Image

ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 21 February, 2014
ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
തിരുവനന്തപുരം വെള്ളയമ്പലത്ത്‌ വാട്ടര്‍ വര്‍ക്‌സിനോട്‌ ചേര്‍ന്നുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍  ഓഫ്‌ എഞ്ചിനിയേഴ്‌സ്‌ ഹാളില്‍ അവര്‍ ഒത്തുകൂടി. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍, ആദിവാസി കലാകാരന്മാര്‍, പരിസ്ഥിതി ലോലമേഖലകളെപ്പറ്റി പ്രതിബദ്ധതയോടെ തൂലികയും കാമറയും ചലിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ 2013-ലെ പുരസ്‌കാര വിതരണമായിരുന്നു ചടങ്ങ്‌. അത്‌ സംസ്ഥാനത്തിലെ ഹരിതസ്‌നേഹികളുടെ ഒരു പരിഛേദമായി മാറി.

പശ്ചിമഘട്ട സംരക്ഷണം പ്രദേശവാസികളുടെ ഉപജീവനത്തേയും അതിജീവനത്തേയും വിഷമവൃത്തത്തിലാക്കിയ ഒരു കാലഘട്ടത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭണപരമ്പരയുടെ പശ്ചാത്തലത്തിലായിരുന്നു സംഗമം.  ഈ പ്രശ്‌നങ്ങള്‍ ശാസ്‌ത്രീയമായി പഠിച്ച്‌ പോംവഴികള്‍ നിര്‍ദ്ദേശിച്ചതിന്റെ പേരില്‍ ആക്ഷേപ ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ബോര്‍ഡ്‌ അദ്ധ്യക്ഷന്‍ പ്രഫ. ഉമ്മന്‍ വി. ഉമ്മന്റെ ഭാവനാസുന്ദരമായ ഒരു തൂവല്‍സ്‌പര്‍ശം  കൂടിയായിരുന്നു സംഗമമെന്ന്‌ വേണമെങ്കില്‍ പറയാം.

വയനാട്ടില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന `നാട്ടുകൂട്ട'ത്തിന്റെ നൃത്തഗാനത്തോടെയായിരുന്നു തുടക്കം.  ആഭ്യന്തരം കൈയ്യൊഴിഞ്ഞെങ്കിലും അതിനൊപ്പമോ അതിലേറെയോ ജനജീവിതത്തെ സ്‌പര്‍ശിക്കുന്ന ആറ്‌ പ്രധാന വകുപ്പുകള്‍ ആര്‍ജ്ജവത്തോടെ കൈകാര്യംചെയ്യുന്ന പരിസ്ഥിതി വകുപ്പുമന്ത്രി തിരുവഞ്ചൂര്‍  (ക്യാബിനെറ്റ്‌ യോഗം മൂലം) വന്നെത്താന്‍ എത്രമാത്രം താമസിച്ചുവോ അത്രമാത്രം ആവേശത്തോടെ കൊട്ടികയറി മാത്യൂസ്‌ നയിക്കുന്ന വയനാട്ടിലെ കലാകാരന്മാര്‍.

പോയവര്‍ഷത്തെ മികച്ച   ജൈവവൈവിധ്യ പുരസ്‌കാര സമര്‍പ്പണത്തില്‍ ഏറ്റവും മികച്ചുനിന്നത്‌  വയനാട്ടിലെത്തന്നെ എടവക ഗ്രാമപഞ്ചായത്തും പത്തനംതിട്ട  ജില്ലയിലെ ഇരവിപേരൂര്‍  ഗ്രാമപഞ്ചായത്തും പങ്കിട്ടെടുത്ത ഒരുലക്ഷംരൂപയുടെ പുരസ്‌കാരമാണ്‌. വിദ്യാര്‍ത്ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ സംസ്ഥാനത്തെ ആദ്യത്തെ ജൈവ വൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കിയ പഞ്ചായത്ത്‌ എന്ന നിലയില്‍ എടവക പ്രസിദ്ധമാണ്‌. അവിടുത്തെ ജൈവ വൈരുദ്ധ്യ പരിപാലന സമിതി ഒന്നര ലക്ഷത്തോളം വൃക്ഷതൈകള്‍ വിതരണംചെയ്യുകയും കബനി പുഴയില്‍ ഒരുലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്‌തു. സമിതി പ്രസിഡന്റെ്‌ എച്ച്‌.ബി. പ്രദീപ്‌ മാസ്റ്റര്‍ മന്ത്രിയില്‍നിന്ന്‌ ആദ്യത്തെ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ ഹാള്‍ നിറഞ്ഞ കരഘോഷം മുഴങ്ങി.

ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ മുന്‍പന്തിയില്‍നിന്ന ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സമിതി, സാമൂഹ്യ വനവല്‍ക്കരണം, മത്സ്യകൃഷി, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ പുനഃചംക്രണം, പമ്പാനദിയുടെയും വരട്ടാറിന്റേയും പുനരുജ്ജീവനം, ഹരിതഗ്രാമ രൂപവത്‌കരണം എന്നിവയുടെ പേരില്‍ സമ്മാനം നേടി.

പാലക്കാട്‌ കല്ലൂര്‍ ഗ്രാമത്തിലെ കല്ലൂര്‍ ബാലന്‍ വെളുത്തതാടിയും, വെള്ളികെട്ടിയമുടിയുമായി, പച്ച ഷര്‍ട്ടിന്റേയും പച്ച തലക്കെട്ടിന്റേയും അകമ്പടിയോടെ അവാര്‍ഡ്‌ വാങ്ങാനെത്തി. വിദ്യാര്‍ത്ഥികാലത്തുതന്നെ കാല്‍നടയായും ബൈക്കിലും സഞ്ചരിച്ച്‌ ഉര്‍വ്വരതയുടെ സന്ദേശം നാട്ടിലാകെ പരത്തിയ ഒറ്റയാള്‍പട്ടാളമാണ്‌ ബാലന്‍. മലപ്പുറത്തെ ഒരു സഹൃദയന്‍ ബാലന്‌ ഒരു ജീപ്പ്‌ സമ്മാനിച്ചു. ഡ്രൈവിംഗ്‌ പഠിച്ച്‌ ഇപ്പോള്‍ അതിലാണ്‌ സഞ്ചാരം.

പാലക്കാട്ടിലെതന്നെ അട്ടപ്പാടി, ഷോളയൂര്‍, വട്ടളക്കി ഊരില്‍ ജീവിച്ചിരുന്ന വീരമ്മാള്‍ വൈദ്യര്‍ പരമ്പരാഗതമായ ആദിവാസി ചികിത്സയുടെ പേരില്‍ ബഹുമതിക്ക്‌ അര്‍ഹയായി. ഭര്‍ത്താവ്‌ മരണാനന്തര ബഹുമതി ഏററുവാങ്ങി.

കൊച്ചി നഗരത്തിന്റെ ഹൃദയമായ തമ്മനത്ത്‌ `ഗുരുകുലം' എന്ന ഒന്നരയേക്കര്‍ വീട്ടുവളപ്പില്‍ ആയിരത്തോളം ഔഷധചെടികള്‍ നട്ട്‌ അതൊരു പച്ചത്തുരുത്തായി മാറ്റിയ കെ.വി. പുരുഷോത്തമ കമ്മത്ത്‌, ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവച്ച കൊട്ടാരക്കര പെരുങ്കുളം സ്വദേശി സി.നരേന്ദ്രനാഥ്‌, വെച്ചൂര്‍, കാസര്‍കോഡ്‌ കുള്ളന്‍ എന്നീ തനതു ജനുസ്സുകളെ പ്രചരിപ്പിക്കുന്ന പട്ടാമ്പി ഞങ്ങാട്ടില്‍ ബ്രഹ്മദത്തന്‍ എന്നിവരുടേതായിരുന്നു അടുത്ത ഊഴം. കണ്ണൂര്‍ കോട്ടില ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്റെറി സ്‌കൂള്‍ മികച്ച ജൈവവൈവിധ്യവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഹരിതമാധ്യമപ്രവര്‍ത്തകനുള്ള അമ്പതിനായിരം രൂപയുടെ പുരസ്‌കാരം വാങ്ങാന്‍ ഒന്നാമതെത്തിയത്‌ `ഹിന്ദു'വിന്റെ പാലക്കാട്‌ ലേഖകന്‍ ജി. പ്രഭാകരനാണ്‌. രണ്ടുപതിറ്റാണ്ടിലേറെയായി സൈലന്റ്‌ വാലി, അട്ടപ്പാടി, പറമ്പിക്കുളം മേഖലകളിലെ പ്രശ്‌നങ്ങള്‍ സ്‌തുത്യര്‍ഹമായി കൈകാര്യം ചെയ്യുന്നു. ഭാരതപ്പുഴയുടെ സംരക്ഷണമാണ്‌ മറ്രൊരു മേഖല. ശശിധരന്‍ മങ്കത്തില്‍ (മാതൃഭൂമി കോഴിക്കോട്‌), ഇ.വി. ഉണ്ണികൃഷ്‌ണന്‍ (മാതൃഭൂമി ന്യൂസ്‌ ചാനല്‍) എന്നിവരും പുരസ്‌കാരങ്ങള്‍ നേടി.

കേരളത്തിലെ ഇരുനൂറോളം വരുന്ന ഇംഗ്ലീഷ്‌ പത്രപ്രവര്‍ത്തകരില്‍ ഈ അവാര്‍ഡ്‌ ലഭിച്ചിട്ടുള്ള മൂന്നാമത്തെ വ്യക്തിയാണ്‌ പ്രഭാകരന്‍. റീമ നരേന്ദ്രന്‍ (ഇന്ത്യന്‍ എക്‌സ്‌പ്രസ്‌), കെ.എസ്‌. സുധി (ദ്‌ ഹിന്ദു) എന്നിവര്‍ക്കായിരുന്നു നേരത്തെ ഈ ബഹുമതി ലഭിച്ചത്‌.

`എന്റെ ഔഷധഗ്രാമം' എന്ന പദ്ധതിയിലൂടെ കര്‍ഷകരെ ഉത്സുകരാക്കിയ തിരുവനന്തപുരം പോത്തന്‍കോട്‌ ശാന്തിഗിരി ആശ്രമത്തിനും സമ്മാനമുണ്ടായിരുന്നു. 107 കന്നുകാലികളുളള ഗോശാലയും അവര്‍ക്കുണ്ട്‌. മികച്ച സര്‍ക്കാര്‍ സ്ഥാപനത്തിനുള്ള ബഹുമതിനേടിയത്‌ തേക്കടിയിലെ പെരിയാര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനുമാണ്‌. 2012-ലെ യു.എന്‍.ബയോഡൈവേഴ്‌സിറ്റി അവാര്‍ഡും 2007-ലെ സാംക്‌ച്വറി ഏഷ്യ അവാര്‍ഡും 2002-ലെ ഇന്റര്‍നാഷണല്‍ എക്കോ ടൂറിസം അവാര്‍ഡും നേടിയ സ്ഥാപനമാണ്‌ പെരിയാര്‍ ഫൗണ്ടേഷന്‍.

കെ.മുരളീധരന്‍ എം.എല്‍.എ., ഡോ.കെ.മോഹനക്കുറുപ്പ്‌, ബോര്‍ഡ്‌ സെക്രട്ടറി ഡോ.ലാലാദാസ്‌ എന്നിവരും പ്രസംഗിച്ചു. നാട്ടറിവുകളുടെ പ്രചാരകരെ സ്വരൂക്കൂട്ടി ബോര്‍ഡ്‌ സംഘടിപ്പിച്ച ഹരിതസംഗമവും മനോഹരമായിരുന്നു. വയനാട്ടില്‍നിന്നെത്തിയ രാമന്‍ ചെറുവയല്‍ അതില്‍ തിളങ്ങിനിന്നു.
ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)ഹരിത സൈനിക സംഗമത്തില്‍ പരിസ്ഥിതി പോരാളികള്‍ക്ക്‌ പുരസ്‌കാരം (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക