Image

പഞ്ചാക്ഷരീമന്ത്രത്തില്‍ ലയിച്ച്‌ (ശിവരാത്രി -മീട്ടു റഹ്‌മത്ത്‌ കലാം)

Published on 26 February, 2014
പഞ്ചാക്ഷരീമന്ത്രത്തില്‍ ലയിച്ച്‌ (ശിവരാത്രി -മീട്ടു റഹ്‌മത്ത്‌ കലാം)
മലയാളിയുടെ പുരുഷ സങ്കല്‍പ്പത്തോട്‌ ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ദേവന്‍ പരമശിവനാണെന്ന്‌ നിസ്സംശയം പറയാന്‍ കഴിയും. ശ്രീകൃഷ്‌ണന്റെ സരസതയും കുസൃതിയും കള്ളത്തരങ്ങളും കാമുകനില്‍ നിന്ന്‌ പ്രതീക്ഷിക്കുമ്പോഴും ഭര്‍ത്താവ്‌ എന്ന കൂടുതല്‍ ഉത്തരവാദിത്വമുള്ള സ്ഥാനത്ത്‌ നിര്‍ത്തി ചിന്തിക്കുമ്പോള്‍ മനസ്‌ ചെന്നെത്തുക ശിവനില്‍ തന്നെ. പെട്ടെന്ന്‌ ദേഷ്യം വരികയും അതുപോലെ തന്നെ തണുക്കുകയും ചെയ്യുന്ന പുരുഷസഹജമായ സ്വഭാവ സവിശേഷത മാത്രമല്ല അതിനു കാരണം. പല സംസ്‌കാരങ്ങളിലും ഭാര്യയെ മറുപാതിയായി വിശേഷിപ്പിക്കുമെങ്കിലും അവളുടെ അഭാവത്തില്‍ ഒറ്റയ്‌ക്ക്‌ നിലനില്‍പ്പില്ലെന്നതിന്‌ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പത്തോളം നല്ല ഉദാഹരണമില്ല. ശിവശക്തിയിലെ ശക്തി ദേവിയാണ്‌.

സ്വന്തം പിതാവ്‌ (ദക്ഷന്‍) ഭര്‍ത്താവിനെ അപമാനിച്ചതില്‍ മനംനൊന്ത്‌ സതീദേവി അഗ്നിക്കിരയായ ശേഷവും താനില്ലെങ്കില്‍ ശിവന്‍ തളര്‍ന്നുപോകും എന്ന ബോധ്യമാണ്‌ പാര്‍വ്വതിയായി പുനര്‍ജനിക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌. പത്‌നിയുടെ പുനര്‍ജന്മം ആയിട്ടുപോലും പര്‍വ്വതിയെ മറ്റൊരു സ്‌ത്രീയായി മാത്രമേ ഏകപത്‌നീവ്രതത്തില്‍ വിശ്വസിക്കുകയും, തപസ്സനുഷ്‌ഠിക്കുകയും ചെയ്‌ത പരമശിവന്‍ കണ്ടുള്ളൂ. താരകാസുരനെ നിഗ്രഹിക്കാന്‍ ശിവപാര്‍വ്വതിമാര്‍ക്ക്‌ പിറക്കുന്ന കുഞ്ഞിനെക്കൊണ്ടേ കഴിയൂ എന്നതുകൊണ്ട്‌ ശിവനെ അനുരക്തനാക്കാന്‍ ദേവഗണങ്ങള്‍ പാര്‍വ്വതിയുടെ സഹായത്തിനെത്തി. പ്രണയം ജനിപ്പിക്കാന്‍ കഴിവുള്ള പൂവമ്പുകള്‍ ഓരോന്നായി
കാമദേവന്‍ പരമശിവനു നേര്‍ക്ക്‌ തൊടുത്തു വിട്ടു. അഞ്ചു ശരങ്ങളും തീര്‍ന്നശേഷം ഇനിയെന്ത്‌ ചെയ്യുമെന്ന്‌ കരുതി നില്‍ക്കവെ ശിവന്റെ തപസ്സ്‌ മുടങ്ങുകയും പാര്‍വ്വതീപരിണയത്തിന്‌ വഴിയൊരുങ്ങുകയും ചെയ്‌തു. ഇതിനിടയില്‍ തപസ്സു മുടക്കിയ ദേഷ്യത്തില്‍ പരമശിവന്‍ കാമദേവനെ തൃക്കണ്ണു തുറന്ന്‌ ഭസ്‌മമാക്കുമെങ്കിലും രതീദേവിയുടെ (കാമദേവന്റെ ഭാര്യ) പ്രാര്‍ത്ഥനയും ദേവഗണങ്ങളുടേയും ദേവിയുടേയും അപേക്ഷയും മാനിച്ച്‌ ശാപമോക്ഷം കൊടുക്കുകയും ചെയ്‌തുവെന്നുമാണ്‌ കഥ.

ലോകത്തെ സര്‍വ്വ നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ പരമശിവന്‍ ചെയ്‌ത കാര്യങ്ങളില്‍ പ്രധാനമാണ്‌ ഗംഗയെ തന്റെ ജടയില്‍ ഒതുക്കിയത്‌. മറ്റൊന്ന്‌ ശിവരാത്രിയുടെ ഐതീഹ്യവുമായി ബന്ധപ്പെട്ടതാണ്‌. പാലാഴിമദനത്തിനിടയില്‍ കാളകൂടം എന്ന കൊടിയ വിഷം വിശ്വത്തെ തന്നെ ഇല്ലാതാക്കും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഭഗവാന്‍ മറ്റൊന്നും ചിന്തിക്കാതെ അത്‌ പാനം ചെയ്യാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ്‌ പ്രാര്‍ത്ഥനയോടെ ദേവി തന്റെ കൈകൊണ്ട്‌ നാശകാരിയായ വിഷം ഭഗവാന്റെ കണ്‌ഠത്തില്‍ തടഞ്ഞു നിര്‍ത്തുകയും ദേവന്‍ നീലനിറമുള്ള കണ്‌ഠമുള്ളവനായി (നീലകണ്‌ഠന്‍) മാറുകയും ചെയ്‌തുവെന്നാണ്‌ പുരാണം. ഭര്‍തൃസ്‌നേഹത്താല്‍ പാര്‍വ്വതീദേവി ആ രാത്രി മുഴുവന്‍ ഉറക്കമിളച്ച്‌ പ്രാര്‍ത്ഥനാനിരതയായി പതിക്ക്‌ കാവലിരുന്നു എന്നും ദേവഗണങ്ങള്‍ അത്‌ തുടര്‍ന്നുപോന്നു എന്നുമാണ്‌ സങ്കല്‍പ്പം. ദേവന്‌ ഏറ്റവും പ്രിയപ്പെട്ട ആ രാത്രിയുടെ ഓര്‍മ്മയില്‍ കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുര്‍ദശിക്ക്‌ വ്രതവും പ്രാര്‍ത്ഥനയും നടത്തുന്നത്‌ പാപ പരിഹാരമായി കണക്കാക്കപ്പെടുന്നു.

പ്രാര്‍ത്ഥനയാണ്‌ ശിവപാര്‍വ്വതീ ബന്ധത്തിന്റെ അടിത്തറ. ദേവിയെ മാതൃകയാക്കി വിവാഹപ്രായമായ പെണ്‍കുട്ടികള്‍ വ്രതം അനുഷ്‌ഠിക്കാറുണ്ട്‌. മുത്തശ്ശിമാരുള്ള തറവാടുകളില്‍ പേരക്കുട്ടികള്‍ക്ക്‌ ഉത്തമ വരനെ കിട്ടുന്നതിന്‌ ശിവരാത്രീവ്രതത്തിന്റെ ശ്രേഷ്‌ഠത ഒരു ഉപദേശംപോലെ ഇന്നും പറഞ്ഞുകൊടുക്കാറുണ്ട്‌. വിവാഹിതരായ സ്‌ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായും വ്രതം നോല്‍ക്കുന്നു. ശൈവമതം പ്രബലമായിത്തീര്‍ന്ന ഏഴാം നൂറ്റാണ്ടോടുകൂടിത്തന്നെ ശിവരാത്രി ആഘോഷിച്ചുവരുന്നതിന്‌ തെളിവുണ്ട്‌. ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീഭാഗവതത്തിലുമൊക്കെ ശിവരാത്രിയപ്പറ്റി പരാമര്‍ശമുണ്ട്‌.

ശിവന്റെ പ്രതിരൂപമായാണ്‌ ശിവലിംഗത്തെ കാണുന്നത്‌. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയാണ്‌ പൂജ ചെയ്യുക. മക്കളായ ഗണപതിയുടേയും സുബ്രഹ്‌മണ്യന്റേയും അമ്പലങ്ങളിലും ശിവരാത്രിയോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജ നടത്താറുണ്ട്‌. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠയുള്ള ക്ഷേത്രം എന്ന നിലയ്‌ക്ക്‌ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി പ്രസിദ്ധമാണ്‌. പിതൃതര്‍പ്പണം നടത്തുന്നത്‌ കൂടാതെ ആലുവാ ക്ഷേത്രത്തിലെ ശിവരാത്രിക്കും പ്രത്യേകതയുണ്ട്‌. പ്രകൃതിയുടെ നിയന്ത്രണത്തില്‍ സ്വാഭാവികമായി ആറാട്ട്‌ നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ്‌ ആലുവ ശിവക്ഷേത്രം. പെരിയാര്‍ കവിഞ്ഞൊഴുകി വിഗ്രഹം വെള്ളത്തില്‍ മുങ്ങുമ്പോഴാണ്‌ ഇവിടെ ആറാട്ട്‌ നടക്കുക. ആലുവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കാണാന്‍ വേണ്ടിമാത്രം ജനസാഗരമാണ്‌ ആ മണല്‍പ്പുറത്ത്‌ തിങ്ങിനിറയുക.

ശിവരാത്രി ഒരു തട്ടിയുണര്‍ത്തലാണ്‌. എല്ലാം മറന്നുള്ള ഉറക്കത്തില്‍ നിന്ന്‌ ക്ഷണികമായ എല്ലാം ത്യജിക്കുകയും മനോവികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്‌ത്‌ ഭക്തിയുടെ കൈലാസത്തിലെത്തി വ്യക്തിക്കും കുടുംബത്തിനും ശാന്തിയും സന്തോഷവും ലഭിക്കുന്ന അപൂര്‍വ്വ രാത്രി. ഭക്തര്‍ ഉരുവിടുന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ആ രാത്രിയുടെ പവിത്രതയില്‍ പാപങ്ങള്‍ കഴുകിപ്പോകുകയും ശാരീരികവും ആത്മീയവുമായ ഉത്തേജനം കൈവരുമെന്നാണ്‌ വിശ്വാസം.
പഞ്ചാക്ഷരീമന്ത്രത്തില്‍ ലയിച്ച്‌ (ശിവരാത്രി -മീട്ടു റഹ്‌മത്ത്‌ കലാം)പഞ്ചാക്ഷരീമന്ത്രത്തില്‍ ലയിച്ച്‌ (ശിവരാത്രി -മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
sudhir panikkaveetil 2014-02-26 18:08:20
നന്നയിട്ടുണ്ട്. അഭിനന്ദനങ്ങൾ !
കൃഷ്ണ 2014-02-26 22:51:57
നല്ല ലേഖനം.
ajay 2014-03-01 09:01:03
Good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക