Image

എഴുത്തച്ഛന്‍ പുരസ്‌കാരം എം.ടിക്ക്

Published on 08 November, 2011
എഴുത്തച്ഛന്‍ പുരസ്‌കാരം എം.ടിക്ക്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് വെച്ച് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി ജോസഫാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എം. ലീലാവതി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്. പുരസ്‌കാരദാന ചടങ്ങിന്റെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.

1995ല്‍ സാംസ്‌കാരികലോകം ജ്ഞാനപീഠം നല്‍കി ആദരിച്ച എം.ടിയെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാന്‍ വൈകിപ്പോയതായി ജൂറി അഭിപ്രായപ്പെട്ടു. ഇത്തവണ എം.ടിയെ തെരഞ്ഞെടുത്തതിലൂടെ അവാര്‍ഡിന്റെ മൂല്യം ഇരട്ടിയായെന്ന് മന്ത്രി ജോസഫ് അഭിപ്രായപ്പെട്ടു. 1993ല്‍ സാംസ്‌കാരികമന്ത്രിയായിരിക്കെ ടി.എം ജേക്കബ് ആണ് മലയാള സാഹിത്യത്തിന്റെ കുലപതി തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ഓര്‍മക്കായി എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയതെന്നും ജേക്കബിന്റെ മരണത്തെ തുടര്‍ന്നാണ് നവംബര്‍ ഒന്നാംതിയ്യതി പ്രഖ്യാപിക്കേണ്ട പുരസ്‌കാരം ഇന്ന് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ മൂന്ന് തവണ കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടെറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള എംടിക്ക് 2005ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

എഴുത്തച്ഛന്റെ പേരില്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരതുക തുഞ്ചന്‍പറമ്പിലെ കുട്ടികളുടെ ഗ്രന്ഥാലയത്തിന് നല്‍കുമെന്നും എം.ടി പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക