Image

മലയാളത്തില്‍ വരേണ്ടത്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍

Published on 07 November, 2011
മലയാളത്തില്‍ വരേണ്ടത്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍
മലയാള സിനിമയില്‍ ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയും ചര്‍ച്ചയും നടക്കുകയാണ്‌. തീയേറ്ററുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്‌ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഗ്രേഡിംങ്‌ സമ്പ്രദായം വേണ്ടോ വേണ്ടയോ എന്നതാണ്‌ പ്രതിസന്ധിക്ക്‌ അടിസ്ഥാന പ്രശ്‌നം. എന്നാല്‍ ഇതിനും അപ്പുറത്തേക്ക്‌ മലയാള സിനിമ നഷ്‌ടത്തിലേക്ക്‌ കുതിക്കുന്നു എന്നത്‌ തന്നെയാണ്‌ പുതിയ സംഭവ വികാസങ്ങളുടെ പ്രധാന കാരണം. മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകള്‍ കേരളത്തില്‍ വരുന്നത്‌ ഗുണകരമല്ല എന്നാണ്‌ പലരുടെയും വാദം. സത്യത്തില്‍ കേരളത്തില്‍ വരേണ്ടത്‌ മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളേക്കാളുപരി മള്‍ട്ടിപ്ലക്‌സ്‌ സിനിമകള്‍ എന്നു വിളിക്കപ്പെടുന്ന ലോ ബജറ്റ്‌ ചിത്രങ്ങള്‍ അഥവാ ന്യൂജനറേഷന്‍ സിനിമകളാണ്‌. ബോളിവുഡില്‍ തരംഗമായി മാറിയിരിക്കുന്ന ഇത്തരം പുതിയ കാലഘട്ടത്തിന്റെ ലോബജറ്റ്‌ ചിത്രങ്ങള്‍ അവതരിപ്പിച്ചാല്‍ മാത്രമേ ഇനി മലയാള സിനിമക്ക്‌ മുമ്പോട്ടു പോകാന്‍ സാധിക്കു.

ഒരു വശത്ത്‌ സൂപ്പര്‍ താരങ്ങളുടെ വന്‍ ബജറ്റ്‌ ചിത്രങ്ങള്‍. മറുവശത്ത്‌ മികച്ച പ്രമേയങ്ങളുമായി എത്തി പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ലോ ബജറ്റ്‌ ചിത്രങ്ങള്‍. ഈ രണ്ട്‌ തരം സിനിമകള്‍ക്കും മാര്‍ക്കറ്റുണ്ടാകുക എന്നതാണ്‌ ഇന്ന്‌ ചലച്ചിത്ര വ്യവസായത്തെ മെച്ചപ്പെട്ട നിലയില്‍ മുമ്പോട്ടുകൊണ്ടു പോകുന്നത്‌. തമിഴ്‌ സിനിമയുടെയും ബോളിവുഡ്‌ സിനിമയുടെയും വിജയം സൂചിപ്പിക്കുന്നതും ഇതു തന്നെയാണ്‌.

ദശാവതാരവും യന്തിരനും നിറഞ്ഞാടുന്ന തമിഴ്‌ സിനിമയില്‍ തന്നെയാണ്‌ മൈന പോലെയൊരു ചലച്ചിത്രവും വിജയം നേടുന്നതെന്ന സത്യം സിനിമ വ്യവസായത്തിന്റെ പുതിയൊരു അധ്യായം തന്നെയാണ്‌ തുറക്കുന്നത്‌. ഈ കാറ്റ്‌ വീശിതുടങ്ങിയത്‌ മുംബൈയില്‍ നിന്നുമാണ്‌ എന്നതും മനസിലാക്കണം. ഉത്തരേന്ത്യന്‍ സിനിമയില്‍ സല്‍മാന്‍ഖാന്റെ ദബാന്‍ഗും, അമീര്‍ഖാന്റെ ത്രി ഇഡിയറ്റ്‌സും ഇപ്പോള്‍ ഷാരൂഖിന്റെ രാ1മൊക്കെ വിജയം നേടുന്നത്‌ പോലെ തന്നെ തനു വെഡ്‌സ്‌ മനു പോലുള്ള ലോ ബജറ്റ്‌ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുന്നു.

മള്‍ട്ടിപ്ലക്‌സ്‌ ചിത്രങ്ങള്‍ അല്ലെങ്കില്‍ ന്യൂജനറേഷന്‍ ചിത്രങ്ങള്‍ എന്നാണ്‌ ഈ ലോബജറ്റ്‌ ചിത്രങ്ങളുടെ വിളിപ്പേര്‌. പണം വാരിയെറിഞ്ഞ സിനിമയെടുക്കുന്ന ബോളിവുഡില്‍ പോലും ഒരു മള്‍ട്ടിപ്ലക്‌സ്‌ ചിത്രം നന്നായി പ്ലാന്‍ ചെയ്‌താല്‍ അഞ്ച്‌ കോടി രൂപയില്‍ നിര്‍മ്മിക്കാം. മുംബൈ മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളുടെ ഭൂമികയായി മാറിയതിനാല്‍ സിനിമ ലാഭമായി മാറുമെന്നതില്‍ സംശയവുമില്ല. ബോളിവുഡില്‍ ഒരു മള്‍ട്ടിപ്ലക്‌സ്‌ ചിത്രം അഞ്ചുകോടിക്ക്‌ ഒരുക്കാമെങ്കില്‍ മലയാളത്തില്‍ ഒരു കോടി രൂപക്ക്‌ ഒരു ന്യൂജനറേഷന്‍ സിനിമ ചിത്രീകരിക്കാന്‍ കഴിയുമെന്നതാണ്‌ മലയാള സിനിമക്കാര്‍ മനസിലാക്കേണ്ടത്‌. കൃത്യമായ പ്ലാനിംഗും മികച്ച പ്രമേയവും പൂര്‍ത്തിയാക്കിയ തിരക്കഥയും സംഘടനകളുടെ കടുംപിടുത്തവും ഇല്ലാതിരുന്നാല്‍ ഒരു ലോബജറ്റ്‌ ചിത്രമെന്നത്‌ ഒരു കോടി രൂപയില്‍ നില്‍ക്കുമെന്നത്‌ ഉറപ്പാണ്‌.

ബോളിവുഡും തമിഴ്‌ സിനിമയും വമ്പന്‍ ബജറ്റ്‌ ചിത്രങ്ങളെടുക്കുന്നത്‌ മാത്രമേ നമുക്ക്‌ അനുകരിക്കാന്‍ കഴിയാത്തതായിട്ടുള്ളു. മറിച്ച്‌ അവര്‍ ചിലവ്‌ ചുരുക്കുന്നത്‌ നമുക്ക്‌ തീര്‍ച്ചയായും ഉള്‍ക്കൊള്ളാന്‍ കഴിയണം.

ഒപ്പം ന്യൂജനറേഷന്‍ സിനിമകള്‍ പേരും പെരുമയും നേടുമെന്ന കാര്യത്തിലും സംശയമില്ല. തമിഴ്‌ സിനിമക്കും ഹിന്ദിസിനിമക്കുമൊക്കെ അഭിമാനിക്കാവുന്ന ചിലതൊക്കെ ഇന്ന്‌ ന്യൂജനറേഷന്‍ സിനിമകളിലൂടെ സംഭവിക്കുന്നുണ്ട്‌ എന്നതാണ്‌ യാഥാര്‍ഥ്യം.

ബോളിവുഡിലെ മുന്‍നിര നിര്‍മ്മാണ കമ്പിനികള്‍, യാഷ്‌രാജ്‌ ഫിലിംസ്‌ അടക്കം, ലോ ബജറ്റ്‌ ചിത്രങ്ങളല്‍ മുതല്‍ മുടക്കാന്‍ ആരംഭിച്ചിരിക്കുന്നു. ബിഗ്‌ പിക്‌ചേഴ്‌സ്‌, ഇറോസ്‌ ഇന്റര്‍നാഷണല്‍ തുടങ്ങിയ വമ്പന്‍ നിര്‍മ്മാണ കമ്പിനികള്‍ കൂടുതലും പുതുമുഖ ചിത്രങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കാന്‍ താത്‌പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു. യാഷ്‌ രാജ്‌ ഫിലിംസാവട്ടെ 15നും 25നും ഇടക്ക്‌ പ്രായമുള്ളവര്‍ക്ക്‌ വേണ്ടി ചിത്രങ്ങളൊരുക്കാന്‍ വൈ ഫിലിംസ്‌ എന്നൊരു നിര്‍മ്മാണ കമ്പിനി തന്നെ രൂപം നല്‍കിയിരിക്കുന്നു.

ഫോര്‍മുലകള്‍ക്ക്‌ അതീതമായി ചിന്തിക്കുക, ഏറ്റവും കുറഞ്ഞ ബജറ്റില്‍ പുതിയ താരങ്ങള്‍ക്ക്‌ അവസരം നല്‍കി ചിത്രങ്ങളൊരുക്കുക, സെഗ്‌മെന്റ്‌ ഓഡിയന്‍സിനെ ടാര്‍ജറ്റ്‌ ചെയ്യുക ഇതൊക്കെയാണ്‌ ബോളിവുഡിലെ ന്യൂജനറേഷന്‍ സിനിമകളുടെ ട്രെന്‍ഡ്‌. യഥാര്‍ഥ്യത്തില്‍ തമിഴ്‌ സിനിമയിലും കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി കണ്ടുവരുന്ന ട്രെന്‍ഡ്‌ ഇത്‌ തന്നെയാണ്‌.

ഫോര്‍മുലകള്‍ക്ക്‌ വിട നല്‍കുക. മൈന പോലെയൊരു ചിത്രത്തിന്‌ കൊമേഴ്‌സ്യല്‍ സിനിമയുടെ ഫോര്‍മുല കണ്ടെത്തുക അസാധ്യം. വസന്തബാലന്റെ അങ്ങാടിതെരുവിലും കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ഒരു കൊമേഴ്‌സ്യല്‍ വിജയ ഫോര്‍മുല കാണാനില്ല. എന്നീട്ടും ഈ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായി മാറി. തമിഴ്‌ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ദക്ഷിണേന്ത്യയില്‍ മൊത്തം കടന്നു ചെല്ലാന്‍ ഇത്തരം ലോബജറ്റ്‌ കോളിവുഡ്‌ സിനിമകള്‍ക്ക്‌ കഴിയുന്നുണ്ടെങ്കില്‍ ഒരു ബോളിവുഡ്‌ മള്‍ട്ടിപ്ലക്‌സ്‌ ചിത്രം ഇന്ത്യ മുഴുവന്‍ വിതരണത്തിനെത്തും. അഞ്ചോ പത്തോ കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രം ഇതിന്റ ഇരട്ടിയിലധികം ലാഭം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വന്‍ കളക്ഷന്‍ റിക്കോഡ്‌ സൃഷ്‌ടിക്കുന്ന കാര്യത്തില്‍ സുപ്പര്‍താര ചിത്രങ്ങള്‍ തന്നെയാണ്‌ മുമ്പിലെന്നതില്‍ സംശയമില്ല. പക്ഷെ വന്‍ ബജറ്റ്‌ മുടക്കി നിര്‍മ്മിക്കുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ പലപ്പോഴും ഒരു ചൂതാട്ടം പോലെയാണ്‌. എന്നാല്‍ ``റിസ്‌ക്‌ ഫാക്‌ടര്‍്‌'' വളരെ കുറവ്‌ എന്നതാണ്‌ മള്‍ട്ടിപ്ലക്‌സ്‌ സിനിമയോട്‌ അടുക്കാന്‍ നിര്‍മ്മാതാക്കളെയും കോര്‍പ്പറേറ്റ്‌ പ്രൊഡ്യൂസേഴ്‌സിനെയും പ്രേരിപ്പിക്കുന്നത്‌.

സിനിമയില്‍ കോര്‍പ്പറേറ്റ്‌ വ്യവസായം തഴച്ചു വളര്‍ന്നു തുടങ്ങിയ കാലത്ത്‌ ഹിന്ദിയിലും തമിഴിലുമൊക്കെ താരത്തിനെ നോക്കി കണക്കില്ലാതെ പണമിറക്കുക എന്നതായിരുന്നു പതിവ്‌. എന്നാല്‍ ഇന്ന്‌ ഈ പതിവ്‌ മാറിയിരിക്കുന്നു. നിരവധി ചിത്രങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കൈപൊള്ളിയതോടെയാണ്‌ ഈ പതിവ്‌ അവര്‍ അവസാനിപ്പിച്ചത്‌. ഹിന്ദിയില്‍ ഹൃതിക്‌ റോഷന്റെ കൈറ്റ്‌സ്‌ തമിഴില്‍ മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം രാവണന്‍ എന്നിവയൊക്കെ വിതരണം ഏറ്റെടുത്ത കോര്‍പ്പറേറ്റ്‌ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ കൈപൊള്ളിച്ച പടങ്ങളാണ്‌.

എന്നാല്‍ ഇന്ന്‌ കഥ മാറിയിരിക്കുന്നു. കൂടുതല്‍ മള്‍ട്ടിപ്ലക്‌സ്‌ ലോ ബജറ്റ്‌ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതാണ്‌ ഏറ്റവും ലാഭകരം എന്ന്‌ കോര്‍പ്പറേറ്റുകളും മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം റിലീസ്‌ ചെയ്‌ത തനു വെഡ്‌സ്‌ മനു, നോ വണ്‍ കില്‍ഡ്‌ ജെസിക്കാ, സെവന്‍ ഹൂണ്‍ മാഫ്‌, മസ്‌തി എക്‌സ്‌പ്രസ്‌, ഷോര്‍ ഇന്‍ ദി സിറ്റി എന്നീ ബോളിവുഡ്‌ ചിത്രങ്ങളുടെ കാര്യമെടുക്കാം. താരതമ്യേന കുറഞ്ഞ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മികച്ച ലാഭം നേടിയെടുത്തു.

മള്‍ട്ടിപ്ലക്‌സ്‌ സിനിമകളുടെ തരംഗം ബോളിവുഡില്‍ നിന്നുമാണ്‌ തമിഴിലേക്കും തെലുങ്കിലേക്കും ഇപ്പോള്‍ കന്നഡ സിനിമയിലേക്കും കടന്നു വരുന്നത്‌. മലയാള സിനിമ മാത്രമാണ്‌ ഇപ്പോഴും ന്യൂജനറേഷന്‍ സിനിമകളുടെ കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്നത്‌.

ഒന്നും ഒന്നരക്കോടിയും മുടക്കി ഒരു സിനിമ മലയാളത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മികച്ച മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ അവലംബിച്ചാല്‍ സിനിമ വിജയം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഇതിന്‌ ഉദാഹരണമായി എടുത്തു പറയാന്‍ നല്ലൊരു ക്രിയേറ്റീവ്‌ കാഴ്‌ച മലയാളത്തില്‍ ഇതുവരെയുണ്ടായിട്ടില്ല എന്നതാണ്‌ സത്യം.

മൂന്നരക്കോടി മുതല്‍ ആറ്‌ കോടി വരെ ശരാശരി സൂപ്പര്‍താര ചിത്രങ്ങള്‍ക്ക്‌ ചിലവാകുമ്പോള്‍, അവയുടെ വിജയപ്രതീക്ഷ വളരെ കുറവാകുമ്പോള്‍ ലോബജറ്റ്‌ ചിത്രങ്ങള്‍ക്ക്‌ മലയാളത്തില്‍ വലിയൊരു സാധ്യത തന്നെയുണ്ട്‌. പക്ഷെ മലയാള സിനിമയിലെ ധാരാളിത്തങ്ങള്‍ കാരണം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുത്താല്‍ പോലും ബജറ്റ്‌ മൂന്ന്‌ കോടിയിലെത്തും. ഇതിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക്‌ മുമ്പിലുണ്ട്‌.

തമിഴിലും ഹിന്ദിയിലും മുന്‍നിര സംവിധായകരും നിര്‍മ്മാതാക്കളും തന്നെയാണ്‌ ന്യൂജനറേഷന്‍ സിനിമകളെയും പ്രോല്‍സാഹിപ്പിക്കാന്‍ മുമ്പോട്ടു വരുന്നത്‌. മാത്രമല്ല അവിടെ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയില്‍ സിനിമ ചുരുക്കിയിരിക്കുന്നു. തമിഴിലും ഹിന്ദിയിലും പ്രകടമായ കാഴ്‌ചയാണിത്‌. തമിഴില്‍ വിക്രം, സൂര്യ, വിജയ്‌, അജിത്ത്‌ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഒരു വര്‍ഷത്തില്‍ ഒരു സിനിമയാകുമ്പോള്‍ രജനികാന്തും, കമലും രണ്ടുവര്‍ഷം കൂടുമ്പോഴാണ്‌ ഒരു സിനിമ എത്തിക്കുന്നത്‌. ബാക്കിയുള്ള സമയങ്ങളില്‍ തീയേറ്ററുകള്‍ ലോബജറ്റ്‌ ചിത്രങ്ങള്‍ക്ക്‌ അരങ്ങൊരുങ്ങും. എന്നാല്‍ ഇത്തരമൊരു സാഹചര്യം മലയാളത്തില്‍ ഉണ്ടാവുന്നതേയില്ല. ഇവിടെ എല്ലാ സീസണുകളിലും സൂപ്പര്‍താര യുവതാര ചിത്രങ്ങള്‍ എത്തുമ്പോള്‍ പുതുമുഖ സിനിമകള്‍ തീയേറ്ററുകളിലെത്തുക ഏറ്റവും റിസ്‌കുള്ള കാര്യവുമാണ്‌. അതുകൊണ്ടു തന്നെ മലയാള സിനിമക്ക്‌ എപ്പോഴും ഫോര്‍മുലകളുടെ പിന്നാലെ പായേണ്ടി വരുന്നു. സൂപ്പര്‍താര ഫോര്‍മുല ചിത്രങ്ങള്‍ക്കപ്പുറം എന്തെങ്കിലുമൊന്ന്‌ ചിന്തിക്കാന്‍ മലയാള സിനിമ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്ന്‌ തന്നെ പറയാം. സമീപത്തുള്ള സിനിമലോകങ്ങള്‍ ഏറെ മുന്നേറുമ്പോള്‍ പുതിയ ട്രെന്‍ഡുകള്‍ക്ക്‌ ഇടം നല്‍കുമ്പോള്‍ മലയാള സിനിമ മടിച്ചു നില്‍ക്കുന്ന കാഴ്‌ച ഒട്ടും ഗുണകരമായിട്ടുള്ളതല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക