Image

പ്രൗഢഗംഭീരമായ ഫോമ എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍

ജയപ്രകാശ്‌ നായര്‍ Published on 09 November, 2011
പ്രൗഢഗംഭീരമായ ഫോമ എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക്‌: ഫോമ എംപയര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക്‌ നാനുവെറ്റിലെ പസാക്ക്‌ കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ അരങ്ങേറിയ റീജിയണല്‍ കണ്‍വന്‍ഷനും കേരളപ്പിറവി ആഘോഷങ്ങളും ഫോമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി.

നവംബര്‍ 5 ശനിയാഴ്‌ച വൈകീട്ട്‌ 6 മണി മുതല്‍ 11 മണിവരെയായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക്‌ ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്‌. കാരവള്ളി ഇന്ത്യന്‍ റസ്റ്റോറന്റ്‌ ഒരുക്കിയ രുചികരമായ സദ്യക്കുശേഷം, പൗലോസ്‌ പെരുമറ്റം ആന്റ്‌ ടീമിന്റെ തായമ്പകയുടേയും താലപ്പൊലിയേന്തിയ അംഗനമാരുടേയും അകമ്പടിയോടെ, ഫോമ ദേശീയ നേതാക്കളേയും ഇതര സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളേയും എതിരേറ്റുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു.

ഫോമ റീജിയണല്‍ സെക്രട്ടറി കുര്യന്‍ ടി. ഉമ്മന്റെ സ്വാഗതപ്രസംഗത്തോടെ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു വിവിധ റീജിയണുകളിലെ നേതാക്കളെ സദസ്സിനു പരിചയപ്പെടുത്തി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പ്‌ പരിപാടികള്‍ നിയന്ത്രിച്ചു.

ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രിയും കേരള കോണ്‍ഗ്രസ്സ്‌ നേതാവും, മികച്ച നിയമസഭാ സാമാജികനും, കേരള കോണ്‍ഗ്രസ്സ്‌ നേതാവും, പ്രീഡിഗ്രി ബോര്‍ഡ്‌, സംസ്ഥാന ജലനയ രൂപീകരണം എന്നിവയുടെ സൂത്രധാരനുമായിരുന്ന ടി.എം. ജേക്കബ്ബിന്റെ ആകസ്‌മിക മരണത്തിലും, മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവും മലപ്പുറം ഡി.സി.സി. പ്രസിഡന്റ്‌, എ.ഐ.സി.സി. അംഗം എന്നീ നിലകളില്‍ ശോഭിച്ചിരുന്ന എം.പി. ഗംഗാധരന്റെ നിര്യാണത്തിലും അനുശോചനമര്‍പ്പിച്ച്‌ മൗന പ്രാര്‍ത്ഥന നടത്തി.

ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌, മെട്രോ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍, എംപയര്‍ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു, എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പ്‌ എന്നിവര്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു.

ഓരോ റീജിയണും വെവ്വേറെ നടത്തിയ കണ്‍വന്‍ഷനാണ്‌ മെട്രോ റീജിയണും എംപയര്‍ റീജിയണും സംയുക്തമായി നടത്തിയ കണ്‍വന്‍ഷനേക്കാള്‍ ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു. ഇങ്ങനെയുള്ള കണ്‍വന്‍ഷനുകളാണ്‌ കൂടുതല്‍ പേരെ 2012ലെ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക്‌ ആകര്‍ഷിക്കുവാന്‍ സഹായകമാകുന്നതെന്നും, ഫോമയുടെ അടുത്ത കണ്‍വന്‍ഷന്‍ വേദിയായ കാര്‍ണിവല്‍ ഗ്ലോറി എന്ന `യാന'ത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ മത്സരിച്ചു പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രത്യേകം അഭിനന്ദനമറിയിച്ചു. മെട്രോ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ചുമ്മാര്‍, എംപയര്‍ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു എന്നിവരുടെ ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങളാണ്‌ ഈ റീജിയന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നും, ഇനിയും കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭ്യമാക്കുവാന്‍ ആരോഗ്യകരമായ സമീപനം തുടരുവാനും ബേബി ഊരാളില്‍ അഭ്യര്‍ത്ഥിച്ചു.

ജനറല്‍ സെക്രട്ടറി ബിനോയ്‌ തോമസ്‌ ഫോമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. 2012 ജനുവരി 14-ന്‌ കോട്ടയം വിന്‍സര്‍ കാസിലില്‍ നടത്തുന്ന കേരള കണ്‍വന്‍ഷനില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ്‌ തങ്ങളെന്ന്‌ അദ്ദേഹം പറഞ്ഞു. ഭാഷയ്‌ക്കൊരുപിടി ഡോളര്‍ പദ്ധതിയുടെ ഭാഗമായി ഗാന്ധിജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും തെരഞ്ഞെടുക്കുന്ന, മലയാളം ഐച്ഛിക വിഷയമായെടുക്കുന്ന പ്രഗത്ഭരായ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളിള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്നതാണെന്ന്‌ അറിയിച്ചു. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‌ക്കുന്ന നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്കുള്ള ധനസഹായവും തദവസരത്തില്‍ നടത്തുന്നതാണെന്നും അറിയിച്ചു.

എംപയര്‍ റീജിയന്റെ അസൂയാവഹമായ പ്രവര്‍ത്തനശൈലിയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന്‌ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ പ്രഖ്യാപിച്ചു. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അടുത്ത കണ്‍വന്‍ഷന്‌ കൂടുതല്‍ രജിസ്‌ട്രേഷന്‍ ലഭിക്കുവാന്‍ ഇടയാക്കുമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ റീജിയണല്‍ പ്രവര്‍ത്തകരോട്‌ ആഹ്വാനം ചെയ്‌തു. കിക്ക്‌ഓഫില്‍ പങ്കെടുക്കുവാന്‍ അസൗകര്യമുള്ളവര്‍ക്ക്‌ www.fomaa.com ല്‍ നേരിട്ട്‌ രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എല്ലാ സജ്ജീകരണങ്ങളുമുള്ള മുറികള്‍ ആഗ്രഹിക്കുന്ന, അംഗങ്ങള്‍ കൂടുതലുള്ള കുടുംബങ്ങള്‍, കഴിയുന്നതും വേഗം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സണ്ണി അഭ്യര്‍ത്ഥിച്ചു.

കണ്‍വീനര്‍ സജി എബ്രഹാം കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്‌തു. എംപയര്‍ റീജിയന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 57 കുടുംബങ്ങളുടെ രജിസ്‌ട്രേഷന്‍ തദവസരത്തില്‍ കൈമാറി. എംപയര്‍ റീജിയണില്‍നിന്ന്‌ ഇരുന്നൂറില്‍പരം കുടുംബങ്ങളെ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം തനിക്കുണ്ടെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു പറഞ്ഞു.

നേതാക്കളുടെ പ്രസംഗപരമ്പര ഒഴിവാക്കി അരമണിക്കൂര്‍ കൊണ്ട്‌ പൊതുസമ്മേളനം അവസാനിപ്പിച്ച്‌ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുകയും, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വേദിയില്‍ സംവാദത്തിന്‌ അവസരമൊരുക്കുകയും ചെയ്‌തുകൊണ്ട്‌?പ്രസംഗത്തേക്കാളുപരി പ്രവര്‍ത്തനമാണ്‌ തന്റെ ശൈലിയെന്ന്‌ എംപയര്‍ റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ എം.എ. മാത്യു തെളിയിച്ചു മാതൃകയായി.?

ഫോമ എന്ന ജനകീയ സംഘടനയുടെ വളര്‍ച്ചയും ഈ സംഘടനയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള അംഗസംഘടനകളുടെ ഐക്യം അരക്കിട്ടുറപ്പിക്കാനുമുതകുന്ന കര്‍മ്മപരിപാടികള്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ്‌ മാത്യു അക്കമിട്ടു നിരത്തി. അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കല, മാപ്പ്‌, സീറ എന്നീ അംഗസംഘടനകളെ പ്രതിനിധാനം ചെയ്യുന്ന അനേകം പേര്‍ സദസ്സില്‍ ഉപവിഷ്ടരായിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റൊരു പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി രാജു എം. വര്‍ഗീസിന്റെ അഭാവത്തില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഗോപിനാഥക്കുറുപ്പ്‌ സംസാരിച്ചു. ഫോമയുടെ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാനായ രാജു എം. വര്‍ഗീസിന്റെ അപദാനങ്ങളെക്കുറിച്ച്‌ വിവരണം നല്‍കി. സെക്രട്ടറി സ്ഥാനാര്‍ത്ഥി ഗ്ലാഡ്‌സന്‍ വര്‍ഗീസിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും വിവരിക്കുകയുണ്ടായി.

താന്‍ നാലാമതു സെക്രട്ടറിയായി മത്സരിക്കുവാന്‍ തയ്യാറെടുത്തു കഴിഞ്ഞെന്നും, പാനല്‍ സംവിധാനം ഒഴിവാക്കി ഇലക്‌ഷനെ നേരിടുമെന്നും, പ്രസിഡന്റ്‌ ആരായിരുന്നാലും സംഘടനയുടെ നന്മയും കെട്ടുറപ്പും മാത്രം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുമെന്നും ഗോപിനാഥ കുറുപ്പ്‌ വ്യക്തമാക്കി.

ഫോമയുടെ ആരംഭം മുതല്‍ സംഘടനയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന ഒരു വ്യക്തിയാണ്‌ താനെന്നും, സത്യസന്ധമായ പ്രവര്‍ത്തനം തന്നില്‍ നിന്ന്‌ പ്രതീക്ഷിക്കാമെന്നും ഫിലഡല്‍ഫിയയില്‍ നിന്നുള്ള ട്രഷറര്‍ സ്ഥാനാര്‍ത്ഥി വര്‍ഗീസ്‌ ഫിലിപ്പ്‌ പ്രസ്‌താവിച്ചു.

ഫോമയുടെ ഭരണഘടനയനുസരിച്ച്‌ സ്ഥാനാര്‍ത്ഥികള്‍ എവിടെനിന്നു വേണമെങ്കിലും വരാമെന്നും, എന്നാല്‍ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍ തന്നെയെന്നതു തര്‍ക്കമറ്റതാണെന്നും, വിജയകരമായ പ്രവര്‍ത്തനം തനിക്ക്‌ കാഴ്‌ച വെക്കുവാന്‍ കഴിയുമെന്നും ന്യൂയോര്‍ക്കില്‍ നിന്നുള്ള ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഡോ. ജേക്കബ്ബ്‌ തോമസ്‌ പറഞ്ഞു.

വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ ചുമ്മാര്‍ മികച്ച നേതൃത്വപാടവത്തിനുടമയും, കരുത്തുറ്റ നേതാവും മെട്രോ റീജിയന്റെ ഇപ്പോഴത്തെ വൈസ്‌ പ്രസിഡന്റുമാണ്‌. ഫോമയുടെ വളര്‍ച്ചയ്‌ക്കും പ്രവര്‍ത്തനോന്മുഖമായ കര്‍മ്മപഥം വെട്ടിത്തെളിയിക്കുന്നതിനും പ്രാപ്‌തരായവര്‍ക്ക്‌ മന:സ്സാക്ഷിക്കനുസൃതമായി വോട്ടു നല്‍കി വിജയിപ്പിക്കുവാന്‍ സംവാദങ്ങള്‍ക്ക്‌ സമാപനം കുറിച്ചുകൊണ്ട്‌ സെക്രട്ടറി സ്ഥാനാര്‍ത്ഥിയും കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ ഗോപിനാഥ കുറുപ്പ്‌ അഭ്യര്‍ത്ഥിച്ചു.?
എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന്‌ വിവിധ സംഘടനകളില്‍ നിന്ന്‌ പ്രതിനിധികളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിരുന്നു. ജോസ്‌ ചുമ്മാര്‍ (മെട്രോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌-കേരള സമാജം, ജോര്‍ജ്ജ്‌ തോമസ്‌ (പ്രസിഡന്റ്‌, ലോംഗ്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്‍/ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറി), ഫ്രെഡി എഡ്വേര്‍ഡ്‌ (ജുഡീഷ്യല്‍ കൗണ്‍സില്‍ മെംബര്‍), തോമസ്‌ കോശി (മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍), അനിയന്‍ ജോര്‍ജ്ജ്‌ (ഫോമ സ്ഥാപക സെക്രട്ടറി), ജോണ്‍ സി. വര്‍ഗീസ്‌ (മുന്‍ ഫോമ സെക്രട്ടറി), സണ്ണി എബ്രഹാം, എ.വി. വര്‍ഗീസ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സജു മാത്യു, ബഞ്ചമിന്‍ ജോര്‍ജ്ജ്‌, നിബു ജേക്കബ്ബ്‌ (ഫോമ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍), തോമസ്‌ അലക്‌സ്‌ (മാര്‍ക്ക്‌ പ്രസിഡന്റ്‌), ജേക്കബ്ബ്‌ ചൂരവടി (മാര്‍ക്ക്‌ ചെയര്‍മാന്‍), രാജേഷ്‌ പിള്ള (യോങ്കേഴ്‌സ്‌ മലയാളി അസ്സോസിയേഷന്‍ ചെയര്‍മാന്‍), ദേവകി മേക്കാട്ട്‌ (പ്രസിഡന്റ്‌, മിഡ്‌ ഹഡ്‌സണ്‍ മലയാളി അസ്സോസിയേഷന്‍), ചെയര്‍മാന്‍ ജേക്കബ്ബ്‌ കോശി, സജി എബ്രഹാം (പ്രസിഡന്റ്‌, കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌/കണ്‍വന്‍ഷന്‍ കണ്‍വീനര്‍), മുന്‍ പ്രസിഡന്റ്‌ ജേക്കബ്ബ്‌ തോമസ്‌, സ്റ്റാന്‍ലി കളത്തില്‍ (സെക്രട്ടറി, ലിമാ), ട്രഷറര്‍ ബേബി കുരിയാക്കോസ്‌, ഫിലിപ്പ്‌ മഠത്തില്‍ (പ്രസിഡന്റ്‌, ക്രിസ്‌ത്യന്‍ വേ), ജോസ്‌ ചാരുംമൂട്‌ (ഡിറക്ടര്‍, നോര്‍ക്ക),?ഈപ്പന്‍ കോട്ടുപ്പള്ളി (പ്രസിഡന്റ്‌, ലിംക), ജോര്‍ജ്ജ്‌ മാത്യു (പ്രസിഡന്റ്‌, കല), ജോയി ജേക്കബ്ബ്‌ (സെക്രട്ടറി, മാപ്പ്‌), ഷാജി (ട്രഷറര്‍, സിറാ) എന്നിവരെക്കൂടാതെ കണ്‍വന്‍ഷന്റെ ഗ്രാന്റ്‌ സ്‌പോണ്‍സേഴ്‌സ്‌ ആയ ജോണ്‍ ആകശാല, ജോര്‍ജ്ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌) എന്നിവരും സന്നിഹിതരായിരുന്നു.

മിഡ്‌ ഹഡ്‌സണ്‍ മലയാളി അസ്സോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറി അജിത മേനോന്‍ ആയിരുന്നു എം.സി. മിഡ്‌ ഹഡ്‌സണില്‍ നിന്നും വന്ന കലാപ്രതിഭകളുടെ താളലയഭാവസാന്ദ്രമായ നൃത്തനൃത്യങ്ങള്‍ പരിപാടികള്‍ക്ക്‌ മിഴിവേകി. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസിന്റെയും പ്രസിദ്ധ ഗായികയായ ദിവ്യ ജേക്കബ്ബിന്റേയും ഗാനമേള പരിപാടികള്‍ ജീവസ്സുറ്റതാക്കി. റീജിയണല്‍ ട്രഷറര്‍ പ്രദീപ്‌ നായരുടെ നന്ദിപ്രകടനത്തോടെ ഫോമയുടെ എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷനു തിരശ്ശീല വീണു.
പ്രൗഢഗംഭീരമായ ഫോമ എംപയര്‍ റീജിയണ്‍ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക