Image

ഒക്കലഹോമയില്‍ പി.സി.എന്‍.എ.കെ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നിബു വെള്ളവന്താനം (മീഡിയ സെക്രട്ടറി) Published on 05 June, 2011
ഒക്കലഹോമയില്‍ പി.സി.എന്‍.എ.കെ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ നാഷണല്‍ കമ്മിറ്റിയുടേയും ലോക്കല്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ പൂര്‍ത്തിയായി. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ന്യൂയോര്‍ക്കിലെ വിവിധ പെന്തക്കോസ്‌ത്‌ സഭകളില്‍ ഞായറാഴ്‌ച പ്രത്യേക പ്രാര്‍ത്ഥന നടത്തി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രമോഷണല്‍ യോഗങ്ങളുടെ സമാപന സമ്മേളനം മെയ്‌ 29-ന്‌ വൈകുന്നേരം നാലിന്‌ ന്യൂയോര്‍ക്ക്‌ സെന്‍ട്രല്‍ അവന്യൂ ഗേറ്റ്‌ വേ വേള്‍ഡ്‌ ക്രിസ്‌ത്യന്‍ സെന്ററില്‍ നടന്നു. റവ.ഡോ. ഇട്ടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ദേശീയ ഭാരവാഹികളായ റവ.ഡോ. തോമസ്‌ മാത്യു, തോമസ്‌ എം. കിടങ്ങാലില്‍, ഷാജി മണിയാറ്റ്‌, റവ. ടൈറ്റസ്‌ ഈപ്പന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു.

റവ. ജോണ്‍ തോമസ്‌, റവ. ബാബു തോമസ്‌, റവ. വില്‍സണ്‍ ജോസ്‌, റവ. അച്ചായി മാത്യൂസ്‌, സാം തോമസ്‌, സജി തട്ടയില്‍, ഫിലിപ്പ്‌ ദാനിയേല്‍, തോമസ്‌ കുര്യന്‍, മാത്യു ചെറിയാന്‍, മാത്യു ഉമ്മന്‍, മത്തായി എം. ആലുംമൂട്ടില്‍, വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റവ. ഡോ. സണ്ണി ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. കണ്‍വെന്‍ഷന്റെ സാമ്പത്തികവശങ്ങളെക്കുറിച്ച്‌ ട്രഷറര്‍ ഷാജി മണിയാറ്റ്‌ വിശദീകരിച്ചു. നാഷണല്‍, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും, യുവജന സഘടനാ ഭാരവാഹികളും സഭാ ശുശ്രൂഷകന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

നാല്‌ ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെയുള്ള തീയതികളില്‍ ഒക്‌ലഹോമ കോക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ അംഗങ്ങളെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഗ്രെയ്‌സ്‌ ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌ പ്രസിഡന്റ്‌ റവ.ഡോ. സ്റ്റീവ്‌ റീഗിള്‍, റവ.ഡോ. ക്രിസ്‌ ജാക്‌സണ്‍, റവ.പി.സി. ചെറിയാന്‍, റവ സണ്ണി കുര്യന്‍, റവ. രാജു മേത്ര എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തും. നാഷണല്‍ കണ്‍വീനര്‍ ഒക്കലഹോമ ഫസ്റ്റ്‌ ഐപിസി ചര്‍ച്ച്‌ സീനിയര്‍ പാസ്റ്റര്‍ റവ. തോമസ്‌ മാത്യു കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്യും. വിവിധ പെന്തക്കോസ്‌ത്‌ സഭാ വിഭാഗങ്ങളില്‍നിന്നുമായി നിരവധി വിശ്വാസികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. നാല്‌ ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ ദിവസവും രാവിലെ 8.30-ന്‌ ബൈബിള്‍ ക്ലാസ്‌, ഉച്ചയ്‌ക്ക്‌ 3 നും വൈകിട്ട്‌ 6-നും പൊതുയോഗം, രാവിലെ 9.30-ന്‌ ഉണര്‍വ്‌ യോഗം, ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ യുവജന സമ്മേളനം, വൈകിട്ട്‌ 6 മുതല്‍ സുവിശേഷ യോഗം എന്നിവ നടത്തും. വചനധ്യാനം, വിമന്‍സ്‌ ഫെല്ലോഷിപ്പ്‌, യുവജന സമ്മേളനം, ധ്യാന സമ്മേളനങ്ങള്‍, കുട്ടികളുടെ യോഗം എന്നിവയും ഞായറാഴ്‌ച സംയുക്ത ആരാധനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

മികച്ച ഗായകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംഗീത ശുശ്രൂഷ നടത്തും. പ്രശസ്‌ത ഗായകര്‍ പങ്കെടുക്കുന്ന പി.സി.എന്‍.എ.കെ മ്യൂസിക്‌ ടീം ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും. മലയാളം പാട്ടുകള്‍ പാടുന്നതുകൂടാതെ ഇംഗ്ലീഷിലും ഗായകസംഘം ശുശ്രൂഷ നിര്‍വഹിക്കും. 2011-ല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തവും ആകര്‍ഷകവുമായ രീതിയിലാണ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ദേശീയ ഭാരവാഹികളായ റവ. തോമസ്‌ മാത്യു, തോമസ്‌ എം. കിടങ്ങാലില്‍, ഷാജി മണിയാറ്റ്‌, റവ. ടൈറ്റസ്‌ ഈപ്പന്‍ എന്നിവര്‍ പറഞ്ഞു. റവ. ലൂക്കോസ്‌ യോഹന്നാന്‍, ബാലന്‍പിള്ള, കുര്യന്‍ സക്കറിയ, വര്‍ഗീസ്‌ ജോസഫ്‌, നോബിള്‍ സോളമന്‍, സിസ്റ്റര്‍ മോളി മാത്യു, സിസ്റ്റര്‍ ഗ്രേസി കോശി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുമെന്ന്‌ മീഡിയ സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു. പ്രസംഗ പരമ്പരകളും, സ്റ്റഡി ക്ലാസുകളും കൂടാതെ ഗ്രൂപ്പ്‌ സെഷനുകള്‍, യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ പരിപാടികള്‍ സമ്മേളനത്തില്‍ ഉണ്ടാകും. ജൂലൈ 3-ന്‌ ഞായറാഴ്‌ച തിരുവത്താഴ ശുശ്രൂഷയോടുകൂടി സംയുക്ത ആരാധന സമാപിക്കും.
ഒക്കലഹോമയില്‍ പി.സി.എന്‍.എ.കെ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക