Image

ദുരന്തത്തിന്റെ കാലൊച്ച വയനാടിന്റെ മണ്ണില്‍

ജോസ് കാടാപുറം Published on 09 November, 2011
ദുരന്തത്തിന്റെ കാലൊച്ച വയനാടിന്റെ മണ്ണില്‍

ഐക്യകേരളത്തിന്റെ അമ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ വയനാടിന്റെ സ്വന്തം പുല്‍പള്ളിയിലാണ് പതിവുപോലെ കര്‍ഷക ആത്മഹത്യ. സാധാരണ ജനജീവിതത്തെ ഞെരിച്ചമര്‍ത്തുന്ന വിലക്കയറ്റത്തിനും പലിശഭാരത്തിനും പുറമെ ഉല്‍പന്നങ്ങളുടെ വിലയിടിവും തീര്‍ത്ത ഊരാക്കുടുക്കില്‍ സ്വന്തം ജീവന്‍ തന്നെ രണ്ടു കര്‍ഷകര്‍ക്ക് നല്‍കേണ്ടിവന്നു.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരികയായിരുന്നു ശശിയെന്ന 55 വയസ്സുകാരന്‍. ഭൂമിയില്‍ എല്ലാം സമര്‍പ്പിച്ച് കൃഷിയിറക്കുകയായിരുന്നു ശശി. എന്നാല്‍ കുറച്ചു നാളായി എല്ലാം തകിടം മറിഞ്ഞു. വിളകള്‍ക്ക് പതിവുപോലെ കുത്തനെ വിലയിടിഞ്ഞു. പെട്രോളിനും മറ്റും സ്ഥിരമായി വിലകൂട്ടിയപ്പോള്‍ സമാന്തരമായി രാസവളലോബിയും വില കുത്തനെ കൂട്ടി. ഇങ്ങനെ വന്നപ്പോള്‍ കഴിയാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി, എന്നിട്ടും പിടിച്ചുനില്ക്കാനായില്ല.

ഒരു കുപ്പി വിഷത്തില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു. വിവിധ ബാങ്കുകളിലും, വ്യക്തികളിലുമായി രണ്ടുലക്ഷം രൂപ കടം. കൃഷിക്കാരന്റെ സ്വതവേ ഉള്ള സത്യസന്ധതയും വാക്കു പാലിക്കാനുള്ള മനസ്സും ആത്മഹത്യയിലേക്ക് എത്തിച്ചു.

അശോകന്റെ കഥയും സമാനമാണ്. പാട്ടത്തിനെടുത്ത ഭൂമിയില്‍ ഇഞ്ചിയും വാഴയുമായിരുന്നു കൃഷി. .സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ബാങ്കുകള്‍ കടം കൊടുത്തില്ല. വ്യക്തികളെയും സ്വാശ്രയസംഘകളെയും അശോകന്‍ ആശ്രയിച്ചു. ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം മാത്രം തിരിച്ചടയ്ക്കാനാവാതെ അശോകനും ജീവനൊടുക്കി. മൂന്നാമതൊരാള്‍ കൂടി ഇന്നലെ വയനാട്ടില്‍ ജിവനൊടുക്കി.

ഇഞ്ചിക്ക് വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി, രാസവളവില ഇരട്ടിയായതും കൃഷിക്കാരന്റെ ദുരിതം വര്‍ദ്ധിച്ചു.വാഴക്കുലയ്ക്ക് 32 രൂപാ ഉണ്ടായിരുന്നത് എട്ടു രൂപയായി. ഇഞ്ചിയ്ക്ക് 3000 ഉണ്ടായിരുന്നത് 800 രൂപായിലേക്ക് താണു. കൃഷി ഉപകരണങ്ങളുടെ ചിലവും ഇരട്ടിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതായി. ഒടുവില്‍ മരണത്തില്‍ അഭയം പ്രാപിച്ചു. കുടുംബനാഥന്‍മാരുടെ മരണത്തോടെ ഈ രണ്ടു കുടുംബങ്ങളും അനാഥമായി.

ഇതിനിടയില്‍ പുതിയ മന്ത്രിമാരുടെ 100 ദിവസം. ജനസമ്പര്‍ക്ക പരിപാടി മുതല്‍ അതിവേഗ ബഹുദൂരപദ്ധതികള്‍, ഇതിനെയൊക്കെ പാടിപുകഴ്ത്താന്‍ സ്തുതിപാലകന്‍ മത്സരിക്കുന്നു. സര്‍ക്കാരിന്റെ തനിനിറം മൂടിവച്ചുള്ള അഭ്യാസങ്ങളെ, അഴിമതിയുടെയും പോലീസാക്രമണത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വാര്‍ത്തകള്‍ ദിനം തോറും നമ്മള്‍ കേള്‍ക്കുന്നു. ഇതിനിടയില്‍ ജനങ്ങള്‍ എങ്ങനെ ജിവിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍
എന്തൊക്കെ, ഇതൊന്നും സര്‍ക്കാരിന്റെ ചര്‍ച്ചാവിഷയങ്ങളല്ല?

കര്‍ഷരുടെ പേരില്‍ ആണയിടുന്ന ഒത്തിരി കക്ഷികള്‍ നമ്മുടെ കേരള രാഷ്ട്രീയത്തിലുണ്ട്. അവരിപ്പോള്‍ വകതിരിവില്ലാത്ത ജോര്‍ജുമാരുടെയും ഗണേശുമാരുടെയും തെറി ഭാഷണങ്ങളില്‍ സ്വഛന്ദം വിഹരിക്കുകയാണ്! ഗുരുതുല്യരായ വ്യക്തികള്‍ക്ക് നേരെയാണ് അധികാര രാഷ്ട്രീയത്തിന്റെ ഉപജാപ ങ്ങള്‍ക്കപ്പുറം ഇന്നാട്ടിലെ പാവപ്പെട്ട കൃഷിക്കാരോട് എന്ത് പ്രതിബദ്ധതയാണ് ഈ ഉപജാപക കൂട്ടുകെട്ടിനുള്ളത്?!

ഇനിയെങ്കിലും ഒരു കര്‍ഷകനും കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകാതെ നോക്കണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളണം ഇപ്പോള്‍ ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ പ്രത്യേകിച്ചും ആ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരണം.

കര്‍ഷകരെ ദ്രോഹിക്കുന്ന വന്‍കിട ഭൂവുടമകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും, രാസവള, വട്ടിപ്പലിശ ലോബിക്കും പാദസേവ ചെയ്യുന്നത് കേരളസര്‍ക്കാര്‍ തുടരാതെ നോക്കണം.

തൊലിപ്പുറമെ ഉള്ള ചികിത്സ കൊണ്ട് പാവപ്പെട്ട കൃഷിക്കാരെ ഉദ്ധരിക്കാന്‍ ഭരണവര്‍ഗ്ഗം തുടങ്ങിയിട്ട് നാളെറെയായി. ഇനിയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പോംവഴി തേടിയെപറ്റൂ. അല്ലാതെ മന്ത്രിമാരുടെ ഊര്ചുറ്റും ജോലിയില്ലാത്ത ചീഫ് വിപ്പിനുപോലും 56 പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച് ഖജനാവ് മുടിക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ ബാക്കി ഉള്ള കൃഷിക്കാര്‍ നിങ്ങളെ കിണറിന്റെ വക്കത്ത്‌നിന്ന് തള്ളി താഴെയിടുമെന്നോര്‍ക്കുക.

ദുരന്തത്തിന്റെ കാലൊച്ച വയനാടിന്റെ മണ്ണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക