Image

ജിനുമോന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 5-ന്‌

സജി കരിമ്പന്നൂര്‍ Published on 05 November, 2011
ജിനുമോന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 5-ന്‌
താമ്പാ (ഫ്‌ളോറിഡ): സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 5-ന്‌ ശനിയാഴ്‌ച 9.30-ന്‌ നടത്തുന്നു.

താമ്പായിലെ 5337 ഗാര്‍ഡന്‍ ലെയ്‌നിലുള്ള ഈസ്റ്റ്‌ പോയിന്റ്‌ അസംബ്ലി ഓഫ്‌ ഗോഡിന്റെ മൈതാനത്തുവെച്ചാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ഫ്‌ളോറിഡയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള അതിശക്തരായ യുവ ടീമുകളാണ്‌ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

വോളിബോള്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമിന്‌ ജിനുമോന്‍ ആന്റണി മെമ്മോറിയല്‍ ആനുവല്‍ ട്രോഫിയും, കാഷ്‌ അവാര്‍ഡും നല്‍കും. കൂടാതെ വിവിധ ഇനങ്ങളിലായി നിരവധി സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌.

കഴിഞ്ഞവര്‍ഷം ഫ്‌ളോറിഡയിലെ റോസ്‌നി കോള്‍ഡന്‍ എലിമെന്ററി സ്‌കൂള്‍ മൈതാനത്തുവെച്ച്‌ എം.എ.സി.എഫ്‌ സംഘടിപ്പിച്ച ജിനുമോന്‍ ആന്റണി മെമ്മോറിയല്‍ ആനുവല്‍ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്‌ വമ്പിച്ച പ്രതികരണവും പിന്തുണയുമാണ്‌ ലഭിച്ചത്‌.

ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലും ഒരുപോലെ അറിയപ്പെട്ടിരുന്ന ജിന്‍മോന്‍ അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു കായികതാരമായിരുന്നു. ഫ്‌ളോറിഡയില്‍ നടന്നുവന്നിരുന്ന ഗോള്‍ഫ്‌, ബാസ്‌ക്കറ്റ്‌ ബോള്‍, വോളീബോള്‍, ക്രിക്കറ്റ്‌ മത്സരങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ഈ യുവാവ്‌. ഇദ്ദേഹത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി ഒരുപറ്റം കായിക സുഹൃത്തുക്കളും, താമ്പാ സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷനും ചേര്‍ന്നാണ്‌ ഈ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

1981 ഏപ്രില്‍ 22-ന്‌ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലെ ആന്റണി- ലീലാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ച ജിനുമോന്‍ പഠനത്തിലും സ്‌പോര്‍ട്‌സിലും അതിസമര്‍ത്ഥനായിരുന്നു.

2006-ല്‍ ജോലി സംബന്ധമായി ഫ്‌ളോറിഡയിലേക്ക്‌ മാറി പില്‍ക്കാലത്ത്‌ ഫ്‌ളോറിഡയിലെ ഒട്ടുമിക്ക കായിക സംരംഭങ്ങളുടേയും സന്തതസഹചാരിയായി മാറി. ചര്‍ച്ച്‌ പിക്‌നിക്ക്‌, വോളീബോള്‍, ബാസ്‌ക്കറ്റ്‌ ബോള്‍, ഗോള്‍ഫ്‌, ക്രിക്കറ്റ്‌ തുടങ്ങിയവയിലുള്ള നേതൃത്വവും സാന്നിധ്യവും ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഏവരുടേയും പ്രിയങ്കരനായിരുന്ന ജിനുമോന്‍ 2010 ജൂലൈ മാസം പത്താംതീയതി ആകസ്‌മികമായി ഈ ലോകത്തോട്‌ വിടപറയുകയായിരുന്നു. അക്കൗണ്ട്‌ ബിരുദധാരിയും സിറ്റി ബാങ്ക്‌ മുന്‍ ഉദ്യോഗസ്ഥനുമായിരുന്നു. ഏകസഹോദരന്‍ ജോമോന്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

ഡിസംബറില്‍ നടക്കുന്ന അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ട്രോഫികള്‍ വിതരണം ചെയ്യും. വോളീബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമംഗങ്ങള്‍ നവംബര്‍ അഞ്ചിന്‌ ശനിയാഴ്‌ച 9.30ന്‌ മുമ്പ്‌ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്‌. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി മറ്റമന (813 334 1293), ജേക്കബ്‌ മണിപ്പറമ്പില്‍ (813 966 6008), സജി കരിമ്പന്നൂര്‍ (813 788 9802).
ജിനുമോന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക