Image

എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നു

Published on 09 November, 2011
എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നു
ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, വിക്രം, കരീനാ കപൂര്‍ തുടങ്ങിയവര്‍ താരങ്ങള്‍.

ഏറെകാലത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ചലച്ചിത്രകാഴ്‌ച ഒരുങ്ങുമെന്ന്‌ ഉറപ്പായിരിക്കുന്നു. മലയാളത്തിന്റെ അനുഗ്രഹീത കഥാകാരന്‍ എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന വിഖ്യാത നോവലിന്‌ അടുത്ത വര്‍ഷം ചലച്ചിത്രഭാഷ്യം ഒരുങ്ങും. രണ്ടാമൂഴത്തിന്‌ തിരക്കഥ രചിക്കുന്ന തിരക്കിലാണിപ്പോള്‍. മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിഹരന്‍ ചിത്രത്തിന്‌ സംവിധാനം ഒരുക്കുന്നു. വടക്കന്‍ വീരഗാഥയുടെ തിരക്കഥാകൃത്തും സംവിധായകനും ഒന്നിക്കുന്നു എന്നതുകൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായ ഈ ചലച്ചിത്രം അഭിനേതാക്കളെക്കൊണ്ടും ഏറെ ശ്രദ്ധേയമാണ്‌.

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും മികച്ച അഭിനയ പ്രതികളും തന്നെയായ മമ്മൂട്ടിയും മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒന്നിക്കുന്നു. മോഹന്‍ലാല്‍ ഭീമനെയും മമ്മൂട്ടി ദുര്യോധനനെയും അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രങ്ങളിലൊന്നായി ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ്‌ ബച്ചനും ഉണ്ടാകും. തമിഴിലെ സൂപ്പര്‍താരം വിക്രം കര്‍ണ്ണനെ അവതരിപ്പിക്കും. ദ്രൗപതിയായി ബോളിവുഡ്‌ നായിക കരീനാ കപൂര്‍ വേഷമിടും. രണ്ടാംമൂഴത്തിലെ തീര്‍ച്ചപ്പെടുത്തിയ താരനിര ഇവരൊക്കെയാണ്‌. അഭ്രപാളിയില്‍ എം.ടിയുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയിലെ അഭിനയ പ്രതികള്‍ ഇനിയുമെത്തുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ മലയാളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ ചലച്ചിത്ര അത്ഭുതങ്ങളിലൊന്ന്‌ തന്നെയാകും സംഭവിക്കുക.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ താരനിരകള്‍ ഒരുങ്ങുമ്പോള്‍ പല ഭാഷകളിലേക്കും ചിത്രം ഒരേ സമയം ചിത്രീകരിക്കാനുള്ള സാധ്യതകളും ഹരിഹരന്‍ മുമ്പോട്ടുവെക്കുന്നു. എം.ടി തിരക്കഥാ ജോലികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു. ഏത്‌ തിരക്കുകള്‍ മാറ്റിവെച്ച്‌ രണ്ടാമൂഴത്തിനായി എത്തുമെന്ന്‌ തന്നെയാണ്‌ ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ നല്‍കിയിരിക്കുന്ന ഉറപ്പ്‌. വന്‍ ബജറ്റിലായിരിക്കും ചിത്രം ഒരുക്കുക.

മോഹന്‍ലാല്‍ എം.ടിയുടെ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിക്കുമെന്ന വാര്‍ത്ത ഏറെക്കാലമായി സജീവമായിരുന്നു. രണ്ടാമൂഴം എന്ന നോവലില്‍ നിന്നും ഭീമന്റെ കഥാപാത്രം മാത്രമെടുത്ത്‌ ചലച്ചിത്രഭാഷ്യമൊരുക്കുമെന്നായിരുന്നു ആദ്യമെത്തിയ വാര്‍ത്ത. എന്നാല്‍ മികച്ച അഭിനേതാക്കളിലൂടെ രണ്ടാമൂഴത്തിലെ കഥാപാത്രങ്ങളെയെല്ലാം പുനര്‍ജനിപ്പിക്കാന്‍ തന്നെയാണ്‌ എം.ടി തീരുമാനിച്ചിരിക്കുന്നത്‌.

മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലാണ്‌ എം.ടിയുടെ രണ്ടാമൂഴം. പഞ്ചാപാണ്‌ഡവരില്‍ രണ്ടാമനായ ഭീമസേനനെ കേന്ദ്രീകരിച്ച്‌ പുതിയൊരു കാഴ്‌ചപ്പാടില്‍ മഹാഭാരത്തിലെ മറ്റൊരു തലത്തിലേക്കുള്ള യാത്രയാണ്‌ എം.ടിയുടെ രണ്ടാമൂഴം. വടക്കന്‍ പാട്ടുകളിലെ ചതിയന്‍ ചന്തുവിന്റെ മറ്റൊരു മുഖം വടക്കന്‍വീരഗാഥ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച എം.ടിയും ഹരിഹരനും തന്നെയാണ്‌ രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യവും ഒരുക്കുന്നതെന്നത്‌ ഏറെ പ്രതീക്ഷകള്‍ തന്നെയാണ്‌ നല്‍കുന്നത്‌.

1984ല്‍ പുറത്തിറങ്ങിയ നോവലാണ്‌ രണ്ടാമൂഴം. എം.ടിക്ക്‌ വയലാര്‍ അവാര്‍ഡ്‌ നേടിക്കൊടുത്ത കൃതി. എം.ടിയുടെ മാസ്റ്റര്‍ പീസ്‌ എന്ന നിരൂപകര്‍ വാഴ്‌ത്തുന്ന ഈ നോവല്‍ 1997ല്‍ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയിരുന്നു. സെക്കന്റ്‌ ടേണ്‍ എന്നാണ്‌ ഇംഗ്ലീഷ്‌ പരിഭാഷയുടെ പേര്‌.

മമ്മൂട്ടിയും മോഹന്‍ലാലും എം.ടിയുടെ കഥാപാത്രങ്ങളായി എത്തിയപ്പോഴൊക്കെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്‌ പ്രേക്ഷകര്‍ക്ക്‌ ലഭിച്ചിട്ടുള്ളത്‌. വടക്കന്‍ വീരഗാഥയിലെ ചന്തുവും, പഴശ്ശിരാജയുമൊക്കെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയെ പുതിയ ഉയരങ്ങളിലെത്തിച്ച എം.ടിയുടെ കഥാപാത്രങ്ങളാണ്‌. അതുപോലെ തന്നെ താഴ്‌വാരത്തിലെ മോഹന്‍ലാലിന്റെ ബാലന്‍ എന്ന കഥാപാത്രവും പ്രേക്ഷകര്‍ മറക്കാത്ത അനുഭവമാണ്‌. താഴ്‌വാരത്തിലെ ബാലന്‍ എം.ടിയുടെ ഏറ്റവും മികച്ച കഥാപാത്രസൃഷ്‌ടികളിലൊന്ന്‌ തന്നെ. ഇവര്‍ക്കൊപ്പം അമിതാഭ്‌ ബച്ചനെപ്പോലെയുള്ള പ്രതിഭകള്‍ കൂടി എം.ടിയുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തീര്‍ച്ചയായും മികച്ച സിനിമ തന്നെ പ്രേക്ഷകന്‌ പ്രതീക്ഷിക്കാം.

രണ്ടാമൂഴത്തിന്‌ ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നുവെന്ന കേള്‍വിയില്‍ തന്നെ അത്‌ എങ്ങനെയാകുമെന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കുണ്ടാകും. നോവല്‍ അതേ രൂപത്തില്‍ തിരക്കഥയാക്കി മാറ്റി ചലച്ചിത്രരൂപത്തിലേക്ക്‌ പകര്‍ത്തുമോ, അതോ നോവലില്‍ നിന്നും അടത്തിയെടുക്കുന്ന വിചാരവികാരങ്ങള്‍ പുതിയൊരു തലത്തിലേക്ക്‌ മാറ്റി അവതരിപ്പിക്കപ്പെടുമോ എന്നതൊക്കെ അറിയുന്നതിന്‌ ഇനിയും കാത്തിരിക്കേണ്ടതുണ്ട്‌. എങ്കിലും രണ്ടാമൂഴം ചലച്ചിത്രമാകുന്നു എന്ന അറിവ്‌ തന്നെ ഏറെ മലയാള കലാലോകത്തിന്‌ ഏറെ സന്തോഷകരമാണ്‌.

രണ്ടാമൂഴം എന്ന പുസ്‌തകത്തിന്റെ അവസാനഭാഗത്ത്‌ എം.ടി ഇങ്ങനെ എഴുതിയിരിക്കുന്നു. ``1977ല്‍ മരണം വളരെ സമീപമെത്തി പിന്മാറിയ എന്റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട്‌ ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസില്‍ എഴുതാനും വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം നടത്തി. പക്ഷെ രണ്ടാമൂഴം എഴുതി തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്നെ കാലത്തിന്റെ ദയയ്‌ക്കു നന്ദി''.

ഇന്നിതാ രണ്ടാമൂഴം ചലച്ചിത്രമാക്കാനും എം.ടിക്ക്‌ നിയോഗമെത്തിയിരിക്കുന്നു. മലയാളം ഏറെ ആസ്വദിച്ച അംഗീകരിച്ച ഒരു നോവല്‍ കൂടി ചലച്ചിത്രമാകുന്നു. മലയാളത്തിന്‌ ഏറെ കഥകള്‍ പറഞ്ഞു തന്നെ എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ ഇനി പ്രേക്ഷകരിലേക്ക്‌ എത്തുന്നതിനായി കാത്തിരിക്കാം...
എം.ടിയുടെ രണ്ടാമൂഴം ചലച്ചിത്രമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക