Image

മാധ്യമങ്ങളുടെ അധഃപതനം: ജസ്റ്റിന്‍ പേരേര

ജസ്റ്റിന്‍ പേരേര Published on 10 November, 2011
മാധ്യമങ്ങളുടെ അധഃപതനം: ജസ്റ്റിന്‍ പേരേര
ഈയടുത്ത കാലത്തായി ഇന്റര്‍നെറ്റിലും, ടി.വി. ചാനലുകളിലും, കേരളത്തിന്റെ മുക്കിലും മൂലയിലും, മറുനാടന്‍ മലയാളികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലെ ഒരു കേന്ദ്രബിന്ദു മറ്റാരുമല്ല "സന്തോഷ് പണ്ഡിറ്റ്".

ഒരു പ്രമുഖ മലയാളം ചാനല്‍ പ്രക്ഷേപണം ചെയ്ത "നിയന്ത്രണരേഖ" എന്ന പരിപാടിയില്‍ ആ മനുഷനെ ഏതൊക്കെ രീതിയില്‍ അധിക്ഷേപിക്കാം എന്നു അവതാരകയും, അതില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളും, കാണികളും മത്സരിച്ച് പരീക്ഷിക്കുകയായിരുന്നു. യൂ-ട്യൂബില്‍ കൂടിയുള്ള തെറിയഭിഷേകം പോരാഞ്ഞിട്ടാണ് ഈ മലയാളം ചാനലിന്റെ ഇത്തരം പരിപാടി.

സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബന്ധുവല്ല. ഞാന്‍ അയാളുടെ ആരാധകനല്ല. "കൃഷ്ണനും രാധയും" എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. എന്നാലും ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? ഒരു മനുഷ്യനെ ഇത്രയും വ്യക്തിഹത്യ നടത്താന്‍ നിങ്ങള്‍ക്കു ആരെങ്കിലും അധികാരം തന്നിട്ടുണ്ടോ? സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി നിങ്ങളുടെ വീടുകളില്‍ വന്ന് ഈ സിനിമ പോയി കാണണം എന്ന് ആവശ്യപ്പെട്ടോ? എനിക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ സിനിമകളില്‍ സ്റ്റണ്ടും, ബലാത്സംഗവും മാത്രം നടത്തി പ്രാഗല്‍ഭ്യം തെളിയിച്ച ഒരു നടനും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇങ്ങേരെ തെറി പറയാന്‍ . കഷ്ടം! സന്തോഷ് പണ്ഡിറ്റ് ആരോ ആവട്ടെ…ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെങ്കിലും, അയാള്‍ ചെയ്തിരിക്കുന്നത് നിങ്ങള്‍ക്ക് അപരാധം ആയിക്കോട്ടെ. അതിനെ വിമര്‍ശിക്കാന്‍ നമുക്ക് അധികാരം ഉണ്ട്. എന്നാല്‍ , പരസ്യമായി ഒരു ചാനലില്‍ , ജനമധ്യത്തില്‍ പിടിച്ചിരുത്തി ഇത്രമാത്രം അവഹേളിക്കാന്‍ ഇവര്‍ക്ക് എന്തു ധാര്‍മ്മിക അധികാരമാണുള്ളത്?

പൊതുഖജനാവ് കട്ടുമുടിക്കുകയും, നീതിനിര്‍വ്വഹണ സംവിധാനത്തെ തെറിവിളിക്കുകയും, പെണ്‍ വാണിഭം നടത്തുകയും, ഐസ്‌ക്രീമില്‍ മയക്കു മരുന്നു കലര്‍ത്ത മയക്കികിടത്തി പത്തോ, പന്ത്രണ്ടോ, പതിനഞ്ചോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും, അവരുടെ നഗ്ന ചിത്രങ്ങള്‍ അവരറിയാതെ പകര്‍ത്തുകയും, നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവരേക്കാള്‍ ഹീനമായ എന്തു നികൃഷ്ട പ്രവൃത്തിയാണ് ഇയാള്‍ ചെയ്തതെന്ന് ആരെങ്കിലും വ്യക്തമാക്കിയാല്‍ കൊള്ളാം.

എല്ലാവരും "സന്തോഷ് പണ്ഡിറ്റി"നെ തെറി വിളിക്കുന്നു. അപ്പോള്‍ ഞാനും അവരെപ്പോലെ തെറിവിളിച്ചില്ലെങ്കില്‍ ഞാന്‍ പൊട്ടനാണെന്ന് അവര്‍ കരുതും എന്ന ഒരു സ്വയം വിലയിരുത്തലിലല്ലേ ഈ കാണുന്ന കോപ്രായങ്ങള്‍ക്കു പ്രതികരിക്കുവാന്‍ കൂടുതലും ആളുകള്‍ ഇറങ്ങുന്നതെന്ന് എനിക്ക് തോന്നുന്നു. ഒരാള്‍ തെറ്റു ചെയ്താല്‍ , അതു
തിരുത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതല്ലാതെ, അയാളെ തെറി വിളിക്കാനും, അധിക്ഷേപിക്കാനും, പൂരപ്പാട്ട് പാടാനും വേണ്ടി മാത്രം തിയേറ്ററുകളിലേയ്ക്കും, ഇത്തരം ഷോകളിലേയ്ക്കും പോകുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹതാപമല്ലാതെ മറ്റൊന്നില്ല. ഒരു പ്രമുഖ പത്രത്തില്‍ വായിച്ചുകണ്ടു. കേരളത്തിലെ ഐ.ടി. മേഖലയില്‍ പഠിക്കുന്ന ചെറുപ്പക്കാര്‍ കൂട്ടത്തോടെ തിയേറ്ററിലേയ്ക്കു പോകുന്നു. കൃഷ്ണനും രാധയും എന്ന സിനിമ കാണാനല്ല, മറിച്ച്, മലയാളം നിഘണ്ടുവില്‍ ഇതുവരെയും കാണാത്ത തെറികള്‍ വിളിച്ചു കൂവാന്‍ ! എങ്ങിനെയുണ്ട് സംസ്‌കാരം! സര്‍ക്കുലേഷന്‍ കൂടി വരുന്നു എന്ന് വീമ്പു പറയുന്ന മാധ്യമങ്ങളും ഇത്രയും തരം താഴരുത്.

ജസ്റ്റിന്‍ പേരേര
ഷാര്‍ജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക