Image

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചരിത്ര വഴികള്‍- സിഡി പ്രകാശനം

ജോയിച്ചന്‍ പുതുക്കുളം Published on 07 November, 2011
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചരിത്ര വഴികള്‍- സിഡി പ്രകാശനം
ഷിക്കാഗോ: സിറോ മലബാര്‍ സഭയെ ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കു നയിച്ച ഷിക്കാഗോ രൂപതയുടെ ചരിത്രവും വളര്‍ച്ചയും പ്രതിപാദിക്കുന്ന ഡോകുമെന്ററിയുടെ സിഡി (Glory to God in the Highest) മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്‌തു.

ഒന്നുമില്ലായ്‌മയില്‍ നിന്നും കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കൊണ്ട്‌ ഷിക്കാഗോ രൂപത്ത നേടിയെടുത്ത ആത്മീയ സമൃദ്ധിയും ആ സമൃദ്ധിയിലേക്കു രൂപതയെ നയിച്ച സഭാ നേതൃത്വവും ഏറെ പ്രശംസയര്‍ഹിക്കുന്നുവെന്നും, അവരുടെ സേവനങ്ങള്‍ ഭാരതത്തിലെ മറ്റെല്ലാ രൂപതകള്‍ക്കും ഒരു മാതൃകയായിരിക്കുമെന്നും പ്രകാശന കര്‍മ്മം നിര്‍വഹിച്ചു കൊണ്ട്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ പ്രസ്‌താവിക്കുകയുണ്ടായി.

കേവലം രണ്ടു പള്ളികളും ആറു മിഷനുകളുമായി തുടങ്ങിയ രൂപത ഇന്ന്‌ 25 ഇടവകകളും 35 മിഷനുകളും അടങ്ങുന്ന ഒരു വലിയ സഭയായി വളര്‍ന്നിരിക്കുന്നുവെന്നും, ദൈവീക പരിപാലനയാണ്‌ ഈ വളര്‍ച്ചക്കു നിദാനമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സ്‌മരിക്കുകയുണ്ടായി.

തനിമയാര്‍ന്ന ആരാധനാ ക്രമങ്ങളുമായി പ്രവാസി മലയാളികളുടെ ഹൃദയത്തിന്റെ മേല്‍വിലാസമായി മാറികഴിഞ്ഞ ഷിക്കാഗോ രൂപത വളര്‍ച്ചയുടെ പടവുകള്‍ ഇനിയും ഒരുപാട്‌ താണ്ടട്ടെയെന്ന്‌ ആശംസകള്‍ അറിയിച്ച വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ആന്റണി തുണ്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പൗരോഹിത്യത്തെ പദവിയായി കാണാതെ, ദൈവനിയോഗമായി കണ്ട്‌ അജപാലന ശുശ്രൂഷകള്‍ ചെയ്‌ത വൈദികര്‍ക്കും അതിനു പിന്തുണ നല്‍കിയ രൂപതാ തനയര്‍ക്കും സഭയുടെ ഈ വളര്‍ച്ച ഏറെ അഭിമാനകരമെന്ന്‌ ചാന്‍സിലര്‍ വിനോദ്‌ മഠത്തിപറമ്പിലും സൂചിപ്പിക്കുകയുണ്ടായി. പ്രകാശന ചടങ്ങില്‍ പങ്കെടുത്ത എല്ലാ വൈദികര്‍ക്കും അല്‌മായര്‍ക്കും കത്തീഡ്രല്‍ വികാരി ഫാദര്‍ ജോയി ആലപ്പാട്ട്‌ നന്ദി പറഞ്ഞു.

രൂപതക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററിയുടെ രചന ഡോ. ജോഷി കുഞ്ചെറിയയും, സംവിധാനം ബിജു സക്കറിയായുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌.
ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചരിത്ര വഴികള്‍- സിഡി പ്രകാശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക