൊണ്ടിരിക്കും.

മാതാപിതാക്കളും മക്കളും തമ്മിലുള്ള വിടവുകള്‍ നോക്കിയും കണ്ടും ഇല്ലാതാക്കുന്നത്‌ ആരോഗ്യപരമായ ഒരു കുടുംബബന്ധത്തിന്‌ അനിവാര്യമാണ്‌. ഇതിന്‌ ഒരു മനശാസ്‌ത്രജ്ഞന്റെയും സഹായം ആവശ്യമില്ല. നമ്മള്‍ തന്നെ മനസുവച്ചാല്‍ മതിയാകും. നിങ്ങളുടെ മകന്‍ നിങ്ങളോട്‌ ഒരു സംശയം ചോദിക്കുമ്പോള്‍ നിങ്ങള്‍ക്കറിയത്തില്ലാന്നു പറഞ്ഞ്‌ അകന്നുപോയാല്‍ നിങ്ങളെ മകന്‍ അറിവില്ലാത്തവനെന്നും കാലഹരണപ്പെട്ടവനെന്നും വിധിയെഴുതും. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കാലത്തിനൊത്ത അറിവുകള്‍ പൂര്‍ണ്ണമായും സമ്പാദിക്കാന്‍ ശ്രമിക്കണം. വിവര സാങ്കേതിക വിദ്യകളെയും പഠിക്കാന്‍ ശ്രമിക്കണം.നമ്മള്‍ പഴഞ്ചനെന്ന്‌ ഒരു തോന്നല്‍ മക്കളില്‍ ഒരിക്കലും വരുത്തരുത്‌. മക്കള്‍ അറിവിനെതേടി നിങ്ങളെ സമീപിക്കുമ്പോള്‍ അറിവില്‍ പാപ്പരായി അവരുടെ മുമ്പില്‍ നില്‍ക്കാനിടവരാതെ വര്‍ത്തമാന ലോകത്തിന്റെ ചിന്താഗതികളുമായി ഒത്തിണങ്ങിപ്പോവാന്‍ ശ്രമിക്കണം. ചില പഴഞ്ചനായ പൂര്‍വികരുടെ ചിന്തകളും ആചാരങ്ങളും കാലത്തിന്‌ അനുയോജ്യമല്ലെങ്കില്‍ അവകള്‍ ഉപേക്ഷിക്കണം. പാരമ്പര്യമായി പുലര്‍ത്തിവരുന്ന പല അന്ധവിശ്വാസങ്ങളില്‍നിന്ന്‌ വിടുതലും ആവശ്യമാണ്‌. ഇന്നത്തെ സാമൂഹിക വ്യവസ്ഥക്കനുയോജ്യമായത്‌ നാം തെരഞ്ഞെടുക്കണം. സാമാന്യം സ്വന്തം മാതൃഭാഷയില്‍ ആശയവിനിമയം ചെയ്യാന്‍ മക്കളെ പഠിപ്പിക്കണം. വീട്ടില്‍ ഹൃദ്യമായ സ്വന്തം ഭാഷ മക്കളോട്‌ സംസാരിച്ചാല്‍ അവിടെ മക്കളുമായി ഒരു ആത്മബന്ധവും സൃഷ്ടിക്കുകയാണ്‌. മാതാപിതാക്കള്‍ വികൃതമായ ഇംഗ്ലീഷ്‌ഭാഷയില്‍ മക്കളോട്‌ സംസാരിച്ചാല്‍ മക്കളുടെ ഭാഷയുടെ ഉച്ഛാരണഭംഗിയും നഷ്ടപ്പെടും. അവിടെ മക്കള്‍ അവരുടെ സമൂഹത്തില്‍ പരിഹാസമാകും.

ചില മാതാപിതാക്കള്‍ തങ്ങള്‍ മക്കളുടെ പ്രായത്തില്‍ ജീവിച്ചിരുന്ന സാഹചര്യങ്ങളെ ഇന്നത്തെ ആധുനിക സൌകര്യങ്ങളുമായി തുലനം ചെയ്യാറുണ്ട്‌. മാതാപിതാക്കളുടെ പതിനാറ്‌ വയസുമുതലുള്ള സമയകാലങ്ങളില്‍ അവരുടെ ആവശ്യം കൂടിയാല്‍ ഒരു ബൈസിക്കിള്‍ മാത്രമായിരിക്കും. എന്നാല്‍ ഇന്ന്‌ അതേ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ കാര്‍ മുതല്‍ ആധുനികങ്ങളായ വിവിധ സൌകര്യങ്ങളും ആവശ്യമായി വരും. കാലത്തിനനുസരിച്ച്‌ കുട്ടികളുടെ ആവശ്യം മനസിലാക്കിയാല്‍ അവരെത്തന്നെ പഠിക്കാന്‍ സാധിക്കും. കാലഹരണപ്പെട്ട മാതാപിതാക്കളെന്ന്‌ പറയിപ്പിക്കാതെ ശരിയായ തീരുമാനങ്ങള്‍ എടുക്കാനും കഴിയും.

മക്കളെ സുഹൃത്തുക്കളെപ്പോലെ കാണാന്‍ ശ്രമിക്കണം. അവരെ തൊട്ടതിനും പിടിച്ചതിനും ശകാരങ്ങള്‍ വര്‍ഷിച്ചാല്‍ പില്‌ക്കാല ജീവിതത്തില്‍ നിങ്ങളെ അവര്‍ അവഗണിക്കും. അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നിങ്ങളോട്‌ പറയട്ടെ. ഇത്‌ പരസ്‌പരമുള്ള ബന്ധത്തിനും ഉപകരിക്കും. മക്കള്‍ വഴിവിട്ടു പോവുന്നെങ്കില്‍ നേരായ വിധത്തില്‍ അവരെ മനസിലാക്കി നയിക്കാനും സാധിക്കും. അവരുമായുള്ള ആരോഗ്യപരമായ സൌഹാര്‍ദം കുടുംബ ബന്ധത്തെ ശക്തിപ്പെടുത്തുകയാണ്‌. മക്കളുടെ ഹൃദയവികാരങ്ങളെ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍, അവരെ വ്യക്തിയെന്ന നിലയില്‍ ബഹുമാനിച്ചാല്‍ തിരിച്ച്‌ അതേ രീതിയില്‍ അതേ നാണയത്തില്‍ നിങ്ങളെയും അവര്‍ ആദരിക്കും.

മാതാപിതാക്കളുടെ പെരുമാറ്റരീതി എങ്ങനെയായിരിക്കണമെന്ന്‌ സത്യത്തില്‍ പൊതുവായ ഒരു മാനദണ്ഡം ഇല്ല. മനുഷ്യന്റെ സ്വഭാവങ്ങള്‍ അനുസരിച്ച്‌ ഓരോരുത്തരുടെയും മനസ്ഥിതിയിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങള്‍ വരും. ഒരേ പ്രായത്തിലുള്ളവരെങ്കിലും ചിന്താഗതികളും അഭിപ്രായങ്ങളും പല വിധത്തിലായിരിക്കും. വ്യത്യസ്‌ത ചിന്തകളോടെയുള്ള മക്കളുമായി നേരായ വിധത്തില്‍ ആശയ വിനിമയമുണ്ടെങ്കില്‍ നല്ല ബന്ധം സ്ഥാപിക്കുന്നുവെങ്കില്‍ വ്യത്യസ്‌തയിലും സന്തോഷവും അഭിപ്രായസാമ്യവും സൃഷ്ടിക്കാന്‍ സാധിക്കും. മാതാപിതാക്കളും മക്കളും തമ്മില്‍ പരസ്‌പരം മനസിലാക്കി സൌഹാര്‍ദത്തില്‍ ജീവിച്ചാല്‍ പ്രശ്‌നങ്ങള്‍ ലഘുകരിച്ച്‌ ജീവിതം സുഗമമായി മുമ്പോട്ട്‌ കൊണ്ടുപോവാനും കഴിയും.

പഴഞ്ചന്‍ രീതിയിലുള്ള മാതാപിതാക്കളുടെ ജീവിതരീതികളും വസ്‌ത്രങ്ങള്‍ ധരിക്കലും മക്കള്‍ക്ക്‌ നീരസം ഉണ്ടാക്കും. മാതാപിതാക്കള്‍ അവര്‍ക്ക്‌ അപമാനമെന്നും തോന്നും. അത്തരം ജീവിത സാഹചര്യങ്ങളില്‍ നിന്നും അകന്ന്‌ കാലത്തിനൊത്തുള്ള പരിഷ്‌ക്കാര മുന്നേറ്റത്തില്‍ മാതാപിതാക്കളും ഒപ്പം സഞ്ചരിച്ചില്ലെങ്കില്‍ തലമുറകള്‍ തമ്മിലുള്ള വിടവുകള്‍ക്ക്‌ അന്തരം വര്‍ദ്ധിക്കും. അപരിഷ്‌കൃതരായ മാതാപിതാക്കളെന്ന്‌ മക്കളുടെ മനസ്സില്‍ തോന്നാന്‍ അനുവദിക്കരുത്‌. എന്നിരുന്നാലും മക്കളുടെ ആര്‍ഭാട ജീവിതത്തെ അംഗീകരിക്കാനും പ്രയാസമായിരിക്കും. മുഴുക്കുടിയും വിടുവായും പൊങ്ങച്ച വര്‍ത്തമാനവുമായി നടക്കുന്ന മാതാപിതാക്കളെയും കാണാം. മക്കളുടെ കൂട്ടുകാരുടെ മുമ്പിലും അത്തരം മാതാപിതാക്കള്‍ ഒരു അപമാനമായിരിക്കും. മാതാപിതാക്കളെ അത്തരം സാഹചര്യങ്ങളില്‍ മക്കള്‍ ബഹുമാനിച്ചെന്ന്‌ വരില്ല. അകന്ന ബന്ധുക്കളെപ്പോലെ മാറിനില്‌ക്കും.

മക്കള്‍ വളരുംതോറും മാതാപിതാക്കള്‍ മാനസികമായി പാകതനേടി അവരെ മനസിലാക്കി യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ കഴിവുണ്ടാക്കണം. ലോകത്തിന്റെ മാറ്റങ്ങളനുസരിച്ച്‌ അവരുടെ ചിന്താശക്തിയിലും മാറ്റങ്ങളുണ്ടാകും. ഇരുപതു വയസുകാരന്‍ യുവാവിനെ അഞ്ചു വയസുകാരനെപ്പോലെ കാണരുത്‌. പല മാതാപിതാക്കളും പ്രായപൂര്‍ത്തിയായ മക്കളില്‍ അതൃപ്‌തരായി കാണാറുണ്ട്‌. മാതാപിതാക്കള്‍ പറയുന്നത്‌ ചെറുപ്രായത്തില്‍ അവര്‍ ശ്രവിക്കുന്നപോലെ പ്രായപൂര്‍ത്തിയായാല്‍ ചെവികൊള്ളണമെന്നില്ല. അവിടെ പരസ്‌പരം ആശയ വിനിമയമാണ്‌ ആവശ്യം. അനേക വര്‍ഷങ്ങള്‍ നാം അവരുടെമേല്‍ അധികാരത്തോടെ തീരുമാനമെടുത്തു. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ ആ അവകാശം നമ്മില്‍നിന്ന്‌ നഷ്ടമാകും. അവിടെ മാതാപിതാക്കളെന്ന നിലയില്‍ സംയമനം പാലിച്ച്‌ മക്കളുമായി പാകത വന്ന ബന്ധമാണ്‌ സ്ഥാപിക്കേണ്ടത്‌. മക്കള്‍ സംശമായി എന്തെങ്കിലും ചോദിച്ചുകൊണ്ടുവന്നാല്‍ പഴയ അച്ഛായഭാവം മറന്ന്‌ സമഭാവനയോടെ പ്രതികരിക്കുകയാണ്‌ വേണ്ടത്‌. മാതാപിതാക്കള്‍ എടുത്തുചാടി മുന്‍കോപം പ്രകടിപ്പിക്കുന്നവരല്ലെന്ന്‌ മുതിര്‍ന്ന മക്കള്‍ക്ക്‌ ബോധ്യമായാല്‍ സ്വതന്ത്രമായി എന്തും സംസാരിക്കാന്‍ അവര്‍ താല്‌പര്യപ്പെടും. അത്തരം മക്കളുമായുള്ള സുഗമമായ ബന്ധത്തില്‍കൂടി പരസ്‌പരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

മുതിര്‍ന്ന മക്കളോട്‌ എന്നും സൗഹാര്‍ദവും സന്തോഷവുമായി പെരുമാറുകയും അവര്‍ പറയുന്ന നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നത്‌ കെട്ടുറപ്പുള്ള കുടുംബബന്ധത്തിന്റെ നിലനില്‍പ്പിന്‌ ആവശ്യമാണ്‌. അവര്‍ ചിലപ്പോള്‍ ലോക വാര്‍ത്തകളായിരിക്കാം നിങ്ങളോട്‌ പറയുന്നത്‌. വിഭിന്നമായ മതരാഷ്ട്രീയ ചിന്താഗതികളും വിഷയങ്ങളായിരിക്കാം. ഈ സാഹചര്യങ്ങളിലും അവരുടെ അഭിപ്രായങ്ങളെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുകയും അംഗീകരിക്കുകയുമായിരിക്കും ഉചിതം. കലാനൈപുണ്യവും സ്‌പോര്‍ട്‌സ്‌ താല്‌പര്യവും ക്ഷമയോടെ കേട്ട്‌ അവരോടൊപ്പം സന്തോഷിക്കാനും മാതാപിതാക്കള്‍ക്ക്‌ കഴിവുണ്ടാകണം. വ്യക്തിജീവിതത്തിലെ നേട്ടങ്ങളെ കുടുംബത്തിന്റെ വിജയമായി കണ്ട്‌ അവരില്‍ ആത്മാഭിമാനം വളര്‍ത്തണം. ആത്മാര്‍ത്ഥമായി പുകഴ്‌ത്തുകയും ചെയ്യണം. ചെറിയ വിജയങ്ങളാണെങ്കിലും അവരുമൊത്ത്‌ ആഘോഷിക്കാനും തയ്യാറാകണം. അവിടെ അമ്പത്താറുചീട്ടു കളിച്ച്‌ കൂട്ടുകാരുമൊത്ത്‌ സമയം പാഴാക്കാതെ അറിവുകളും ലോകവിവരവും തേടി മക്കളുമായി വൈകാരികമായ ആത്മീയ ബന്ധവും സ്‌നേഹ കൂട്ടായ്‌മയും സ്ഥാപിക്കുകയാണ്‌ വേണ്ടത്‌. മക്കളോട്‌ സ്‌നേഹത്തോടെ ഒരു സമീപനം നടത്തിയില്ലെങ്കില്‍ അവര്‍ മാതാപിതാക്കളോട്‌ കൂട്ടുകൂടാന്‍ വന്നെന്ന്‌ വരില്ല.

മക്കള്‍ ഒരു കൂട്ടുകാരിയെ അല്ലെങ്കില്‍ കൂട്ടുകാരനെ കണ്ടുമുട്ടി സൌഹാര്‍ദം സ്ഥാപിക്കുന്ന നാളില്‍ മാതാപിതാക്കളില്‍നിന്നും ഒളിച്ചുവെക്കാന്‍ താല്‌പര്യപ്പെടുന്നു. അവരുടെ ഭാവിജീവിതത്തിലെ കണക്കുകൂട്ടലില്‍ മാതാപിതാക്കള്‍ തടസമാകുമോയെന്ന ഭയമായിരിക്കാം അവരെ അലട്ടുന്നത്‌. രണ്ടും മൂന്നും വര്‍ഷം ഡേറ്റിംഗ്‌ കഴിഞ്ഞായിരിക്കും വിവാഹത്തിനുള്ള തീരുമാനങ്ങള്‍ എടുക്കുക.അവരുടെ രഹസ്യബന്ധങ്ങള്‍ അവസാന നിമിഷത്തില്‍ അറിയുന്ന സമയം ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്ന്‌ വരില്ല. കുടുംബവും ജാതിയും പാരമ്പര്യവുമൊക്കെ പറഞ്ഞ്‌ കുടുംബാന്തരീക്ഷം തന്നെ ഇല്ലാതാകാന്‍ കാരണമാകാം. മക്കള്‍ക്ക്‌ അവരുടെ സുഹൃത്തുക്കളെ കൊണ്ടുവരാന്‍ വീടിനുള്ളില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കാത്തതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. അവരുടെതായ ചെറിയ പാര്‍ട്ടികള്‍ വീടിനുള്ളില്‍ അനുവദിച്ചാല്‍ അവരുടെ സൗഹാര്‍ദബന്ധവും നീക്കവും മനസിലാക്കാന്‍ സാധിക്കും. പരസ്‌പര ധാരണയില്‍ അവര്‍ കണ്ടെത്തുന്ന ഇണയെ അംഗീകരിക്കാനും സാധിക്കും. അനുയോജ്യമായ പങ്കാളിയെങ്കില്‍ ജാതിയോ മതമോ ചിന്തിക്കാതെ സങ്കുചിത മനസ്ഥിതി വെടിഞ്ഞ്‌ മക്കളെ മനസിലാക്കി തലമുറവിടവുകള്‍ മനസിലാക്കാന്‍ സാധിക്കും. വിശേഷദിവസങ്ങളായ താങ്ക്‌സ്‌ ഗിവിങ്ങും ക്രിസ്‌തുമസ്സും എല്ലാ അംഗങ്ങളുമൊത്ത്‌ ആഘോഷിച്ചാല്‍ കുടുംബബന്ധം ഊഷ്‌മളമായ സ്‌നേഹത്തിന്റെ അന്തരീക്ഷത്തില്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം.

മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ കഴിവിനെക്കാളും അമിതമായി അവരില്‍നിന്നും പ്രതീക്ഷിക്കുന്നതും ദോഷം വരുത്തും. അവരുടെമേലുള്ള അതിരുവിട്ട പ്രതീക്ഷകള്‍ മിക്ക കുടുംബങ്ങളിലും കാണാം. എല്ലാ മാതാപിതാക്കളും മക്കള്‍ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ മേടിച്ച്‌ എന്നും ഒന്നാമനാകണമെന്ന്‌
ചിന്തിക്കും. അത്‌ തികച്ചും സ്വാര്‍ഥതയാണ്‌. അവരില്‍ മത്സരബോധം ഉണ്ടാക്കുന്നത്‌ നല്ലത്‌ തന്നെ. അവര്‍ നല്ല നിലയിലാകണമെന്നുള്ള മാതാപിതാക്കളുടെ അമിതാഗ്രഹമെന്നതും ശരിയാണ്‌. എന്നാല്‍ കഴിവിനുപരിയായി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ മേടിക്കാന്‍ സ്വാധീനം ചെലുത്തുന്നതും മാനസികമായ വളര്‍ച്ചയ്‌ക്ക്‌ നല്ലതല്ല. ജന്മനാ ഓരോ പിള്ളേര്‍ക്കും വ്യത്യസ്‌തമായ കഴിവുകളായിരിക്കും കൊടുത്തിരിക്കുന്നത്‌. എല്ലാ വിഷയങ്ങള്‍ക്കും ഒരുപോലെ നൂറുമാര്‍ക്കും മെടിക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധം കുട്ടികളുടെ ഭാവിജീവിതത്തിന്‌ ദോഷമേ ചെയ്യുകയുള്ളൂ.

പഠനം കൂടാതെ സ്‌പോര്‌ട്ട്‌സിലും ഗെയിംസിലും സ്വന്തം മക്കള്‍ക്കുമാത്രം സമ്മാനവും ലഭിക്കണം. ഗോള്‍ഡ്‌ മെഡലും നേടണം. അയല്‍വക്കത്തുള്ള പയ്യന്‍ ഒന്നാമനായി നേട്ടങ്ങള്‍ കൊയ്‌താല്‍ സഹിക്കില്ല. അവനെ താരതമ്യം ചെയ്‌തു ചില മാതാപിതാക്കള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ക്ലാസ്സില്‍ പഠിക്കാന്‍ ഒരു കുട്ടി പുറകോട്ടെങ്കില്‍ അവന്‍ ശരിയായി പഠിക്കുന്നില്ലായെന്നു പറഞ്ഞ്‌ കുറ്റപ്പെടുത്താന്‍ ആരംഭിക്കും. കഠിനമായി പഠിച്ച്‌ മാതാപിതാക്കള്‍ക്ക്‌ മാര്‍ക്ക്‌ മാത്രം മതി. എത്ര മാര്‍ക്ക്‌ മേടിച്ചാലും തൃപ്‌തി വരില്ല. ക്ലാസില്‍ പഠിക്കാന്‍ മോശമെങ്കില്‍ അവനെന്തോ കുഴപ്പമുണ്ടെന്നു കുറ്റാരോപണങ്ങളും തുടങ്ങും. ജന്മനാ പഠിക്കാനുള്ള കഴിവ്‌ ഒരുവന്‌ ലഭിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ എത്രമാത്രം ശ്രമിച്ചാലും അവനില്‍ കാര്യമായ മാറ്റം ഉണ്ടാവാന്‍ പോവുന്നില്ല. അതിനര്‍ഥം അവന്‍ ബുദ്ധിയില്ലാത്തവനെന്നല്ല. അവന്റെ ഭാവി ഇരുളടഞ്ഞതെന്നുമല്ല. ഉറങ്ങി കിടക്കുന്ന അവന്റെ കഴിവുകളെ തട്ടിയുണര്‍ത്താന്‍ ശ്രമിക്കണം.

അവന്‍ അല്ലെങ്കില്‍ അവളുടെ അഭിരുചിയനുസരിച്ച്‌ എന്തെല്ലാം തൊഴിലുകള്‍ കിടക്കുന്നു. ജനിക്കുന്ന ഓരോ കുഞ്ഞും ഓരോ വിധത്തില്‍ ജന്മനാ കഴിവുള്ളവരായിരിക്കും. ഒരു പക്ഷെ പഠനത്തിലായിരിക്കില്ല. കലയോ, സംഗീതമോ, സ്‌പോര്‍ട്ട്‌സോ ആയിരിക്കാം പ്രിയപ്പെട്ടത്‌. മാതാപിതാക്കള്‍ കല്‌പ്പിക്കുന്ന ഡോക്ടര്‍ എഞ്ചിനീയര്‍ അദ്ധ്യാപകന്‍ എന്നീ തൊഴിലുകളെക്കാള്‍ ജീവിതത്തിലുയരാന്‍ മറ്റു തുറകളുമുണ്ടെന്ന്‌ അവര്‍ മനസിലാക്കുന്നില്ല. മക്കള്‍ എന്താകാന്‍ പോകുന്നുവെന്ന്‌ രണ്ടു മാതാപിതാക്കള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്‌. ഡോക്ടര്‍, എഞ്ചിനീയറെന്നു പറഞ്ഞാല്‍ ഉത്തമതൊഴിലായി സര്‍ട്ടിഫിക്കേറ്റും കൊടുക്കും. ഇവിടെ മാതാപിതാക്കള്‍ വിശാല മനസ്‌ക്കരാകേണ്ടതുണ്ട്‌. മക്കളുടെ താല്‌പര്യവും അറിയേണ്ടതായി ഉണ്ട്‌. അല്ലാതെ അവരെ ഡോക്ടറാക്കണം, എഞ്ചിനീയറാക്കണം എന്ന മര്‍ക്കടമുഷ്ടിയില്‍ നിര്‍ബന്ധിച്ച്‌ മാനസികമായി പീഡിപ്പിക്കുകയല്ല വേണ്ടത്‌.

മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന പാരമ്പര്യ വിവാഹമാണ്‌ ഒരു പക്ഷെ മക്കളുമായി ഏറ്റുമുട്ടാന്‍ മറ്റൊരു കാരണമാവുന്നത്‌. കുടുംബം, കുടുംബ മഹിമയൊക്കെ വിഷയമാക്കി കൊണ്ടുവരും. അവിടെ സ്‌നേഹവും മതത്തിന്റെ നിയമങ്ങളും തമ്മില്‍ അതിരുകള്‍ തിരിച്ചിരിക്കുന്നു. എന്താണ്‌ മാതാപിതാക്കള്‍ കല്‍പ്പിക്കുന്ന പാരമ്പര്യ വിവാഹം? അപരന്റെ പണത്തേലും സ്വത്തിലും ആഗ്രഹിക്കുന്ന ഒരു വ്യവസ്ഥയെന്നു പറയാം. വര്‍ഗ വര്‍ണ്ണ ജാതി വ്യവസ്ഥയനുസരിച്ച്‌ മക്കളും വിവാഹം കഴിക്കുവാന്‍ പോകുന്നവരെ സ്‌നേഹിച്ചുകൊള്ളണം. ഇത്‌ തികച്ചും ബാലീശവും യുക്തിഹീനവുമായ വ്യവ്‌സ്‌തയെന്ന്‌ പുതിയ തലമുറകള്‍ ചിന്തിക്കും. പാരമ്പര്യ വിവാഹങ്ങളില്‍ ഭൂരിഭാഗവും വിജയകരമായി പോവുന്നുണ്ടെന്ന്‌ കണക്കുകള്‍ പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും ഒത്തൊരുമിച്ചു നടത്തുന്ന വിവാഹം രസകരം തന്നെ. വിവാഹപരസ്യങ്ങള്‍ കൊടുത്തും ഫോട്ടോകള്‍ നോക്കിയും അന്വേഷിച്ചും അവര്‍ കണ്ടെത്തുന്നവരില്‍ ഒരാളെ തെരഞ്ഞെടുക്കാം. തലമുറകളുടെ വിടവില്‍ ഇതെല്ലാം അമേരിക്കന്‍ ജീവിതത്തില്‍ പുതുമയായി അനുഭവപ്പെടും. ഇവിടെ ഇഷ്ടപ്പെട്ടവരെയോ പാരമ്പര്യത്തില്‍ അടിസ്ഥാനമാക്കിയോ വരനെ അല്ലെങ്കില്‍ വധുവിനെ തീരുമാനിക്കാം. ഒരാളിന്റെ വ്യക്തിപരമായ അവകാശത്തിലുള്ള കൈകടത്തലായും പുതിയ തലമുറ കരുതും. ഇവിടെ സ്‌നേഹിക്കുന്നത്‌ മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചും ഭൂരിപക്ഷം അനുസരിച്ചും വേണം. വിവാഹജീവിതം വിജയിക്കുകയോ, പരാജയപ്പെടുകയോ പ്രശ്‌നങ്ങളുണ്ടാവുകയോ ചെയ്യാം. എങ്കിലും പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വിവാഹിതര്‍ക്കുമാത്രം പൂര്‍ണ്ണാധികാരം കൊടുക്കേണ്ടതാണ്‌. മാതാപിതാക്കള്‍ മക്കളെ സിനിമാകള്‍ കാണിക്കാറുണ്ട്‌. നായകനും നായികയും തമ്മില്‍ പ്രേമിക്കുന്നതും വിവാഹം കഴിക്കുന്നതും സിനിമാകളില്‍ കാണാം. അത്‌ ലോകത്ത്‌ നടക്കുന്ന യാഥാര്‍ത്ഥ്യമായി മക്കള്‍ ചിന്തിക്കും. എന്തുകൊണ്ട്‌ അവരുടെ ജീവിതത്തിലും അങ്ങനെയായി കൂടായെന്നുള്ള ചിന്തകളും യുവമനസുകളെ വേട്ടയാടും.

അന്ധമായ സ്‌നേഹത്തില്‍ മതത്തിനോ പാരമ്പര്യത്തിനോ സ്ഥാനം കൊടുക്കാറില്ല. മക്കളുമായി മല്ലടിക്കല്‍ ആരംഭിക്കുന്നത്‌ അവര്‍ വ്യത്യസ്‌തമായ മതത്തില്‍നിന്നോ സമൂഹത്തില്‍നിന്നോ വിവാഹിതരാകുമ്പോഴാണ്‌. മതം മനുഷ്യജീവിതത്തിലെ പ്രധാനമായ ഒരു ഘടകമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ഒരു സമൂഹത്തെ മുഴുവനായി വെറുപ്പിച്ച്‌ സ്വസ്ഥമായ ഒരു വിവാഹജീവിതം പടുത്തുയര്‍ത്താനും പ്രയാസമായിരിക്കും.പക്ഷെ നാം മാനുഷിക വശങ്ങളും ചിന്തിക്കണം. അനേക സ്വഭാവ ഗുണങ്ങളോടെയുള്ള ദൈവങ്ങളോട്‌ പ്രാര്‍ഥിക്കുന്നതിലുപരി നല്ല മനുഷ്യരുമായി സഹകരിക്കുകയെന്നതാണ്‌ പ്രധാനം. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്‌ ഒരേ തൊലിയും ഒരേ അവയവങ്ങളും ബുദ്ധിയും വികാര വിചാരങ്ങളുമായിട്ടാണ്‌. മതത്തിന്റെയും ജാതിയുടെയും വരമ്പില്‍ക്കൂടി ഒരാളെ നാം കാണുന്നതും ശരിയല്ല. വിദേശത്ത്‌ ജീവിക്കുമ്പോള്‍ അത്തരം സങ്കുചിത മനസ്‌തിയില്‍നിന്നും മാതാപിതാക്കള്‍ക്ക്‌ ഒരു മോചനവും ആവശ്യമാണ്‌.

ഒരു കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കൊപ്പം അവന്റെ അല്ലെങ്കില്‍ അവളുടെ വളര്‍ന്നു വരുന്ന വ്യക്തിത്വത്തെയും പഠിക്കണം. മക്കളുടെ ജീവിതരീതിയും ചുറ്റുമുള്ള ലോകത്തിലെ ഫാഷനുമനുസരിച്ചും അവരെ സ്വതന്ത്രമായി വിടുക. അവരുടെ തലമുടിവെട്ടലും വസ്‌ത്രധാരണ രീതികളും കാതില്‍ കടുക്കനും ഇഷ്ടപ്പെട്ടില്ലെന്നു വരാം. അവരെ വെറുതെ വിടൂ. അവര്‍ ജീവിക്കുന്നത്‌ മാതാപിതാക്കളുടെ സമൂഹത്തിലല്ല. മുതിര്‍ന്നവരുടെ ആഘോഷങ്ങളിലും പള്ളിപരിപാടികളിലും താല്‍പര്യം കണ്ടെന്നിരിക്കില്ല. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിനായി നാം ജീവിക്കുന്നുവെങ്കില്‍ നമുക്കുള്ള സന്തോഷം എന്ന്‌ ലഭിക്കും. നമ്മുടെതന്നെ മക്കളുടെമേലുള്ള കാഴ്‌ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്‌. പ്രശ്‌നങ്ങള്‍ കണ്ടാല്‍ അവരോട്‌ സങ്കോചം കൂടാതെ ചര്‍ച്ച ചെയ്യുക. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഓടിയൊളിക്കരുത്‌. ധൈര്യപൂര്‍വ്വം നേരിടണം. മക്കള്‍ വളരട്ടെ. അവരില്‍ ആഗോള ചിന്തകളും വികസിക്കണം. യുവതിയുവാക്കള്‍ തുറന്ന മനസായ ചൈതന്യത്തില്‍ വളരണം. മാതാപിതാക്കളുടെ വിജയരഹസ്യം മക്കളുടെ വിശ്വാസം നേടുകയെന്നുള്ളതാണ്‌.
മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും (ജോസഫ്‌ പടന്നമാക്കല്‍ )മക്കളും മാതാപിതാക്കളും പിരിമുറുക്കങ്ങളും (ജോസഫ്‌ പടന്നമാക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക