Image

ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്‌ച 18ന്‌

Published on 11 November, 2011
ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്‌ച 18ന്‌
ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്‌ച 18ന്‌

(അങ്കിള്‍സാം വിശേഷങ്ങള്‍)


വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഈ മാസം 18ന്‌ കൂടിക്കാഴ്‌ച നടത്തും. ബാലിയില്‍ പൂര്‍വേഷ്യന്‍ ഉച്ചകോടിയോട്‌ അനുബന്ധിച്ചാണ്‌ ഇരുരാഷ്‌ട്രനേതാക്കളും കൂടിക്കാഴ്‌ച നടത്തുകയെന്ന്‌ വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയാവും ഇത്‌. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരുവരും വിലയിരുത്തും. സാമ്പത്തിക,സുരക്ഷാ ബന്ധങ്ങളും അഫ്‌ഗാനിലെ സ്‌ഥിതിഗതികളും ചര്‍ച്ചയില്‍ വിഷയമാവും.

ദ്രുതഗതിയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതും ശക്‌തമായ ജനാധിപത്യം ഉള്ള രാഷ്‌ട്രവുമായ ഇന്ത്യയുമായി യുഎസിന്‌ സുപ്രധാന ബന്ധമാണുള്ളതെന്ന്‌ ദേശീയ സുരക്ഷാ ഉപ ഉപദേഷ്‌ടാവ്‌ ബെന്‍ റോഡ്‌സ്‌ പറഞ്ഞു. ഏഷ്യ പസഫിക്‌ മേഖലയില്‍ ഇന്ത്യ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഹരിത്തട്ടിപ്പ്‌: രാജരത്‌നത്തിന്‌ 782 കോടി പിഴ

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഓഹരി കുംഭകോണത്തിന്റെ മുഖ്യസൂത്രധാരനും ശ്രീലങ്കന്‍ വംശജനുമായ രാജ്‌ രാജരത്‌നത്തിന്‌ യുഎസ്‌ കോടതി 9.28 കോടി യു.എസ്‌. ഡോളര്‍ പിഴശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി പണം സമ്പാദിച്ചതിനുള്ള ശിക്ഷയായി 6.38 കോടി ഡോളര്‍ നേരത്തേ തന്നെ അദ്ദേഹത്തില്‍നിന്ന്‌ ഈടാക്കിയിരുന്നു. ഇതുകൂടി ചേരുമ്പോള്‍ രാജരത്‌നം നല്‍കേണ്‌ട ആകെ പിഴ 15.66 കോടി യു.എസ്‌. ഡോളറായി (782 കോടി രൂപ) ഉയരും.

ഓഹരിത്തട്ടിപ്പില്‍ ഒരു വ്യക്തിക്കു വിധിക്കുന്ന ഏറ്റവും വലിയ പിഴശിക്ഷയാണ്‌ രാജരത്‌നത്തിനു കിട്ടിയതെന്ന്‌ കരുതുന്നു. കുംഭകോണത്തിന്റെ വ്യാപ്‌തിയും സ്വഭാവവും കണക്കിലെടുത്താണ്‌ കൂറ്റന്‍ പിഴ പ്രഖ്യാപിച്ചതെന്ന്‌ ന്യൂയോര്‍ക്ക്‌ ജില്ലാകോടതി ജഡ്‌ജി ജെഡ്‌ റാക്കോഫ്‌ പറഞ്ഞു. അനധികൃത ഇടപാടിലൂടെ രാജരത്‌നം സ്വന്തമാക്കിയ ലാഭത്തിന്റെ മൂന്ന്‌ മടങ്ങ്‌ തുകയ്‌ക്കു തുല്യമായ പിഴ വിധിക്കണമെന്ന്‌ അമേരിക്കയിലെ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ കമ്മീഷന്‍ കോടതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

ഗാലിയോണ്‍ ഗ്രൂപ്പ്‌ എന്ന ഹെഡ്‌ജ്‌ ഫണ്‌ടിന്റെ സ്ഥാപകനായ രാജരത്‌നത്തിന്‌ അനധികൃത ഓഹരി ഇടപാടുകളിലൂടെ കോടികള്‍ വെട്ടിച്ചെന്ന കേസില്‍ ഒക്ടോബറില്‍ 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. രണ്‌ടുമാസത്തെ വിചാരണയ്‌ക്കിടയിലാണ്‌ രാജരത്‌നം 14 കേസുകളില്‍ പ്രതിയാണെന്ന്‌ കോടതി കണെ്‌ടത്തിയത്‌. അതിന്റെ തുടര്‍ച്ചയായാണ്‌ പിഴകൂടി വിധിച്ചത്‌. രാജരത്‌നത്തെ സഹായിച്ചെന്നാരോപിച്ച്‌ ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ മുന്‍ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ രജത്‌ ഗുപ്‌തയെ എഫ്‌.ബി.ഐ. അറസ്റ്റ്‌ ചെയ്‌തിരുന്നു. കുറ്റം നിഷേധിച്ച ഗുപ്‌തയെ കോടതി പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.


യുഎസില്‍ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷികൂടി വന്നേക്കുമെന്നു മെക്കെയ്‌ന്‍

വാഷിംഗ്‌ടണ്‍: യുഎസിലെ സാമ്പത്തിക കുഴപ്പങ്ങളുടെ പശ്‌ചാത്തലത്തില്‍ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷി ഉണ്‌ടായേക്കാമെന്നും അതു ഫെഡ്‌ അപ്‌ പാര്‍ട്ടി(നിരാശാ പാര്‍ട്ടി) എന്നായിരിക്കും അറിയപ്പെടുകയെന്നും കഴിഞ്ഞ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ബറാക്‌ ഒബാമയ്‌ക്കെതിരെ മല്‍സരിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും സെനറ്ററുമായ ജോണ്‍ മെക്കെയ്‌ന്‍. വന്‍ കമ്പനികളുടെ ലാഭക്കൊയ്‌ത്തിനിടെ സാമ്പത്തിക മാന്ദ്യത്തില്‍ വരുമാനം ഇടിഞ്ഞു നിരാശരായ അമേരിക്കക്കാരുടെ മടുപ്പു പ്രതിഫലിക്കുന്നതാവും പുതിയ പാര്‍ട്ടിയുടെ ഫെഡ്‌ അപ്‌ എന്ന പേര്‌. രാജ്യത്തെ ഇരു പാര്‍ട്ടികളും - ഡമോക്രാറ്റ്‌സും റിപ്പബ്ലിക്കന്‍സും - മാറ്റത്തിനു തയാറായില്ലെങ്കില്‍ മൂന്നാം കക്ഷി ഒഴിച്ചുകൂടാനാവാത്തതാവും. ജനങ്ങള്‍ക്കു വേണ്‌ടി നാം ഒന്നും ചെയ്യുന്നില്ല - മെക്കെയ്‌ന്‍ പറഞ്ഞു.

ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ഉത്‌കണ്‌ഠകളില്‍ തന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വേണ്‌ടത്ര ശ്രദ്ധചെലുത്താതിരിക്കുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.പരാതികള്‍ ഉന്നയിക്കും. എന്നാല്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിടില്ലെന്നും മെക്കെയ്‌ന്‍ പറഞ്ഞു.

ഭൂമിയെത്തൊടാതെ ക്ഷുദ്രഗ്രഹം കടന്നുപോയി

വാഷിംഗ്‌ടണ്‍: അല്‌പമൊന്നു ഭയപ്പെടുത്തിയെങ്കിലും അപകടമൊന്നും വരുത്താതെ ആ കൂറ്റന്‍ പാറ ഭൂമിക്കരികിലൂടെ കടന്നുപോയി. 200 വര്‍ഷത്തിനിടെ ഭൂമിക്ക്‌ ഏറ്റവും അടുത്തുകൂടെ സഞ്ചരിച്ച ക്ഷുദ്രഗ്രഹമായ 2005 വൈ.യു.55നെ നഗ്‌ന നേത്രങ്ങള്‍കൊണ്‌ട്‌ കാണാനായില്ലെങ്കിലും ശാസ്‌ത്രജ്ഞര്‍ ദൂരദര്‍ശിനികളിലൂടെ അതു വീക്ഷിച്ചു.

ഒരു വിമാന വാഹിനികപ്പലിനോളം വലുപ്പമുള്ള ക്ഷുദ്രഗ്രഹം മണിക്കൂറില്‍ 48,280 കിലോമീറ്റര്‍ വേഗത്തിലാണു സഞ്ചരിച്ചത്‌. ബുധനാഴ്‌ച രാവിലെ അഞ്ച്‌ മണിക്കാണ്‌ അത്‌ ഭൂമിക്ക്‌ ഏറ്റവും അരികിലെത്തിയത്‌. അപ്പോഴത്‌ ഭൂകേന്ദ്രത്തില്‍ നിന്ന്‌ 3,24,600 കിലോമീറ്റര്‍ അകലെയായിരുന്നു. അരികിലെന്നു പറയുന്നുണെ്‌ടങ്കിലും ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 85 ശതമാനം അകലം അപ്പോഴും അതിലേക്കുണ്‌ടായിരുന്നു.

അരിസോണ സര്‍വകലാശാലയിലെ റോബര്‍ട്ട്‌ മക്‌മില്ലന്‍ 2005ലാണ്‌ ഈ ക്ഷുദ്രഗ്രഹത്തെ കണെ്‌ടത്തിയത്‌. ഇതു ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന കാര്യം നേരത്തേ അറിയാമായിരുന്നു. അതില്‍ നിന്ന്‌ ഭൂമിക്ക്‌ ഭീഷണിയൊന്നുമില്ലെന്നുമറിയാമായിരുന്നു. 2094ലാണ്‌ ഇനിയിത്‌ ഇതുവഴി കടന്നുപോവുക. അപ്പോള്‍ 2,68,703 കിലോമീറ്ററായിരിക്കും അതിലേക്കുള്ള ദൂരം.

മറ്റൊരു ക്ഷുദ്രഗ്രഹം ഇതിലും അടുത്തുകൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നുണ്‌ട്‌. 2001 ഡബ്ല്യു.എന്‍.5 എന്നു പേരിട്ട ഇത്‌ 2028ലാണ്‌ ഭൂമിക്കടുത്തെത്തുക. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പകുതി ദൂരമേ അപ്പോള്‍ അതിലേക്കുണ്‌ടാവൂ.

ഇറാനുമേല്‍ കടുത്ത ഉപരോധത്തിന്‌ യുഎസ്‌ നീക്കം

വാഷിംഗ്‌ടണ്‍: ആണവായുധ സാങ്കേതിക വിദ്യ സ്വന്തമാക്കിയതായുള്ള ഐ.എ.ഇ.എ. റിപ്പോര്‍ട്ട്‌ ഉയര്‍ത്തിക്കാട്ടി ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധം ശക്തമാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇറാന്റെ വാണിജ്യ ബാങ്കുകള്‍ക്കും വിലക്ക്‌ നിലവിലുള്ള സ്ഥാപനങ്ങളുടെ മറയായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും എതിരെ സാമ്പത്തിക ഉപരോധം വ്യാപിപ്പിക്കാനാണ്‌ ശ്രമം. ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്‌ ഫ്രാന്‍സും പിന്തുണ അറിയിച്ചിട്ടുണ്‌ട്‌.

ഐക്യരാഷ്ട്ര രക്ഷാസമിതി 2006ന്‌ ശേഷം നാലുതവണ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്‌ട്‌. ഇറാനില്‍ നിക്ഷേപമിറക്കുന്നതിനും വ്യാപാരം നടത്തുന്നതിനും അമേരിക്കന്‍ കമ്പനികള്‍ക്ക്‌ നീണ്‌ടകാലമായി വിലക്കും നിലവിലുണ്‌ട്‌. ഇറാന്റെ എണ്ണവ്യാപാരത്തിനും കേന്ദ്ര ബാങ്കിനും ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണെ്‌ടങ്കിലും ചൈനയുടെയും റഷ്യയുടെയും എതിര്‍പ്പ്‌ തടസ്സമാവുകയാണ്‌. ഈ രണ്‌ട്‌ രാജ്യങ്ങളും യു.എന്‍. രക്ഷാസമിതിയില്‍ വീറ്റോ ചെയ്യുമെന്നുറപ്പുള്ളതിനാലാണ്‌ ആ നീക്കം അമേരിക്ക ഉപേക്ഷിച്ചിരിക്കുന്നത്‌. ഇറാനെതിരായ ശിക്ഷാനടപടികള്‍ കര്‍ക്കശമാക്കാന്‍ യു.എസ്‌. വിദേശകാര്യത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ്‌ സമിതി കഴിഞ്ഞ ആഴ്‌ച പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഒബാമ ഭരണകൂടത്തിന്‌ അനുമതി നല്‍കിയിട്ടുണ്‌ട്‌.
ഒബാമ-മന്‍മോഹന്‍ കൂടിക്കാഴ്‌ച 18ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക