Image

പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)

Published on 05 February, 2014
പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)
കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ (സിബിസിഐ)യുടെ ഒരാഴ്‌ചനീണ്ടുനില്‍ക്കുന്ന ചരിത്ര പ്രധാന പ്ലീനറി സമ്മേളനത്തിന്‌ പാലായില്‍ പ്രാത്ഥനാനിര്‍ഭരമായ തുടക്കം. സെന്റ്‌ തോമസ്‌ കോളേജ്‌ മൈതാനത്തെ പന്തലില്‍ മാര്‍പ്പാപ്പായുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ്‌ സില്‍വത്തോരോ പെനാക്കിയോ തിരിതെളിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

പുഷ്‌പാലങ്കൃതമായ വീഥിയിലുടെ ആയിരക്കണക്കായ വൈദികരുടെയും സന്യസ്‌തരുടെയും മധ്യത്തില്‍ ഹര്‍ഷാരവത്തോടെയാണ്‌ സഭാ തലവന്മാരെ പാലായിലെ വിശ്വാസി സമൂഹം എതിരേറ്റത്‌. തുടര്‍ന്ന്‌ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഭാരതത്തിലെ എല്ലാ കര്‍ദ്ദിനാള്‍മാരും ഒന്നിച്ചുചേര്‍ന്നു.

കര്‍ദ്ദിനാള്‍പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട ശേഷം മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ ബാവയും സംബന്ധിക്കുന്ന ആദ്യ സിബിസിഐ മീറ്റെന്ന നിലയിലും ഭാരതത്തിലെ സഭാതലവന്മാരായ എല്ലാ കര്‍ദ്ദിനാളന്‍മാരും ഒരുമിച്ച്‌ സമ്മേളിക്കുന്ന ആദ്യ സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്‌. സിബിസിഐ സമ്മേളനത്തിന്റെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെത്രാന്മാര്‍ ഒരുമിച്ച്‌ അര്‍പ്പിക്കുന്ന ദിവ്യബലിക്കും ഇന്നലെ പാലാ സാക്ഷ്യം വഹിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ മുന്നോടിയായി മാര്‍പാപ്പായുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോ പാലാ രൂപതാദ്ധ്യന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ കാസാ കൈമാറി. ഈ കാസാ ഉപയോഗിച്ചാണ്‌ വിശുദ്ധബലി അര്‍പ്പിച്ചത്‌. പാലാ അരമനയില്‍ മാര്‍പ്പാപ്പായുടെ സ്‌നേഹത്തിന്റെ പ്രതീകമായി ഈ കാസ പ്രത്യേകമായി സൂക്ഷിക്കുമെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു.

കുര്‍ബാനയില്‍ സിബിസിഐ മുന്‍ദേശീയ അദ്ധ്യക്ഷന്‍ ടെലസ്‌പോര്‍ ടോപ്പോ, സീറോ മലബാര്‍ മേജര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരില്‍, മലങ്കര മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്‌ കാത്തോലിക്കാ ബാവ, സിബിസിഐ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ്‌ ഗ്രീഷ്യസ്‌, സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ ആല്‍ബ്രട്ട്‌ ഡിസൂസ, തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ വലിയമറ്റം എന്നിവര്‍ സഹകാര്‍മ്മികരായി.

നവീകരണത്തിലേക്കാണ്‌ ആഗോളസഭ വിളിക്കപ്പെട്ടിരിക്കുന്നതെന്നുംആഴത്തിലുള്ള നവീകരണം വ്യക്തികള്‍ക്കൊപ്പം സഭയിലാകമാനമുണ്ടാകണമെന്നും അപ്പസ്‌തോലിക്‌ ന്യൂണ്‍ഷിയോപെനാക്കിയോ ഉദ്‌ഘാടനത്തില്‍ അഭിപ്രായപ്പെട്ടു. സഭയുടെ സുവിശേഷവത്‌ക്കരണ പ്രേഷിതപ്രവര്‍ത്തനം സമൂഹനന്മയ്‌ക്ക്‌ വേണ്ടി തിരിച്ചുവിടുകെന്നുള്ളതാണ്‌ പ്രഥമപ്രധാനമായ കര്‍ത്തവ്യം. ഭാരതത്തിലെ സഭയ്‌ക്ക്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ക്ക്‌ എങ്ങനെ പ്രത്യുത്തരം നല്‍കാനാകുമെന്ന്‌ കൂട്ടായി ചിന്തിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. മറ്റു മതങ്ങളും വിശ്വാസങ്ങളുമുള്ള ഭാരതത്തില്‍ അവരുമായുള്ള ബന്ധങ്ങളെക്കുറിച്ച്‌ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ``പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരുടെയും തിരസ്‌ക്കരിക്കപ്പെട്ടവരുടെയും പക്ഷംചേര്‍ന്നു നില്‍ക്കാന്‍ സഭയ്‌ക്ക്‌ സാധിക്കണം, നമ്മുടെ യഥാര്‍ത്ഥ ദൗത്യം അതായിരിക്കണം'', അദ്ദേഹം ചൂണ്ടിക്കാട്ടി.

സിബിസിഐ തലവന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആശംസാപ്രസംഗം നടത്തി. അന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജോണ്‍ 23-ാം പാപ്പ ആഹ്വാനം ചെയ്‌ത നവീകരണത്തിന്റെ ഫലമായുണ്ടായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 50-ാം വാര്‍ഷികത്തില്‍ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരുടെ അടുക്കലേക്ക്‌ പോകാന്‍ സഭയ്‌ക്ക്‌ കഴിയണമെന്ന്‌ അദ്ദേഹം പറഞ്ഞു. സഭയില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകളുണ്ടാകണം. ഇടയന്മാര്‍ക്ക്‌ ആടുകളുടെ മണമുണ്ടാകണമെന്നും ലാളിത്യത്തിന്റെ മാതൃകകളാകണമെന്നും ഗ്രേഷ്യസ്‌ പറഞ്ഞു.

മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ സ്വാഗതം പറഞ്ഞു. ഭാരത കത്തോലിക്കാ സഭാതലവന്‍മാരുടെസാന്നിധ്യം കൊണ്ട്‌ പാലാ രൂപത അനുഗൃഹീതമായതായി അദ്ദേഹം പറഞ്ഞു. മൂന്നു സഭാവിഭാഗങ്ങള്‍ ഒന്നാകുന്ന വേദിയാണിത്‌. മിശിഹായുടെ ആദ്യവചനം വരിക എന്നതായിരുന്നു. അവസാന വാക്ക്‌ പോകുക എന്നതും. സിബിസിഐ സമ്മേളനം സമൂഹത്തിന്റെ അതിര്‍വരമ്പുകളിലേക്ക്‌ പോകാനാഹ്വാനം ചെയ്യുന്നതായി സിബിസിഐ ദൈവശാസ്‌ത്രകമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു.

സിബിസിഐ സമ്മേളനം പാലായ്‌ക്ക്‌ ചരിത്രനിയോഗമാണെന്ന്‌ ധനകാര്യമന്ത്രി കെ.എം.മാണി പറഞ്ഞു. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ആല്‍ഫ്രഡ്‌ ഡിസൂസ 30-ാം സിബിസിഐ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സിബിസിഐ വൈസ്‌ പ്രസിഡന്റ്‌ മാര്‍ ജോര്‍ജ്ജ്‌ വലിയമറ്റം രാഷ്‌ട്രപതിയുടെയും പൗരസ്‌ത്യതിരുസംഘം തലവന്റെയും ആശംസകള്‍ വായിച്ചു. കര്‍ദ്ദിനാള്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ നന്ദി പറഞ്ഞു.
പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി പാലായില്‍ പ്രാര്‍ത്ഥനാനിരതമായ തുടക്കം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക