Image

ഐപാക്‌ പ്രതിനിധികള്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 November, 2011
ഐപാക്‌ പ്രതിനിധികള്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂയോര്‍ക്ക്‌: പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ (ഐപാക്‌) പ്രതിനിധികള്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി കൂടിക്കാഴ്‌ച നടത്തി പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു.

ന്യൂജെഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ ഒക്ടോബര്‍ 28-നായിരുന്നു കൂടിക്കാഴ്‌ച. ഐപാക്‌ പ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനത്തിലെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും മന്ത്രി വളരെ താല്‌പര്യപൂര്‍വ്വം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ വൈസ്‌ കോണ്‍സുലര്‍ പ്രമോദ്‌ ബജാജ്‌, വിദേശകാര്യ വകുപ്പു ഡയറക്ടറും മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ സുഹൈല്‍ ഖാന്‍ എന്നിവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.

ഐപാകിനെ പ്രതിനിധീകരിച്ച്‌ അറ്റോര്‍ണി രാം ചീരത്ത്‌, അലക്‌സ്‌ കോശി, അനിയന്‍ ജോര്‍ജ്ജ്‌, ജിബി തോമസ്‌, മൊയ്‌തീന്‍ പുത്തന്‍ചിറ, യു.എ. നസീര്‍, ജോര്‍ജ്ജ്‌ എബ്രഹാം,ഡോ. ജോര്‍ജ്ജ്‌ ജേക്കബ്ബ്‌, ജോണ്‍ ടൈറ്റസ്‌ മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പാസ്സ്‌പോര്‍ട്ട്‌ നിരാകരണ (Renunciation) ഫീസ്‌ എന്ന പേരില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ വസൂലാക്കുന്ന190 ഡോളര്‍ വളരെ കൂടുതലാണെന്നും, അത്‌ ഇല്ലാതാക്കുകയോ 25 ഡോളറില്‍ കുടുതല്‍ വസൂലാക്കുകയോ ചെയ്യരുതെന്ന ഐപാക്‌ പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുവാന്‍ മന്ത്രി വൈസ്‌ കോണ്‍സുലേറ്റിനോട്‌ നിര്‍ദ്ദേശിച്ചു.

ഓ.സി.ഐ. കാര്‍ഡും പാന്‍ കാര്‍ഡും സംയോജിപ്പിച്ച്‌ പ്രവാസികള്‍ക്ക്‌ ഉപയോഗപ്രദമായ രീതിയില്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യവും മന്ത്രി ശ്രദ്ധാപൂര്‍വ്വം കേട്ടു. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ അതിനെക്കുറിച്ച്‌ ആരാഞ്ഞ്‌ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന്‌ മന്ത്രി ഉറപ്പു നല്‍കി.

ടൂറിസ്റ്റ്‌ വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യയില്‍ നിന്ന്‌ പുറത്തുപോയാല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കുന്ന നിയമം എടുത്തുകളയണമെന്ന ആവശ്യത്തിന്‌ വൈസ്‌ കോണ്‍സുലറിന്റെ അഭിപ്രായവും മന്ത്രി ആരാഞ്ഞു. സന്ദര്‍ശക വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കാണ്‌ ഈ നിയമം ബാധകമെന്നും, ഒ.സി.ഐ, പി.ഐ.ഒ. കാര്‍ഡുകള്‍ ഉള്ള ഇന്ത്യക്കാര്‍ക്ക്‌ ഈ നിയമം ബാധകമല്ലെന്നും, അവ ഇല്ലാത്ത ഇന്ത്യക്കാര്‍ അഞ്ചുകൊല്ലത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ അവര്‍ക്കും ഈ നിയമം ബാധകമല്ല എന്നും വൈസ്‌ കോണ്‍സുല്‍ ഐപാക്‌ പ്രതിനിധികളെ ധരിപ്പിച്ചു. ഈ വിവരം കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ലാതിരുന്നതുകൊണ്ടാണ്‌ പലര്‍ക്കും തെറ്റിദ്ധാരണയുളവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വെബ്‌സൈറ്റില്‍ ഈ വിവരം എത്രയും വേഗം കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ടെലഫോണ്‍/ഇ-മെയില്‍ സംവിധാനം ത്വരിതപ്പെടുത്തുവാന്‍ മന്ത്രി വൈസ്‌ കോണ്‍സുലേറ്റിനോട്‌ നിര്‍ദ്ദേശിച്ചു. സ്റ്റാഫിന്റെ പരിമിതികള്‍കൊണ്ടാണ്‌ അത്‌ സംഭവിക്കുന്നതെന്ന വൈസ്‌ കോണ്‍സുലറിന്റെ വിശദീകരണത്തിന്‌ ആവശ്യമെങ്കില്‍ ഈ ജോലികള്‍ക്കായി ഐപാക്‌ പ്രതിനിധികള്‍ സഹായം വാഗ്‌ദാനം ചെയ്‌തു.

നിലവിലുള്ള ട്രാവിസ ഔട്ട്‌സോഴ്‌സിംഗ്‌ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശുഷ്‌കമാണെന്നും, വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ അപേക്ഷകളില്‍ കാലതാമസം വരുത്തുകയും,അനാവശ്യമായി പ്രവാസികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ച്‌ കൂടുതല്‍ സുതാര്യമായ സേവനം ലഭ്യമാക്കണമെന്നും ഐപാക്‌ ആവശ്യപ്പെട്ടു. ട്രാവിസ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ എത്രയും വേഗം ആവശ്യമായ ക്രമീകരണം നടത്തുവാന്‍ മന്ത്രി വൈസ്‌ കോണ്‍സുലറിന്‌ നിര്‍ദ്ദേശം കൊടുത്തു.

ഐപാകിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമായി മന്ത്രിയെ പറഞ്ഞു ധരിപ്പിച്ച പ്രതിനിധികള്‍, ഐപാകിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ചും വിശദീകരിച്ചു. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുക മാത്രമല്ല, ഇന്ത്യാ ഗവണ്മെന്റിനേയും, മന്ത്രിമാരേയും, എം.പി.മാരേയും, നയതന്ത്രകാര്യാലയങ്ങളേയും മറ്റും വിവിധ മേഖലകളില്‍ സഹായിക്കുക എന്ന കടമകൂടിയുണ്ടെന്ന ഐപാക്‌ പ്രതിനിധികളുടെ പ്രസ്‌താവന മന്ത്രി സാകൂതം ശ്രദ്ധിച്ചു.

ഐപാകിന്റെ നിഷ്‌പക്ഷതയോടെയുള്ള ഈ സമീപനം എല്ലാ പ്രവാസി സംഘടനകളേയും പ്രവാസികളേയും ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കട്ടേ എന്ന്‌ മന്ത്രി പ്രസ്‌താവിച്ചു. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട്‌ പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കിയ മന്ത്രിക്ക്‌ ഐപാക്‌ പ്രതിനിധികള്‍ നന്ദി പറഞ്ഞു.

പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ ഐപാക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും രേഖപ്പെടുത്തുവാന്‍ ഐപാക്‌ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സേവനമാണ്‌ ഞങ്ങളുടെ ലക്ഷ്യം. പ്രതിഫലേച്ഛയില്ലാതെ, സംഘടനാഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ മുന്നേറ്റത്തിന്‌ എല്ലാ പ്രവാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:www.pravasiaction.com
ഐപാക്‌ പ്രതിനിധികള്‍ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക