Image

മുട്ടത്തുവര്‍ക്കി പുരസ്‌കാരവും എന്റെ ചെറുകഥയും (കൊല്ലം തെല്‍മ, ടെക്‌സാസ്‌)

Published on 08 March, 2014
മുട്ടത്തുവര്‍ക്കി പുരസ്‌കാരവും എന്റെ ചെറുകഥയും (കൊല്ലം തെല്‍മ, ടെക്‌സാസ്‌)
നാളുകള്‍ക്ക്‌ മുമ്പ്‌ സ്‌പാനിഷ്‌ ഭാഷ കലര്‍ത്തി ഒരു ചെറുകഥയെഴുതിയിരുന്നു. അവസാനത്തെ ഖണ്‌ഡികയില്‍ ഈ വരികളായിരുന്നു. `നാളെ ഞാന്‍ വാഷിംഗ്‌ടണ്‍ ഡി.സിക്ക്‌ പറക്കുകയാണ്‌. എഫ്‌.ബി.ഐ പദവിയുടെ ആറുമാസത്തെ പരിശീലനത്തിനായി. ആറുമാസങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ വെറും സി.ഐ.ഡി അല്ല. എഫ്‌.ബി.ഐ മാര്‍ഗരറ്റ്‌'.

ഇതിവിടെ കുറിക്കുവാന്‍ കാരണം, അവസാനത്തെ വരികള്‍ക്ക്‌ ഒരു യാദൃശ്ചികതയുള്ളതുപോലെ തോന്നി. മുട്ടത്തുവര്‍ക്കി പുരസ്‌കാരം നേടിയ ഞാന്‍ താമസിയാതെ വാഷിംഗ്‌ടണ്‍ ഡി.സിയിലേക്ക്‌ പറക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌- അന്ന മുട്ടത്തുവര്‍ക്കിയില്‍ നിന്ന്‌ അവാര്‍ഡ്‌ സ്വീകരിക്കാന്‍. ഈ അവസരത്തില്‍ നാള്‍ക്കുമുമ്പെഴുതിയ ചെറുകഥയിലെ അവസാന വരികള്‍ ഓര്‍ത്തുപോയി. ആ ചെറുകഥ താഴെ വായിക്കുക.

ചെറുകഥ

`ദിഓസ്‌ തെ വെന്തിക'


ടെക്‌സാസില്‍ സ്‌പാനിഷുകാരുടെ ഒരു സംഘം വൈരക്കല്ലുകള്‍ കള്ളക്കടത്ത്‌ നടത്തുന്നു. അതായത്‌ ഡയമണ്ട്‌ സ്‌മഗ്ലിംഗ്‌ നടക്കുന്നതായി പോലീസ്‌ വകുപ്പിനെ അലട്ടാന്‍ തുടങ്ങിയിട്ട്‌ കാലങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കേസിന്റെ വകയില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തലവേദനയുടെ ഭാരം ഏറ്റെടുത്തുകൊണ്ട്‌ സി.ഐ.ഡി വനിതാ പോലീസ്‌ ആയി ഞാനിറങ്ങി. കാരണം സി.ഐ.ഡി പദവിയില്‍ നിന്നും എഫ്‌.ബി.ഐ പദവിയിലേക്കുയരുന്ന ഒരു ദിനം സ്വപ്‌നം കണ്ടുകൊണ്ടാണ്‌ ഓരോ നിമിഷവും ജീവിക്കുന്നത്‌.

പക്ഷെ ടെക്‌സാസിലെ ചൂട്‌ സഹിക്കാന്‍ ആര്‍ക്കു കഴിയും? ഷിക്കാഗോയില്‍ തണുപ്പും മഞ്ഞും- ആന്തരാവയവങ്ങളെ മരവിപ്പിച്ച നീണ്ട 27 വര്‍ഷങ്ങള്‍ ശൈത്യം സഹിക്കുവാന്‍ പാകപ്പെടുത്തിയെടുത്ത എന്റെ മനസ്സിന്‌, ഇവിടെ സൂര്യന്റെ കോപാഗ്നി ജ്വലിക്കുന്ന കിരണങ്ങള്‍ തീപ്പൊരിയായി മാറുമ്പോള്‍ അത്‌ ഏറ്റുവാങ്ങാനും പാകപ്പെടുത്താന്‍ കഴിയണം ഈ മനസിന്‌.

നെറ്റിത്തടത്തിലും മൂക്കിന്‍തുമ്പത്തും പൊടിഞ്ഞ വിയര്‍പ്പുകണങ്ങളെ തഴുകിയ ഗാല്‍വെസ്റ്റണ്‍ കാറ്റിനും കാണും തന്റെ വിയര്‍പ്പിന്റെ അല്‌പം ഉപ്പുരസം.

ഗാലറീയ കസീനോയുടെ ഉയരംകൂടിയ സമുച്ചയം നോക്കി നില്‍ക്കേ മനസില്‍ ഖേദം...എന്തേ സ്‌പാനീഷ്‌ ഭാഷ പഠിച്ചില്ല? അമേരിക്കയില്‍ ചേക്കേറിയ നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌, ഇവിടെ സ്‌പാനീഷുകാരാണധികവും, സ്‌പാനീഷ്‌ സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്ന്‌. അന്ന്‌ മനസില്‍ പറഞ്ഞു `അതിന്‌ ഞാനെന്തിന്‌ സ്‌പാനിഷ്‌ പഠിക്കണം? അവര്‍ക്കിവിടെ കഴിയണമെങ്കില്‍ അവര്‍ ഇംഗ്ലീഷ്‌ പഠിക്കട്ടെ.' എന്ന്‌.

എങ്കിലും `ഗതികെട്ടാല്‍ പുലി പുല്ലും തിന്നും, വേണമെങ്കില്‍ ചക്ക വേരിലും കായ്‌ക്കും' എന്ന പഴമൊഴി സംഭവ്യമാക്കാന്‍ തന്നെ തീരുമാനിച്ചു. സ്‌പാനീഷ്‌ ഭാഷ പഠിക്കുകതന്നെ ചെയ്‌തു.

കസീനോ സമുച്ചയത്തിന്റെ മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ കയറുമ്പോള്‍ ഒരു രത്‌നവ്യാപാരിയേക്കാള്‍ ധനികയാണെന്ന തോന്നല്‍ ഉളവാക്കുന്ന വേഷമാണ്‌ ധരിച്ചത്‌.

ആ കെട്ടിടം സാക്ഷ്യംവഹിച്ചിരുന്നത്‌ ചൂതുകളിക്കാരുടേയും, ചീട്ടുകളിക്കാരുടേയും, സ്‌ലോട്ട്‌മെഷീനില്‍ നിന്നുതിരുന്ന നാണയക്കൂട്ടങ്ങളുടേയും കേട്ടുതഴമ്പിച്ച പരുക്കന്‍ ശബ്‌ദങ്ങളല്ലേ?.

ഗാലറീയ കസീനോ സമുച്ചയത്തിന്റെ ഓടുപാകിയ മേല്‍ക്കൂരയ്‌ക്കു മുകളില്‍ മൗനിയായിരുന്ന നരച്ച ആകാശത്തിന്‍ കീഴെ രണ്ടു കിളികള്‍ ചിലച്ചു പറന്നു. അവര്‍ തമ്മില്‍ ചിലച്ചതെന്തായിരിക്കും?

തന്നെ കണ്ടമാത്രയില്‍ ഒരിര കിട്ടിയ സന്തോഷത്തോടെ ഹെര്‍ണാണ്ടോ എന്ന രത്‌നവ്യാപാരി ഹസ്‌തദാനം ചെയ്‌തിട്ടു പറഞ്ഞു, `മേയാമ ഹെര്‍ണണ്ടോ. കൊമെറ്റയാമ?' (എന്റെ പേര്‌ ഹെര്‍ണാണ്ടോ. താങ്കളുടെ പേര്‌?)

ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു. `മേയാമ മാര്‍ഗരറ്റ്‌' (ഞാന്‍ മാര്‍ഗരറ്റ്‌)

പിന്നീട്‌ സ്‌പാനീഷുകാര്‍ മാത്രമുള്ള മേശയ്‌ക്കരുകിലേക്ക്‌ ആനയിക്കപ്പെട്ടു. അയാള്‍ എമിലിറ്റ എന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെ പരിചയപ്പെടുത്തി. അവള്‍ സുന്ദരിയായിരുന്നു. ഞാനവരുടെ സൗന്ദര്യത്തെ പുകഴ്‌ത്തിപ്പറഞ്ഞു. `ഊസ്‌തേ എസ്‌ ബൊണീറ്റ, ഈസ്‌ത്തേ എസ്‌ എര്‍മോസ'

പിന്നീട്‌ ഞാന്‍ അവരുടെ ഉറ്റ ചങ്ങാതിയായി മാറുകയായിരുന്നു. പോകപ്പോകെ കള്ളക്കടത്തിന്റെ തലവനായ സാല്‍വദോര്‍ ഹൊസെയെ കണ്ടെത്തി. ഹസ്‌തദാനം ചെയ്യുമ്പോള്‍ അയാളുടെ വിരലുകളില്‍ അണിഞ്ഞിരുന്ന വൈരമോതിരങ്ങളില്‍ എന്റെ വലിയ കണ്ണുകള്‍ ഉടക്കിനിന്നു. ജാള്യത പുറത്തുകാട്ടാതെ അയാളുടെ വൈരം പതിച്ച മോതിരങ്ങള്‍ എനിക്കു നന്നേ ഇഷ്‌ടപ്പെട്ടു എന്നു പറഞ്ഞു. `മേ ഊസ്‌തേ തു അനിയോ' അയാള്‍ പറഞ്ഞു: `ഗ്രാസിയാസ്‌', വീണ്ടും ഞാന്‍ തട്ടിവിട്ടു: `ടു ഏറസ്‌ ഡെനാറ' (യു ആര്‍ വെല്‍ക്കം).

ഓരോ ദിവസവും ഗാലറിയ കസീനോയുടെ പാര്‍ക്കിംഗ്‌ ലോട്ടില്‍ കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ മനസില്‍ പറയും: `ഇന്നു ഞാന്‍ ഇരയെ വലയില്‍ കുരുക്കും.'

എമിലാറ്റയും ഹെര്‍ണാണ്ടോയുമാണ്‌ വൈരക്കല്ലുകള്‍ വില്‍ക്കുന്നതിന്റെ ഏജന്റുമാരായി സാല്‍വദോര്‍ ഹൊസെയുടെ പണിയാളന്മാരായി പ്രവര്‍ത്തിക്കുന്നത്‌.

എമിലറ്റയോടു ഞാന്‍ പറഞ്ഞു: `സ്വര്‍ണ്ണം കണ്ട്‌ മടുത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക്‌ ഇപ്പോള്‍ വൈരക്കല്ലുകളിലാണ്‌ ഭ്രമം. കല്യാണത്തിനും മറ്റ്‌ വിശേഷാവസരങ്ങളിലും സ്വര്‍ണ്ണാഭരണങ്ങള്‍ വലിച്ചുവാരിയിടുന്ന രീതികള്‍ മാറി. ഇപ്പോള്‍ വൈരം പതിച്ച ഒരു നെക്‌ലസ്‌, ഒരു വൈരം പതിച്ച ബ്രെയ്‌സ്‌ലെറ്റ്‌, വിരലുകളില്‍ വൈര മോതിരങ്ങള്‍. ഇതാണ്‌ ഇപ്പോഴത്തെ ഞങ്ങളുടെ രീതി.'

എമിലറ്റയെ തൃപ്‌തിപ്പെടുത്താന്‍ ഞാന്‍ പലയിനം വൈരക്കല്ലുകള്‍ വാങ്ങി. നല്ലൊരു സുഹൃത്തും കസ്റ്റമറും ആണെന്ന്‌ അവര്‍ക്ക്‌ ആത്മബോധമുളവാക്കി. നാള്‍ക്കുനാള്‍ ഞങ്ങളുടെ ബന്ധം വളര്‍ന്നു. അവരുടെ വലിയവലിയ ആഢംബര പാര്‍ട്ടികളില്‍ അതിഥിയായി.

ഇഷ്‌ടമില്ലെങ്കിലും അവരോടൊപ്പം മര്‍ഗരീറ്റയും, ബ്ലഡീമേരിയും, മാര്‍ട്ടിനീയും കുടിക്കുന്നതായി ഭാവിച്ച്‌ കമ്പനി കൂടി. അവരോടൊപ്പം `കാസഡിയ'യും, `ടമാലിയ'യും കഴിച്ചു.

ഒരു ദിവസം അവരെ കണ്ടില്ല. അതിന്റെ പിറ്റേ ദിവസം അവരെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു: `റ്റെസ്‌ ത്രാനിയോ' (അതായത്‌ ഞാന്‍ അവരെ മിസ്‌ ചെയ്‌തുവെന്ന്‌). അത്‌ കേട്ടപ്പോള്‍ അവള്‍ ഓടി വന്നു കെട്ടിപ്പിടിച്ചു പറഞ്ഞു, ` തേ യാമോ, യോ ട്ടെക്കിയെരൊ, ഊസ്‌തെ മെ ഊസ്‌ത `അതായത്‌, അവള്‍ എന്നെ വളരെ ഇഷ്ട്‌ടപ്പെടുന്നു , അവള്‍ എന്നെ ജീവന്‌ തുല്യം സ്‌നേഹിക്കുന്നു എന്ന്‌ .ഇപ്പോള്‍ എനിക്ക്‌ ആത്മവിശ്വാസം കൂടി. ജീവന്‌ തുല്യം സ്‌നേഹിക്കുന്ന എന്നോട്‌ എന്ത്‌ രഹസ്യം വേണമെങ്കിലും പറയുമല്ലോ.

ഒരിക്കല്‍ മര്‍ഗരീറ്റയുടെ ലഹരിയില്‍ എമിലിറ്റ താണിറങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു. `യോ തേം ഗോ ദെ ഡിയാമെന്റെ നെഗോസിയോസ്‌?' (നിങ്ങളുടെ ഡയമണ്ട്‌ ബസിനസിനെക്കുറിച്ച്‌ കൂടുതല്‍ പറഞ്ഞുതരുമോ?) അന്നത്തെ ലഹരിയില്‍ എമിലിറ്റ ഉള്ളിലെ മാന്ത്രികച്ചെപ്പില്‍ ഒളിപ്പിച്ചുവെച്ചതെല്ലാം ഓരോന്നായി ചികഞ്ഞെടുത്ത്‌ പുറത്തുവിട്ടു. അവര്‍ ഏതുവിധത്തിലാണ്‌ കള്ളക്കടത്ത്‌ നടത്തുന്നതെന്നും എങ്ങിനെയാണ്‌ പോര്‍ട്ടോറിക്കോ, വെനിസുവേല, ബ്രസീല്‍, ആള്‍ക്കപുള്‍ക്കോ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്നും രത്‌നങ്ങളും വൈരങ്ങളും കള്ളക്കടത്തുവഴി അമേരിക്കയിലെത്തിക്കുന്നതെന്നും, അമേരിക്കയില്‍ ആരൊക്കെയാണ്‌ `കറുത്ത' വ്യാപാരത്തിന്റെ കൈയ്യാളുകളായി പ്രവര്‍ത്തിക്കുന്നതെന്നും മറ്റും മറ്റുമുള്ള വിവരങ്ങള്‍. എല്ലാം എന്റെ പേഴ്‌സില്‍ ഗോപ്യമായിരുന്ന റിക്കാര്‍ഡറില്‍ പതിക്കപ്പെട്ടു.

എമിലിറ്റ പറഞ്ഞുവന്നപ്പോള്‍ പുതിയ ചില കള്ളക്കടത്തുകാരുടെ പേരുവിവരവും വെളിപ്പെടുത്തി. റാവൂള്‍, പേട്രെ, സാംബ്രോസെ. ഇവര്‍ അവരുടെ എതിര്‍ മത്സരാര്‍ത്ഥികളാണത്രേ.

എനിക്കിതില്‍പ്പരം സന്തോഷം വേറെയില്ല. വൈദ്യന്‍ കല്‍പ്പിച്ചതും, രോഗി ഇച്ഛിച്ചതും പാല്‌. ഒരു വെടിക്കു രണ്ടു പക്ഷികള്‍.

റാവൂളിനെ കണ്ടപ്പോള്‍ സ്‌പാനിഷുകാരിയുടെ സ്വരത്തില്‍ ചോദിച്ചു: `കൊമസ്‌ത്താ?' (ഹൗ ആര്‍ യു?). അയാള്‍ തിരിച്ചും ചോദിച്ചു. ഞാന്‍ വളരെ സന്തോഷവതിയായി പറഞ്ഞു: `വീയെന്‍. ഗ്രാസിയാസ്‌', `വീയെന്‍. ഗ്രാസിയാസ്‌' എന്ന്‌. (വെരി ഫൈന്‍ നന്ദി).

അയാള്‍ പറഞ്ഞു നാളെ ഒരു ഡയമണ്ട്‌ ഷോ അയാളുടെ വീട്ടില്‍ വെച്ച്‌ നടത്തുന്നു, താന്‍ തീര്‍ച്ചയായും വരണമെന്ന്‌. അതീവ സന്തോഷത്തില്‍ ഞാന്‍ പറഞ്ഞു: `സെവൂഡോ, സെവൂഡോ, കെസി.' (തീര്‍ച്ചയായും, ഷുവര്‍).

പിന്നീടെല്ലാം എളുപ്പത്തില്‍ കഴിഞ്ഞു. റിക്കോര്‍ഡിംഗും, ഫോട്ടോകള്‍ അടങ്ങിയ തെളിവുകളും രഹസ്യപ്പോലീസ്‌ മേധാവികള്‍ക്ക്‌ നന്നേ ബോധിച്ചു. തനിക്ക്‌ റിവാര്‍ഡ്‌ ലഭിച്ചു. ആറുമാസങ്ങള്‍ക്കുള്ളില്‍ എഫ്‌.ബി.ഐ പരിശീലനത്തിനായി വാഷിംഗ്‌ടണ്‍ ഡി.സിയിലേക്ക്‌ പോകുവാന്‍ ഒരുങ്ങിക്കോളൂ എന്ന ഓര്‍ഡര്‍ കിട്ടി.

എമിലിറ്റായേയും സംഘത്തേയും കൈവിലങ്ങിട്ട്‌ കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ സൗഹൃദത്തിന്റെ മനസ്‌ തേങ്ങി. `പെര്‍ഡോണ്‍, പെര്‍ഡോണ്‍ പെര്‍ഡോണമെ'. എന്റെ മനസ്‌ വീണ്ടും തേങ്ങി. (സോറി...ഐ ആം സോറി).

നാളെ ഞാന്‍ വാഷിംഗ്‌ടണ്‍ ഡി.സിക്ക്‌ പറക്കുകയാണ്‌. എഫ്‌.ബി.ഐ പദവിയുടെ ആറുമാസത്തെ പരിശീലനത്തിനായി. ആറു മാസങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ വെറും സി.ഐ.ഡി മാര്‍ഗരറ്റ്‌ അല്ല. എഫ്‌.ബി.ഐ മാര്‍ഗരറ്റ്‌.

പശ്ചിമ മുടിക്കെട്ടുകള്‍ വിതറിയ ചൂടുള്ള കിരണങ്ങള്‍ കസീനോ സമുച്ചയത്തെ തഴുകിയപ്പോള്‍ അതിന്റെ മേല്‍ക്കൂരയുടെ ശിരസ്സ്‌ കുനിഞ്ഞു നില്‍ക്കുന്നതായി തോന്നി.....

അപ്പോള്‍ രണ്ടു ബ്ലൂ ജെ പക്ഷികള്‍ ചിലച്ച്‌ ആ മേല്‍ക്കുരയുടെ മുകളില്‍ ഇരുന്നു പറഞ്ഞത്‌ `താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ' എന്നല്ലേ? അതെ,

`ദിഓസ്‌ തെ വെന്തിക'.
മുട്ടത്തുവര്‍ക്കി പുരസ്‌കാരവും എന്റെ ചെറുകഥയും (കൊല്ലം തെല്‍മ, ടെക്‌സാസ്‌)മുട്ടത്തുവര്‍ക്കി പുരസ്‌കാരവും എന്റെ ചെറുകഥയും (കൊല്ലം തെല്‍മ, ടെക്‌സാസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക