Image

മയാമി നെഹ്‌റു ട്രോഫി ജലോത്സവം: താമ്പാ ചുണ്ടന്‍ ജേതാവ്‌

ജോയിച്ചന്‍ പുതുക്കുളം Published on 10 November, 2011
മയാമി നെഹ്‌റു ട്രോഫി ജലോത്സവം: താമ്പാ ചുണ്ടന്‍ ജേതാവ്‌
മയാമി (ഫ്‌ളോറിഡ): കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന നെഹ്‌റു ട്രോഫി ജലോത്സവം ഈവര്‍ഷവും ഒക്‌ടോബര്‍ 22-ന്‌ ശനിയാഴ്‌ച മയാമി അമേലിയാ പാര്‍ക്കിനോട്‌ ചേര്‍ന്നുള്ള വിശാലമായ തടാകത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ മത്സരത്തില്‍ വനിതാ ടീമുകള്‍ ഉള്‍പ്പടെ ഏഴ്‌ ടീമുകള്‍ പങ്കെടുത്തു. എല്ലാ ടീമംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രയോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിച്ചത്‌. കേരള സമാജം പ്രസിഡന്റ്‌ ജെയ്‌സണ്‍ ചെറിയാന്‍, സെക്രട്ടറി സാജന്‍ മാത്യു, ട്രഷറര്‍ റ്റോണ്‍സണ്‍ മാത്യു, സാം പാറത്തുണ്ടില്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്‌ക്ക്‌ നേതൃത്വം നല്‍കി.

തടാകത്തിലെ ജലപ്പരപ്പിനെ കീറിമുറിച്ചുകൊണ്ട്‌, വര്‍ണ്ണാലംകൃതമായ ജലപേടകങ്ങള്‍ മുന്നേറുന്ന കാഴ്‌ച കാണികള്‍ക്ക്‌ ഹരംപകര്‍ന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായിരുന്നു. വാശിയേറിയതും ആവേശകരവുമായ മത്സരങ്ങള്‍ക്കൊടുവില്‍ മയാമി ചുണ്ടനെ സെക്കന്റുകളുടെ വ്യത്യാസത്തില്‍ തോല്‍പിച്ച്‌, താമ്പാ കെ.സി.സി.സി.എഫ്‌ ചുണ്ടന്‍ ഈവര്‍ഷത്തെ നെഹ്‌റു ട്രോഫി കരസ്ഥമാക്കി. മയാമി ചുണ്ടന്‍ റണ്ണര്‍ അപ്പിനുള്ള ട്രോഫിയും കരസ്ഥമാക്കി.

താമ്പായില്‍ നിന്നുമുള്ള കെ.സി.സി.സി.എഫ്‌ വനിതാ ടീം വനിതകളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി. മയാമി വനിതാ ടീം റണ്ണര്‍അപ്പ്‌ ആവുകയും ചെയ്‌തു.

മത്സരത്തിനുശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ പ്രസിഡന്റ്‌ ജെയ്‌സണ്‍ ചെറിയാന്‍ അധ്യക്ഷതവഹിച്ചു. ഫോമയുടെ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ മുഖ്യാതിഥിയായിരുന്നു. താമ്പാ കെ.സി.സി.സി.എഫ്‌ ക്യാപ്‌റ്റന്‍ സിബില്‍ മച്ചാനിക്കല്‍, ഈവര്‍ഷത്തെ നെഹ്‌റു ട്രോഫി ജോണ്‍ ടൈറ്റസില്‍ നിന്നും ഏറ്റുവാങ്ങി. റണ്ണര്‍ അപ്പിനുള്ള ട്രോഫി മയാമി ചുണ്ടന്‍ ക്യാപ്‌റ്റന്‍ ബേബി വര്‍ക്കി, ജോ മീനാംകുന്നേലില്‍ നിന്നും സ്വീകരിച്ചു. വനിതാ വിഭാഗം ജേതാക്കളായ താമ്പാ കെ.സി.സി,സിഎഫിനുള്ള ട്രോഫി ക്യാപ്‌റ്റന്‍ ലൗലി കാരാത്തുരുത്തേല്‍, മെറ്റ്‌ ലൈഫ്‌ ജോര്‍ജ്‌ ജോസഫില്‍ നിന്നും ഏറ്റുവാങ്ങി. വനിതാ വിഭാഗം റണ്ണര്‍ അപ്പിനുള്ള ട്രോഫി, മയാമി വനിതാ ടീം ക്യാപ്‌റ്റന്‍ തങ്കമ്മ ബേബി, പ്രിന്‍സ്‌ ജോസഫില്‍ നിന്നും ഏറ്റുവാങ്ങി. #ൗവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ചര്‍ച്ച്‌ വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലില്‍ കാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. സെക്രട്ടറി സാജന്‍ മാത്യു സ്വാഗതവും, ട്രഷറര്‍ റ്റോണ്‍സണ്‍ മാത്യു കൃതജ്ഞതയും പറഞ്ഞു.

ഫ്‌ളോറിഡയിലെ എയ്‌റോ കണ്‍ട്രോള്‍ ഇന്‍ക്‌, കൊച്ചിയിലെ നിര്‍മല്‍ ഇന്‍ഫോ പാര്‍ക്ക്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനും, ഫോമയുടെ മുന്‍ പ്രസിഡന്റുമായ ജോണ്‍ ടൈറ്റസ്‌, മീനാംകുന്നേല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോ മീനാംകുന്നേല്‍, ഏഷ്യാനെറ്റ്‌ യു.എസ്‌.എയുടെ ഓപ്പറേഷന്‍സ്‌ മാനേജരും, അമേരിക്കയിലെ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയുടെ പ്രസിഡന്റുമായ മാത്യു വര്‍ഗീസ്‌, ബിഗ്‌ ബസാര്‍ സുനില്‍ തൈമറ്റം, സുമേഷ്‌ അച്യുതന്‍, പ്രിന്‍സ്‌ ജോസഫ്‌ തുടങ്ങിയവരായിരുന്നു പരിപാടികളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

പിക്‌നിക്കിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തില്‍ ബ്രോവാര്‍ഡ്‌ കൗണ്ടി ടീം ഒന്നാംസ്ഥാനവും, താമ്പാ ടീം രണ്ടാം സ്ഥാനവും നേടി.

ജെയ്‌സണ്‍ ചെറിയാന്‍, റ്റോണ്‍സണ്‍ മാത്യു, സാം പാറത്തുണ്ടില്‍ തുടങ്ങിയവരാണ്‌ വള്ളംകളി സംഘാടക സമിതിക്ക്‌ രൂപംനല്‍കിയത്‌.
മയാമി നെഹ്‌റു ട്രോഫി ജലോത്സവം: താമ്പാ ചുണ്ടന്‍ ജേതാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക