Image

സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം- പി.പി.ചെറിയാന്‍

പി.പി.ചെറിയാന്‍ Published on 22 February, 2014
സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം- പി.പി.ചെറിയാന്‍
മധ്യതിരുവിതാംകൂറില്‍ 30 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചുവരികയാണ് വര്‍ക്കിച്ചായന്‍. അമേരിക്കയിലുള്ള സഹോദരിയേയും ഭര്‍ത്താവിനേയും കുട്ടികളേയും കാണണമെന്നുള്ള ചിരകാല അഭിലാഷം ഇന്ന് സഫലീകൃതമാകുകയാണ്. അതിരാവിലെ തന്നെ കേരളത്തില്‍ നിന്നും വിമാനം ദുബായിലെത്തി. ദുബായില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കുശേഷം അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയില്‍ ഏതോ സ്വപ്നലോകത്തില്‍ എത്തിയ പ്രതീതിയായിരുന്നു. സഹോദരിയും കുടുംബവും വിമാനത്താവളത്തില്‍ വര്‍ക്കിച്ചായനെ സ്വീകരിക്കാനെത്തിയിരുന്നു. നാലു വര്‍ഷത്തിലേറെയായി സഹോദരിയേയും ഭര്‍ത്താവിനേയും കണ്ടിട്ട്. മക്കള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ഇവര്‍ നാട്ടില്‍ വന്നിട്ട് എത്രവര്‍ഷമായി എന്നു ഓര്‍മ്മയില്ല. വിമാനത്താവളത്തില്‍ നിന്നും വീട്ടിലെത്തിയ വര്‍ക്കിച്ചായനെ സ്വീകരിക്കുന്നതിന് കണ്ണഞ്ചിപ്പിക്കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കുടംബാംഗങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നത് ഇംഗ്ലീഷായിരുന്നു. ദീര്‍ഘവര്‍ഷം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നതുകൊണ്ട് അമേരിക്കന്‍ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകയില്ല എന്ന ധാരണ മക്കളുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ തന്നെ അസ്ഥാനത്തായി. ചൂടുവെള്ളത്തില്‍ ഷവറെടുത്തത് യാത്രാക്ഷീണം അല്പമെങ്കിലും കുറയ്ക്കുന്നതിനു സഹായകരമായി. ഡൈനിങ്ങ് ടേമ്പിളില്‍ ഒരുക്കിവെച്ചിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ എല്ലാവരും ചേര്‍ന്നിരുന്ന് കഴിക്കുമ്പോള്‍ വര്‍ക്കിച്ചായന്റെ മനസ്സ് നാട്ടിലെ തീന്‍ മേശയിലേക്ക് ഒരെത്തിനോട്ടം നടത്തി. ഭാര്യയും മക്കളും കൊച്ചുമക്കളും വീട്ടിലുണ്ടാല്‍പോലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകളാണ്. നാട്ടിലുള്ള തിരക്കുപോലും ഇവിടെയില്ലല്ലോ എന്ന കണ്ടതില്‍ വര്‍ക്കിച്ചായന് വലിയ അഭിമാനമാണ് തോന്നിയത്.

ഭക്ഷണത്തിന് ശേഷം വിരിച്ചൊരുക്കിയിരുന്ന കിടപ്പുമുറിയിലെ മെത്തയില്‍ വന്ന് കിടന്നു. പകലും രാത്രിയും പരസ്പരം മാറി പോയതൊന്നും വര്‍ക്കിച്ചായനെ ഒരുവിധത്തിലും ബാധിച്ചില്ല. സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം.

പ്രഭാതത്തില്‍ തന്നെ ഉണര്‍ന്നു. ബ്രേക്ക്ഫാസ്റ്റ് ഏരിയായില്‍ വന്നപ്പോള്‍ ടേമ്പിളില്‍ ആവി പറക്കുന്ന ചായയും, നാടന്‍ പലഹാരങ്ങളും നിറഞ്ഞിരിപ്പുണ്ട്. വര്‍ക്കിച്ചായന്റെ വരവ് പ്രമാണിച്ചു ഞങ്ങള്‍ രണ്ടുപേരും രണ്ടുദിവസത്തെ അവധിയിലാണ്. ചായ കുടിക്കുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, അമേരിക്കന്‍ വിശേഷങ്ങളും പരസ്പരം പങ്കുവെച്ചു. തലേരാത്രിയിലെ ഉറക്കം അത്ര ശരിയായില്ല. സമയം രാവിലെ പത്തുമണികഴിഞ്ഞിരിക്കുന്നു. സോഫയില്‍ ഇരുന്നപ്പോള്‍ കണ്‍പോളകള്‍ അടഞ്ഞുപോകുന്നതുപോലെ. ഉച്ചഭക്ഷണത്തിന് എന്നെ വിളിക്കേണ്ട. ഞാന്‍ അല്പസമയം കൂടി കിടക്കുകയാണ്. വര്‍ക്കിച്ചായന്‍ വീണ്ടും മെത്തയില്‍ വന്നു കിടന്നു. കൊച്ചുമക്കള്‍ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. സമയം വൈകീട്ട് 4 മണി. ഞങ്ങള്‍ പുറത്തേക്കു പോകുകയാണ്. അച്ചായനും, ഡാഡിയുടേയും, മമ്മിയുടേയും കൂടെ വരണം. പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി 'ഓക്കെ' എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ വന്ന് പറഞ്ഞു. അച്ചായന്‍ പെട്ടെന്ന് റെഡിയാകണം. ആറുമണിക്ക് നടക്കുന്ന കുട്ടികളുടെ ഫ്രെയ്‌സ് ആന്റ് വര്‍ഷാപ്പിന് പങ്കെടുക്കണം. അല്പസമയത്തിനകം മൂന്നുപേരും കാറില്‍ കയറി ആരാധനാലയത്തിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി. കുറച്ചു കാറുകള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടക്കുന്നതിനിടയില്‍  പെരുമ്പറ മുഴക്കം പോലെ ഡ്രമ്മിന്റേയും, ഗിറ്റാറിന്റേയും കാതടപ്പിക്കുന്ന ശബ്ദം. ഇരുപതോളം യുവജനങ്ങള്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം ഇരുഭാഗങ്ങളിലേക്കും ചലിപ്പിച്ചു ആത്മനിര്‍വൃതിയില്‍ ഗാനങ്ങള്‍ ആലപിക്കുന്നതു കേട്ടപ്പോള്‍ സത്യത്തില്‍ വര്‍ക്കിച്ചായന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും യുവജനങ്ങളുടെ ആത്മീയ തീഷ്ണതയെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. ഇവിടെയുള്ള യുവജനങ്ങളെല്ലാം ഇതുപോലെ ആയിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ സമയമാണിവിടെ ചെലവഴിച്ചത്. ഇതിനിടയില്‍ അവിടെ കൂടിയിരുന്നവരുടെ മുഖം കരിങ്കല്ലില്‍ കൊത്തിയ രൂപം പോലെ മനസ്സില്‍ പതിഞ്ഞു. വീട്ടില്‍ തിരിച്ചെത്തി ഡിന്നറിനും പ്രാര്‍ത്ഥനയ്ക്കും ശേഷം മെത്തയില്‍ കിടക്കുന്നതിനുമുമ്പ് ഇന്ന് കണ്ടതും അനുഭവിച്ചതും എല്ലാം മനസ്സില്‍ വീണ്ടും തെളിഞ്ഞുവന്നു. എത്ര അനുഗ്രഹകരമായ ദിവസം-സന്ധ്യയായി ഉഷസ്സുമായി അഞ്ചാംദിവസം.

കിളികളുടെ കളകള ശബ്ദം കേട്ടാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. അമേരിക്കയിലും വീടിനുചുറ്റും കിളികളോ? നേരെ ചുവരിലേക്ക് നോക്കിയപ്പോള്‍ ക്ലോക്കിനുമുകളില്‍ ഘടിപ്പിച്ചിരുന്ന കിളികളാണ് ശബ്ദമുണ്ടാക്കിയതെന്ന് മനസ്സിലായി.

ഇന്നു വൈകീട്ടു ഒരു വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കണം. പ്രഭാതഭക്ഷണത്തിനിടെ സഹോദരി പറഞ്ഞു. അച്ചായനേയും കൂട്ടിവരണമെന്ന് പ്രത്യേകം ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്. ഇന്നലെ നാം കണ്ട യൂത്ത് ടീമിലെ അംഗവും, സ്ഥലത്തെ പ്രധാന ദിവ്യന്റെ മകനുമായ ടോമിന്റെ വിവാഹമാണ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് അല്പം അസൗകര്യം ഉണ്ടെങ്കിലും വൈകീട്ട് നടക്കുന്ന പാര്‍ട്ടിയില്‍ എന്തായാലും പങ്കെടുക്കണം. സന്ധ്യയായതോടെ പുതിയൊരു പാന്റ്‌സും, കോട്ടും, ടൈയുമായി അളിയന്‍ മുറിയിലേക്ക് കടന്നുവന്നു. ഇത്രയും പ്രായത്തിനിടയില്‍ ഇതൊന്നും ധരിച്ചശീലം വര്‍ക്കിച്ചായനില്ല. കല്യാണ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഇവിടെയുള്ള അലിഖിത നിയമം. സിറ്റിയിലെ പ്രസിദ്ധമായ ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് പാര്‍ട്ടി നടക്കുന്നത്.

കൃത്രിമമായി നിര്‍മ്മിച്ച ജലാശയങ്ങളുടെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന പാതയില്‍ ചുവന്ന പരവതാനി അലങ്കരിച്ചിട്ടുണ്ട്. കാറില്‍ നിന്നും ഇറങ്ങി വരുന്ന ജനങ്ങള്‍ വിവാഹപാര്‍ട്ടി നടക്കുന്ന ഹാളിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുകയാണ്. നടപാത രണ്ടായി പിരിയുന്നിടത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ടു സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒന്നില്‍ ബാറെന്നും, മറ്റൊന്നില്‍ ഹാള്‍ എന്നും എഴുതിയിരിക്കുന്നു. രണ്ടു സൈന്‍ ബോര്‍ഡുകളില്‍ എവിടേക്ക് തിരിയണമെന്ന സംശയം വര്‍ക്കിച്ചായനെ അല്പ സമയം നിശ്ചലനാക്കി. പെട്ടെന്ന് ബാറിന്റെ സൈന്‍ വെച്ച ഭാഗത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ക്കിച്ചായന് ഇങ്ങനെയൊരു സ്വഭാവമൊന്നും ഉണ്ടായിരുന്നില്ലല്ലോ? എന്നാണ് ഇതൊക്കെ തുടങ്ങിയത്. അളിയന്‍ സഹോദരിയോട് അടക്കം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം രുചിച്ചു നോക്കുകയോ, ബാറില്‍ പോകുകയോ ചെയ്തിട്ടില്ലാത്ത വര്‍ക്കിച്ചായന്‍ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ്. ബാറില്‍ നിരന്നിരിക്കുന്ന വിവിധ ആകൃതിയിലും, വണ്ണത്തിലുമുള്ള മദ്യകുപ്പികള്‍ കണ്ടപ്പോള്‍ കണ്ണുകളെപോലും വിശ്വസിക്കാനാവുന്നില്ല. ബാറിനു സമീപമുള്ള രണ്ടു മുറികളിലൊന്നില്‍ പ്രായമായവരും, മറ്റൊന്നില്‍ യുവജനങ്ങളും മദ്യം നുണയുകയാണ്. തലേദിവസം തന്റെ മനസ്സില്‍ പതിഞ്ഞിരുന്ന പലമുഖങ്ങളും ആ മുറിലിരിക്കുന്നു. അവിടെ കൂടിയിരിക്കുന്ന യുവജനങ്ങള്‍ മദ്യലഹരിയില്‍ ആനന്ദനൃത്തമാടുകയാണ്. കൂടുതല്‍ സമയം അവിടെ നില്ക്കണമെന്ന് തോന്നിയില്ല. വന്ന വഴിയിലൂടെ അതിവേഗം ഹാളിന്റെ സൈന്‍ ലക്ഷ്യമാക്കി നടന്നു. അവിടെ കാത്തുനിന്നിരുന്ന സഹോദരിയും ഭര്‍ത്താവുമൊന്നിച്ചു ഹാളിലേക്കു പ്രവേശിച്ചു. നാലുമണിക്കൂറാണ് അവിടെ ചിലവഴിച്ചത്. അവിടെ നടന്നതെല്ലാം വര്‍ക്കിച്ചായന്റെ ജീവിതത്തിലെ ആദ്യാനുഭവങ്ങളായിരുന്നു. ആഘോഷങ്ങള്‍ അവസാനിച്ചു വീട്ടില്‍ തിരിച്ചെത്തി. നേരെ പോയത് കിടപ്പു മുറിയിലേക്കാണ്. നക്ഷത്രഹോട്ടലില്‍ കണ്ട ദൃശ്യങ്ങള്‍ ഓരോന്നായി മനസ്സിലേക്കു കടന്നുവന്നു. ആത്മനിര്‍വൃതിയില്‍ തലേദിവസം ആനന്ദനൃത്തം ചെയ്തവര്‍ക്ക് എങ്ങനെയാണ് മദ്യലഹരിയിലും അതേപോലെ നൃത്തം ചെയ്യുവാന്‍ കഴിയുന്നത്. എത്ര തലപുകഞ്ഞു ആലോചിച്ചിട്ടും രഹസ്യം കണ്ടെത്താനാകുന്നില്ല. ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന് സര്‍വ്വ അധികാരങ്ങളും നല്‍കി എല്ലാം നല്ലതെന്ന് കണ്ട് സൃഷ്ടികര്‍മ്മം അവസാനിപ്പിച്ച ദിവസത്തിന്റെ സ്മരണകളുമായി മെത്തയില്‍ കിടന്നപ്പോള്‍ ഉറക്കവും കണ്‍പോളകളെ തഴുകിയെത്തി. സന്ധ്യയായി ഉഷസ്സുമായി ആറാം ദിവസം.
ഇന്ന് ഞായറാഴ്ചയാണ് പത്തുമണിക്കു മുമ്പായി ആരാധനാലയത്തിലെത്തണം. സഹോദരി പറയുന്നതു കേട്ടാണ് വര്‍ക്കിച്ചായന്‍ ഉണര്‍ന്നത്. പ്രഭാത കൃത്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി തലേദിവസം ധരിച്ച വസ്ത്രങ്ങളണിഞ്ഞ് എല്ലാവരുമൊരുമിച്ച് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. പത്തുമിനിട്ടു സമയം മതി സ്ഥലത്തെത്തിച്ചേരാന്‍.

കാറില്‍ നിന്നും ഇറങ്ങി ആലയത്തിന്റെ വിശാലമായ ഫോയറില്‍ എത്തി. ആരാധനയ്ക്ക് വരുന്നവരെ സ്വീകരിക്കുവാന്‍ യുവതീയുവാക്കള്‍ മുന്‍വശത്തെ വാതിലിനു മുമ്പില്‍തന്നെ നിന്നിരുന്നു. വര്‍ക്കിച്ചായന്‍ ഒന്നേ നോക്കിയുള്ളൂ. മുമ്പില്‍ നില്‍ക്കുന്നവരെ തിരിച്ചറിയുവാന്‍ യാതൊരു പ്രയാസവും ഉണ്ടായില്ല. തലേദിവസം ബാറിനു സമീപമുള്ള  മുറിയില്‍ മദ്യലഹരിയില്‍ ആനന്ദ നൃത്തം ചെയ്തവര്‍തന്നെ- സംശയമില്ല-ചിലര്‍ക്ക് നേരെ നില്‍ക്കുവാന്‍ തന്നെ സാധിക്കുന്നില്ല- ഷെയ്ക്ക് ഹാന്റ് നല്‍കി മുമ്പിലുള്ള സീറ്റില്‍ ആനയിച്ചിരുത്തി. ആരാധന ആരംഭിക്കുന്നതിന് പത്തുമിനിട്ടു കൂടി കഴിയണം. കുശലം പറച്ചിലും, പൊട്ടിച്ചിരിയും, സംസാരവും ആലയത്തിനകം ശബ്ദമുഖരിതമാക്കി. ആരാധന ആരംഭിക്കുന്നതിനു മുമ്പുള്ള ചില നിമിഷങ്ങളെങ്കിലും ധ്യാനനിരതരായിരിക്കണമെന്ന നിബന്ധനയൊന്നും ഇവിടെ ബാധകമല്ലേ? ഇന്നലെ നാലുമണിക്കൂര്‍ എത്ര അച്ചടക്കത്തോടും, നിശബ്ദതയോടു കൂടിയാണ് ജനങ്ങള്‍ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നത്. കൃത്യസമയത്ത് തന്നെ ആരാധന ആരംഭിക്കുന്നതിനുള്ള മണി മുഴങ്ങി. രണ്ടു മണിക്കൂര്‍ യാന്ത്രികമായാണ് കഴിച്ചുകൂട്ടിയത്. മനസ്സില്‍ എന്തോ ഒരസ്വസ്ഥത. ആദ്യദിവസം അനുഭവിച്ച മാനസിക സന്തോഷത്തെ തികച്ചും കെടുത്തി കളയുന്ന അനുഭവങ്ങള്‍. പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. കാറില്‍ കയറുമ്പോള്‍ വര്‍ക്കിച്ചായന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ എന്തോ അസാധാരണത്വം വിളിച്ചോതുന്നതായി സഹോദരിക്ക് തോന്നി. കാറിന്റെ ശീതീകരണ യന്ത്രണത്തില്‍ നിന്നുള്ള തണുത്ത കാറ്റ് ശരീരത്തെ തണുപ്പിച്ചപ്പോള്‍, അന്തരാത്മാവില്‍ അഗ്നി ആളിപടരുകയായിരുന്നു. ഇതൊന്നും കാര്യമായി എടുക്കേണ്ട. ഇവിടെ നടക്കുന്ന സാധാരണ സംഭവങ്ങളാണിതെല്ലാം. എല്ലാ യുവജനങ്ങളും ഈ ഗണത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കരുതേണ്ട. പത്രോസ് എന്ന പാറമേല്‍ പണിതുയര്‍ത്തിയ സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ യുവജനങ്ങളിലാണ് അര്‍പ്പിതമായിട്ടുള്ളത്. അത അവര്‍ നിറവേറ്റുകതന്നെ ചെയ്യും - "ഇവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ" എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാനേ വര്‍ക്കിച്ചന് കഴിഞ്ഞുള്ളൂ. സഹോദരിയും ഭര്‍ത്താവും മക്കളും ഉള്‍പ്പെട്ട കുടുംബം മാതൃകാ ജീവിതം നയിക്കുന്നു എന്നുള്ളതു മാത്രമാണ് വര്‍ക്കിച്ചായന് അല്പമെങ്കിലും ആശ്വാസം പകരുന്നത്.


സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം- പി.പി.ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക