Image

സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ദുഖ്‌റാനോ പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ദുഖ്‌റാനോ പെരുന്നാള്‍
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മോര്‍ ഗ്രിഗോറിയോസ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ 36-മത്‌ വാര്‍ഷികവും കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 109-മത്‌ ദുഖ്‌റാനോ പെരുന്നാളും സംയുക്തമായി നവംബര്‍ 5,6 (ശനി, ഞായര്‍) തീയതികളിലായി ആചരിച്ചു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ശനിയാഴ്‌ച വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ പ്രമുഖ സുവിശേഷ പ്രാസിംഗകനായ ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ (ഡ്രൂ യൂണിവേഴ്‌സിറ്റി, ന്യൂജേഴ്‌സി) സുവിശേഷ പ്രഭാഷണം നടത്തി. ഞായറാഴ്‌ച രാവിലെ 9.15-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ആര്‍ച്ച്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും നടന്നു. റവ.ഫാ. ഏലിയാസ്‌ കെ. ജോസഫ്‌ കരോട്ടുമംഗലത്ത്‌ (കറുകപ്പള്ളി സെന്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളി വികാരി, കോലഞ്ചേരി), റവ.ഫാ. രാജന്‍ പീറ്റര്‍ (മോര്‍ ഗ്രിഗോറിയോസ്‌ പള്ളി വികാരി) എന്നിവര്‍ സഹകാര്‍മികരായി. ഡീക്കന്‍ ജോയല്‍ ജേക്കബ്‌ എം.ഡി, ഡീക്കന്‍ അനി സ്‌കറിയ, ഡീക്കന്‍ ബെന്‍സണ്‍ കുര്യാക്കോസ്‌, ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, ഡീക്കന്‍ ആകാശ്‌ പോള്‍ എന്നിവര്‍ വിശുദ്ധ ശുശ്രൂഷകളില്‍ പങ്കെടുത്തു.

ഒരു നൂറ്റാണ്ടിനപ്പുറം മലങ്കരയില്‍ ഉദയം ചെയ്‌ത പുണ്യചരിതന്റെ വിശ്വാസതീക്ഷണതയും, വിശുദ്ധ ജീവിതവും പരിശുദ്ധ സഭയുടെ നിലനില്‍പ്പിനും, വളര്‍ച്ചയ്‌ക്കും നിദാനമായെന്നും, അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധന്റെ മധ്യസ്ഥത നമുക്ക്‌ കാവലായിരിക്കട്ടെ എന്നും ആര്‍ച്ച്‌ ബിഷപ്പ്‌ ആഹ്വാനം ചെയ്‌തു. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌. ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍ നന്ദി പ്രകാശിപ്പിച്ചു. ഇടവകാംഗമായ ഫിലിപ്പോസ്‌ കാവുങ്കലും കുടുംബവുമാണ്‌ പെരുന്നാള്‍ ഏറ്റുകഴിച്ചത്‌. അടുത്ത വര്‍ഷത്തെ പെരുന്നാള്‍ പ്രസുദേന്തിയായി ഇടവകയുടെ സ്ഥാപകാംഗം കൂടിയായ ഈപ്പന്‍ മാളിയേക്കല്‍ ചുമതലയേറ്റു.

അമേരിക്കയിലെ പ്രഥമ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കുചേരുവാന്‍ സ്റ്റാറ്റന്‍ഐലന്റിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളില്‍ നിന്നും ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ ഭക്തിയോടെ പെരുന്നാളില്‍ പങ്കെടുത്തു.
സ്റ്റാറ്റന്‍ഐലന്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ദുഖ്‌റാനോ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക