Image

ബാലമാണിയമ്മ പുരസ്‌കാരം സി.രാധാകൃഷ്ണന്

Published on 08 November, 2011
ബാലമാണിയമ്മ പുരസ്‌കാരം സി.രാധാകൃഷ്ണന്
കൊച്ചി: ഈ വര്‍ഷത്തെ ബാലമാണിയമ്മ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്.

നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകന്‍ , ഉപന്യാസകാരന്‍, ചലച്ചിത്രകാരന്‍ എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധേയനായ സി.രാധാകൃഷ്ണന്‍ ആധുനികതയുടെ ദുരൂഹാഖ്യാനത്തില്‍ പെടാതെ വള്ളുവനാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം കാവ്യാത്മകഭാഷയില്‍ അവതരിപ്പിച്ച എഴുത്തുകാരനാണ്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള സംഘര്‍ഷം ഇദ്ദേഹത്തിന്റെ അടിസ്ഥാനപ്രമേയങ്ങളിലൊന്നാണ്. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്​പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്​പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍ .

 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക