Image

കളകള്‍ (ഗദ്യകവിത: ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 10 February, 2014
കളകള്‍ (ഗദ്യകവിത: ജോണ്‍വേറ്റം)
അഭ്യസ്തവിദ്യരും വിദ്യാസമ്പന്നരും കലര്‍ന്ന സദസില്‍
ആത്മസംയമനം ഗ്രഹിച്ച അദൈ്വതവാദിയുടെ പ്രഭാഷണം

അനാചാരവും അഴിമതിയും സംക്രമിച്ച നൂതനസംസ്‌കാരം
അറയുന്നില്ലതിവിദഗ്ധമാം അദൈ്വതത്തിന്‍ അതീന്ദ്രയത്വം.

ആകാശത്തനവരതം ജ്വലിക്കും പ്രകാശപ്രഭവകേന്ദ്രവും,
മേഘത്തിന്‍ സന്തുലനാവസ്ഥയും, സ്വയംഭൂവോ ദൈവസൃഷ്ടിയോ?

ആത്മാവിന്‍ നന്മകളെ അവച്ഛേദിക്കും ആധുനികതയുടെ
അനാദരങ്ങളില്‍ ആതപത്തോടെ ചേരുന്നു പാപപരിഷ്‌കാരം!

നഭസില്‍ സൗരയൂഥം പ്രപഞ്ചനിയമങ്ങള്‍ പാലിക്കവേ,
നരനോ സുകരജീവിതത്തിനു ധരണി വികൃതമാക്കുന്നു!

മനസ്സാക്ഷിയുടെയഭാവം മനുഷ്യനെമാരകായുധമാക്കും!
മയക്കുന്നധരവും ദുഷിപ്പും ദുര്‍ന്നടത്തയും മൂഢനാക്കും!

മനുഷ്യതയില്‍ എപ്പോഴും തെളിയണം വെളിവിന്‍ ദീപിക,
മാപ്പുകൊടുക്കാന്‍ മാര്‍ദ്ദവമുള്ളൊരിടം മനസില്‍ വേണം.

വേദധര്‍മ്മങ്ങള്‍ക്കെതിരെ പോരാടും തര്‍ക്കശക്തിയായ്
വേറിട്ടുനില്‍ക്കുന്നൊരു നാസ്തികത- അജ്ഞതയുടെ അടയാളം!

വിശുദ്ധിയും വിനീതഭാവവും വെടിപ്പും വെട്ടിവീഴ്ത്തുംവിടന്‍-
വിടര്‍ത്തുന്നു, വികൃതി ധൂര്‍ത്തജീവിതം വിഷയാസക്തിയും

സമൃദ്ധസഹനമായ് സൈ്വരമായ് സ്വസ്ഥമായൊഴുകുവാന്‍
സഹോദരസ്‌നേഹത്തിന്റെ തേജസ്സായ് ഉരുകാന്‍ കഴിയണം.

ബ്രഹ്മചര്യം ആയുരാരോഗ്യവും പുരുഷകോമളത്വവും തരും
പാതിവ്രത്യം സ്ത്രീത്വത്തിന്നലങ്കാരവും മുഗ്ധസൗന്ദര്യവുമത്രേ!

ബ്രഹ്മചര്യം ആയൂരാരോഗ്യവും പുരുഷകോമളത്വവും തരും
പാതിവ്രത്യം സ്ത്രീത്വത്തിന്നലങ്കാരവും മുഗ്ധസൗന്ദര്യവുമത്രേ!

ബ്രഹ്മചര്യവും പാതിവ്രത്യവും നല്ല നിവാരണനൗഷധങ്ങള്‍
വ്യക്തിജീവിതത്തെ ഉദ്ധരിക്കുമവ വിവേകശക്തിപകരും.

ബ്രഹ്മചര്യവും പാതിവ്രത്യവും പ്രബോധനവുമൊന്നു ചേര്‍ന്നാല്‍
നിരോധിക്കും സ്ത്രീപീഡനം, മറ്റ് ക്രൂരമാം കുറ്റകൃത്യങ്ങള്‍

സൈന്ദൂരീകരിച്ച സന്ധ്യ മങ്ങി, മഹാസമ്മേളനം സമാപിച്ചു
ഹോട്ടല്‍മുറിയിലെ മൂകതയില്‍ പ്രഭാഷകന്‍ മയങ്ങി.

മരിച്ചാല്‍ ദ്രവിക്കുന്ന മാംസത്തിന്റെ നിമിഷസുഖങ്ങളില്‍
നഗരരാത്രി നന്നേ മുഴുകി, മദാലസയാമങ്ങള്‍ നീങ്ങി.

അരുണോദയത്തിന്റെയഴക് പുതച്ച സന്ദര്‍ശക വന്നു,
യൗവ്വനചൈതന്യത്തെ ഉണര്‍ത്തി, മധുഹാസത്തോടെ മൊഴിഞ്ഞു.

'യൂ ആര്‍ ഫ്രെഷ് ആന്‍ഡ് സ്‌ട്രോങ്
ഡോണ്ട് ഹെസിറ്റേറ്റ് റ്റു കം ബാക്”


കളകള്‍ (ഗദ്യകവിത: ജോണ്‍വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക