Image

സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈ 26 മുതല്‍ അറ്റ്‌ലാന്റായില്‍

Published on 06 November, 2011
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈ 26 മുതല്‍ അറ്റ്‌ലാന്റായില്‍
അറ്റ്‌ലാന്റാ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അമേരിക്കയിലും കാനഡയിലുമുള്ള വിവിധ സീറോ മലബാര്‍ ഇടവകകളേയും മിഷനുകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ 2012 ജൂലൈ 26 വ്യാഴാഴ്‌ച മുതല്‍ 29 ഞായറാഴ്‌ച വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ കണ്‍വെന്‍ഷനും, കുടുംബ കൂട്ടായ്‌മയും അറ്റ്‌ലാന്റയില്‍ വെച്ച്‌ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്നതിന്‌ തീരുമാനിച്ചതായി വികാരി ഫാ ജോണി പുതിയാപറമ്പില്‍, പാരീഷ്‌ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഏബ്രഹാം ആഗസ്‌തി എന്നിവര്‍ അറിയിച്ചു.

കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ എത്രയും വേഗം രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കും. ഈ കണ്‍വെന്‍ഷന്‍ എന്തുകൊണ്ടും പുതുമ നിറഞ്ഞതും, സാധാരണക്കാര്‍ക്കും വന്നു സംബന്ധിക്കാവുന്ന വിധത്തില്‍ ചെലവ്‌ കുറഞ്ഞതും എന്നാല്‍ ആകര്‍ഷകവുമായ രീതിയില്‍ തയറാക്കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന കൂട്ടായ്‌മയില്‍ ആദ്ധ്യാത്മിക പ്രബോധനവും അതോടൊപ്പംതന്നെ കലാ മത്സരങ്ങളും സെമിനാറുകളും ചര്‍ച്ചാ ക്ലാസുകളും കൂടാതെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിരവധി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. അനാവശ്യ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവു കുറഞ്ഞ രീതിയില്‍ താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള ആകര്‍ഷകങ്ങളായ പാക്കേജുകളായിരിക്കും തയാറാക്കുക. കണ്‍വെന്‍ഷനില്‍ കുടുംബ സംഗമങ്ങള്‍ക്കും, സാംസ്‌കാരിക-സാമൂഹിക കൂട്ടായ്‌മകള്‍ക്കും അവസരമൊരുക്കും. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി കൂട്ടായ്‌മകള്‍ക്ക്‌ ഒത്തുചേരുവാനും സൗഹൃദം പുതുക്കുവാനും പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കാനുമുള്ള അവസരങ്ങള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ ഒരുക്കുന്നതായിരിക്കും. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന്‌ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വിപുലമായ കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും.

സെന്റ്‌ അല്‍ഫോന്‍സാ ഇടവകയുടെ പാരീഷ്‌ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഏബ്രഹാം ആഗസ്‌തി കണ്‍വെന്‍ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി വികാരി ഫാ. ജോണി പുതിയാപറമ്പില്‍ അറിയിച്ചു. ഏബ്രഹാം ആഗസ്‌തിയുടെ നേതൃത്വത്തില്‍ ഉടന്‍ മറ്റ്‌ കമ്മിറ്റികള്‍ രൂപീകരിക്കും.

ചുരുങ്ങിയ സമയംകൊണ്ട്‌ ഏറ്റവും ചിട്ടയായ രീതിയിലുള്ള ഒരു കണ്‍വെന്‍ഷന്‍ എന്നതാണ്‌ തങ്ങളുടെ പ്രഥമിക ദൗത്യമെന്ന്‌ ശ്രീ ആഗസ്‌തി അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള സീറോ മലബാര്‍ അംഗങ്ങള്‍ക്ക്‌ ഒത്തുചേരുവാനും സൗഹൃദങ്ങള്‍ പുതുക്കുവാനും പരസ്‌പരം അറിയാനും അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനും സര്‍വ്വോപരി 2012-ലെ അവധിക്കാലം ഒരു ആഘോഷമാക്കി മാറ്റുവാനും ഈ കണ്‍വെന്‍ഷന്‍ വേദി പ്രയോജനപ്പെടുമെന്നും ആദ്ധ്യാത്മിക ഉണര്‍വ്വിന്‌ പ്രചോദനമാകുമെന്നും ശ്രീ ആഗസ്‌തി അഭിപ്രായപ്പെട്ടു.

ജോര്‍ജിയയിലെ ഏറ്റവും മുന്തിയ അത്യാധുനിക സൗകര്യങ്ങള്‍ ഏറെയുള്ള ലോകനിലവാരം പുലര്‍ത്തുന്ന അറ്റ്‌ലാന്റാ എയര്‍പോര്‍ട്ടിന്‌ സമീപത്ത്‌ സ്ഥിതിചെയ്യുന്ന ഹോട്ടല്‍ സമുച്ചയങ്ങളും, ഭക്ഷണം പാകം ചെയ്യുന്നതിനും ഒന്നിച്ചിരുന്ന്‌ കഴിക്കുന്നതിനും സൗകര്യമുള്ള ഒരു കണ്‍വെന്‍ഷന്‍ സെന്ററുമായി കരാര്‍ ഒപ്പിടുന്നതിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുന്നതായും ആഗസ്‌തി അറിയിച്ചു.കണ്‍വെന്‍ഷനുവേണ്ടി 101 അംഗ കമ്മിറ്റിയുടെ രൂപീകരണവും കൂടുതല്‍ വിവരങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏബ്രഹാം ആഗസ്‌തി (770 315 9499).
സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷന്‍ 2012 ജൂലൈ 26 മുതല്‍ അറ്റ്‌ലാന്റായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക