Image

മഞ്‌ജുവാര്യര്‍ ബോളിവുഡിലേക്ക്‌

ജയമോഹനന്‍ എം. Published on 11 February, 2014
മഞ്‌ജുവാര്യര്‍ ബോളിവുഡിലേക്ക്‌
മഞ്‌ജുവിന്റെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ്‌ ആര്‍ യു 15ന്‌ ഷൂട്ടിംഗ്‌ ആരംഭിക്കാനിരിക്കെ മഞ്‌ജുവിന്റെ ആദ്യ ഹിന്ദി ചിത്രം കരാറായി. പത്മരാജന്‍ ചിത്രമായ കൂടെവിടെ എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കിലാണ്‌ മഞ്‌ജുവാര്യര്‍ നായികയാവുന്നത്‌. മണിരത്‌നത്തിന്റെ സഹസംവിധായികയായ വി.പ്രീയയാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ബോളിവുഡ്‌ സംവിധായകനായ ബിജോയ്‌ നമ്പ്യാരാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. മമ്മൂട്ടിയും സുഹാസിനിയും റഹ്‌മാനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ്‌ കൂടെവിടെ. സുഹാസിനിയുടെ റോളിലാണ്‌ മഞ്‌ജുവാര്യര്‍ അഭിനയിക്കാനെത്തുന്നത്‌. മമ്മൂട്ടിയുടെ റോളില്‍ പൃഥ്വിരാജാണ്‌ അഭിനയിക്കുക. തന്റെ മൂന്നാമത്തെ ഹിന്ദിചിത്രം കൂടെവിടെയുടെ റീമേക്കാണെന്ന്‌ പൃഥ്വി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്‌ജു ഈ ചിത്രത്തിലൂടെ ഹിന്ദിയിലേക്ക്‌ എത്തുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

നിലവില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗള്‍ ഓഡ്‌ ആര്‍ യു എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി മഞ്‌ജു അഭിനയിക്കാന്‍ കരാര്‍ ചെയ്‌തിട്ടുണ്ട്‌. ഈ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം ഹിന്ദി ചിത്രത്തിലായിരിക്കും മഞ്‌ജു അഭിനയിക്കുക. കല്യാണ്‍ ജൂവലറിയുടെ പരസ്യത്തിനായി മുമ്പ്‌ അമിതാഭ്‌ ബച്ചനൊപ്പം മഞ്‌ജു അഭിനയിച്ചിരുന്നു. മഞ്‌ജുവിന്റെ പ്രതിഭയെക്കുറിച്ച്‌ അമിതാബ്‌ ഫേസ്‌ബുക്കില്‍ എഴുതുകയും ചെയ്‌തിരുന്നു.

പതിനാല്‌ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരവ്‌ നടത്തുന്ന മഞ്‌ജുവാര്യര്‍ തന്റെ രണ്ടാം വരവിലെ ആദ്യ മലയാള ചിത്രം എത്തുന്നതിനും മുമ്പ്‌ ബോളിവുഡ്‌ ചിത്രത്തിലേക്ക്‌ കരാറായത്‌ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്‌. തുടര്‍ച്ചയായി മികച്ച പരസ്യ ചിത്രങ്ങളില്‍ ബ്രാന്‍ഡ്‌ അംബാസിഡറായി എത്തിയ മഞ്‌ജുവന്റെ മാര്‍ക്കറ്റ്‌ വാല്യൂ ഒരു കോടിയിലെത്തിയെന്നാണ്‌ പറയപ്പെടുന്നത്‌. പുതിയ ചിത്രത്തിന്‌ ഒരു കോടിയാണത്രേ മഞ്‌ജുവിന്റെ പ്രതിഫലം. കഴിഞ്ഞ ദിവസങ്ങളില്‍ സുഹൃത്തും സംവിധായികയുമായി ഗീതു മോഹന്‍ദാസിനൊപ്പം ആംസ്റ്റര്‍ഡാമില്‍ റോട്ടെര്‍ഡം ഫിലിം ഫെസ്റ്റിവെലിലും മഞ്‌ജു വാര്യര്‍ പങ്കെടുത്തിരുന്നു. ഗീതുവിന്റെ പുതിയ ചിത്രം ലയേഴ്‌സ്‌ ഡയസിന്റെ ആദ്യ പ്രദര്‍ശനവും ഇവിടെ നടന്നു.

മലയാളത്തില്‍ നിന്നും വിദ്യാബാലനും അസീനും ശേഷം ബോളിവുഡിലേക്ക്‌ എത്തുന്ന നായികയാണ്‌ മഞ്‌ജുവാര്യര്‍. ബോളിവുഡില്‍ നിന്നും ദേശിയ പുരസ്‌കാരം പോലും സ്വന്തമാക്കാന്‍ വിദ്യാബാലന്‌ കഴിഞ്ഞത്‌ അഭിനയശേഷി കൊണ്ടു മാത്രമായിരുന്നു. ഇവിടേക്ക്‌ സര്‍ഗപ്രതിഭകൊണ്ട്‌ മാറ്റുരയ്‌ക്കാന്‍ മഞ്‌ജുവാര്യരും എത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്‌. ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ഐക്കണായി മാറുവാന്‍ ഇനി മഞ്‌ജു വാര്യര്‍ എന്ന പ്രതിഭയ്‌ക്ക്‌ കഴിയുമോ എന്നതാണ്‌ പ്രധാന ചോദ്യം.

ഇതിനൊപ്പം തന്നെ ദാമ്പത്യ ജീവിതത്തില്‍ നിന്നും മഞ്‌ജു വിടവാങ്ങുകയാണെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മഞ്‌ജുവിന്റെ പാസ്‌പോര്‍ട്ടില്‍ മഞ്‌ജു ഗോപാലകൃഷ്‌ണന്‍ എന്നത്‌ മാറ്റി മഞ്‌ജുവാര്യര്‍ എന്നാക്കിയത്‌ കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. പേരുമാറ്റത്തിന്റെ ഔദ്യോഗിക രേഖക്കായി നല്‍കിയ പത്രപരസ്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതോടെ ദിലീപും മഞ്‌ജുവും തമ്മില്‍ വേര്‍ പിരിയുകയാണെന്ന വാര്‍ത്തക്ക്‌ കൂടുതല്‍ ബലംവെച്ചിട്ടുമുണ്ട്‌.
മഞ്‌ജുവാര്യര്‍ ബോളിവുഡിലേക്ക്‌മഞ്‌ജുവാര്യര്‍ ബോളിവുഡിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക