ന്യൂജേഴ്സി: ഈസ്റ്റ് മില്‍സ്റ്റോണ്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ
വിശുദ്ധ യൂദാശ്ശീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 6 വരേയുള്ള
തീയതികളില്‍ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേനയിലും,
ജപമാലാര്പ്പണത്തിലും ധാരാളം ഇടവകാംഗങ്ങള്‍ പങ്കെടുത്തു.
നവംബര്‍ ആറാംതീയതി
ഞായറാഴ്ച രാവിലെ 9.30-ന് ഷിക്കാഗോ രൂപതയുടെ ചാന്‍സലറായിരുന്ന ബഹുമാനപ്പെട്ട റോയി
ജോസഫ് കടുപ്പില്‍ അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ
ദിവ്യബലിയര്‍പ്പണം നടന്നു. കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും, വിശുദ്ധന്റെ തിരുസ്വരൂപം
വണങ്ങലും നടന്നു. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും നൊവേനയിലും ദിവ്യബലിയിലും
പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു.
വിശുദ്ധന്റെ
തിരുനാള്‍ ഭംഗിയായി നടത്തുവാന്‍ സഹകരിച്ച എല്ലാവര്ക്കും ഇടവക വികാരി ഫാ. തോമസ്
കടുകപ്പള്ളി നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു. ഈവര്‍ഷത്തെ
തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത് ജോ ചിറയില്‍ ആന്‍ഡ് റെമി ചിറയില്‍ കുടുംബമാണ്.
സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത് അറിയിച്ചതാണിത്.