Image

ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 04 November, 2011
ജയലളിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ നേരിട്ട് ഹാജരാകണമെന്ന ബാംഗ്ലൂര്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജയലളിതയുടെ ആവശ്യം അംഗീകരിക്കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബല്‍വീര്‍ ഭണ്ഡാരി, ദീപക് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്.

ജയലളിതയുടെ മൊഴി രേഖപ്പെടുത്തുന്നത് വിചാരണ കോടതി ഒന്നോ രണ്ടോ ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജയലളിത വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട തീയതി മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ജയലളിതയെ ഒവിവാക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഈആവശ്യം തള്ളി.

ജയലളിതയില്‍നിന്ന് വിശദീകരണം തേടാന്‍ 1339 ചോദ്യങ്ങളാണ് വിചാരണ കോടതി തയ്യാറാക്കിയത്. ഇവയില്‍ 567 ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കി. നവംബര്‍ എട്ടിന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട വിചാരണ കോടതിയുടെ നടപടിക്കെതിരെയാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക