Image

മുട്ടത്തു വര്‍ക്കിയും ചരിത്രവും അഭ്രപാളിയില്‍

Published on 17 March, 2014
മുട്ടത്തു വര്‍ക്കിയും ചരിത്രവും അഭ്രപാളിയില്‍
തിരുവനന്തപുരം: മലയാളസാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വര്‍ക്കിയെക്കുറിച്ചുള്ള ഡോക്യുഫിക്‌ഷന്‍ കഥ മുട്ടത്തു വര്‍ക്കി ഇന്നലെ കൈരളി തിയറ്റര്‍ കോംപ്ലക്‌സിലെ നിളയില്‍ പ്രദര്‍ശിപ്പിച്ചു. മുട്ടത്തു വര്‍ക്കി താന്‍ ജീവിച്ച കാലഘട്ടത്തിലെ ജനജീവിതത്തിലും ചരിത്രത്തിലും എങ്ങനെ ഇടപെട്ടു എന്നു ലളിതമായി ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. ആ കാലഘട്ടത്തിലെ ചരിത്രപശ്ചാത്തലവും വ്യക്തമായി വിവരിച്ചിട്ടുണ്‌ട്‌.

വായനയുടെ വളര്‍ച്ച, സാക്ഷരത, സ്‌ത്രീസ്വത്വാവിഷ്‌കാരം, മധ്യതിരുവിതാംകൂറിലെ സാധാരണക്കാരുടെ ജീവിതം, മതേതരചിന്തകള്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ ആവിഷ്‌കരിക്കാനാണ്‌ കഥ മുട്ടത്തു വര്‍ക്കി എന്ന ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ റോയ്‌ പി. തോമസ്‌ പറഞ്ഞു. ഒരു ജീവചരിത്ര വിവരണത്തിനപ്പുറം 1913 മുതല്‍ 1989 വരെയുള്ള മുട്ടത്തു വര്‍ക്കിയുടെ ജീവിതകാലഘട്ടത്തിലെ ചരിത്ര-സാമൂഹിക സാഹചര്യങ്ങളാണ്‌ ഡോക്യുഫിക്‌ഷനിലൂടെ വിവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ കഥകള്‍ സംഭാവന ചെയ്‌ത എഴുത്തുകാരനാണു മുട്ടത്തുവര്‍ക്കിയെന്ന്‌ മുട്ടത്തുവര്‍ക്കി ഫൗണേ്‌ടഷന്‍ സെക്രട്ടറിയും ഡോക്യുഫിക്ഷന്റെ തിരക്കഥാകൃത്തുമായ പ്രഫ. മാത്യു ജെ. മുട്ടത്ത്‌ പറഞ്ഞു. ജനജീവിതത്തിലും ചരിത്രത്തിലും എങ്ങനെ ഇടപെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഒരെഴുത്തുകാരന്‍ വിലയിരുത്തപ്പെടുക. ലളിതമായ ആഖ്യാനങ്ങളിലൂടെ വായനാതത്‌പരമായ ജനമനസ്‌ കേരളീയസമൂഹത്തില്‍ രൂപപ്പെടുത്തിയ കഥാകാരനാണ്‌ മുട്ടത്തു വര്‍ക്കി. പൈങ്കിളി സാഹിത്യകാരന്‍ എന്ന്‌ ആക്ഷേപിക്കപ്പെട്ട അദ്ദേഹം ഒരു പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കപ്പെടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു വര്‍ക്കി കഥയും തിരക്കഥയും രചിച്ച സിനിമകളെക്കുറിച്ചുള്ള വിവരണവും ഡോക്യുഫിക്‌ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌.

അദ്ദേഹം പങ്കെടുത്ത ചില സമ്മേളനങ്ങളുടെ ഒറിജിനല്‍ ക്ലിപ്പിംഗുകളും അന്ത്യരംഗങ്ങളും ചേര്‍ത്ത്‌ സിനിമപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ്‌ ഇതിന്റെ സംവിധാനം. ശ്രീകുമാരന്‍തമ്പി, എം.ടി. വാസുദേവന്‍ നായര്‍, സാറാ ജോസഫ്‌, സക്കറിയ, സി. രാധാകൃഷ്‌ണന്‍, കാനായി കുഞ്ഞിരാമന്‍, ഡോ. ഡി. ബാബു പോള്‍, എ. വിന്‍സെന്റ്‌, കെ.എസ്‌. സേതുമാധവന്‍, രവി ഡിസി, സാജന്‍ മംഗളം, സി.ആര്‍. ഓമനക്കുട്ടന്‍ എന്നിവര്‍ മുട്ടത്തുവര്‍ക്കിയെ ഡോക്യുഫിക്‌ഷനില്‍ അനുസ്‌മരിക്കുന്നുണ്‌ട്‌. മുട്ടത്തു വര്‍ക്കിയുമായി രൂപസാദൃശ്യമുള്ള തൃശൂര്‍ ചമ്പ്രന്‍ ആണ്‌ പ്രധാന വേഷത്തില്‍. കേരള സാഹിത്യ അക്കാദമി, കലാമണ്‌ഡലം, അപ്പന്‍തമ്പുരാന്‍ സ്‌മാരകം, മുട്ടത്തുഭവനം, വിവിധ ബുക്ക്‌ സ്റ്റാളുകള്‍, തുഞ്ചന്‍പറമ്പ്‌, ദീപിക എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം നടത്തിയത്‌. വിഷന്‍ 3000-ന്റെ ബാനറില്‍ സൗമ്യ കല്ലുകളം, ബിപിന്‍ ചുണേ്‌ടാട്ട്‌ എന്നിവരാണ്‌ കഥ മുട്ടത്തു വര്‍ക്കി നിര്‍മിച്ചിരിക്കുന്നത്‌.
മുട്ടത്തു വര്‍ക്കിയും ചരിത്രവും അഭ്രപാളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക