Image

ഐ.ആര്‍.എസില്‍ നിന്നു വിളിവരും; ഫോണ്‍ എടുക്കരുത് - ജോര്‍ജ് തുമ്പയില്‍

ജോര്‍ജ് തുമ്പയില്‍ (emalayalee exclusive) Published on 26 February, 2014
ഐ.ആര്‍.എസില്‍ നിന്നു വിളിവരും; ഫോണ്‍ എടുക്കരുത് - ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വ്യാപകമാകുന്ന ടെലിഫോണ്‍ തട്ടിപ്പിന്റെ ഇരകളിലേറെയും ഇന്ത്യക്കാര്‍. പണം ക്രയവിക്രയം ചെയ്യുന്ന ഇന്ത്യക്കാരെ കൂടുതലായി ലക്ഷ്യമിട്ടു നടത്തുന്ന തട്ടിപ്പില്‍ ഇതുവരെ നൂറു കണക്കിനു പേര്‍ ഇരയായി കഴിഞ്ഞു. ചിലര്‍ പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ മാനഹാനി ഭയന്ന് മൗനം പാലിക്കുകയാണ്. ഇന്റേണല്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) നികുതി അടച്ചിട്ടില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലാകുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. നികുതിദായകരില്‍ പലരുടെയും അജ്ഞത മുതലാക്കി നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് അമേരിക്കയിലെ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. നികുതി അടയ്‌ക്കേണ്ട സമയത്ത് പലവിധത്തിലുള്ള തട്ടിപ്പുകാര്‍ രംഗപ്രവേശം ചെയ്യാറുണ്ടെങ്കിലും ഇത്തരത്തില്‍ യാഥാര്‍ത്ഥ്യമെന്നു തോന്നുന്ന വിധത്തില്‍ സാങ്കേതിക തികവോടെ തട്ടിപ്പു അരങ്ങേറുന്നത് ഇതാദ്യമാണ്. ഇവരുടെ ടെലിഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള നീക്കങ്ങള്‍ പോലും ഇതുവരെ ഫലപ്രാപ്തിയിലായിട്ടില്ല. ഇന്റേണല്‍ റവന്യൂ സര്‍വീസിന്റെ കോളര്‍ ഐഡിയില്‍ നിന്നുമാണ് ഫോണ്‍ സന്ദേശമെത്തുന്നതിനാല്‍ പലരും ആദ്യം ഇത് തട്ടിപ്പാണെന്നു തിരിച്ചറിയുന്നതേയില്ല. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നു വ്യക്തം.

ഇന്റേണല്‍ റവന്യൂ സര്‍വീസ് ടാക്‌സിന്റെ പേരില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ടെലിഫോണ്‍ തട്ടിപ്പാണ് ഇത്തവണ ശ്രദ്ധേയമായിരിക്കുന്നത്. മുന്‍പ് ഇ-മെയ്‌ലുകള്‍ മുഖേനയായിരുന്നു തട്ടിപ്പെങ്കില്‍ ഇത്തവണ നേരിട്ട് ഓരോ വ്യക്തിയെയും ഫോണില്‍ വിളിച്ചാണ് തട്ടിപ്പുവീരന്മാര്‍ പലരുടെയും ആയിരക്കണക്കിന് ഡോളറുകള്‍ അപഹരിച്ചത്. തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടു കൂടി ട്രൈസ്റ്റേറ്റ് മേഖലയിലെ ഒരു വനിതയ്ക്ക് കഴിഞ്ഞ ജനുവരി 29-ന് (പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ല) നഷ്ടപ്പെട്ടത് 10,000 ഡോളറാണ്.

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ലേഖകനെ തട്ടിപ്പുകാര്‍ നേരിട്ടു വിളിച്ചു നികുതി അടയ്ക്കണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് നേരിടാന്‍ തയ്യാറായിക്കൊള്ളുവെന്നും ഭീഷണിപ്പെടുത്തിയത് ഒന്നര മാസം മുന്‍പാണ്. എന്നാല്‍ ടെലിഫോണ്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ഹാസ്യരൂപേണ സംസാരിച്ച് ലേഖകന്‍ തട്ടിപ്പുകാരെ ഇളിഭ്യരാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം ഭാര്യയെ തട്ടിപ്പുസംഘം ഫോണില്‍ വിളിച്ച് ഇന്റേണല്‍ റവന്യൂ സര്‍വീസ് ടാക്‌സ് അടച്ചിട്ടില്ലെന്നും അറസ്റ്റ് നേരിടാന്‍ സജ്ജമായിക്കൊള്ളുവെന്നും ഭീഷണണിപ്പെടുത്തി. ഭാര്യയ്ക്കു വേണ്ടി ലേഖകനോടു സംസാരിക്കാന്‍ തട്ടിപ്പുകാര്‍ സമ്മതിച്ചതോടെ, ഉരുളയ്ക്കു ഉപ്പേരി പോലെ ലേഖകന്‍ മറുപടിയുമായെത്തി. മുന്‍കൂര്‍ നികുതി അടച്ചിരുന്നതിനാല്‍ തട്ടിപ്പുകാരുടെ ഭീഷണിയെക്കുറിച്ച് കൂടുതല്‍ ബോധവനായിരുന്നതു കൊണ്ട് അവരുടെ ഭീഷണിയെ തെല്ലും വകവച്ചില്ല. ഉടന്‍ നികുതി അടച്ചില്ലെങ്കില്‍ ഷെരീഫിന്റെ ഡെപ്യൂട്ടികള്‍ വൈകാതെ സ്ഥലത്തെത്തുമെന്നും ഇരുവരെയും അറസ്റ്റു ചെയ്യുമെന്നും അറിയിച്ചപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ പട്ടാളത്തെ തന്നെ അയച്ചോളു നേരിടാന്‍ തയ്യാറാണെന്നു ലേഖകന്‍ തട്ടിപ്പുകാരെ അറിയിച്ചു. പിന്നീട് ചില വാഗ്വാദങ്ങള്‍ക്കു ശേഷം തട്ടിപ്പുകാര്‍ സ്വയം പിന്‍വാങ്ങി.

എന്നാല്‍ ന്യൂയോര്‍ക്കിലെ കരുണ (പേര് യാഥാര്‍ത്ഥ്യമല്ല) എന്ന സ്ത്രീയുടെ ബന്ധുവിന് സംഭവിച്ച ദുര്യോഗം തട്ടിപ്പിന്റെ യഥാര്‍ത്ഥ രൂപമാണ് പുറത്തെത്തിച്ചത്. ഈ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ മറ്റുള്ളവരെ അറിയിക്കണമെന്നും ഇനിയാരും ഇവരുടെ ഇരകളാവരുതെന്നും ആഗ്രഹിച്ച കരുണ തന്റെ ബന്ധുവിനു പറ്റിയ അബദ്ധം വിവരിച്ചു.

കരുണയുടെ ബന്ധുവിന്റെ ഭര്‍ത്താവ് വികലാംഗനായതിനാല്‍ മുപ്പത്തഞ്ചുകാരിയായ ഇവരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ മുഴുവന്‍ നോക്കിയിരുന്നത്. അവരുടെ വീട്ടിലെ ലാന്‍ഡ്‌ലൈനിലേക്ക് രാവിലെ 7.30-ന് തട്ടിപ്പുകാരുടെ ആദ്യ കോള്‍ എത്തുന്നത്. കോളര്‍ ഐഡിയില്‍ തെളിഞ്ഞത് ഐആര്‍എസിലെ 1800-829-1040 എന്ന നമ്പര്‍ തന്നെയായിരുന്നു. വിളിച്ചയാള്‍ ഐആര്‍എസിലെ ഉദ്യോഗസ്ഥന്‍ ഫ്രാങ്ക് ജാക്ക്‌സണ്‍ ആണെന്നു സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് അവര്‍ നികുതിയായി 7000 ഡോളര്‍ അടയ്ക്കാന്‍ കുടിശിക ഉണ്ടെന്നും അതിനാല്‍ ലിറ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഐആര്‍എസ് ഏജന്റായ കെവിന്‍ പീറ്റേഴ്‌സണുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പീറ്റേഴ്‌സണുമായി സംസാരിച്ച കരുണയുടെ ബന്ധുവിനോട് രണ്ടു മണിക്കൂറിനുള്ളില്‍ നിങ്ങള്‍ അറസ്റ്റിലാവുമെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കാന്‍ അഭിഭാഷകനുണ്ടോയെന്നും അയാള്‍ അന്വേഷിച്ചു. അഭിഭാഷകന്‍ ഇല്ലെന്ന് അറിയിച്ചതോടെ അറസ്റ്റ് നേരിടാന്‍ തയ്യാറായിക്കൊള്ളുവെന്നായിരുന്നു പീറ്റേഴ്‌സന്റെ മറുപടി. കഴിഞ്ഞ നവംബറില്‍ തന്നെ ഐആര്‍എസിലേക്ക് എല്ലാ ഡോക്യുമെന്റേഷനുകളും നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് ഐആര്‍എസ് തിരസ്‌ക്കരിച്ചുവെന്നും പീറ്റേഴ്‌സണ്‍ അവരെ അറിയിച്ചു.

ഡിസംബറില്‍, നികുതിയുടെ പേപ്പറുകള്‍ സമര്‍പ്പിക്കേണ്ട സമയത്ത് ഭൂരിഭാഗം സമയത്തും അവര്‍ യാത്രയിലായിരുന്നുവെന്നും അതിനാല്‍ നികുതി അടയ്‌ക്കേണ്ടതിന്റെ സമയം അവസാനിച്ചുവെന്നും അയാള്‍ അറിയിച്ചു. തുടര്‍ന്ന് അറസ്റ്റില്‍ നിന്നും രക്ഷനേടാനായി അടിയന്തരമായി പെനാല്‍റ്റി ചാര്‍ജായി 2900 ഡോളറുകള്‍ ടാക്‌സ് പേ വൗച്ചറുകളായി നല്‍കിയാല്‍ രക്ഷിക്കാമെന്നു പറഞ്ഞപ്പോള്‍ കരുണയുടെ ബന്ധു മറ്റൊന്നും ഓര്‍ത്തില്ല. അവരാകെ വിഷമവൃത്തിലായിരുന്നു.
വാള്‍മാര്‍ട്ടിലും മറ്റ് വിവിധ സ്റ്റോറുകളിലും ടാക്‌സ് പേ വൗച്ചറുകള്‍ ലഭ്യമാണെന്ന് അറിയിച്ചതോടെ അവര്‍ക്ക് സംശയത്തിന്റെ ലാഞ്ചന പോലും തോന്നിയില്ല. തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോഴും കരുണയുടെ ബന്ധുവിനു സംശയം തോന്നിയതേയില്ല. അറസ്റ്റിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യം ആരോടും സംസാരിക്കരുതെന്നും അത് കൂടുതല്‍ കുഴപ്പമാവുമെന്നും തട്ടിപ്പുകാര്‍ അവരെ അറിയിച്ചു. പിന്നീട് 530-208-9631 എന്ന നമ്പരിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ട തട്ടിപ്പുകാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അവര്‍ വാള്‍മാര്‍ട്ട് സ്റ്റോറിലെത്തി മണിപാക്ക് കാര്‍ഡുകള്‍ അന്വേഷിച്ചു. (ഗ്രീന്‍ ഡോട്ട് മണിപാക്ക് കാര്‍ഡുകള്‍ റീലോഡ് ചെയ്യപ്പെട്ട ഡെബിറ്റ് കാര്‍ഡുകളാണ്. ഇത് എല്ലായിടത്തും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പണം കൊണ്ടു നടക്കേണ്ടതില്ലെന്നതാണ് ഇതിന്റെ സൗകര്യം. ഈ കാര്‍ഡ് ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുവാന്‍ വരെ സൗകര്യമുണ്ട്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ അവരുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. തട്ടിപ്പുകാരും ഇത്തരം മുന്‍രേഖകളില്ലാത്ത ഡെബിറ്റ് കാര്‍ഡുകളെയാണ് ലക്ഷ്യമിടുന്നത്.) എന്നാല്‍ വാള്‍മാര്‍ട്ടില്‍ ഇത്തരം കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ ബാങ്കില്‍ നേരിട്ട് ചെന്ന് കുടുംബത്തില്‍ അത്യാവശ്യമുണ്ടെന്നു കാണിച്ച് 10,000 ഡോളര്‍ പണമായി പിന്‍വലിച്ച് സിവിഎസില്‍ ചെന്ന് ഒരു മണിപാക്ക് കാര്‍ഡ് വാങ്ങാന്‍ വാള്‍മാര്‍ട്ടിലെ ജോലിക്കാര്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന്, അവര്‍ ബാങ്കില്‍ ചെല്ലുകയും പിന്നീട് സിവിഎസില്‍ ചെന്ന് കാര്‍ഡ് വാങ്ങുകയും ചെയ്തു. പിന്നീട്, തട്ടിപ്പുകാരുടെ ഫോണിലേക്ക് വിളിച്ച് ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി. ഇതേക്കുറിച്ച് ആരോടും സംസാരിക്കരുതെന്നും 24 മണിക്കൂറിനുള്ളില്‍ ഐആര്‍എസില്‍ നിന്നും ടാക്‌സ് പേയ്‌മെന്റ് പേപ്പറുകള്‍ കൃത്യമായി വീട്ടിലെത്തുമെന്ന മറുപടിയും ലഭിച്ചു. തിരികെ വീട്ടിലെത്തിയ കരുണയുടെ ബന്ധുവിനോട് അയല്‍പ്പക്കകാരിലൊരാള്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും പറഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിനിരയായി എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടത്. പിന്നീട്, അവര്‍ തിരികെ തട്ടിപ്പുവീരന്മാര്‍ നല്‍കിയിരുന്ന നമ്പരിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍ അവരുടെ കോളര്‍ ഐഡിയിലുണ്ടായിരുന്ന ടോള്‍ഫ്രീ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ മറുതലയ്ക്കല്‍ അറ്റന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന അയല്‍പ്പക്ക സുഹൃത്ത് ഫോണില്‍ നിങ്ങള്‍ ആരാണ് എന്ന് അന്വേഷിച്ച് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഫോണ്‍ ഡിസ്‌കണക്ടായി. താന്‍ തട്ടിപ്പിനിരയായി എന്നു ബോധ്യപ്പെട്ടതോടെ, കരുണയുടെ ബന്ധു ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തട്ടിപ്പിനു പിന്നില്‍ ഇന്ത്യക്കാരാവാനാണ് സാധ്യതയെന്ന് അയല്‍പക്ക സുഹൃത്ത് ഉറപ്പിച്ചു പറയുന്നു. സംഭാഷണില്‍ ഇന്ത്യന്‍ ശൈലി കടന്നു വന്നതാണ് പിന്നില്‍ ഇന്ത്യക്കാരാണെന്ന സംശയം ഉദിക്കാന്‍ കാരണം. ഇത് കഴിയുന്നത്ര ജനങ്ങളിലെത്തിക്കണമെന്നും ഇനി ഈ വിധത്തില്‍ ആരും പറ്റിക്കപ്പെടരുതെന്നും കരുണ ആവര്‍ത്തിക്കുമ്പോള്‍ തട്ടിപ്പുകാരുടെ വലയില്‍ വീണ ആയിരത്തിലൊരാളുടെ വേദനയാണ് ഇവിടെ വെളിവാകുന്നത്.

ന്യൂജേഴ്‌സി പാഴ്‌സിപ്പനിയിലെ പോലീസ് ഇത്തരം തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞവര്‍ഷം അവസാനം ഇന്ത്യക്കാര്‍ക്കിടയില്‍ കാര്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നാലിലധികം കേസുകള്‍ ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു പോലീസ് മേധാവി പോള്‍ ഫിലിപ്‌സ് അറിയിച്ചു. നികുതി അടയ്ക്കാതിരുന്ന വീഴ്ച അറസ്റ്റിലേക്ക് നയിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ഈ മേഖലയില്‍ രണ്ടു പേര്‍ക്ക് നഷ്ടപ്പെട്ടത് 4000 ഡോളറില്‍ അധികമാണ്. കഴിഞ്ഞ ജൂണില്‍ സമാനമായ രണ്ടു സംഭവങ്ങള്‍ കൂടി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു പോള്‍ അറിയിച്ചു.
ക്യാഷ് ബിസിനസ്സ് ചെയ്യുന്നതു കൊണ്ടാണ് തട്ടിപ്പുകാര്‍ കൂടുതലായും ഇന്ത്യക്കാരെ ലക്ഷ്യമിടുന്നതെന്നും പോലീസ് അറിയിച്ചു. പാഴ്‌സിപ്പനിയിലെ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി സ്‌പെഷ്യല്‍ ലയസണ്‍ ഓഫീസര്‍ ജിഗര്‍ ഷാ പറയുന്നു, ക്യാഷ് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് എഫ്ബിഐയില്‍ നിന്നോ ഐആര്‍എസില്‍ നിന്നോ ഫോണ്‍ കോള്‍ എത്തുമ്പോഴുണ്ടാകുന്ന ഭയവും അജ്ഞതയുമാണ് തട്ടിപ്പുകാര്‍ മുതലാക്കുന്നതെന്നായിരുന്നു. അതു കൊണ്ടു തന്നെ കൂടുതല്‍ അന്വേഷണത്തിനു മുതിരാതെ അറസ്റ്റ് പോലെയുള്ള പ്രശനങ്ങളിലേക്ക് പോകാതെ തന്നെ ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് എന്ന നിലയ്ക്ക് എത്ര പണം നല്‍കാനും ഇന്ത്യക്കാര്‍ കൂടുതലായും തയ്യാറാകുന്നുണ്ടത്രേ.

ന്യൂജേഴ്‌സി പിസ്‌കാറ്റവേയിലെ വസന്ത് തന്ന, ഇത്തരമൊരു കേസിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെട്ടെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ സെപ്തംബറിലായിരുന്നു തട്ടിപ്പുകാര്‍ അദ്ദേഹത്തെ സമീപിച്ചത്. ആന്ധ്രസ്വദേശിയായ തന്നയുടെ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പരിചയം കൊണ്ടാണ് തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരുന്നത്.

ടെലിഫോണ്‍ തട്ടിപ്പ് വ്യാപകമായതോടെ, ഇന്ത്യക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഇന്‍ഫര്‍മേഷന്‍, മറ്റ് സാമ്പത്തിക സ്രോതസ്സിന്റെ വിവരങ്ങള്‍ ഒന്നും തന്നെ കൈമാറരുതെന്നും ഇത്തരത്തിലൊന്നും തന്നെ ഐആര്‍എസ് ആവശ്യപ്പെടില്ലെന്നും നികുതി കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പ് വ്യാപകമായതോടെ, കൂടുതല്‍ സന്നദ്ധ സംഘടനകളും പൊതുജനസേവനാര്‍ത്ഥം രംഗത്തു വന്നിട്ടുണ്ട്. തട്ടിപ്പുകാരുടെ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ 911 വിളിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ സഹായത്തിന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍, എഫ്ബിഐ, ഐആര്‍എസ്, ടിഐജിറ്റിഎ, എഫ്ടിസി എന്നിവരെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇവരുടെ വെബ്‌സൈറ്റ് അഡ്രസ് ഇതോടൊപ്പം.

1. Hindu American Foundation: 
http://www.hafsite.org Protect_Yourself_Scammers_Target_Hindu_Americans OR https://docs.google.com/forms/d/1jxBcovwZia1H9wU94_LFGQTPe8g3rQaXWT099F4Pjts/viewform
2) The FTC - https://www.ftccomplaintassistant.gov/Information#&panel1-1
3) The TIGTA - http://www.treasury.gov/tigta/contact_report.shtml
4) The IRS: 1800 - 829 - 1040
5) The FBI: http://www.fbi.gov/contact-us/field

ഐ.ആര്‍.എസില്‍ നിന്നു വിളിവരും; ഫോണ്‍ എടുക്കരുത് - ജോര്‍ജ് തുമ്പയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക