Image

വിധി അത്യന്തം നിര്‍ഭാഗ്യകരം: പിണറായി

Published on 08 November, 2011
വിധി അത്യന്തം നിര്‍ഭാഗ്യകരം: പിണറായി
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ എം.വി ജയരാജനെ ആറ് മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധി അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിധി വന്നതിന് ശേഷം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇത് പറഞ്ഞത്.

കോടതിയുടെ നടപടി പ്രതികാര മനോഭാവത്തോടെയുള്ളതാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനത്തില്‍ നിന്ന് പ്രതിഷേധങ്ങളുണ്ടാകുന്നത് ഇല്ലാതാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആ ഉദ്ദേശം നടക്കില്ല. പ്രതിഷേധം ഹനിക്കുന്ന നടപടിയാണിത്. വിധിക്കെതിരെ തീര്‍ച്ചയായും അപ്പീല്‍ പോകും. അതിനായി നിയമവിദഗ്ധരുമായി ആലോചിച്ചുവരുകയാണ്.

ഇവിടെ അപ്പീല്‍ പോകാനുള്ള മൗലിക അവകാശം പോലും അംഗീകരിക്കപ്പെട്ടില്ല. സാധാരണഗതിയില്‍ അപ്പീല്‍ നല്‍കാനായി രണ്ട് മാസം വരെ സമയം നല്‍കാറുണ്ട്. അതിന് പകരം ഇന്ന് തന്നെ വിധി നടപ്പാക്കണമെന്ന നിലപാടാണ് പുലര്‍ത്തിയത്. ഇത് തീര്‍ച്ചയായും അനുചിതമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന കോടതിയലക്ഷ്യ നടപടി തന്നെ സാമാന്യ നീതിക്ക് നിരക്കാത്തതാണ്. വാദിയും തെളിവെടുക്കുന്നയാളും വിധി പ്രഖ്യാപിക്കുന്നതും എല്ലാം ഒരാള്‍ തന്നെയാകുന്നന്നതാണ് സ്ഥിതി-അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക