Image

ആരോഗ്യ ഇന്‍ഷുറന്‍സ്: ബി.പി.എല്ലുകാര്‍ക്കു മാത്രം

Published on 08 November, 2011
ആരോഗ്യ ഇന്‍ഷുറന്‍സ്: ബി.പി.എല്ലുകാര്‍ക്കു മാത്രം
തിരുവനന്തപുരം: എ.പി.എല്ലുകാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പുതുതായി ചേര്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങി സംഘടിത തൊഴിലാളി മേഖലയിലെ സ്ഥിര വരുമാനക്കാരെയും പുതുതായി പദ്ധതിയില്‍ ചേര്‍ക്കേണ്ടതില്ലെന്ന് തൊഴില്‍ വകുപ്പ് തീരുമാനിച്ചു. അതേസമയം, ഈ വിഭാഗങ്ങളില്‍പ്പെട്ട നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് അത് തുടരാന്‍ അനുമതി നല്‍കും. പതിന്നാലിന് അക്ഷയകേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പുതിയ രജിസ്‌ട്രേഷനിലാണ് ഈ നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഏതെങ്കിലും ക്ഷേമനിധി ബോര്‍ഡില്‍ അംഗമാണെങ്കില്‍ എ.പി.എല്ലുകാര്‍ക്ക് പദ്ധതിയില്‍ ചേരാനാകും.

ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വ്യാപക ദുരുപയോഗം തടയാനാണ് എ.പി.എല്ലുകാരെയും മറ്റും ഒഴിവാക്കുന്നതെന്നാണ് പദ്ധതി നടത്തിപ്പ് ഏജന്‍സിയായ ചിയാക് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനിയും ഇത് ആവശ്യപ്പെടുന്നുണ്ട്. രണ്ടുലക്ഷം രൂപവരെ ചികിത്സാ സഹായം ലഭിക്കുന്ന കേരള ആരോഗ്യശ്രീ എന്ന പുതിയ പദ്ധതി വരുന്നതും ഉയര്‍ന്നവരുമാനക്കാരെ ഒഴിവാക്കാന്‍ കാരണമായി പറയുന്നുണ്ട്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എ.പി.എല്‍. വിഭാഗക്കാര്‍ക്ക് 748 രൂപയാണ് പ്രീമിയം ഏര്‍പ്പെടുത്തിയിരുന്നത്. ബി.പി.എല്ലുകാരുടെ പ്രീമിയം തുക സര്‍ക്കാറാണ് അടയ്ക്കുന്നത്.

പദ്ധതിയില്‍ 28.1 ലക്ഷം ബി.പി.എല്‍. കുടുംബങ്ങളുണ്ട്. 1.60 ലക്ഷം എ.പി.എല്ലുകാര്‍ പദ്ധതിയില്‍ ചേര്‍ന്നിരുന്നെങ്കിലും ഒരു ലക്ഷം പേരെങ്കിലും കാര്‍ഡ് പുതുക്കാതെയും മറ്റും കൊഴിഞ്ഞുപോയെന്നാണ് കണക്കാക്കുന്നത്. അനാവശ്യചികിത്സയിലും കാര്‍ഡ് ദുരുപയോഗത്തിലും എ.പി.എല്‍. വിഭാഗക്കാര്‍ മുന്നിലാണെന്നാണ് നിഗമനം. ആവശ്യമായ ബോധവത്കരണവും മറ്റും ഇല്ലാത്തതിനാല്‍ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട നല്ലൊരു വിഭാഗവും കാര്‍ഡ് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് നിഗമനം. പദ്ധതിയില്‍ ചേരുന്നതിന് ഇന്‍ഷുറന്‍സ് കമ്പനി ബി.പി.എല്‍. വിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

ഒരു ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന ചിസ്പ്ലസ് പദ്ധതിയില്‍ ഈ മാസം 12 മുതല്‍ മൂന്ന് രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കരള്‍രോഗം, അപകടംമൂലമുള്ള ട്രോമാകെയര്‍, ന്യൂറോ എന്നീ ചീകിത്സകളാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തേ വൃക്കരോഗം, കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്ക് ഈ ആനുകൂല്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മലബാര്‍ കാന്‍സര്‍ സെന്റര്‍, ആര്‍.സി.സി., ശ്രീചിത്ര എന്നിവിടങ്ങളില്‍ക്കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. 2012 മാര്‍ച്ച് 31 വരെ കാലാവധി ഇല്ലാത്ത സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ മുഴുവന്‍ 14 ന് ആരംഭിക്കുന്നരജിസ്‌ട്രേഷനില്‍ വീണ്ടും പങ്കെടുക്കണം. സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ആകാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അക്ഷയകേന്ദ്രങ്ങള്‍ വഴിനടത്തുന്ന രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അതേസമയം, റേഷന്‍ കാര്‍ഡ് ഇല്ലാത്ത പാവപ്പെട്ടവര്‍, വഴിയോരക്കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ പ്രത്യേകഫോറത്തില്‍ വേണം അപേക്ഷ നല്‍കാന്‍. അതിന് റേഷന്‍ കാര്‍ഡില്ലാത്തവര്‍ മൂന്നുരൂപയും മറ്റുള്ളവര്‍ രണ്ടുരൂപയും സര്‍വീസ് ചാര്‍ജ് നല്‍കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക