Image

“നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്.” (ജോയേല്‍ 2, 13).

Published on 19 March, 2014
“നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്.” (ജോയേല്‍ 2, 13).
ഉള്‍ക്കാഴ്ചയുള്ള പ്രവാചക വചനത്തിലൂടെ കൃപയുടെ ഇക്കാലയളവിലെ സവിശേഷത ഹൃദയ പരിവര്‍ത്തനമാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് ആരാധനക്രമം നമ്മെ തപസ്സുകാലത്തേയ്ക്കു ക്ഷണിക്കുന്നത്. ഈ പ്രവാചകാഹ്വാനം നമുക്കേവര്‍ക്കുമുള്ള വെല്ലുവിളിയാണ്. മാനസാന്തരത്തെ ബാഹ്യവും ഉപരിപ്ലവുമായ നിര്‍ദ്ദേശങ്ങളോ  നിയോഗങ്ങളോ മാത്രമായി ചുരുക്കാതെ, അത് വ്യക്തിയുടെ കേന്ദ്രബിന്ദുവായ മനസ്സാക്ഷിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തെ പരിവര്‍ത്തനംചെയ്യുവാനും നവീകരിക്കുവാനുമാണ് തപസ്സുകാലത്ത് പരിശ്രമിക്കേണ്ടത്. പതിവുകള്‍ക്കപ്പുറം, നമ്മുടെ കണ്ണുംകാതും തുറന്നും, സര്‍വ്വോപരി ഹൃദയം തുറന്നും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് എത്തിനോക്കാനുള്ള ക്ഷണമാണ് തപസ്സുകാലം. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കാം. കാരണം, ജീവിതവ്യഗ്രതയുടെയും ഉപഭോഗസംസ്‌ക്കാരത്തിന്റെയും കൃത്രിമമായ ലോകത്തു ജീവിക്കുന്നതുകൊണ്ട്, അറിയാതെതന്നെ നമ്മുടെ ജീവിത ചക്രവാളത്തില്‍നിന്നും ദൈവം മങ്ങിമായാന്‍ ഇടയുണ്ട്. ആദ്യം ഭാഗികമായും, പിന്നെ പൂര്‍ണ്ണമായും ദൈവികഭാവം അസ്തമിച്ചൊടുങ്ങാനും സാദ്ധ്യതയുണ്ട്. ഈ തപസ്സ് ജീവിത നവീകരണത്തിനുള്ള ഉണര്‍ത്തുവിളിയാണ്.

മനുഷ്യന്‍ സൃഷ്ടിയാണ് സ്രഷ്ടാവല്ല, എന്നാണ് വിശുദ്ധമായ നോമ്പുകാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. അനുദിന ജീവിതചുറ്റുപ്പാടുകളില്‍ ഈ സ്ഥാനഭ്രംശം, വളരെ അധികം പ്രകടമായി വരുന്നുണ്ട്. നാം സൃഷ്ടികളാണെന്ന സത്യം മറന്ന് സ്രഷ്ടാക്കളായി ചമയുകയും, നമ്മുടെ സഹോദരങ്ങളില്‍ നിന്നും അയല്‍ക്കാരില്‍നിന്നും അകന്നു ജീവിക്കുകയും ചെയ്യുന്നു. ജീവിത പ്രതിസന്ധികളും യാതനകളും നമ്മെ വെല്ലുവിളിക്കുമ്പോള്‍ മാത്രമാണ് മാനസാന്തരത്തിലേക്കുള്ള വഴി തേടുന്നത്. പിന്നെ അത് ക്ലേശങ്ങളുടെയും ത്യാഗങ്ങളുടെയും കുരിശിന്റെ വഴിയായി മാറുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദാനധര്‍മ്മത്തിന്റെയും ഘടകങ്ങളുള്ള ആത്മീയയാത്രയുടെ പാതയാണ് ജീവിത നവീകരണത്തിനുള്ള മാര്‍ഗ്ഗമായി ഇന്നത്തെ സുവിശേഷം കാണിച്ചുതരുന്നത്(മത്തായി 6, 1-6, 16-18). ഈ ലോകത്തിന്റെ ബാഹ്യമായ പ്രേരണകള്‍ക്ക് നാം കീഴ്‌പ്പെട്ടുപോകരുതെന്നാണ് തപസ്സാചരണത്തിന് സഹായിക്കുന്ന മൂന്നു ഘടകങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ബാഹ്യമോടിക്ക് അര്‍ത്ഥമില്ലെന്നും മറ്റുള്ളവരുടെ അംഗീകാരത്തിലോ, പ്രശംസയിലോ, താല്ക്കാലിക വിജയത്തിലോ അല്ല ജീവിതമൂല്യം അടങ്ങിയിരിക്കുന്നതെന്നും, മറിച്ച് മനുഷ്യന്റെ ആന്തരികതയിലും ആത്മീയതയിലുമാണതെന്നും അവ നമ്മെ പഠിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക