Image

ലാനാ കേരളാ കണ്‍വെന്‍ഷന്‍: എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, സക്കറിയ വിശിഷ്‌ടാതിഥികള്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 February, 2014
ലാനാ കേരളാ കണ്‍വെന്‍ഷന്‍: എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, സക്കറിയ വിശിഷ്‌ടാതിഥികള്‍
ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാഡമിയുമായി സഹകരിച്ചുകൊണ്ട്‌ ജൂലൈ മാസാവസാനം കേരളത്തില്‍ വെച്ച്‌ സംഘടിപ്പിക്കുന്ന ലാനാ കണ്‍വെന്‍ഷനില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി വാസുദേവന്‍ നായര്‍, സക്കറിയ, കേരളാ സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും.

2014 ജൂലൈ 25 മുതല്‍ 27 വരെ തൃശൂരിലുള്ള സാഹിത്യ അക്കാഡമി ഹാള്‍, കേരള കലാമണ്‌ഡലം, തിരൂരിലെ തുഞ്ചന്‍പറമ്പ്‌ എന്നിവിടങ്ങളിലായാണ്‌ ലാനയുടെ ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. അമേരിക്കയില്‍ നിന്നുള്ള ലാനാ കുടുംബാംഗങ്ങളെ കൂടാതെ കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരും കണ്‍വെന്‍ഷന്‍ പരിപാടികളില്‍ പങ്കെടുക്കും.

ജൂലൈ 25-ന്‌ വെള്ളിയാഴ്‌ച കേരള സാഹിത്യ അക്കാഡമി ആസ്ഥാന മന്ദിരത്തില്‍ വെച്ച്‌ നടക്കുന്ന പരിപാടികളില്‍ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്റെ സാഹിത്യ അക്കാഡമി പ്രവര്‍ത്തകര്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുമായി എഴുത്തനുഭവങ്ങള്‍ പങ്കുവെയ്‌ക്കുന്നതാണ്‌. സാഹിത്യ സെമിനാര്‍, ചര്‍ച്ച എന്നിവ കൂടാതെ അക്കാഡമി ലൈബ്രറി സന്ദര്‍ശനവും കാര്യപരിപാടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

രണ്ടാം ദിവസമായ ശനിയാഴ്‌ച ചെറുതുരുത്തിയിലുള്ള കേരള കലാമണ്‌ഡലം സന്ദര്‍ശനം മുഖ്യ പരിപാടിയായിരിക്കും. ഭാരതപ്പുഴയുടെ തീരത്ത്‌ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ സ്ഥാപിച്ച കേരള കലാമണ്‌ഡലം ഇപ്പോള്‍ കല്‍പ്പിത സര്‍വ്വകലാശാല (ഡീംഡ്‌ യൂണിവേഴ്‌സിറ്റി) പദവി നേടിയിരിക്കുന്നു. നിളാനദിയുടെ തീരത്തുകൂടിയുള്ള ഒരു യാത്രയും അന്നേദിവസം ക്രമീകരിച്ചിട്ടുണ്ട്‌.

ജൂലൈ 27-ന്‌ ഞായറാഴ്‌ച മലപ്പുറം ജില്ലയിലെ തിരൂരുള്ള തുഞ്ചന്‍ പറമ്പിലാണ്‌ പ്രധാന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. രാവിലെ 10 മണിക്ക്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ആധുനിക മലയാള സാഹിത്യലോകത്തെ കുലപതിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, സാഹിത്യ അക്കാഡമി വിശിഷ്‌ടാംഗം സക്കറിയ എന്നിവര്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിക്കുന്നതാണ്‌. കേരളത്തിലെ പ്രമുഖ എഴുത്തുകാരെ കൂടാതെ വടക്കേ അമേരിക്കയില്‍ നിന്നുള്ള സാഹിത്യ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പ്രസംഗിക്കും.

ലാനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ സംസ്‌കാരിക തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുവാന്‍ എല്ലാ അക്ഷരസ്‌നേഹികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്‌) 847 322 1181, ജോസ്‌ ഓച്ചാലില്‍ (സെക്രട്ടറി) 469 363 5642, സാംസി കൊടുമണ്‍ (ട്രഷറര്‍) 516 270 4303.
ലാനാ കേരളാ കണ്‍വെന്‍ഷന്‍: എം.ടി വാസുദേവന്‍ നായര്‍, പെരുമ്പടവം, സക്കറിയ വിശിഷ്‌ടാതിഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക