Image

സ്റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ആഘോഷിച്ചു

ബേബിച്ചന്‍ പൂഞ്ചോല Published on 05 November, 2011
സ്റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ആഘോഷിച്ചു
ന്യുയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്‍റ്റ്‌ സീറോ-മലബാര്‍ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വാഴ്‌ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍െറ തിരുന്നാളും പരിശുദ്ധ കന്യകാ മറിയത്തിന്‍േറയും മാര്‍ തോമ്മാശ്‌ളീഹായുടേയും തിരുന്നാളുകളും സംയുക്തമായി ബേ സ്‌ട്രീറ്റിലുള്ള സെന്‍റ്റ്‌ മേരീസ്‌ പള്ളിയില്‍വച്ച്‌ ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്‌ടോബര്‍ 23-ന്‌ തിയ്യതി ഞായറാഴ്‌ച ആഘോഷിച്ചു. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ മാതൃ ഇടവകയായ രാമപുരം (പാലാ) ഫൊറോനാ പള്ളി വികാരി റവ. ഡോ. ജോര്‍ജ്‌ ഞാറക്കുന്നേല്‍ അച്ചന്‍െറ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയോടു കൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. പോള്‍ കോട്ടയ്‌ക്കല്‍ (വികാരി), ഫാ. മാത്യു ഈരാളി, ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ബൈജു ചിറ്റുപറമ്പന്‍, ഫാ. ജോബി പുന്നിലത്തില്‍ എന്നിവര്‍ തിരുന്നാള്‍ കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരുന്നു.

കാഴ്‌ചയില്‍ ഒരു കുഞ്ഞു മനുഷ്യനായിരുന്ന കുഞ്ഞച്ചന്‍ സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും വിമോചകനായി ജീവിതം അര്‍പ്പിച്ചപ്പോള്‍ അവരുടെ കാണപ്പെടുന്ന ദൈവമായി മാറി. അങ്ങനെ ക്രിസ്‌തുവിന്‍െറ വിമോചന ദൗത്യം തന്‍െറ അനുദിന ജീവിത സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കിയ കുഞ്ഞച്ചന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. ആയിരങ്ങള്‍ക്ക്‌ ക്രിസ്‌തുവിന്‍െറ പ്രതിപുരുഷനായി ജീവിച്ച കുഞ്ഞച്ചനെ നമ്മുടെ അനുദിന ജീവിതത്തിന്‍െറ മാതൃകയാക്കാന്‍ തിരുന്നാള്‍ പ്രസംഗം നടത്തിയ ബഹുമാനപ്പെട്ട ഞാറക്കുന്നേലച്ചന്‍ തന്‍െറ സന്ദേശത്തില്‍ ഏവരേയും ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌, നിറപ്പകിട്ടാര്‍ന്ന അനേകം കൊടികളുടേയും, മുത്തുക്കുടകളുടേയും, ചെണ്ട - ബാന്‍ഡ്‌ മേളങ്ങളുടേയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും തിരുശേഷിപ്പും വഹിച്ചുകൊണ്ട്‌ നടത്തിയ നഗര പ്രദക്ഷിണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ ഭക്തിയാദരവോടുകൂടി പങ്കെടുത്തു. പ്രദക്ഷിണത്തിനുശേഷം പള്ളിയില്‍ തിരിച്ചെത്തിയ ഭക്തജനം കുഞ്ഞച്ചന്‍െറ തിരുശേഷിപ്പ്‌ വണങ്ങി പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും സുപ്രസിദ്ധ ഗായകന്‍ സോമദാസ്‌ (ഐഡിയാ സ്‌റ്റാര്‍ സിംഗര്‍) നയിച്ച ശ്രുതിമധുരമായ ഗാനമേളയും ഉണ്ടായിരുന്നു.

പാലാ-കുര്യനാട്ടുനിന്നും കുടിയേറി സ്‌റ്റാറ്റന്‍ ഐലന്‍റ്റില്‍ താമസിക്കുന്ന ജോര്‍ജ്‌ മുണ്ടിയാനി കുടുംബമാണ്‌ ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. കൈക്കാരന്‍ ബേബി ആന്‍റ്റണിയുടെയും തോമസ്‌ പാറേക്കാടന്‍െറയും നേതൃത്വത്തില്‍ യുവജന വോളണ്ടിയേഴ്‌സ്‌ ആഘോഷ പരിപാടികള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചു. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാളില്‍ പങ്കെടുക്കുന്നതിന്‌ നാടിന്‍െറ നാനാഭാഗത്തുനിന്നും വന്നുചേര്‍ന്ന ഭക്തജനങ്ങള്‍ക്ക്‌ വികാരി ഫാ. പോള്‍ കോട്ടയ്‌ക്കല്‍ നന്ദി പറയുകയും, തിരുന്നാളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കുഞ്ഞച്ചന്‍െറ മാദ്ധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്‌തു.
സ്റ്റാറ്റന്‍ ഐലന്‍റ്റില്‍ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍െറ തിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക